പ്ലേഗ് ബാധിച്ച ലക്ഷക്കണക്കിന് ആളുകളെ അന്നു കുഴിച്ചിട്ടത് ജീവനോടെ. കാതോര്‍ത്താല്‍ ഇന്നും ആത്മാക്കളുടെ കരച്ചില്‍ കേള്‍ക്കാമെന്ന് പ്രേതഗവേഷകര്‍.
യൂറോപ്പിലെ കോടിക്കണക്കിന് ആളുകളുടെ ജീവനെടുത്ത ശേഷമാണ് പ്ലേഗ് എന്ന മഹാമാരി പെയ്‌തൊഴിഞ്ഞത്. കറുത്ത മരണം എന്നറിയപ്പെട്ട് ഈ മഹാരോഗം 20കോടിയിലേറെ ജീവനാണ് അപഹരിച്ചത്. ഈ പകര്‍ച്ചവ്യാധിയില്‍ നിന്നു രക്ഷപ്പെടാന്‍ രാജ്യങ്ങള്‍ പല വഴികളും നോക്കി. രോഗികളുമായുള്ള സമ്പര്‍ക്കം പോലും പലരും ഭയന്നു. 1793ല്‍ വെനീസിലേക്കെത്തിയ രണ്ട് കപ്പലുകളില്‍ പ്ലേഗ് ബാധിതരുണ്ടായിരുന്നു. വൈകാതെ ഇത് പടര്‍ന്നുപിടിക്കാനും തുടങ്ങി. ഇതില്‍ നിന്നെങ്ങനെ രക്ഷപ്പെടുമെന്ന ചോദ്യത്തിന് അധികൃതര്‍ക്കു മുന്നില്‍ ഉത്തരവുമായി നിന്നത് ഒരു ദ്വീപായിരുന്നു. വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള ഒരു ചെറു ദ്വീപ്– പേര് പൊവേലിയ.
ഒരു കനാല്‍ വഴി രണ്ടു ഭാഗങ്ങളായി വിഭജിച്ച നിലയിലാണ് ഈ ദ്വീപിന്റെ സ്ഥാനം.
ഒന്നരലക്ഷത്തോളം പ്ലേഗ് ബാധിതരെയാണ് ഈ ദ്വീപില്‍ കുഴിച്ചു മൂടിയത്. അതില്‍ പലര്‍ക്കും ജീവനുണ്ടായിരുന്നു എന്നതാണ് വാസ്തവം. മരണത്തിന്റെ വക്കിലെത്തിയവരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ ദ്വീപില്‍ ഉപേക്ഷിച്ച് അധികൃതര്‍ മടങ്ങി. ഒരിറ്റു വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതജീവിതത്തിനൊടുവില്‍ എത്ര പേര്‍ യഥാര്‍ഥത്തില്‍ അവിടെ മരിച്ചുവീണുവെന്നതിന് ഇപ്പോഴും ഔദ്യോഗിക കണക്കില്ല. പക്ഷേ പൊവേലിയയിലെ മേല്‍മണ്ണിന്റെ പാതിയും അഴുകിപ്പൊടിഞ്ഞ മനുഷ്യശരീരമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മനുഷ്യവാസമുണ്ടായിരുന്ന ഈ ദ്വീപ് പിന്നീട് പലരും കീഴടക്കി. അവര്‍ ജനങ്ങളെ ഇവിടെനിന്നൊഴിപ്പിച്ചു.
വെനീസിലേക്കു വരുന്ന കപ്പലുകളെ നിരീക്ഷിക്കാനായി വാച്ച് ടവറും ഏതാനും വമ്പന്‍ കോട്ടകളും ഇവിടെ പണികഴിപ്പിച്ചതോടെയാണ് പിന്നെയും ദ്വീപില്‍ ആള്‍താമസമുണ്ടായത്. പക്ഷേ പ്ലേഗ് ബാധിതരെ കൂട്ടത്തോടെ കുഴിച്ചിട്ടതോടെ വെനീസ് അധികൃതര്‍ പൂര്‍ണമായും ദ്വീപിനെ കയ്യൊഴിഞ്ഞു. ഇന്ന് ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപ് എന്ന കുപ്രസിദ്ധിയോടെയാണ് പൊവേലിയ നിലനില്‍ക്കുന്നത്.
സാഹസികത മൂത്ത് ആര്‍ക്കെങ്കിലും ഇങ്ങോട്ട് വരണമെങ്കില്‍ പ്രദേശവാസികള്‍ ആരും തയാറാകില്ല. ഇനി ബോട്ട് കിട്ടണമെങ്കില്‍ വന്‍തുക കൊടുക്കേണ്ടി വരും. യാത്രികരെ ദ്വീപിലിറക്കി ആരും കാത്തു നില്‍ക്കുകയുമില്ല. നിശ്ചിത സമയം കഴിഞ്ഞ് തിരികെ വരാമെന്ന വാഗ്ദാനവുമായി ബോട്ടുകള്‍ സ്ഥലം വിടും. ഇതിനെല്ലാം കാരണം മറ്റൊന്നുമല്ല– ശാന്തി കിട്ടാതെ ലക്ഷക്കണക്കിന് ആത്മാക്കളാണ് ദ്വീപില്‍ അലയുന്നത്. ലോകപ്രശസ്തരായ പ്രേതാന്വേഷകര്‍ക്ക് അവര്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഭയാനക അനുഭവങ്ങള്‍ നേരിട്ടിട്ടുള്ളത് പൊവേലിയ ദ്വീപില്‍ നിന്നാണെന്നാണ് പറയുന്നത്. അത്രയേറെ പ്രേതാനുഭവങ്ങളുണ്ടായിട്ടുണ്ട് സാധാരണക്കാര്‍ക്കും പാരാനോര്‍മല്‍ ഗവേഷകര്‍ക്കും.
ഇന്നും ദ്വീപില്‍ പലയിടത്തും അസ്ഥികള്‍ പൊന്തി നില്‍ക്കുന്നു. പ്ലേഗിനെ ഉന്മൂലനം ചെയ്യാനുള്ള തിടുക്കത്തില്‍ മനുഷ്യത്വം പോലും മറന്നിരുന്നു എന്നതിനുദാഹരണമാണിത്.പാതിജീവനുമായി ഇവിടെ വന്നിറങ്ങി മരിച്ചുവീണവര്‍ക്കാകട്ടെ പരമ്പരാഗത രീതിയിലുള്ള സംസ്കാരത്തിനു പോലും വിധിയുണ്ടായില്ല. അവര്‍ മണ്ണില്‍ത്തന്നെ അഴുകിത്തീരുകയായിരുന്നു. എന്നാല്‍ പ്ലേഗ് കൊണ്ടും തീര്‍ന്നില്ല ഈ പ്രേതദ്വീപിന്റെ ദുര്‍വിധി. ‘കറുത്ത മഹാമാരി’ ഇല്ലാതായെങ്കിലും പിന്നീട് ആര്‍ക്കെങ്കിലും മാറാരോഗങ്ങള്‍ ബാധിച്ചാല്‍ അവരെ കൊണ്ടുതള്ളാനുള്ള ഇടമായും മാറി പൊവേലിയ. സര്‍ക്കാരും ദ്വീപിനെപ്പറ്റി മറന്നു. അവിടത്തെ കോട്ടകളെല്ലാം കാടുകയറിത്തുടങ്ങി.
അങ്ങനെയിരിക്കെയാണ് 1922ല്‍ പൊവേലിയയിലെ കെട്ടിടങ്ങള്‍ മാനസികാരോഗാശുപത്രിയായി വികസിപ്പിക്കാമെന്ന ആശയം വരുന്നത്. ഒരു ഡോക്ടറെയും അവിടേക്ക് നിയോഗിച്ചു. എന്നാല്‍ രോഗികളായെത്തിയവരെ പരീക്ഷണത്തിനുള്ള ഗിനപ്പന്നികളായാണ് ആ ഡോക്ടര്‍ കണ്ടത്. അവിടേക്കെത്തുന്നവരെല്ലാം ചികിത്സാപരീക്ഷണത്തിന്റെ ഫലമായി മാനസികനില താറുമാറാകുകയോ മരിക്കുകയോ ചെയ്യുന്ന അവസ്ഥയായി. ഒരിക്കല്‍ ഇവിടേക്ക് പറഞ്ഞയച്ചു കഴിഞ്ഞാല്‍ ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കാനില്ലാത്തതിനാല്‍ എന്തു പരീക്ഷണവും നടത്താനുള്ള അവസരവുമുണ്ടായിരുന്നു ഡോക്ടര്‍ക്ക്. പക്ഷേ അധികകാലം ഇത് തുടര്‍ന്നില്ല. ദ്വീപിലെ കൂറ്റന്‍ ബെല്‍ ടവറിനു മുകളില്‍ നിന്നു ചാടി ഡോക്ടര്‍ ഒരു രാത്രി ആത്മഹത്യ ചെയ്തു. പൊവേലിയയിലെ ആത്മാക്കളാണ് ആ മരണത്തിനു പിന്നിലെന്നാണ് ഇന്നും ജനം വിശ്വസിക്കുന്നത്.
ഇപ്പോഴും പാതിരാവുകളില്‍ ദൂരെ ദ്വീപില്‍ നിന്നും ബെല്‍ ടവറിലെ മണിയൊച്ചകള്‍ കേള്‍ക്കാറുണ്ടെന്നും പ്രദേശവാസികളുടെ വാക്കുകള്‍. ടവറിലെ കൂറ്റന്‍ മണി എന്നേ അപ്രത്യക്ഷമായി എന്നത് മറ്റൊരു സത്യം!
1968നു ശേഷം സര്‍ക്കാര്‍ ദ്വീപിനെ പൂര്‍ണമായും കൈയൊഴിഞ്ഞു. അങ്ങനെ ഹൊറര്‍ സിനിമകളെപ്പോലും വെല്ലുന്ന വിധം പ്രേതസ്വാധീനം നിറഞ്ഞ ദ്വീപായി പൊവേലിയ മാറി. കെട്ടിടങ്ങളെല്ലാം തകര്‍ന്നു. പലതും കാട് കയ്യേറി. പലയിടത്തും മണ്ണിളകി ശവകുടീരങ്ങള്‍ അനവരണം ചെയ്യപ്പെട്ടു. കൂട്ടിയിട്ട നിലയില്‍ അസ്ഥികൂടങ്ങളും നിറഞ്ഞു. ഇവിടേക്ക് യാത്രാനുമതി നല്‍കാന്‍ സര്‍ക്കാരും ബോട്ടുയാത്രയ്ക്ക് തയാറാകാതെ പ്രദേശവാസികളും നിലകൊണ്ടതോടെ ദ്വീപിന്റെ ഭീകരത പിന്നെയുമേറി. പാരാനോര്‍മല്‍ ഗവേഷകര്‍ക്ക് പൊതുവായി പറയാനുള്ള ഒരു കാര്യം ദ്വീപിലേക്ക് ഇറങ്ങുമ്പോള്‍ മുതല്‍ ഒട്ടേറെ കണ്ണുകള്‍ തങ്ങളെ തുറിച്ചു നോക്കുന്ന അനുഭവമുണ്ടാകുന്നു എന്നതാണ്. നടക്കുന്നതിനിടെ ആരോ തള്ളിയിടുക, ശരീരത്തില്‍ നഖം കൊണ്ട്I കോറുക എന്നീ കുഴപ്പങ്ങളുമുണ്ട്. ഇരുട്ടില്‍ നിന്ന് ചെവി തുളയ്ക്കും വിധം അലറിക്കരച്ചിലുകള്‍ സഹിക്കാനാകാതെ രായ്ക്കുരാമാനം ദ്വീപ് വിട്ടോടിയവരും ഏറെ. അല്‍പമെങ്കിലും ഭയം മനസിലുണ്ടെങ്കില്‍ ദ്വീപിലേക്ക് പോകരുതെന്നാണ് ഇവിടുത്തുകാര്‍ പറയുന്നതു തന്നെ..