A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പേന്‍ - ഒരു പഞ്ചപാവം






പേനിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തുക എന്ന മണ്ടത്തരം ചെയ്യേണ്ടതില്ലല്ലോ.ഈ ഇത്തിരിക്കുഞ്ഞന്‍മാരുടെ അത്ഭുതലോകം അല്‍പം പരിചയപ്പെടാം.
★പേന്‍ - യത്ഥാര്‍ത്ഥ സോഷ്യലിസ്റ്റ്
പേനിന് ദേശ-കാല-ലിംഗ ഭേദമില്ല.ലോകത്തിലെ ഏതൊരു ഭാഗത്തും ഏതൊരാളിലും 'വലിഞ്ഞു കയറി' താമസമാക്കി ചോര കുടിച്ച് ജീവിക്കുന്ന പരാദജീവികളാണിവ.സമ്പന്നരെന്നോ പാവപ്പെട്ടവരെന്നോ ഇവര്‍ക്ക് വ്യത്യാസമില്ല.നമ്മളില്‍ പലരുടേയും തോന്നല്‍ പോലെ വ്യക്തിശുചിത്വം പാലിക്കുന്നവരോട് പേനിന് യാതൊരു അയിത്തവുമില്ല.ശുചിത്വം ഉള്ളവരോടും ഇല്ലാത്തവരോടും ഇവരുടെ പെരുമാറ്റം ഒരു പോലെ തന്നെ.ഇതല്ലേ യത്ഥാര്‍ത്ഥ സോഷ്യലിസം?
★വമ്പന്‍ 'പാരമ്പര്യം'
പുരാതന ഈജിപ്ഷ്യന്‍-റോമന്‍ മെഡിക്കല്‍ ഗ്രന്ഥങ്ങളില്‍ പോലും പേനിനേയും അവകളെ അകറ്റുവാനുള്ള മാര്‍ഗ്ഗങ്ങളും പറയുന്നുണ്ടത്രേ.കണ്ടെടുക്കപ്പെട്ടവയും ആധുനിക മനുഷ്യന്‍ പഠനങ്ങള്‍ നടത്തിയ മമ്മികളുടെ തലമുടിയില്‍ നിന്നു വരെ പേനിനേയും അതിന്‍റെ മുട്ടകളേയും കണ്ടെടുത്തിട്ടുണ്ട് !
1999നും 2002നും ഇടയില്‍ വടക്കന്‍ ചിലിയില്‍ നിന്ന് കണ്ടെടുക്കപ്പെട്ട 2 മമ്മികളുടെ തലയില്‍ നൂറ് കണക്കിന് പേനുകളേയും അവയുടെ മുട്ടകളേയും കണ്ടെടുത്തിരുന്നു.ഈ മമ്മികളുടെ കാര്‍ബണ്‍ ഡേറ്റിംഗ് ഫലം അനുസരിച്ച് അവ AD 670നും 990നും മദ്ധ്യേ ഉള്ളതാണ്.മമ്മികളുടെ ഒപ്പം preserve ചെയ്യപ്പെട്ട പേനുകളെ വേര്‍തിരിച്ചെടുത്ത് ഒട്ടേറെ പഠനങ്ങള്‍ നടന്നു,ഇന്നും നടക്കുന്നു.
ചിലിയില്‍ നിന്നു മാത്രമല്ല അതിന് വളരെ മുന്‍പ് കണ്ടെടുക്കപ്പെട്ടവയിലും ഇതേ രീതിയില്‍ പേനുകളുടെ സാന്നിദ്ധ്യം സ്ഥിതീകരിച്ചിരുന്നു.ചിലി ഒരു ഉദാഹരണം മാത്രം.
★പേന്‍ - ഒരു 'മനുഷ്യസ്നേഹി'
മനുഷ്യനില്‍ കാണുന്ന പേനിനെ എടുത്ത് വീട്ടിലെ നായയുടേയോ പൂച്ചയുടേയോ ശരീരത്തില്‍ കയറ്റി നോക്കൂ.ആ പേന്‍ ചത്തു പോകും എന്നതല്ലാതെ നായയുടേയോ മറ്റ് ജീവികളുടേയോ ശരീരത്തില്‍ മനുഷ്യരോട് ഒട്ടി കഴിയുന്ന വര്‍ഗ്ഗത്തിലുള്ള പേന്‍ ജീവിക്കില്ല.മൃഗങ്ങളിലും പേനുകള്‍ ഉണ്ട്,പക്ഷെ അത് വേറേ സ്പീഷീസില്‍ പെട്ടവയാണ്.സാധാരണഗതിയില്‍ മനുഷ്യശരീരത്തില്‍ നിന്നും പുറത്തു പോയ പേന്‍ 48 മണിക്കൂര്‍ വരയേ ജീവിക്കൂ.മനുഷ്യരില്‍ കാണപ്പെടുന്ന പേനിന് അന്നദാതാവായി മനുഷ്യന്‍ മാത്രം.മറ്റൊരു ജീവിയേയും തേടി അവര്‍ പോകില്ല.
അതായത് നമ്മുടെ വീട്ടിലെ കാര്‍പെറ്റിലോ,ബെഡ്ഡിലോ,തുണികള്‍ക്കിടയിലോ ഒന്നും പേനുകള്‍ താമസിക്കില്ല.
★പേന്‍ - ചാടില്ല,പറക്കില്ല.
പിന്നെയോ??
6 കാലില്‍ ഇഴയും.ചിറകില്ലചാടാനും കഴിവില്ല.മനുഷ്യര്‍ തമ്മിലുള്ള
സമ്പര്‍ക്കത്തിലൂടെയാണ് പേന്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്.പേന്‍ താവളമാക്കിയ ആളുടെ തലമുടിയില്‍ നിന്നും അടുത്തിടപഴകുന്ന ആളുടെ മുടിയിലേക്ക് പേന്‍ ഇഴഞ്ഞു കയറും.ഏകദേശം 95%ഉം ഇങ്ങനെയാണ് സംഭവിക്കുക.ചില അവസരങ്ങളില്‍ പൊഴിഞ്ഞു വീണ പേനുകള്‍ തലയിണകള്‍,വിരിപ്പുകള്‍ എന്നിവയില്‍ നിന്നും അവ മറ്റൊരാളുടെ തലമുടിയ്ക്കുള്ളിലെത്തും.ടൗവ്വല്‍,ചീപ്പ് ഇവയൊക്കെ പങ്കിട്ട് ഉപയോഗിക്കുന്നതിലൂടെയും മൂട്ടകള്‍ 'തല വിട്ട് തലമാറ്റം' നടത്താറുണ്ട്.
★പേന്‍ - വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ പറ്റില്ല.(അത്ര വേഗമൊന്നും)
8 മണിക്കൂര്‍ വരെ പേനിന് വെള്ളത്തിനുള്ളില്‍ ജീവിക്കാനാകും.സാധാരണ ബാത്തിംഗ് സോപ്പോ വെള്ളമോ വിചാരിച്ചാല്‍ ഇവറ്റകളെ ഒരു ചുക്കും ചെയ്യാനാകില്ല.വെള്ളത്തിനടിയില്‍ ആയിരിക്കുമ്പോള്‍ പേനുകള്‍ സ്വന്തം ശരീരത്തിലെ രോമകൂപങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വായു ഉപയോഗിക്കും.
★കുടിയന്‍മാരും കടിയന്‍മാരും.
പേനുകള്‍ എല്ലാം ചോരകുടിയന്‍മാരല്ല.
Biting lice (Mallophaga) എന്ന ചിലയിനം പേനുകള്‍ ശരീരസ്രവങ്ങളും,ത്വക്കിലെ മൃതകോശങ്ങളും,രോമവും ഒക്കെ ആഹരിച്ചാണ് ജീവിക്കുക.പക്ഷികളിലും ചിലയിനം സസ്തനികളിലും അപൂര്‍വ്വമായി മാത്രം മനുഷ്യനിലും കാണുന്ന തരത്തിലുള്ള പേനുകളാണിവ.
Sucking lice (Siphunculata) എന്നറിയപ്പെടുന്ന തരം പേനുകള്‍ ചോരകുടിയന്‍മാരാണ്.മനുഷ്യരില്‍ കാണപ്പെടുന്നവ ഇത്തരത്തിലുള്ള പേനുകളാണ്.പ്രായമനുസരിച്ച് 3മുതല്‍ 6 മണിക്കൂര്‍ ഇടവിട്ട് ഇവ ചോരയൂറ്റി കുടിക്കും.
★പേന്‍- മനുഷ്യനില്‍
മനുഷ്യശരീരത്തില്‍ കാണപ്പെടുന്ന ഭാഗങ്ങളെ അടിസ്ഥാനമാക്കി പേനുകളെ പ്രധാനമായും 3 ആയി തരം തിരിക്കാം.
1)Head lice - തലയില്‍ കാണപ്പെടുന്നവ
2)Body lice-ശരീരത്തില്‍ കാണപ്പെടുന്നവ
3)Pubic lice- സ്വകാര്യഭാഗങ്ങളില്‍ കാണപ്പെടുന്നവ.
Head liceകള്‍ തങ്ങളുടെ കാലുകളിലെ ചവണ പോലെയുള്ള ഭാഗം ഉപയോഗിച്ച് ശിരോചര്‍മ്മത്തില്‍ പറ്റിപ്പിടിച്ചിരുന്നാണ് ജീവിക്കുന്നത്.പ്രധാനമായും തലമുടിയില്‍ ചെവിയുടെ പിന്നിലും തലയുടെ പിന്‍ഭാഗങ്ങളിലുമായാണ് ഇവ താവളമുറപ്പിക്കുന്നത്.കാരണം കുറച്ച് ഡാര്‍ക്ക് സീന്‍സ് ആണ് ഇവറ്റകള്‍ക്ക് ഇഷ്ടം.ഇരുട്ടും സുഖകരമായ ഇളം ചൂടും ആണ് ഇവരുടെ സന്തോഷം.
Body liceകള്‍, പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ശരീരഭാഗങ്ങളില്‍,പ്രത്യേകിച്ച് പുരികങ്ങള്‍,കണ്‍പീലികള്‍,നെഞ്ചിലെ രോമങ്ങളില്‍(പുരുഷന്‍മാരില്‍)
ഒക്കെ കാണപ്പെടുന്നവയാണ് ഇവ.ഇവ രോഗകാരികളാണ്.റിക്കറ്റ്സൈല്‍ അസുഖങ്ങളുടെ കാരണക്കാരാണിവര്‍.
Pubic lice, സ്വകാര്യഭാഗങ്ങളിലെ രോമങ്ങളില്‍ കാണപ്പെടുന്നവയാണ്.മറ്റ് ശരീര ഭാഗങ്ങളിലും ഇവകളെ കണ്ടു വരുന്നു.സാധാരണഗതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണ് ഇവ ഒരു ശരീരത്തില്‍ നിന്ന് മറ്റൊരു ശരീരത്തിലേക്ക് പടരുന്നത്.
★പേന്‍ - ജീവിത ചക്രം
പേനുകളുടെ ജീവിത ചക്രം ഒപ്പം തന്നിട്ടുള്ള ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നതാണ്.പ്രായപൂര്‍ത്തിയായ ഒരു പെണ്‍ പേന്‍ ദിവസേന പരമാവധി 3-6 മുട്ടകള്‍ വരെ ഇടും.
ഈ മുട്ടകള്‍ 'നിറ്റ്സ്'(Nits) എന്ന പേരുള്ള പ്രത്യേകതരം സഞ്ചി അഥവാ കവറോടുകൂടിയാണ് പുറത്തെത്തുന്നത്.
പെണ്‍പേനിന്‍റെ ശരീരത്തില്‍ നിന്നു വരുന്ന പ്രത്യേകതരം പശ ഉപയോഗിച്ച് തലമുടിയുടെ കടഭാഗത്തില്‍ ഒട്ടിച്ചു വയ്ക്കും.ഇത് വാട്ടര്‍പ്രൂഫുമാണ്.
7 മുതല്‍ 10 ദിവസം കൊണ്ട് മുട്ടകള്‍ വിരിയും.വിരിഞ്ഞു വന്ന പേന്‍കുഞ്ഞുങ്ങളെ നിംഫ്(Nymph)എന്നാണ് മനുഷ്യന്‍ വിളിക്കുക (പേനുകള്‍ അവരുടെ ഭാഷയില്‍ മുത്തേ,പൊന്നേ,പൊടിയേ എന്നൊക്കെ വിളിക്കുന്നുണ്ടാകാം)
9 മുതല്‍ 12 ദിവസം കൊണ്ട് ഇവ വളര്‍ന്ന് പ്രായപൂര്‍ത്തിയാകും.പരമാവധി 4മുതല്‍ 5 ആഴ്ച വരെയാണ് ഇവയുടെ ആയുസ്സ്.
പെന്‍ പേനുകള്‍ക്ക് ആണ്‍പേനുകളേക്കാള്‍ വലിപ്പം ഉണ്ടാകും.
★പേന്‍ - ചില ബെഡ്റൂം സീന്‍സ് (strictly adults only) :-)
പേനുകളുടെ ലൈംഗികബന്ധം അല്‍പം കൗതുകമുയര്‍ത്തുന്നതാണ്.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആണ്‍ പേന്‍ താഴെയും പെണ്‍ പേന്‍ മുകളിലുമായുള്ള പൊസിഷനിലായിരിക്കും ഇവ.(ചിത്രം ശ്രദ്ധിക്കുക)
ആണ്‍ പേനിന്‍റേയും പെണ്‍ പേനിന്‍റേയും ശരീരത്തിന്‍റെ ഏറ്റവും പിന്‍ഭാഗത്തായാണ് അവയുടെ ലൈംഗിക അവയവങ്ങള്‍.
പേനുകള്‍ക്ക് മൊത്തം 3 ജോടി (6 എണ്ണം) കാലുകളാണ് ഉള്ളത്.ആണ്‍ പേനുകളുടെ മുന്‍കാലുകള്‍ അല്‍പം വലിപ്പം ഏറിയവയായിരിക്കും.ഈ കാലുകള്‍ ഉപയോഗിച്ച് പെണ്‍ പേനിന്‍റെ ഏറ്റവും പുറകിലത്തെ കാലുകളില്‍ പിടുത്തമിടും.ഇതിന് ശേഷം ആണ്‍ പേന്‍ തന്‍റെ ലിംഗം പെണ്‍ പേനിന്‍റെ യോനിയിലേക്ക് കടത്തും.ശാസ്ത്രീയ പഠനങ്ങള്‍ പ്രകാരം ഏകദേശം ഒരു മണിക്കൂര്‍ ഏടുക്കും ഇവരുടെ ലൈംഗിക ബന്ധത്തിന്.
★പേന്‍ - ചോരകുടി
പേനുകള്‍ ഒരു ദിവസം 3 മുതല്‍ 4 തവണ വരെ ശാപ്പാടടിക്കും.ഒരു പേന്‍ ഒരു തവണ കുടിക്കുന്ന രക്തത്തിന്‍റെ അളവ് 0.0000387ml മുതല്‍ 0.0001579ml വരെയാണ്.
പേന്‍ ശല്യം ഉള്ളവര്‍ക്ക് തങ്ങളുടെ ശരീരത്തില്‍ നിന്ന് എത്രമാത്രം ചോരയൂറ്റുന്നു എന്ന് അറിയണോ? അറിയണമെങ്കില്‍ ഈ ലിങ്കില്‍ കയറാം.ലിങ്കില്‍ കയറി തലയില്‍ നിന്ന് ഒരു ദിവസം കിട്ടിയ പേനുകളുടെ എണ്ണം കൊടുത്താല്‍ എത്രമാത്രം രക്തം നഷ്ടമാകുന്നെന്ന് മനസിലാക്കാം.
https://www.tropicalhealthsolutions.com/…/bloodlosscalculat…
മൂട്ടകളെ പോലെ തന്നെ പേനുകളും ചോര കുടിക്കാനൊരുങ്ങും മുന്‍പ് തന്‍റെ 'ആതിഥേയന്‍റെ' ശിരോചര്‍മ്മത്തിലേക്ക് ഉമിനീര്‍ പ്രയോഗിക്കും.ഇതില്‍ രക്തം കട്ട പിടിക്കാതെയിരിക്കാനുള്ള ആന്‍റി കൊയാഗുലന്‍റ്സ് അടങ്ങിട്ടുണ്ട്.ശേഷം തന്‍റെ വായിലെ പല്ലുകള്‍ പോലെയുള്ള പ്രത്യേക ഭാഗം ഉപയോഗിച്ച് രക്തം ഊറ്റി കുടിക്കും.
★പേന്‍ - സ്ത്രീലമ്പടനോ??
പേന്‍ശല്യത്തെ പറ്റി സ്ത്രീകളാണ് ഏറ്റവും അധികം പരാതി പറയാറ് പതിവ്.പക്ഷെ പേനിന് സ്ത്രീകളോട് മാത്രമായി പ്രത്യേകിച്ച് ഒരു 'ഇഷ്ടവും' ഇല്ല.പുരുഷന്‍മാരുടെ മുടികളിലും സാഹചര്യം ഒത്തു വന്നാല്‍ പേനുകള്‍ കയറും.പക്ഷെ നീളം കുറവുള്ള മുടിയിഴകളുള്ള പുരുഷന്‍മാരില്‍ ഇവയ്ക്ക് അധികനേരം പിടിച്ചു നില്‍ക്കാനാകാത്തതു കൊണ്ട് പലപ്പോഴും ശ്രദ്ധയില്‍പ്പെടാതെ പോകുന്നതാണ്.
--------------------------------------------------------------------
ഏകദേശം മനുഷ്യന്‍ ഭൂമിയില്‍ എത്തിയ സമയം മുതല്‍ തന്നെ പേനുകളും നമ്മോടൊപ്പമുണ്ട്.പേനുകളെക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍ ഭാവിയില്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പരിണാമത്തിലെ പുതിയ ചുരുളുകള്‍ തന്നെ അഴിച്ചേക്കാം.
പേനുകളെ കുറിച്ച് അറിഞ്ഞതിത്തിരി..അതിലിത്തിരി ഇവിടെ ചേര്‍ക്കുന്നു.
ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്ന ജീവിവര്‍ഗ്ഗ സീരിസിലെ മറ്റ് പോസ്റ്റുകള്‍ക്കായി താല്‍പര്യമുള്ളവര്‍ക്ക് ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.
തേനീച്ച കോളനിയിലേക്ക്
Part-1
https://m.facebook.com/groups/763098700477683?view=permalink&id=1429857687135111
Part-2
https://m.facebook.com/groups/763098700477683?view=permalink&id=1432498370204376
കൊതുകുപുരാണം
https://m.facebook.com/groups/763098700477683?view=permalink&id=1455951151192431
മൂട്ട- ഒരു ഭീകര ജീവി
https://m.facebook.com/groups/763098700477683?view=permalink&id=1459486390838907
--------------------------------------------------------------------------
വാല്‍ക്കഷ്ണം:-
Pediculus humanus capitis എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന Head louse അഥവാ മനുഷ്യന്‍റെ തലയില്‍ കാണപ്പെടുന്ന പരാദജീവികളായ പേനുകള്‍ക്ക് ബാധകമാകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ലേഖനം.
സാങ്കേതികപദങ്ങളും വിശദീകരണങ്ങളും പരമാവധി ഒഴിവാക്കി ഒരു പൊതുബോധ്യത്തിന് മാത്രമായുള്ള ലേഖനമാണ്.അത് കൊണ്ടു കുറവുകളും അപൂര്‍ണ്ണതകളും സഹജം.കൂടുതലറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് താഴെ റെഫറന്‍സായി നല്‍കിയിട്ടുള്ള ലിങ്കുകള്‍ ഉപയോഗിക്കാവുന്നതാണ്.
-Murali Krishnan.M
--------------------------------------------------------------------
റെഫറന്‍സ്/കൂടുതല്‍ വായനയ്ക്ക്
http://www.headlice.org/faq/questions.htm
https://news.nationalgeographic.com/…/080208-mummies-lice.h…
http://www.encyclopedia.com/…/an…/zoology-invertebrates/lice
http://headlicecenter.com/where-do-lice-come-from/
http://headlicecenter.com/head-lice-facts/
https://news.nationalgeographic.com/…/080208-mummies-lice.h…
https://googleweblight.com/i…
https://blogs.scientificamerican.com/…/of-lice-and-men-an-…/
--------------------------------------------------------------------
ചിത്രങ്ങള്‍
ജീവിതചക്രം
ആണ്‍-പെണ്‍ പേനുകള്‍
പേന്‍ മുട്ട
ലൈംഗികബന്ധം
ചിത്രങ്ങള്‍-കടപ്പാട്
Wikimedia commons
www.stayitchfree.com
www.faculty.uce.edu