ശാപങ്ങള്‍ പലവഴിവരാം. ഗുരുശാപം, പിതൃശാപം, മാതാപിതാക്കളുടെ ശാപം, കുടുംബദേവതമാര്‍ അരിഷ്ടതയില്‍ ആണെങ്കില്‍ അതുമൂലമുണ്ടാകുന്ന ശാപം, സര്‍പ്പശാപം തുടങ്ങിയവയാണ് ശാപങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഗുരുത്വമില്ലാത്ത സംസാരത്തിലൂടെയോ, പ്രവര്‍ത്തനത്തിലൂടെയോ, ഗുരുവിന്റെ മനസ്സ് വേദനിച്ചാല്‍ അതുമൂലമുണ്ടാകുന്ന ശാപമാണ് ഗുരുശാപം. വിധിയാംവണ്ണം ദഹനം, സഞ്ചയനം, വര്‍ഷിക കര്‍മ്മം, ചിതാഭസ്മ നിമജ്ഞനം, പിതൃ ആവാഹനം, പിതൃശുദ്ധി, പിതൃമുക്തി ഇവ ചെയ്യാതിരിക്കുക, മുമ്പേയുള്ള പിതൃക്കളെ ഇരുത്താതിരിക്കുക, കര്‍മ്മം ശരിയാകാതെ വരിക ഇതിലൂടെയൊക്കെ പിതൃശാപം ഉണ്ടാകും.
കുടുംബത്തില്‍ മൂത്തവര്‍ മരിച്ചാല്‍ അവരെ ഇരുത്താതെ ഇളംതലമുറയില്‍പ്പെട്ട മരണാസന്നരായവരെ ഇരുത്തിയാല്‍ അഥവാ ആവാഹനം ചെയ്താല്‍ വരുകയില്ല. പിതൃശാപം വലിയ വിപത്താണ്. അവരില്ലെങ്കില്‍ നമ്മളില്ല. മനസ്സിലാക്കുക, കര്‍മ്മം യഥാവിധി അനുഷ്ഠിക്കുക.
മാതാപിതാക്കളോട് പരിധി വിട്ട് പെരുമാറുക, അവരെ ഉപേക്ഷിക്കുക, ശാരീരികമായും മാനസ്സികമായും വേദനിപ്പിക്കുക, ഇതൊക്കെമൂലം ഉണ്ടാകുന്ന ശാപമാണ് മാതാപിതാക്കളുടെ ശാപം. നമ്മള്‍ മാതാപിതാക്കളോട് ഇടപഴകുന്നതു കണ്ടാണ് കുട്ടികളും പഠിക്കുന്നത്. മാതാപിതാക്കളോട് സഭ്യമായി പെരുമാറുക. മനഃസ്ഥാപം എന്നാല്‍ മഹാശാപത്തിന് തുല്ല്യമെന്നാണ്. തെറ്റ് തെറ്റാണെന്ന് മനസ്സിലാക്കി പ്രായച്ഛിത്തം ചെയ്യുക.
മാതാപിതാക്കള്‍ക്ക് തുല്ല്യരായി മറ്റാരുമില്ല എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് കുടുംബദേവതമാര്‍. അവരെക്കുറിച്ച് പലരും ഓര്‍ക്കുന്നത് കഷ്ടപ്പാടുകള്‍ ഉണ്ടാകുമ്പോഴാണ്. കുടുംബദേവതമാര്‍ അരിഷ്ടതയില്‍ ആണെങ്കില്‍ അതുമൂലമുണ്ടാകുന്ന ശാപം വളരെ വലുതാണ്.
നമുക്കൊരു പ്രശ്‌നമുണ്ടായാല്‍ വിളിച്ചു കാട്ടുന്നത് കുടുംബദേവതമാരാണ്. മറ്റ് ക്ഷേത്രങ്ങളില്‍ പോകുന്നത് തെറ്റല്ല. അതുപോലെ ഒരുപേക്ഷ, അതിനേക്കാളും പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ് കുടുംബക്ഷേത്രം.
കുടുംബക്ഷേത്ര നാശം, കുടുംബക്ഷേത്രത്തിലേക്ക് പോകാതിരിക്കുക, തന്‍മൂലം കുടുംബക്ഷേത്രത്തിന് അഥവാ കാവിന് ഉയര്‍ച്ചയുണ്ടാവാതിരിക്കുക, നേര്‍ച്ച കൊടുക്കാതിരിക്കുക തുടങ്ങിയവ മൂലമാണ് കുടുംബദേവതമാര്‍ കോപത്തിലാവുന്നത്. അത് നോക്കി പരിഹാരമാരായുക.
സര്‍പ്പശാപം പല വഴിക്ക് വരാം. മുന്‍ജന്മശാപം. സര്‍പ്പക്കാവിന് അശുദ്ധിയുണ്ടാവുക, സര്‍പ്പത്തിന് നാശം സംഭവിക്കുക, സര്‍പ്പക്ഷേത്ര നേര്‍ച്ച കൊടുക്കാതിരിക്കുക. കുട്ടികളുണ്ടാകാന്‍ നേര്‍ച്ച വച്ച ഉരുളി കാര്യസാദ്ധ്യ ശേഷം മലര്‍ത്താതിരിക്കുക.
കുടുംബപരമായ സര്‍പ്പഹത്യ, സര്‍പ്പധനം അപഹരിക്കുക തുടങ്ങിയവ കാരണമാണ് പ്രധാനമായും സര്‍പ്പശാപം ഉണ്ടാകുന്നത്. സര്‍പ്പങ്ങള്‍ എന്നാല്‍ കണ്‍കണ്ട ദൈവങ്ങളാണ്. സര്‍പ്പങ്ങള്‍ അനുഗ്രഹത്തില്‍ നിന്നാല്‍ വളരെയധികം ഗുണങ്ങള്‍ ഉണ്ടാകും.
സര്‍പ്പം സന്താനത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. സന്താനം ഉണ്ടാകാതിരിക്കുക, ഉണ്ടായ സന്താനത്തിന് ജന്മനാ കുറവുകള്‍ ഉണ്ടാകുക, സന്താനത്തിനെകൊണ്ട് ഗുണത്തിനു പകരം ദോഷം ഉണ്ടാകുക ഇവയ്‌ക്കൊക്കെ സര്‍പ്പവിഷയം ഒരു കാരണമായി കണക്കാക്കേണ്ടതുണ്ട്. പ്രശ്‌ന പരിഹാരാര്‍ത്ഥം സര്‍പ്പബലി നടത്തിയാല്‍ ഏറെക്കുറേ മാറ്റങ്ങള്‍ വരുന്നതാണ്.
വിവാഹം കഴിക്കാം; എന്ന് വാക്ക് കൊടുത്ത് നിര്‍ദ്ധനയായ സ്ത്രീയെ വഞ്ചിക്കുക, ഉപദ്രവിക്കുക, സ്ത്രീകള്‍ ആഹാരം ചോദിച്ചിട്ട് കൊടുക്കാതിരിക്കുക, സ്ത്രീവധം, കുടുംബ-മുന്‍ജന്മ സ്ത്രീ പ്രാക്ക്, പെണ്ണ് കണ്ട് പെണ്‍ വീട്ടുകാര്‍ക്കും പെണ്ണിനും പുരുഷനെ ഇഷ്ടപ്പെടുക, പുരുഷന്‍ മനഃപൂര്‍വ്വം വേണ്ടെന്നു പറയുക, വിവാഹശേഷം സ്ത്രീയെ ഉപേക്ഷിക്കുക, വേര്‍പാടുകള്‍ ഉണ്ടാവുക മുതലായവ മൂലം സ്ത്രീശാപം ഉണ്ടാകാം.
സ്ത്രീകളെന്നാല്‍ വലിയ മഹത്വമുള്ള വ്യക്തികളാണ്. തെറ്റുകുറ്റങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്. ക്ഷമിച്ച് സഹിച്ച് മുന്നോട്ടുപോവുക. സ്ത്രീശാപം ആവാഹിച്ച് നിര്‍ദ്ധനയായ സ്ത്രീക്ക് ഒരുനേരത്തെ ആഹാരത്തിനുള്ള ധനം സഹിതം ദാനം ചെയ്താല്‍ ഒരു പരിധിവരെ മാറ്റം വരുന്നതാണ്.
നമ്മുക്ക് ഒരു നന്മവരാന്‍ പോകുന്നു. അപ്പോള്‍ ഈ ശാപങ്ങള്‍ മുന്നില്‍ നിന്നാല്‍ വരാനുള്ള ഉയര്‍ച്ച സാധ്യമാകാതെ വരികയും എത്ര സ്വത്ത്, ഭൂമി, സമ്പത്ത്, സന്താനങ്ങള്‍ ഉണ്ടെങ്കിലും ഇതെല്ലാം അനുഭവയോഗ്യമല്ലാതെ വരുകയും ചെയ്യും. ശാപങ്ങള്‍ മഹാസുദര്‍ശന ഹോമത്തിലൂടെയും, അഘോര- ശാലിനിഹോമത്തിലൂടെയും ആവാഹിച്ച് മാറ്റാന്‍ കഴിയുന്നതാണ്.