(ഒന്ന്)
1978 സെപ്തംബർ 29 ന്റെ പ്രഭാതം. വത്തിയ്ക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ കാഴ്ചകൾ എന്നും പതിവുള്ളതു തന്നെയായിരുന്നു. പുരോഹിതരുടെ ചെറു സംഘങ്ങൾ കത്തീഡ്രലിലേയ്ക്കു പ്രാർത്ഥനാ നിരതരായി നീങ്ങുന്നു. ചില ടൂറിസ്റ്റുകൾ അതിരാവിലെ തന്നെ ചത്വരം വീക്ഷിയ്ക്കാൻ എത്തിയിരിയ്ക്കുന്നു. ചാപ്പലിൽ നിന്നുയർന്ന മണിനാദം പ്രഭാതത്തിനു ദൈവീകമായൊരു പരിവേഷം ചാർത്തി. സെന്റ് പീറ്റേഴ്സ് സ്ക്വയറിന്റെ ഉദ്യാനത്തിലെ ലില്ലിപൂക്കളിൽ സെപ്തംബറിന്റെ കുളിർമ്മയാർന്ന ഹിമ കണങ്ങൾ പറ്റിപ്പിടിച്ചിരിയ്ക്കുന്നു. അല്പം മാറി, കത്തോലിയ്ക്ക സഭയുടെ പരമാധ്യക്ഷനും വത്തിയ്ക്കാൻ എന്ന കൊച്ചു രാജ്യത്തിന്റെ രാഷ്ട്രത്തലവനുമായ പോപ്പിന്റെ വസതിയായ പേപ്പൽ അപ്പാർട്ട്മെന്റ് കാണാം. പോൾ ആറാമൻ മാർപ്പാപ്പയുടെ നിര്യാണത്തെ തുടർന്ന് 33 ദിവസം മുൻപ് പുതിയ പോപ്പായി അധികാരമേറ്റ ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയാണിപ്പോൾ അവിടെ താമസം.
സമയം രാവിലെ 8.00 മണി. വത്തിയ്ക്കാൻ പ്രസ് ഏജൻസിയിൽ നിന്നും തിരക്കിട്ട ഒരു സന്ദേശം പുറത്തു വന്നു. അത് ഇപ്രകാരമായിരുന്നു:
“ഇന്നു രാവിലെ, അതായത് 1978 സെപ്തംബർ 29, വെളുപ്പിനു ഏകദേശം 5.30 നു, മാർപ്പാപ്പയുടെ പ്രൈവറ്റ് സെക്രട്ടറി ജോൺ മഗീ, പരിശുദ്ധ പിതാവിനെ പതിവുള്ള പോലെ തന്റെ ചാപ്പലിൽ പ്രാർത്ഥനയ്ക്കായി കാണാത്തതിനാൽ, അദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ പരിശോധിയ്ക്കുകയും , തന്റെ കിടയ്ക്കയിൽ ഇരിയ്ക്കുന്ന നിലയിൽ പരിശുദ്ധ പിതാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത വിവരം വ്യസന സമേതം അറിയിയ്ക്കുന്നു. കിടപ്പുമുറിയിലെ ലൈറ്റുകൾ ഓൺ ആയ നിലയിലും പരിശുദ്ധ പിതാവിന്റെ കൈകളിൽ ഒരു ഗ്രന്ഥം ഇരിയ്ക്കുന്ന നിലയിലും ആയിരുന്നു. വായനയ്കിടയിൽ രാത്രി 11.00 മണിയോടെ മരണം സംഭവിച്ചിരിയ്ക്കാമെന്നു കരുതുന്നു. വത്തിയ്ക്കാൻ ഡോക്ടർ ബുസ്സോനെറ്റിയുടെ നിഗമനമനുസരിച്ച് അക്യൂട്ട് മയോ കാർഡിയൽ ഇൻഫാർക്ഷൻ (ഹാർട്ട് അറ്റാക്ക്) ആണു മരണകാരണം.“
വാർത്ത അതിവേഗം ലോകമാകെ പടർന്നു. അവിശ്വസനീയതോടെയും ഞെട്ടലോടെയുമാണു ലോകം ഈ വാർത്ത ശ്രവിച്ചത്. അധികാരമേറ്റ് കേവലം 33 ദിവസങ്ങൾ കൊണ്ടു തന്നെ ലോക ശ്രദ്ധയാകർഷിച്ചിരുന്നു പുതിയ പോപ്പ്.
“പുഞ്ചിരിയ്ക്കുന്ന പോപ്പ്“ എന്നാണു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പേരു സൂചിപ്പിയ്ക്കും പോലെ എപ്പോഴും സുസ്മേരവദനനായിരുന്നു അദ്ദേഹം.
15 വർഷം മാർപ്പാപ്പയായിരുന്ന പോൾ ആറാമനു ശേഷം പുതിയ പോപ്പിനെ തിരഞ്ഞെടുക്കാൻ വത്തിക്കാനിൽ കർദ്ദിനാൾമാരുടെ കോൺക്ലേവ് ചേരുകയുണ്ടായി. പ്രധാനമായും രണ്ട് പേരുകളാണു ഉയർന്നു വന്നത്. ജെനോവ ആർച്ച് ബിഷപ്പായ ഗിസപ്പെ സിരി, ഫ്ലോറെൻസ് ആർച്ച് ബിഷപ്പായ ജിയോവന്നി ബെനെല്ലി എന്നിവരായിരുന്നു അത്. വിവിധ സമ്മർദ്ദങ്ങൾക്കൊടുവിൽ, മൂന്നാമതൊരു പേരു ഉയർന്നുവരുകയും വെനീസിലെ പാത്രിയർക്ക ആയിരുന്ന ആൽബിനോ ലൂസിയാനി പുതിയ പോപ്പായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കർദിനൾമാരുടെ പിന്തുണയോടെയാണു ആൽബിനോ ലൂസിയാനി തെരെഞ്ഞെടുക്കപ്പെട്ടത്. ജോൺ പോൾ ഒന്നാമൻ എന്ന തിരുനാമം സ്വീകരിച്ച് അദ്ദേഹം മാർപ്പാപ്പയായി അധികാരമേറ്റു.
തന്റെ മുൻ ഗാമികളിൽ നിന്നും പലകാര്യങ്ങളിലും വ്യത്യസ്ഥനായിരുന്നു അദ്ദേഹം. പോപ്പ് ധരിയ്ക്കാറുള്ള “കിരീടം“ ധരിയ്ക്കാൻ അദ്ദേഹം വിസമ്മതിച്ചു. “സെഡിയാ ഗെസ്റ്റാട്ടോറിയ“ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഒരു രാജകീയ ഇരിപ്പിടത്തിൽ പോപ്പിനെ ഇരുത്തി അതു ചുമലിൽ ഏറ്റി നടക്കുന്ന ഒരു ചടങ്ങുണ്ട്. എന്നാൽ പുതിയ പോപ്പ് ആ ഇരിപ്പിടത്തിൽ ഇരിയ്ക്കാൻ കൂട്ടാക്കിയില്ല. എന്നാൽ അങ്ങനെ ഇരുന്നില്ലെങ്കിൽ, അദ്ദേഹത്തെ ഭക്തർക്ക് കാണാൻ സാധിയ്ക്കില്ല എന്ന നിർബന്ധത്തിനു ഒടുക്കം അദ്ദേഹം വഴങ്ങി. മാർപ്പാപ്പമാർ സ്വയം “നാം“ വിശേഷിപ്പിയ്ക്കുന്ന രീതി മാറ്റി “ഞാൻ“ എന്നാക്കി അദ്ദേഹം. ഗർഭനിയന്ത്രണത്തിലും മറ്റും കത്തോലിയ്ക്ക സഭയുടെ പൊതു നിലപാടിൽ നിന്നു വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ.
തന്റെ പൗരോഹിത്യ ജീവിതത്തിൽ ഉടനീളം വളരെ ലളിതമായ ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ആഡംബരത്തേയും ധാരാളിത്തത്തേയും അദ്ദേഹം വെറുത്തിരുന്നു.
ഇങ്ങനെ ലോക ശ്രദ്ധയാകർഷിച്ച ജോൺ പോൾ ഒന്നാമന്റെ പൊടുന്നനേയുള്ള നിര്യാണം ലോകത്തെ ഞെട്ടിച്ചത് സ്വാഭാവികം.
മാർപ്പാപ്പയുടെ ആകസ്മിക നിര്യാണം, ഇറ്റലിയിലെ പല പത്രപ്രവർത്തകരുടെയും ശ്രദ്ധ ആകർഷിച്ചു. വത്തിയ്ക്കാൻ നൽകിയ ഔദ്യോഗിക വിശദീകരണങ്ങളിൽ അവർ തൃപ്തരായിരുന്നില്ല. അവർ ചില ചോദ്യങ്ങളുയർത്തി.
“പോപ്പ് എങ്ങനെയാണു മരിച്ചത്?“ “എപ്പോഴാണു മരിച്ചത്?“
ഈ ചോദ്യങ്ങൾക്കു ചില കാരണങ്ങളുണ്ടായിരുന്നു.
ഔദ്യോഗിക വിശദീകരണപ്രകാരം ഹൃദ്രോഗമാണു മരണകാരണമെന്ന് വത്തിയ്ക്കാൻ ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വത്തിയ്ക്കാന്റെ കീഴ്‌വഴക്കപ്രകാരം മരണപ്പെട്ട പോപ്പിന്റെ ശരീരം “ഓട്ടോപ്സി“ (പോസ്റ്റ്മോർട്ടം) ചെയ്യാറില്ല. പോസ്റ്റ്മോർട്ടത്തിൽ കൂടിയല്ലാതെ മരണകാരണം കണ്ടു പിടിയ്ക്കാനാവില്ല എന്നിരിയ്ക്കെ, സംഭവ ദിവസം രാവിലെ 8.00 മണിയ്ക്കു മുൻപു തന്നെ, പോപ്പ് മരിച്ചത് ഹൃദ്രോഗം മൂലമെന്ന് വത്തിയ്ക്കാൻ എങ്ങനെ തീർച്ചപ്പെടുത്തി? ഓട്ടോപ്സിയില്ലാതെ, മരണസമയം എങ്ങനെ കണക്കാക്കി?
ഈ ചോദ്യങ്ങൾ ഉയരുന്നതിനിടെ, വത്തിയ്ക്കാൻ ഉപശാലകളിൽ നിന്നും മറ്റുചില സാക്ഷ്യങ്ങൾ കൂടി ചോർന്നു വെളിയിലെത്തി. അതു ഇങ്ങനെയായിരുന്നു:
പോപ്പിനെ മരിച്ച നിലയിൽ കണ്ടെത്തിയത്, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി അല്ലായിരുന്നു, മറിച്ച് ഒരു കന്യാസ്ത്രീ ആയിരുന്നു. പോപ്പിന്റെ കൈയിൽ ഉണ്ടായിരുന്നത് മത ഗ്രന്ഥമായിരുന്നില്ല, ഏതാനും ചില പേപ്പറുകൾ ആയിരുന്നു. കണ്ടെത്തുമ്പോൾ അദ്ദേഹം തറയിൽ വീണുകിടക്കുന്ന നിലയിലായിരുന്നു. ശരീരത്തിൽ അപ്പോഴും ചൂടുണ്ടായിരുന്നത്രേ. തറയിൽ നിന്നും ഉയർത്തി അദ്ദേഹത്തെ കിടക്കയിൽ ഇരുത്തുകയായിരുന്നു. കൈയിൽ ഉണ്ടായിരുന്ന പേപ്പറുകൾക്കു പകരം ഒരു ഗ്രന്ഥം വെച്ചു. ആ പേപ്പറുകളിൽ എന്താണുണ്ടായിരുന്നത്? ജോൺ പോൾ ഒന്നാമന്റെ മരണത്തിന്റെ ആ പ്രഭാതത്തിൽ തന്നെ അദ്ദേഹത്തിന്റെ സ്വകാര്യവസ്തുക്കൾ എല്ലാം തന്നെ അപ്രത്യക്ഷമായി. അദ്ദേഹത്തിന്റെ കിടപ്പുമുറി പൂർണമായും ക്ലീൻ ചെയ്യപ്പെട്ടു. അന്നു വൈകുന്നേരമായപ്പോൾ പോപ്പിന്റെ ശരീരം എംബാം ചെയ്യ്ത് പൊതു ദർശനത്തിനു വച്ചു. ഇറ്റലിയിലെ നിയമപ്രകാരം 24 മണിക്കൂറിനുശേഷം മാത്രമേ മൃതശരീരം എംബാം ചെയ്യാൻ പാടുള്ളു. എന്തിനാണു വത്തിക്കാൻ തിടുക്കപ്പെട്ട് എംബാം ചെയ്തത്? (എംബാം ചെയ്യുമ്പോൾ ശരീരത്തിലെ രക്തവും ആന്തരിക അവയവങ്ങളും നീക്കം ചെയ്യപെടും.)
ഇത്തരം സംശയങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നെങ്കിലും വത്തിയ്ക്കാൻ അവയെ തള്ളിക്കളഞ്ഞു. ജോൺ പോൾ ഒന്നാമന്റെ കബറടക്കശേഷം അടുത്ത മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള നടപടികളുമായി കത്തോലിക്ക സഭ മുന്നോട്ടു പോയി. അധികം വൈകാതെ, പോളണ്ടുകാരനായ കരോൾ വൊയ്റ്റില, ജോൺ പോൾ രണ്ടാമൻ എന്ന പേരിൽ മാർപ്പാപ്പയായി അധികാരമേറ്റു.
“വത്തിക്കാനിലെ ദുരൂഹമരണം.“
(ബിജുകുമാർ ആലക്കോട്).
(രണ്ട്)
മധ്യകാല ഇറ്റലിയിൽ ശില്പികൾക്കും കല്പണിക്കാർക്കും സവിശേഷമായ ഒരു സ്ഥാനമുണ്ടായിരുന്നു. ക്രമേണ അവരുടേതായ ഒരു കൂട്ടായ്മ ഉണ്ടായി വന്നു. “മേസന്മാർ“ എന്നാണു അവർ അറിയപ്പെട്ടത്. അവർ ആഴ്ചകളിലോ മാസങ്ങളിലോ ഒത്തു ചേരും. ചില ചടങ്ങുകളും ചർച്ചകളും വിരുന്നുകളുമൊക്കെ ഈ ഒത്തുചേരലിന്റെ ഭാഗമായി ഉണ്ടാകും. അക്കാലത്തെ കടുത്തപൗരോഹിത്യചട്ടക്കൂടുകളിൽ നിന്നു വ്യത്യസ്തമായി ഒട്ടൊക്കെ സ്വതന്ത്രമായ ചിന്തകളും ചർച്ചകളും ഈ കൂട്ടായ്മകളിൽ നിന്നു ഉരുത്തിരിഞ്ഞു വന്നു. ആയതിനാൽ അവരെ “ഫ്രീ മേസന്മാർ“ എന്നു വിളിയ്ക്കുവാൻ തുടങ്ങി.
ശില്പവേലകളും കൽപ്പണികളും അഭ്യസിപ്പിയ്ക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയുമൊക്കെ ഫ്രീമേസൻ റിയുടെ ഭാഗമായിരുന്നു. ക്രമേണ ശില്പികളുടെയും കൽപ്പണിക്കാരുടെയും സംഘടന എന്ന നിലയിൽ നിന്നുമാറി ചില പ്രത്യേക യോഗ്യതകളുള്ള ആർക്കും ഫ്രീമേസൻ ആകാം എന്ന സ്ഥിതിയായി.
ഒരു പ്രദേശത്തെ ഫ്രീമേസന്മാരുടെ കൂട്ടായ്മ “ലോഡ്ജ്“ എന്നാണു പറയുക. ലോഡ്ജിന്റെ തലവനെ മാസ്റ്റർ എന്നു പറയും. ഇറ്റലിയിലെ ഫ്രീമേസൻ ലോഡ്ജുകളുടെ ഒന്നാകെയുള്ള കൂട്ടായ്മയായ ലോഡ്ജിന്റെ തലവനെ ഗ്രാൻഡ് മാസ്റ്റർ എന്നും പറയും. അക്കാലത്തെ രാഷ്ട്രീയ - സാമൂഹ്യ ബുദ്ധിജീവികളും കലാകാരന്മാരുമൊക്കെ ഫ്രീമേസൻ റിയിൽ അംഗങ്ങളായിരുന്നു.
കത്തോലിയ്ക്ക സഭ പക്ഷേ ഫ്രീമേസൻറിയ്ക്ക് എതിരായിരുന്നു. മതപരമായ ചട്ടക്കൂടിനു വിരുദ്ധമായ സ്വതന്ത്ര ചിന്തകളും ചർച്ചകളും നടത്തുന്ന ഈ സംഘടനയിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ സഭ അതിന്റെ അംഗങ്ങളെ പ്രേരിപ്പിച്ചിരുന്നു.
ഫാസിസ്റ്റ് ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസ്സോളിനി ഇറ്റലിയിൽ ഫ്രീമേസൻറിയെ നിരോധിച്ചു. ക്രമേണ സംഘടന നിർജീവമായി. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ ഇറ്റലിയുടെ പരാജയത്തോടെ ഫ്രീമേസൻറി സജീവമാകാൻ തുടങ്ങി. അമേരിയ്ക്കയുടെ പ്രോൽസാഹനവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.
ഫ്രീമേസന്മാരുടെ തത്വശാസ്ത്രം കമ്യൂണിസ്റ്റ് വിരുദ്ധമായതാണു ഇതിനു പ്രധാന കാരണം.
1877 ൽ ഇറ്റലിയിലെ ടൂറിനിൽ ഒരു ഫ്രീമേസൻ ലോഡ്ജ് സ്ഥാപിയ്ക്കപ്പെട്ടിരുന്നു. “പ്രോപ്പഗാണ്ടാ മസ്സോണിക്ക“ എന്നായിരുന്നു അതിന്റെ പേര്. പ്രമുഖരായ രാഷ്ട്രീയ നേതാക്കളും ഗവണ്മെന്റ് ഉദ്യോഗസ്ഥരുമൊക്കെ ഈ ലോഡ്ജിൽ അംഗങ്ങളായിരുന്നു. മുസ്സോളിനി ഫ്രീമേസന്മാരെ നിരോധിച്ചതോടെ ഈ ലോഡ്ജും നിർജീവാവസ്ഥയിലായി. രണ്ടാം ലോകയുദ്ധാനന്തരകാലത്ത് മറ്റു ലോഡ്ജുകളെപ്പോലെ ഇതും ഉയിർത്തെഴുനേറ്റു. ഇക്കാലത്ത് പേരിൽ ഒരു മാറ്റം വരുത്തി “പ്രോപ്പഗാണ്ടാ ഡുഇ“ അഥവാ "P 2" എന്നാക്കി. എന്നാൽ 1950-60 കാലഘട്ടത്തോടെ P 2 പ്രവർത്തനവും മന്ദീഭവിച്ചു.
1960 കളിൽ ഇറ്റലിയിൽ ഇടതുപക്ഷ രാഷ്ട്രീയം സ്വാധീനം വർധിപ്പിച്ചു തുടങ്ങി. ഇറ്റാലിയൻ കമ്യൂണിസ്റ്റു പാർടി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാകുന്ന നിലയിലായി. ഇറ്റലിയിലെ വലതുപക്ഷ ചിന്താഗതിക്കാരെ ഈ സാഹചര്യം വല്ലാതെ വിഷമിപ്പിച്ചു. രാജ്യം കമ്യൂണിസ്റ്റ് സ്വാധീനത്തിലാകുന്നത് വലിയ ദുരന്തമാകുമെന്ന് അവർ കണക്കുകൂട്ടി.
1971 ൽ ഇറ്റലിയിലെ ഫ്രീമേസൻ ഗ്രാൻഡ് മാസ്റ്ററായ ലിനോ സാൽവിനി വിളിച്ചു ചേർത്ത ഗ്രാൻഡ് ഓറിയന്റിൽ ഇക്കാര്യം ചർച്ച ചെയ്തു. നിർജീവാവസ്ഥയിലായ ലോഡ്ജുകൾ സജീവമാക്കേണ്ടതിന്റെ ആവശ്യം അവർക്കു ബോധ്യപ്പെട്ടു. അക്കാലത്ത് സജീവമായൊരു ഫ്രീമേസനായിരുന്നു ലിസിയോ ഗെല്ലി.
P 2 ലോഡ്ജ് പുന:സംഘടിപ്പിയ്ക്കാൻ ലിസ്യോ ഗെല്ലിയെ ഗ്രാൻഡ് മാസ്റ്റർ ചുമതലപ്പെടുത്തി.
നിർജീവമായ ഫ്രീമേസന്മാരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുകയാണു ഗെല്ലി ആദ്യം ചെയ്തത്. തുടർന്ന് അവരുമായു സമ്പർക്കം പുലർത്തി. ഇറ്റലിയിലെ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റുകൾക്ക് ഫ്രീമേസന്മാരുടെ പ്രവർത്തനങ്ങളിൽ ഏപ്പോഴും ഒരു കണ്ണുണ്ടായിരുന്നു. പാർടികളിലും ഗവണ്മെന്റിലുമെല്ലാം നുഴഞ്ഞുകയറിയിട്ടുള്ള അവരുടെ സ്വാധീനം തന്നെ അതിനു കാരണം. ഭരണകക്ഷിയുടെ ശ്രദ്ധയിൽ പെടാതെ ഗെല്ലി തന്റെ കരുക്കൾ നീക്കി. ക്രമേണ “P 2“ ലോഡ്ജ് പുന: സംഘടിപ്പിയ്ക്കപ്പെട്ടു. P 2 വിന്റെ വലക്കണ്ണികൾ ഇറ്റാലിയൻ ഭരണകൂടത്തിന്റെ എല്ലാ മേഖലകളിലും മെല്ലെ മുറുകാൻ തുടങ്ങി.
ഇറ്റാലിയൻ ഫ്രീമേസൻറിയുടെ പൊതുനിയന്ത്രണത്തിൽ നിന്നു വ്യതിചലിച്ചുള്ള “P 2“ ന്റെ പ്രവർത്തനങ്ങൾ ഗ്രാൻഡ് മാസ്റ്ററുടെ ശ്രദ്ധയിൽ വരുകയും ഗെല്ലിയെയും P 2 വിനെയും സംഘടനയിൽ നിന്നു പുറത്താക്കുകയും ചെയ്തു. എന്നാൽ അപ്പോഴേയ്ക്കും P 2 വലിയൊരു ശക്തിയായി വളർന്നു കഴിഞ്ഞിരുന്നു. ഗെല്ലിയുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ പുതിയ ഗ്രാൻഡ് മാസ്റ്റർ വന്നു.
അതീവ രഹസ്യമായിരുന്നു P 2 ന്റെ പ്രവർത്തനങ്ങൾ. പ്രത്യക്ഷത്തിൽ അങ്ങനെയൊരു സംഘടനയുടെ സാന്നിധ്യം എങ്ങുമുണ്ടായിരുന്നില്ല. എന്നാൽ ഇറ്റാലിയൻ സമൂഹത്തിലെ ഒട്ടേറെ പ്രമുഖരും സമ്പന്നരും ഉദ്യോഗസ്ഥരുമെല്ലാം ഈ സംഘടനയിൽ അംഗങ്ങളായിരുന്നു. (പിൽക്കാലത്ത് ഇറ്റാലിയൻ പ്രധാനമന്ത്രിയായ സിൽവിയോ ബെർലുസ്കോർണി തന്നെ ഉദാഹരണം)
ഇറ്റലിയിലെ ചില തീവ്ര ഇടതുപക്ഷ സംഘടനകൾ (റെഡ് ബ്രിഗേഡ്, പ്രൈമാ ലീനിയ ) P 2 ന്റെ ബിനാമികൾ ആയിരുന്നു എന്നു പിൽക്കാലത്താണു തെളിഞ്ഞത്. P 2 ന്റെ താല്പര്യങ്ങൾക്ക് എതിരു നിൽക്കുന്ന പലരെയും കൊലപ്പെടുത്താൻ ഇവരെയാണു ഏർപ്പെടുത്തിയത്. സ്വഭാവികമായും ജനരോഷം പലപ്പോഴും ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞു. P 2 ന്റെ പ്രവർത്തനങ്ങൾക്കെതിരെ ശബ്ദിയ്ക്കാതിരിയ്കാൻ ഇറ്റലിയിലെ സോഷ്യലിസ്റ്റു പാർടിയെ വിലയ്ക്കെടുക്കുവാനും അവർക്കു കഴിഞ്ഞു.
P 2 ന്റെ പ്രവർത്തനങ്ങൾക്കു വലിയ ഫണ്ട് ആവശ്യമായിരുന്നു. അമേരിയ്ക്കൻ CIA യിൽ നിന്നും, ഇറ്റാലിയൻ മാഫിയയിൽ നിന്നും വൻ തുകകൾ ഒഴുകിയെത്തി.
1970കളിൽ ഇറ്റലിയിൽ ഒരു പുതിയ സ്കീം വന്നു. വാഹനങ്ങൾ ഓടിയ്ക്കുന്ന ഡീസൽ ഇന്ധനം, വീടുകളിലെ ഫയർ പ്ലേസുകളിലും ഉപയോഗിയ്ക്കുന്നതിനു അനുവദിയ്ക്കുന്നതായിരുന്നു അത്. വീട്ടാവശ്യത്തിനുള്ള ഇന്ധനത്തിന്റെ നികുതി , വാഹനം ഓടിയ്ക്കുന്നതിനുള്ളതിനേക്കാൾ 50 ഇരട്ടി കുറച്ചുകൊണ്ട് സർക്കാർ ഉത്തരവായി. ഇവ രണ്ടും വേർ തിരിച്ചറിയുന്നതിനു, വീട്ടാവശ്യത്തിനുള്ള ഡീസലിനു ഒരു പ്രത്യേക നിറം നൽകി. ലിസ്യോ ഗില്ലിയുടെ സ്വാധീനമായിരുന്നു ഇതിനു പിന്നിൽ എന്നു പറയപ്പെടുന്നു. ഇറ്റലിയിലെ പ്രധാന ഓയിൽകമ്പനി ഡയറക്ടർ P 2 അംഗമായിരുന്നു. ഗെല്ലിയുടെ നിർദ്ദേശപ്രകാരം, അയാൾ കണക്കുകളിൽ തിരിമറി കാട്ടി. വീട്ടാവശ്യത്തിനായി നൽകി എന്നു കണക്കുകളിൽ കാണിച്ച ഇന്ധനം, നിറം കലർത്താതെ പെട്രോൾ പമ്പുകൾക്ക് മറിച്ചു നൽകി. ഈ ഇടപാടിൽ 250 കോടി ഡോളറാണു P 2- വിലേയ്ക്കൊഴുകിയത്.
ഇതൊക്കെ കൂടാതെ സമ്പന്നരായ അംഗങ്ങളിൽ നിന്നും വലിയ സംഭാവനകൾ P 2- നു ലഭിച്ചു. അതിൽ പ്രമുഖനായിരുന്നു “ബാങ്കോ അമ്പ്രോസിയാനോ“ പ്രസിഡണ്ട് റോബർട്ടോ കൽവി.
“വത്തിക്കാനിലെ ദുരൂഹമരണം.“
(ബിജുകുമാർ ആലക്കോട്).
(മൂന്ന്)
ഒരു അന്തർദേശീയ റോമൻ കത്തോലിക്കാ സംഘടനയാണ് “ഒപുസ് ദെയ്“. 1928 ൽ, മോൺസിഞ്ഞോർ ജോസ് മരിയ എന്ന സ്പാനിഷ് പുരോഹിതനാണു ഇതു സ്ഥാപിച്ചത്. കടുത്ത യാഥാസ്ഥിതിക - വലതുപക്ഷ ആശയങ്ങളാണു ഒപുസ് ദെയുടെ അടിത്തറ. മതപരമായ ചിട്ടകളിലൂടെ ശത്രുക്കളെപ്പോലും സംഘടനയിലേയ്ക്കു ആകർഷിയ്ക്കുക എന്നതായിരുന്നു ആദ്യകാലത്ത് ഒപുസ് ദെയുടെ പ്രമാണം. വളരെ
കുറച്ചു പുരോഹിതർ മാത്രമാണു ഇതിൽ അംഗങ്ങളായിട്ടുള്ളത്, ഏതാണ്ട് 5ശതമാനം. ബാക്കിയുള്ളത് സഭാവിശ്വാസികളാണ്. നല്ല വിദ്യാഭ്യാസമുള്ള, മിടുക്കരായ യുവതിയുവാക്കളെയാണു സംഘടന ലക്ഷ്യമിടുന്നത്. അവരിലൂടെ ഉയർന്ന തലങ്ങളിൽ പിടിമുറുക്കുക എന്നതാണു ഉദ്ദേശം. വിവിധ രാജ്യങ്ങളിലായി 60000 മുതൽ 80000 വരെ അംഗങ്ങൾ “ഒപുസ് ദെയ്“യ്ക്കുണ്ടെന്നാണു പറയപ്പെടുന്നത്.
രഹസ്യസ്വഭാവം കാത്തുസൂക്ഷിയ്ക്കുന്ന സംഘടനയുടെ യഥാർത്ഥ അംഗസംഖ്യ ആർക്കുമറിയില്ല. സംഘടന അവകാശപ്പെടുന്നതനുസരിച്ച് ലോകമെമ്പാടുമുള്ള 600 ൽ അധികം പ്രസിദ്ധീകരണങ്ങളിൽ “ഒപുസ് ദെയ്“ അംഗങ്ങൾ ജോലി ചെയ്യുന്നുണ്ട്. അതുകൂടാതെ, അനേകം റേഡിയോ സ്റ്റേഷനുകളിലും ടിവി ചാനലുകളിലും അവരുടെ അംഗങ്ങളുണ്ട്. ചില രാജ്യങ്ങളിൽ “ഒപുസ് ദെയുടേതായ യൂണിവേഴ്സിറ്റികൾ വരെ
പ്രവർത്തിയ്ക്കുന്നു. സ്പെയിനിലെ ഏകാധിപധിയായിരുന്ന ഫ്രാങ്കോയുടെ മന്ത്രിസഭയിൽ പോലും “ഒപുസ് ദെയ്“ ഉണ്ടായിരുന്നു. ഇപ്പോഴും യൂറോപ്പിലെയും ലാറ്റിനമേരിയ്ക്കയിലെയും പല ഉന്നത സ്ഥാപനങ്ങളിലും ഒപുസ് ദെയുടെ സാന്നിധ്യമുണ്ട്.അംഗബലത്തിൽ ചെറുതെങ്കിലും ഒപുസ് ദെയുടെ സമ്പത്ത് അതിഭീമമാണ്. തങ്ങളുടെ അംഗങ്ങളായ സമ്പന്നരിൽ നിന്നും മറ്റുമാണു ഈ ഫണ്ട് അവർ സ്വരൂപിയ്ക്കുന്നത്. ജോസ് മത്തേവൂസ് എന്ന സ്പാനിഷ് സമ്പന്നങ്ങൾ കോടിക്കണക്കിനു ഡോളറാണു “ഒപുസ് ദെയ്“ക്കു സംഭാവന നൽകിയത്. ഇതിൽ നല്ലൊരു ഭാഗവും മറ്റൊരു സമ്പന്നന്റെ വകയായിരുന്നു. ബാങ്കോ അമ്പ്രോസിയാനോ പ്രസിഡണ്ട് റോബർട്ടോ
കൽവിയായിരുന്നു ആ സമ്പന്നൻ.
“വത്തിക്കാനിലെ ദുരൂഹമരണം.“
(ബിജുകുമാർ ആലക്കോട്).
(നാല്)
1896 ൽ ഇറ്റലിയിലെ മിലാനിലാണു ബാങ്കോ അംബ്രോസിയാനോ രൂപീകരിച്ചത്. ഗിസപ്പെ ടൊവീനി എന്ന കാത്തോലിക്കാ അഭിഭാഷകനാണു സ്ഥാപകൻ. നാലാം നൂറ്റാണ്ടിൽ മിലാനിൽ ജീവിച്ചിരുന്ന സെന്റ് അമ്പ്രോസ് എന്ന ആർച്ച് ബിഷപ്പിന്റെ നാമമാണു സ്വീകരിച്ചത്.അക്കാലത്ത് നിലവിലുണ്ടായിരുന്ന മറ്റു ബാങ്കുകളുടെ “മതേതര“ രീതികളോടു എതിർപ്പുണ്ടായിരുന്ന ആളാണു ഗിസപ്പെ ടൊവീനി. കത്തോലിക്കാ വിശ്വാസത്തിനു ഈ ബാങ്കുകളിൽ നിന്നു വേണ്ടത്ര പരിഗണന ലഭിയ്ക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെയാണു ഒരു കത്തോലിക്ക ബാങ്ക്
രൂപീകരിയ്ക്കാൻ അദ്ദേഹം മുൻകൈ എടുത്തത്.
കത്തോലിക്ക മൂല്യങ്ങൾ സംരക്ഷിയ്ക്കുന്ന സംഘടനകളെയും മതസംഘടനകളെയും ചാരിറ്റി സംഘങ്ങളെയും സഹായിയ്ക്കുക എന്നതായിരുന്നു ബാങ്കോ അംബ്രോസിയാനോയുടെ ലക്ഷ്യം. പുരോഹിതരുടെ ബാങ്ക് എന്നാണു അക്കാലത്ത് ഇത് അറിയപ്പെട്ടത്. വത്തിക്കാന്റെ അനുഗ്രഹാശിസ്സുകൾ
ബാങ്കിനുണ്ടായിരുന്നു. പോപ്പ് പയസ് പതിനൊന്നാമന്റെ അനന്തിരവൻ ബാങ്കിന്റെ ചെയർമാൻ സ്ഥാനത്ത് എത്തുകയുണ്ടായി.1960 കളിൽ ബാങ്ക് അതിന്റെ പ്രവർത്തനം കുറച്ചുകൂടി വിശാലമാക്കി. ഷെയർ മാർക്കറ്റുകളിലും ഹോൾഡിംഗ് ബിസിനസ്സുകളിലും അവർ മൂലധനമിറക്കി. 1971 ൽ റോബർട്ടോ കൽവി ബാങ്കിന്റെ ജെനെറൽ മാനേജരായി ചുമതലയേറ്റു. തുടർന്ന് 1975 ൽ ബാങ്ക് ചെയർമാനുമായി. കൽവി ബാങ്കിന്റെ പ്രവർത്തന മേഖലകൾ കുറച്ചു വ്യാപകമാക്കി. തെക്കേ അമേരിയ്ക്കയിലും ബഹാമാസിലും പുതിയ സബ്സിഡിയറികൾ ആരംഭിച്ചു. അതു കൂടാതെ ചില ഷെൽ കോർപറേഷനുകളിലും
മറ്റു ബാങ്കുകളിലും ഷെയറുകൾ വാങ്ങിക്കൂട്ടി. ചുരുങ്ങിയ നാളുകൾ കൊണ്ട് റോബർട്ടോ കൽവി കണ്ണഞ്ചിയ്ക്കുന്ന നിലയിലെത്തി.
“വത്തിക്കാനിലെ ദുരൂഹമരണം.“
(ബിജുകുമാർ ആലക്കോട്).
(അഞ്ച്)
INSTITUTO PER LE OPERE DI RELIGIONE - IOR അഥവാ “വത്തിക്കാൻ ബാങ്ക്“ എന്നറിയപ്പെടുന്ന സ്ഥാപനമാണു വത്തിക്കാൻ എന്ന രാജ്യത്തിന്റെ ഔദ്യോഗിക ധനകാര്യ സ്ഥാപനം. 1942 ൽ പോപ്പ് പയസ് പന്ത്രണ്ടാമനാണു ഒരു ഡിക്രിയിലൂടെ വത്തിക്കാൻ ബാങ്ക് സ്ഥാപിച്ചത്. പോപ്പിന്റെ കീഴിൽ, അഞ്ചു കർദ്ദിനാൾമാർ ഉൾപ്പെടുന്ന ഒരു സൂപ്പർവൈസറി സമിതിയും അവർ തെരെഞ്ഞെടുക്കുന്ന പ്രസിഡണ്ടുമാണു ബാങ്കിന്റെ മുഖ്യ ഭരണസംവിധാനം. ആഗോള കത്തോലിക്ക സഭയുടെ ബാങ്ക് എന്ന നിലയിൽ അതിഭീമമായ തുകയാണു വത്തിക്കാൻ ബാങ്ക് കൈകാര്യം ചെയ്യുന്നത്. ബാങ്കിന്റെ എല്ലാ ആസ്തികളും ഇറ്റലിയിൽ നികുതി വിമുക്തമാണ്.
1968 കാലത്ത്, വത്തിക്കാൻ ബാങ്ക് അതിന്റെ ചില ആസ്തികൾ ഹോൾഡിങ് ബിസിനസിൽ നിക്ഷേപിയ്ക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിനായി ഒരു ധനകാര്യ ഉപദേശകനെയും അവർ നിയമിച്ചു. ഇറ്റലിയിലെ അതിശക്തനായ ഒരു ബിസിനസ്സുകാരനായിരുന്ന മിച്ചൽ സിൻഡോണ ആയിരുന്നു ആ ഉപദേശകൻ. ഫ്രാങ്ക്ലിൻ നാഷണൽ ബാങ്ക് അയാളുടെ ഉടമസ്ഥതയിലായിരുന്നു. അന്നത്തെ പോപ്പായിരുന്ന പോൾ ആറാമൻ മിലാനിലെ കർദ്ദിനാൾ ആയിരുന്നകാലത്ത് അദ്ദേഹത്തിന്റെ അടുപ്പക്കാരനായിരുന്നു സിൻഡോണ.വത്തിക്കാൻ ബാങ്കിന്റെ ആസ്തികളിൽ ഭൂരിഭാഗവും നിക്ഷേപിയ്ക്കപ്പെട്ടത് സിൻഡോണയുടെ ബാങ്കിലും സ്ഥാപനങ്ങളിലുമായിരുന്നു. 1971 മുതൽ പോൾ മാർസിങ്കസ് എന്ന അമേരിയ്ക്കൻ ആർച്ച് ബിഷപ്പായിരുന്നു വത്തിക്കാൻ ബാങ്കിന്റെ പ്രസിഡണ്ട്.
(ആറ്)
തന്റെ ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്താൻ വഴികൾ തിരഞ്ഞുകൊണ്ടിരിയ്ക്കുകയായിരുന്നു റോബർട്ടോ കൽവി. തന്റെ കത്തോലിക്ക ബാങ്കും കത്തോലിക്ക സഭയുടെ വത്തിക്കാൻ ബാങ്കുമായി ചേർന്നൊരു ഡീൽ ചെയ്യുവാൻ ഏറെയായി അയാൾ ആശിയ്ക്കുന്നു. വത്തിക്കാൻ ബാങ്കിന്റെ പ്രസിഡണ്ടുമായി കൽവിക്ക് പരിചയമൊന്നുമില്ലായിരുന്നു. അദ്ദേഹവുമായി ഒരു ബന്ധം വെയ്ക്കുവാൻ കൽവി തീരുമാനിച്ചു.
P 2 ലോഡ്ജിൽ അംഗമായിരുന്ന കൽവി തന്റെ ആഗ്രഹം P 2 മേധാവി ലിസ്യോ ഗെല്ലിയെ അറിയിച്ചു. മിച്ചൽ സിൻഡോണയും P 2 -വിലെ ഒരു അംഗമായിരുന്നു. ഗെല്ലി രണ്ടു പേരെയും വിളിച്ച് ഒന്നിച്ചിരുത്തി സംസാരിച്ചു. അതിൻ പ്രകാരം സിൻഡോണ, റോബർട്ടൊ കൽവിയെ വത്തിക്കാൻ ബാങ്ക് പ്രസിഡണ്ട് പോൾ മാർസിങ്കസിനു പരിചയപ്പെടൂത്തി. അദ്ദേഹം വഴി പോപ്പ് പോൾ ആറാമനും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ജീൻ കാർഡിനൽ വില്ലോറ്റുമായും കൽവി അടുപ്പം സ്ഥാപിച്ചു.
അധികം വൈകാതെ, വത്തിക്കാൻ ബാങ്ക്, ബാങ്കോ അംബ്രോസിയാനോയുടെ കുറേ ഷെയറുകൾ വാങ്ങി. കൂടാതെ ഏതാനും ഷെൽ കോർപ്പറേഷനുകൾക്ക് വൻ തുക ലോണായും നൽകി. ഈ തുക ഉപയോഗിച്ച് ബാങ്കോ അമ്പ്രോസിയാനോയുടെ ഷെയറുകൾ വാങ്ങുകയാണു അവ ചെയ്തത്.
അതോടെ ബാങ്കോ അമ്പ്രോസിയാനോയുടെ ഷെയർ മൂല്യം കുതിച്ചുയർന്നു. കൽവി വീണ്ടും ഉയരങ്ങളിലേയ്ക്കു കുതിച്ചു.
തെക്കേ അമേരിയ്ക്കൻ രാജ്യമായ നിക്കരാഗ്വയിലെ ഇടതുപക്ഷ സർക്കാരിനെതിരെ പോരാടുന്ന റിബൽ ഗ്രൂപ്പുകൾക്ക് അമേരിയ്ക്ക സാമ്പത്തിക സഹായം ചെയ്യുന്നുണ്ടായിരുന്നു. ഇതിനായുള്ള പണം വന്നിരുന്നത് സംഭാവനകൾ എന്ന പേരിൽ വത്തിക്കാൻ ബാങ്കിലേയ്ക്കാണ്. അവർ ഈ തുക ബാങ്കോ അംബ്രോസിയാനോയുടെ തെക്കേ അമേരിയ്ക്കൻ സബ്സിഡിയറികളിൽ നിക്ഷേപിച്ചു. അവിടെ നിന്നും കൽവിയുടെ രഹസ്യ അക്കൗണ്ടുകളിലൂടെ തുക കലാപകാരികൾക്ക് എത്തിക്കൊണ്ടിരുന്നു. അമേരിയ്ക്കയിൽ നിന്നുള്ള പണം വരവിനു ചുക്കാൻ പിടിച്ചിരുന്നത് വത്തിക്കാൻ ബാങ്കിന്റെ ചിക്കാഗോ പ്രതിനിധി കർദ്ദിനാൾ കോഡി ആയിരുന്നു.
1974 ൽ ധനകാര്യ കുഴപ്പത്തിൽ പെട്ട് സിൻഡോണയുടെ ബിസിനസ്സ് തകർന്നു. വത്തിക്കാൻ ബാങ്കിന്റെ 3500 കോടി ഇറ്റാലിയൻ ലിറ നഷ്ടപ്പെട്ടു. ( തുകയുടെ യഥാർത്ഥവലുപ്പം ഒരിയ്ക്കലും പുറം ലോകം അറിഞ്ഞില്ല.) ഈ ഇറ്റലിയിൽ വലിയ കോളിളക്കമുണ്ടാക്കി. ധാരാളം നിക്ഷേപകർക്ക് വൻ തുകകൾ നഷ്ടമായിരുന്നു. അതിനെ തുടർന്ന് ഇറ്റാലിയൻ സെൻട്രൽ ബാങ്ക് ഒരു അന്വേഷണ സംഘത്തെ നിയമിച്ചു. ഇൻസ്പെക്ടർ ജൂലിയോ പദാലിനി ആയിരുന്നു അന്വേഷണ സംഘ തലവൻ.
(ഏഴ്)
1978 ആഗസ്റ്റ് 6 നു പോൾ ആറാമൻ മാർപ്പാപ്പ തന്റെ 80 മത്തെ വയസ്സിൽ നിര്യാതനായി. തുടർന്ന് ആൽബിനോ ലൂസിയാനി, ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയായി അധികാരമേറ്റു.
ഇറ്റലിക്കാരൻ തന്നെ ആയതിനാൽ, വത്തിക്കാനിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റിയൊക്കെ നല്ല ഗ്രാഹ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ക്രിസ്തുവിന്റെ ദർശനങ്ങളോട് അതീവമായി നീതിപുലർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും ആശയങ്ങളും. ലോകത്തെ സമ്പത്തിനു എല്ലാവരും അവകാശികളാണെന്നും, ഒരു വശത്ത് മനുഷ്യൻ പട്ടിണി കിടക്കുമ്പോൾ മറുവശത്ത് സമ്പത്ത് കുന്നുകൂട്ടുന്നത് പാപമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
പോപ്പായി സ്ഥാനമേറ്റയുടനെ അദ്ദേഹം വത്തിക്കാൻ ബാങ്കുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിയ്ക്കുവാൻ ആരംഭിച്ചു. വത്തിക്കാനിലെ യഥാർത്ഥ അധികാരകേന്ദ്രം അപ്പോൾ, സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ വില്ലോറ്റായിരുന്നു. പോൾ ആറാമൻ മാർപ്പാപ്പ വില്ലോറ്റിന്റെ കളിപ്പാവയായിരുന്നത്രേ.
സിൻഡോണയുടെ ബിസിനസ്സിൽ പങ്കാളിയായതിലൂടെ വത്തിക്കാനു നഷ്ടമായ കോടികളുടെ കണക്കു കണ്ട് പുതിയ മാർപ്പാപ്പ അന്തം വിട്ടു. ഇത്രയേറേ നഷ്ടമുണ്ടായിട്ടും, റോബർട്ടോ കൽവിയുടെ ബാങ്കുമായി ചേർന്ന് വീണ്ടും വൻതുകകൾ നിക്ഷേപിച്ചിരിയ്ക്കുകയാണ്..!
പുതിയ പോപ്പിന്റെ പരിശോധനകൾ വത്തിക്കാന്റെ അന്ത:ശ്ശാലകളിൽ കടുത്ത ആശങ്ക വിതച്ചു. വത്തിക്കാൻ നിയമപ്രകാരം പരമാധികാരി പോപ്പാണ്. ആർക്കെതിരെ എന്തു നടപടി സ്വീകരിയ്ക്കാനും അദ്ദേഹത്തിനധികാരമുണ്ട്.
പുതിയ പോപ്പ് തിരഞ്ഞെടുക്കപ്പെട്ടതോടെ ആ സമയത്ത് തെക്കേ അമേരിയ്ക്കയിലായിരുന്ന റോബർട്ടോ കൽവിയും സിൻഡോണയും ലിസ്യോ ഗെല്ലിയും ഇറ്റലിയിലേയ്ക്കു മടങ്ങിയതേയില്ല.
ജോൺ പോൾ മാർപ്പാപ്പ അധികാരമേറ്റതിന്റെ 33 ആം ദിവസം. 1978 സെപ്തംബർ 28 രാത്രി.
മാർപ്പാപ്പയും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ വില്ലോറ്റുമായി ഒരു മണിക്കൂറോളം നീണ്ട ഒരു ചർച്ച നടന്നു. മറ്റാർക്കും പ്രവേശനമില്ലാത്തതിനാൽ എന്താണു അതിന്റെ ഉള്ളടക്കമെന്നു ആർക്കും അറിയില്ല. എന്തായാലും ചർച്ച അത്ര സുഖകരമല്ലായിരുന്നു എന്നു, പുറത്തിറങ്ങിയ കർദ്ദിനാളിന്റെ മുഖം ശ്രദ്ധിച്ച പ്രൈവറ്റ് സെക്രട്ടറിമാർക്ക് തോന്നിയിട്ടുണ്ടാവണം.
ലളിതമായ അത്താഴത്തിനു ശേഷം പോപ്പ് തന്റെ കിടപ്പുമുറിയിലേയ്ക്കു പോയി.
പിറ്റേന്ന് വെളുപ്പിനു 5.30. പേപ്പൽ അപ്പാർട്ട്മെന്റിലെ പരിചാരകയായ സിസ്റ്റർ വിൻസെൻസാ ടഫാരെൽ, പതിവു പോലെ കാപ്പിയുമായി പോപ്പിന്റെ കിടപ്പുമുറിയ്ക്കു പുറത്തെത്തി. അവിടെയുള്ള ഒരു ടേബിളിൽ വച്ചിട്ട് കതകിൽ ഒന്നു മുട്ടി വിളിച്ച ശേഷം അവർ പോയി.
കുറച്ചു സമയം കഴിഞ്ഞ് കപ്പ് എടുക്കാൻ വന്ന അവർ, കാപ്പി അതേ പടി ഇരിയ്ക്കുന്നതാണു കണ്ടത്. അവർ വീണ്ടും കതകിൽ മുട്ടി വിളിച്ചു. മറുപടിയൊന്നുമില്ല. പരിഭ്രാന്തയായ അവർ കതകു തുറന്ന് ഉള്ളിൽ പ്രവേശിച്ചു. ബെഡ്ഡിൽ നിന്നും താഴെ വീണ നിലയിലായിരുന്നു പോപ്പ്. അദ്ദേഹത്തിന്റെ കൈയിൽ ഏതാനും കടലാസുകൾ ഉണ്ടായിരുന്നു. ധരിച്ചിരുന്ന കണ്ണട താഴെ വീണു കിടക്കുന്നു.
സിസ്റ്റർ ഉടനെ തന്നെ സ്റ്റേറ്റ് സെക്രട്ടറിയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അദ്ദേഹം ഉടനെ തന്നെ എല്ലാത്തിന്റെയും നിയന്ത്രണമേറ്റെടുത്തു. പുറത്ത് ആരോടും ഒന്നും സംസാരിയ്ക്കരുതെന്ന് സിസ്റ്റർക്കു കർശന നിർദ്ദേശം നൽകി. തുടർന്ന് അപാർട്ട്മെന്റിലെ പരിചാരകരുടെ സഹായത്തോടെ പോപ്പിനെ കിടക്കയിൽ ചാരിയിരുത്തി. കണ്ണട ധരിപ്പിച്ചു. കൈയിൽ ഒരു ഗ്രന്ഥം വെച്ചു. ഉടൻ തന്നെ വത്തിക്കാന്റെ ഔദ്യോഗിക എംബാമേർസിനോട് (എംബാം ചെയ്യുന്നവർ) സ്ഥലത്തെത്തുവാൻ ആജ്ഞാപിച്ചു.
രാവിലെ 8.00 മണിയോടെ പോപ്പിന്റെ നിര്യാണ വാർത്ത ഔദ്യോഗികമായി ലോകത്തെ അറിയിച്ചു.
പോപ്പ് എങ്ങനെയാവാം മരണപ്പെട്ടത്?
അതിനു കൃത്യമായൊരു ഉത്തരം കണ്ടെത്തുവാൻ ആർക്കും കഴിഞ്ഞിട്ടില്ല. അതിനുള്ള സാധ്യതകൾ എല്ലാം അടയ്ക്കപ്പെട്ടു എന്നതാണു സത്യം. ഓട്ടോപ്സി അഥവാ പോസ്റ്റുമോർട്ടം മാത്രമായിരുന്നു മരണ കാരണം കണ്ടെത്താവുന്ന മാർഗം. അതു നടന്നില്ല. എംബാം ചെയ്യപ്പെട്ടതോടെ ശരീരത്തിലെ രക്തവും ആന്തരാവയവങ്ങളും നീക്കം ചെയ്യപ്പെട്ടു. അതോടെ മറ്റു പരിശോധനകൾക്കുള്ള സാധ്യതയും ഇല്ലാതായി.
പിൽക്കാലത്ത്, ബ്രിട്ടീഷ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റായ ഡേവിഡ് യാലപ്പ് പോപ്പിന്റെ മരണത്തെ പറ്റി വിശദമായി അന്വേഷിയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നിഗമനത്തിൽ, ഡിജിറ്റലിസ് എന്ന ജൈവ രാസവസ്തുവാകാം മരണകാരണം. ഹൃദയമിടിപ്പ് വർധിപ്പിയ്ക്കുന്ന ഒരു ഔഷധ പദാർത്ഥമാണിത്. ഇത് അമിതമായി ഉള്ളിൽ ചെന്നാൽ ഹൃദ്രോഗത്തിനു സമാനമായ ലക്ഷണങ്ങൾ ഉണ്ടാകാം. ആളു മരണപ്പെടുകയും ചെയ്യും. സാധാരണ പരിശോധനകളിൽ ഇതിന്റെ സാന്നിധ്യം അറിയാനാവില്ല. ഇത്തരം ഒരു വസ്തു ഉണ്ടാകാം എന്ന നിഗമത്തോടെയുള്ള പ്രത്യേക ടെസ്റ്റുകൾ നടത്തിയാൽ മാത്രമേ ഇതിനെ തിരിച്ചറിയാനാവൂ.
പോപ്പ് ജോൺ പോൾ, രക്തസമ്മർദ്ദക്കുറവിനു ചില മരുന്നുകൾ കഴിച്ചിരുന്നു. പ്രഷർ വർദ്ധിപ്പിയ്ക്കാൻ ഇത്തരം ഏതെങ്കിലും മരുന്നു അദ്ദേഹം ചെറിയ അളവിൽ കഴിച്ചിരുന്നിരിയ്ക്കാം. അതിന്റെ ഉയർന്ന ഡോസ് മരുന്ന് അദ്ദേഹത്തിന്റെ മരുന്നിൽ ഉൾപ്പെടുത്തിയിരുന്നിരിയ്ക്കാം. ഇക്കാര്യമറിയാതെ മരുന്നു കഴിച്ച അദ്ദേഹത്തിനു രാത്രിയിൽ ഹൃദയാഘാതം ഉണ്ടായിരിയ്ക്കണം.
ഈ നിഗമനത്തിൽ എത്തുവാനുള്ള കാരണങ്ങൾ ഇവയാണ്. വർഷങ്ങളോളമായി പോപ്പിന്റെ സ്വകാര്യ ഡോക്ടറായിരുന്ന ആൾ മരണത്തിന്റെ തലേന്നും അദ്ദേഹത്തെ പരിശോധിച്ചതാണ്. പരിപൂർണ ആരോഗ്യവാനായിരുന്നു അദ്ദേഹം. പോപ്പിനോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കോ ഹൃദ്രോഗത്തിന്റേതായ യാതൊരു മെഡിക്കൽ ഹിസ്റ്ററിയുമില്ല. പുകവലിയോ സ്ഥിരമായ മദ്യപാനമോ ഇല്ലാത്ത ആളായിരുന്നു അദ്ദേഹം. ഇത്തരമൊരാൾക്ക് പെട്ടെന്നൊരു നാൾ സ്വാഭാവികമായി ഹൃദ്രോഗം ഉണ്ടാകാനുള്ള യാതൊരു സാധ്യതയുമില്ല.
“വത്തിക്കാനിലെ ദുരൂഹമരണം.“
(ബിജുകുമാർ ആലക്കോട്).
(എട്ട്).
എന്തായിരുന്നു പോപ്പിന്റെ കൈയിൽ ഉണ്ടായിരുന്ന കടലാസുകളിലെ ഉള്ളടക്കം? അതും പുറം ലോകത്തിനു അജ്ഞാതമാണു്. എങ്കിലും യാലപ്പിന്റെ അന്വേഷണത്തിൽ മനസ്സിലായത്, അത് അടുത്ത ദിവസം അദ്ദേഹം പ്രഖ്യാപിയ്ക്കാൻ ഒരുങ്ങിയിരുന്ന ചില നടപടികളുടെ കരടായിരുന്നു എന്നാണ്.
കർദ്ദിനാൾ വില്ലൊറ്റിനെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും , പോൾ മാർസിങ്കസിനെ വത്തിക്കാൻ ബാങ്ക് പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കം ചെയ്യാനും ചിക്കാഗോയിലെ കർദ്ദിനാൾ കോഡിയെ വത്തിക്കാനിലേയ്ക്കു തിരിച്ചു വിളിയ്ക്കാനുമുള്ള നിർദ്ദേശങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നത്രേ.
ജോൺ പോൾ ഒന്നാമനെ തുടർന്ന് മാർപ്പാപ്പയായ കരോൾ വൊയ്റ്റില, തന്റെ മുൻഗാമി തുടങ്ങി വെച്ച പരിഷ്കാരങ്ങൾ ഓരോന്നായി ഇല്ലാതാക്കി. വില്ലൊറ്റും മാർസിങ്കസും കോഡിയും തൽസ്ഥാനങ്ങളിൽ തന്നെ തുടർന്നു.
ഇറ്റാലിയൻ സെൻട്രൽ ബാങ്കിന്റെ അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലായിരുന്നു. പോപ്പ് ജോൺ പോൾ ഒന്നാമന്റെ മരണത്തിനു ശേഷം രണ്ടുമാസത്തിനുള്ളിൽ അന്വേഷണസംഘം അവസാന റിപ്പോർട്ട് തയ്യാറാക്കി. ഇൻസ്പെക്ടർ ജൂലിയോ പദാലിനോ അത്, ചീഫ് വിജിലൻസ് ഓഫീസർ മാർസിനെല്ലിയ്ക്കു കൈമാറി, അതിന്റെ മറ്റൊരു കോപ്പി ഉടൻ തന്നെ, ഉറുഗ്വേയിലായിരുന്ന ഗെല്ലിയുടെ കൈവശവും എത്തി. റിപ്പോർട്ടിലെ ചാർജുകൾ കാൽവിയ്ക്കും സിൻഡോണയ്ക്കും ഗെല്ലിയ്ക്കും പ്രയാസങ്ങൾ ഉണ്ടാക്കുന്നതായിരുന്നു. അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങൾക്കു ലഭ്യമാകാതെ അതീവ രഹസ്യമായി സൂക്ഷിയ്ക്കപ്പെട്ടു.
1979 ജനുവരിയിൽ, ഈ കേസ് ജഡ്ജി എമിലിയോ അലെസ്സാൻട്രിനിയുടെ മുൻപിൽ എത്തി. 500 പേജോളം വരുന്ന അന്വേഷണ റിപ്പോർട്ട് അദ്ദേഹം വിശദമായി പഠിച്ചു. ഇറ്റാലിയൻ ടാക്സ് പോലീസിന്റെ കമാണ്ടർ ലെഫ്റ്റ്നന്റ് കേണൽ ക്രെസ്റ്റയോട്, ബാങ്കോ അംബ്രോസിയാനോ റെയ്ഡ് ചെയ്യാൻ അദ്ദേഹം നിർദ്ദേശം