അണുശക്തികൊണ്ടു പ്രവർത്തിക്കുന്ന അന്തർ വാഹിനികളാണ് അന്തർ വാഹിനികളിലെ അതികായർ.പരിമിതമായ ഒരു വ്യാപ്തത്തിനുള്ളിൽ കഴിയുന്നത്ര ഊർജം ഉത്പാദിപ്പിക്കുകയും ,അതിലൂടെ അന്തർ വാഹിനിയെ കഴിയുന്നത്ര വേഗത്തിൽ ചലിപ്പിക്കുകയും അന്തർ വാഹിനിയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം കണ്ടെത്തുകയുമാണ് അന്തർവാഹിനികളുടെ നിർമാണത്തിലെ പരമപ്രധാനമായ രൂപകൽപന പ്രശ്നം (Design Problem).ഡീസൽ -ഇലക്ട്രിക്ക് അന്തർ വാഹിനികളിൽ ഡീസൽ എഞ്ചിനും വൈദുതി ശേഖരിച്ചു വയ്ക്കുന്ന ബാറ്ററിയുമാണ് അന്തർ വാഹിനിയുടെ പ്രവർത്തനത്തിനാവശ്യമായ ഊർജം പ്രദാനം ചെയ്യുന്നത് .ഡീസൽ എഞ്ചിനുകളുടെയും ,ബാറ്ററികളും ഭാരനുസൃതമായി പുറപ്പെടുവിക്കുന്ന ഊർജം തുലോം പരിമിതമാണ് ..സ്ഥലത്തിന് പരിമിതി ഇല്ലാത്ത അവസരങ്ങളിൽ ഇത് പ്രശ്നമല്ല .എന്നാൽ അന്തർ വാഹിനി പോലെ വളരെ പരിമിതമായ സ്ഥലസൗകര്യമുള്ള രൂപ കല്പനകളിൽ ഏറ്റവും കുറഞ്ഞ ഭാരവും വ്യാപ്തവും ഉപയോഗിച് ഏറ്റവും കൂടുതൽ ഊർജം ഉത്പാദിപ്പിക്കുകയാണ് എൻജിനീയര്മാരുടെയും നിർമാതാക്കളുടെയും ലക്ഷ്യം .ആണവ റിയാക്ടറുകളെക്കാൾ നന്നായി ഈ ലക്ഷ്യം കൈവരിക്കുന്ന ഒരു സംവിധാനവും ഇപ്പോൾ ഇല്ല. അതിനാൽ തന്നെയാണ് ആണവ അന്തർ വാഹിനികൾ പ്രവർത്തന മികവിൽ മറ്റു തരം അന്തർ വാഹിനികളെക്കാൾ ബഹുദൂരം മുന്നിൽ നില്കുന്നത്
പേര് സൂചിപ്പിക്കുന്നത് പോലെ ആണവറിയാക്ടർ തന്നെയാണ് ഒരു ആണവ അന്തർ വാഹിനിയുടെ പരമപ്രധാനമായ ഘടകം .
.
പ്രവർത്തന രീതികൾക്കനുസരിച് വിവിധ തരം ആണവ റിയാക്ടറുകൾ നിലവിലുണ്ട് .തിള ജല റിയാക്ടർ (Boiling Water Reactor),മർദ ജല റിയാക്ടർ(Pressurised Water Reactor ),ഖന ജല റിയാക്ടർ (Heavey Water Reactor )എന്നിങ്ങനെ പല തരം ആണവ റിയാക്ടറുകളുണ്ട് .ഇവയിൽ മർദ ജല റിയാക്ടറുകളാണ് ആണവ അന്തർ വാഹിനികളിൽ ഉപയോഗിക്കുന്നത് .പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇതിനുള്ളത് .ഒന്നാമതായി ഇവ വളരെ ഒതുക്കമുള്ളവയാണ്(compact) . രണ്ടാമതായി ഇവ ഘടനാപരമായി തന്നെ സ്ഥിരത(stability) ഉള്ളവയാണ് .താപനില ഉയർന്നാൽ ആണവ പ്രതിപ്രവർത്തനത്തിന്റെ തോത് കുറയുന്ന രീതിയിലാണ് ഇവയുടെ താത്വികമായ ഘടന .അതിനാൽ തന്നെ ആണവ പ്രതിപ്രവർത്തനം നിയന്ത്രണാതീതമായി തീരുന്ന സാഹചര്യം ഇവയിൽ ഉണ്ടാവാറില്ല . സാധാരണ മർദ ജല റിയാക്ട റുകളിൽ മൂന്നുമുതൽ നാലുവരെ ശതമാനം സമ്പുഷ്ടീകരിച്ച (enriched)യൂറേനിയമാണ് ഉപയോഗിക്കുന്നത്. അന്തർ വാഹിനികളിലുപയോഗിക്കുന്ന യുറേനിയം സാധാരണയായി ഇതിനേക്കാൾ കൂടുതൽ സമ്പുഷ്ടീകരിച്ചതാണ് .ഇരുപതു മുതൽ നാല്പതു വരെ ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ആണ് സാധാരണയായി അന്തർവാഹിനികളിലെ റിയാക്ടറുകളിൽ ഉപയോഗിക്കുന്നത് .റിയാക്ടറിന്റെ വലിപ്പം കഴിയുന്നത്ര കുറക്കാനും .ഇടക്കിടെയുള്ള ആണവ ഇന്ധന ദണ്ഡുകളുടെ മാറ്റം ഒഴിവാക്കാനുമാണ് കൂടുതൽ സമ്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിക്കുന്നത് ..ആണവ അന്തർ വാഹിനികളിൽ പത്തുമുതൽ ഇരുപതു കൊല്ലം വരെയുള്ള ഇടവേളകളിലാണ് ഇന്ധന ദണ്ഡുകളുടെ മാറ്റം നടത്തുന്നത് ..ഇന്ധന ദണ്ഡുകളുടെ മാറ്റം നടത്തുന്ന കാലയളവിൽ അന്തർവാഹിനി പ്രവർത്തന രഹിതം ആയിരിക്കും.
----
ആണവ അന്തർവാഹിനികൾ -വക ഭേദങ്ങൾ
-----
വഹിക്കുന്ന ആയുധങ്ങളെ അടിസ്ഥാനമാക്കി ആണവ അന്തർവാഹിനികളെ പൊതുവായി ബാലിസ്റ്റിക് മിസൈൽ സബ്മറൈൻ(Ballistic Missile Submarines) ,ക്രൂയിസ് മിസൈൽ സബ്മറൈൻ(Cruise Missile Submarines),അറ്റാക്ക് സബ്മറൈൻ(Attack Submarines) എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു ..ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകൾ വഹിക്കുന്ന മുങ്ങിക്കപ്പലുകളാണ് ബാലിസ്റ്റിക് മിസൈൽ ബ്മറൈനുകൾ , ദീർഘ ദൂര ,ഹൃസ്വദൂര ക്രൂയിസ് മിസൈലുകൾ പ്രധാനമായും വഹിക്കുന്നവയാണ് ക്രൂയിസ് മിസൈൽ സബ്മറൈനുകൾ.മറ്റു അന്തർ വാഹിനികളെയും യുദ്ധക്കപ്പലുകളെയും ആക്രമിക്കാൻ ടോർപീഡകൾ പ്രധാന ആയുധമായി വഹിക്കുന്നവയാണ് അറ്റാക്ക് സബ്മറൈനുകൾ.ഈ മൂന്ന് തരം ആണവ അന്തർ വാഹിനികളും ഉള്ള രാജ്യങ്ങൾ U S ഉം റഷ്യയും മാത്രമാണ് . ഇവയിൽ ബാലിസ്റ്റിക് മിസൈൽ ബ്മറൈനുകൾ ആണ് വലിപ്പത്തിലും പ്രഹര ശേഷിയിലും മുന്നിൽ നില്കുന്നത് ..പത്തു മുതൽ ഇരുപതു വരെ ബാലിസ്റ്റിക് മിസൈലുകളും ഓരോ മിസൈലിലും അനേകം അണ്വായുധങ്ങളും വഹിക്കുന്നവയാണ് ഇക്കാലത്തെ മുൻനിര ബാലിസ്റ്റിക് മിസൈൽ ബ്മറൈനുകൾ
----
ആണവ അന്തർവാഹിനികൾ -ചരിത്രം
----
അണുശക്തിയുടെ പ്രയോഗികതകൾ മനസ്സിലാക്കിയ കാലം മുതൽ ആണവ അന്തർ വാഹിനികളുടെ സാധ്യതകളെപ്പറ്റി മുൻനിര ശക്തികൾ ബോധവാന്മാരായിരുന്നു . 1950 ഇൽ യൂ എസ് ആണവ അന്തർ വാഹിനികളുടെ നിർമാണ സാദ്ധ്യതകൾ ആരായാൻ തുടങ്ങി .1954 ഇൽ ആദ്യ ആണവ അന്തർ വാഹിനിയായ USS നാട്ടിലെസ് നീറ്റിലിറക്കി. ഏതാനും ടോർപീഡകൾ മാത്രം വഹിച്ചിരുന്ന ഒരു അറ്റാക്ക് സബ്മറൈൻ ആയിരുന്നു USS നാട്ടിലെസ് .വെസ്ലിങ് ഹൌസ് കമ്പനി നിർമിച്ച S2W എന്ന പേരുള്ള പ്രെഷറൈസ്ഡ് വാട്ടർ റിയാക്ടര് (PWR) ആയിരുന്നു നാട്ടിലാസിനുള്ളിൽ സ്ഥാപിച്ചിരുന്നത് .1980 വരെ ഈ അന്തർവാഹിനി അമേരിക്കൻ നാവിക സേനയുടെ ഭാഗമായിരുന്നു . 1958 ഇൽ സോവിയറ്റു യൂണിയൻ അവരുടെ ആദ്യ നവംബര് ക്ലാസ്(November Class) ആണവ അന്തർവാഹിനി രംഗത്തിറക്കി . അതോടെ ആണവ അന്തർ വാഹിനികൾ ശീത യുദ്ധത്തിന്റെ മുന്നണി പോരാളികൾ ആയി മാറി.
യു എസ് ഇന്റെ USS ജോർജ് വാഷിംഗ്ടൺ ആണ് ആദ്യത്തെ
ആണവ ബാലിസ്റ്റിക് മിസൈൽ സബ്മറൈൻ . പതിനാറു ദീർഘദൂര പൊളാരിസ് സബ്മറൈൻ ലാഞ്ചഡ് ബാലിസ്റ്റിക് മിസൈലുകളാണ് USS ജോർജ് വാഷിംഗ്ടൺ വഹിച്ചിരുന്നത് .4800 കിലോമീറ്റര് ദൂര പരിധിയുള്ള ബാലിസ്റ്റിക് മിസൈൽ ആയിരുന്നു പൊളാരിസ് സബ്മറൈൻ ലാഞ്ചഡ് ബാലിസ്റ്റിക് മിസൈൽ .അറുപതുകളിൽ രംഗത്തിറക്കിയ യാങ്കീ ക്ലാസ്(Yankee Class) സബ്മറൈൻ ആയിരുന്നു സോവിയറ്റു യൂണിയന്റെ ആദ്യ ആണവ ബാലിസ്റ്റിക് മിസൈൽ സബ്മറൈൻ .അതിനുമുൻപ് അവർ ഡീസൽ -ഇലക്ട്രിക്ക് അന്തര്വാഹിനികളെയാണ് ബാലിസ്റ്റിക് മിസൈൽ വാഹക അന്തർ വാഹിനികളായി ഉപയോഗിച്ചിരുന്നത് .യാങ്കീ ക്ലാസ് സബ്മറൈ നിലും പതിനാറ് സബ്മറൈൻ ലാഞ്ചഡ് ബാലിസ്റ്റിക് മിസൈലുകളാണ് വിന്യസിച്ചിരുന്നത്. ബ്രിട്ടീഷ് നാവികസേന അവരുടെ ആദ്യ ആണവ അന്തരാഹിനിയായ HMS ഡ്രെഡ്നോട്ട് 1960 -ഇൽ രംഗത്തിറക്കി .ഒരു ആണവ അറ്റാക് സബ്മറൈൻ ആയിരുന്നു HMS ഡ്രെഡ്നോട്ട്..ഫ്രഞ്ച് നാവിക സേനയുടെ ആദ്യ ആണവ അന്തർ വാഹിനി ആയ റീഡോടബിൽ (Redoutable) 1970 ഇൽ ഫ്രഞ്ച് നാവികസേനയിൽ അംഗമായി .പതിനാറു സീ ലാഞ്ചെട് ബാലിസ്റ്റിക് മിസൈലുകൾ വഹിച്ചിരുന്ന ഒരു ബാലിസ്റ്റിക് മിസൈൽ സബ്മറൈൻ ആണ് റീഡോടബിൽ. ചൈന 1974 ഇൽ അവരുടെ ആദ്യ ആണവ മുങ്ങിക്കപ്പലായ ഹാൻ ക്ലാസ് അന്തർ വാഹികളിലെ ആദ്യ പതിപ്പ് നീറ്റിലിറക്കി .ഏതാനും ടോർപീഡകൾ മാത്രം വഹിച്ചിരുന്ന ഒരു അറ്റാക് സബ്മറൈൻ ആണ് ഇവ.
----
ആണവ അന്തർ വാഹിനികൾ നമ്മുടെ രാജ്യത്ത്
----
INS അരിഹന്റ് ആണ് നമ്മുടെ ആദ്യ ആണവ സബ്മറൈൻ . ആറായിരം ടൺ വിസ്ഥാപനം ഉള്ള ഈ അന്തർവാഹിനി 2016 ഇൽ ആണ് കമ്മീഷൻ ചെയ്തത് .ഒരു ആണവ ബാലിസ്റ്റിക് മിസൈൽ സബ്മറൈൻ ആണ് INS അരിഹന്റ് (1).എൺപതു മെഗാ വാട് ശക്തിയുള്ള മർദ ജല റിയാക്ടർ (PWR)ആണ് INS അരിഹന്റ് ഇൽ ഉള്ളത് . പന്ത്രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഈ മുങ്ങിക്കപ്പലിലെ ആയുധം .ഇതിനുമുൻപ് നമ്മുടെ രാജ്യം 1988 ഇൽ റഷ്യയിൽ നിന്ന് ഒരു ആണവ അന്തർ വാഹിനി വാടകക് എടുത്തിരുന്നു .ഐ എൻ എസ് ചക്ര എന്ന് പേരിട്ട ഈ അന്തർ വാഹിനി മൂന്ന് കൊല്ലം ഇന്ത്യൻ നാവിക സേനയിൽ പ്രവർത്തിച്ചു .ഇപ്പോൾ നാം റഷ്യയിൽ നിന്നും ദീർഘ കാല വാടകക് . ഒരു ആകുല ക്ലാസ് (Akula Class) സബ്മറൈൻ വാങ്ങി നാവിക സേനയിൽ ഉപയോഗിക്കുന്നുണ്ട്. .പ്രാഥമികമായി ഒരു ക്രൂയിസ് മിസൈൽ അറ്റാക്ക് സബ്മറൈൻ ആണ് ആകുല ക്ലാസ് സബ്മറൈനുകൾ
---
ആണവ അന്തർ വാഹിനികൾ വർത്തമാന കാലത്
---
യൂ എസ് ,റഷ്യ ,ബ്രിട്ടൻ ,ഫ്രാൻസ് ,ഇന്ത്യ ,ചൈന എന്നെ രാജ്യങ്ങളാണ് ഇപ്പോൾ ആണവ അന്തർ വാഹിനികൾ വിന്യസിച്ചിട്ടുള്ള രാജ്യങ്ങൾ. .ഇതിൽ യൂ എസ് ഉം റഷ്യയുമാണ് . പല തരത്തിലുള്ള വൈവിധ്യമാർന്ന ആണവ അന്തർ വാഹിനികൾ വിന്യസിച്ചിട്ടുള്ളത് .റഷ്യയുടെ ടൈഫൂൺ ക്ലാസ് ബാലിസ്റ്റിക് മിസൈൽ സബ്മറൈനുകളാണ് ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ അന്തർ വാഹിനി .അൻപതിനായിരം ടൺ ഇനടുത്തു വിസ്ഥാപനമുള്ള അതികായന്മാരാണിവ . .ഇത്തരത്തിലെ ഒരു സബ്മറൈൻ ഇപ്പോഴും റഷ്യൻ നാവിക സേനയിൽ ഉണ്ട്. ഡെൽറ്റ ക്ലാസ് ബാലിസ്റ്റിക് മിസൈൽ സബ്മറൈൻ , ബൊറേയ് ക്ലാസ് ബാലിസ്റ്റിക് മിസൈൽ സബ്മറൈൻ,.ആകുല ക്ലാസ് അറ്റാക്ക് സബ്മറൈൻ ,ഓസ്കാർ ക്ലാസ് ക്രൂയിസ് മിസൈൽ സബ്മറൈൻ എന്നിവയാണ് റഷ്യ വിന്യസിച്ചിട്ടുള്ള പ്രധാന സബ്മറൈൻ വിഭാഗങ്ങൾ . അപകടത്തിൽ പെട്ട കുർസ്ക് ഒരു ഓസ്കാർ ക്ലാസ് ക്രൂയിസ് മിസൈൽ സബ്മറൈൻ ആയിരുന്നു.
ഒഹായോ ക്ലാസ് ബാലിസ്റ്റിക് മിസൈൽ സബ്മറൈൻ,ലോസ് എൻ ജിൽസ് ക്ലാസ് അറ്റാക്ക് സബ്മറൈൻ,സീവുൾഫ് ക്ലാസ് അറ്റാക്ക് സബ്മറൈൻ ,വിർജീനിയ ക്ലാസ് അറ്റാക്ക് സബ്മറൈൻ എന്നിവയാണ് യൂ എസ് നാവികസേന വിന്യസിച്ചിരിക്കുന്ന പ്രധാന ആണവ അന്തർവാഹിനി വിഭാഗങ്ങൾ.
ഫ്രാൻസിന്റെയും ബ്രിട്ടന്റെയും ആണവ അന്തരാർ വാഹിനി വ്യൂഹങ്ങൾ ഏതാനും അന്തർ വാഹിനികൾ മാത്രം അടങ്ങുന്നവയാണ് .ബ്രിട്ടൻ ട്രാഫൽഗാർ ക്ലാസ് അറ്റാക്ക് സബ്മറൈനുകൾ ,വാൻഗാർഡ് ക്ലാസ് ബാലിസ്റ്റിക് മിസൈൽ സബ്മറൈനുകൾ ,ആസ്റ്യൂട് ക്ലാസ് അറ്റാക്ക് സബ്മറൈനുകൾ എന്നിവയടങ്ങുന്നതാണ് .ഇവയിൽ പലതും പ്രവർത്തന ക്ഷമമല്ലെന്നു അവരുടെ പാർലമെന്റിൽ തന്നെ ആരോപണം ഉയർന്നിരുന്നു. ഫ്രാൻസ് റുബിസ് ക്ലാസ് അറ്റാക്ക് സബ്മറൈനുകൾ,ട്രയാംഫന്റ് ക്ലാസ് ബാലിസ്റ്റിക് മിസൈൽ സബ്മറൈനുകൾ എന്നിവ വിന്യസിച്ചിട്ടുണ്ട് .ജിൻ ക്ലാസ് ബാലിസ്റ്റിക് മിസൈൽ സബ്മറൈനുകളും ,ഷാങ് ക്ലാസ് അറ്റാക്ക് സബ്മറൈനുകളുമാണ് ചൈന വിന്യസിച്ചിട്ടുള്ളത് . വൻ തോതിലുള്ള ആണവ അന്തർ വാഹിനികളുടെ നിർമാണം ചൈനയുടെ പ്രതിരോധ പടതടതികളുടെ അവിഭാജ്യ ഘടകമാണ് .നമ്മുടെ രാജ്യം അഞ്ച് അരിഹന്ത് ക്ലാസ് ബാലിസ്റ്റിക് മിസൈൽ സബ്മറൈനുകൾ നിർമിക്കാൻ പദ്ധതിയിടുന്നതായാണ് റിപോർട്ടുകൾ.
ആണവ അന്തർ വാഹിനികൾ വിലമതിക്കാനാവാത്ത സൈനിക ആസ്തികളാണ് .അവ ഒരു ആണവ ആക്രമണമുണ്ടായാൽ തിരിച്ചടിക്കാനുള്ള ഏറ്റവും ശക്തമായ ആയുധങ്ങളാണ് .ഒരു രാജ്യം ഒരു മഹാശക്തിയായി എണ്ണപ്പെടണമെങ്കിൽ ആണവ അന്തർ വാഹിനികൾ അവരുടെ ആയുധ ശേഖരത്തിൽ ഉണ്ടായേ തീരൂ .
------
REF:
1.http://www.indiatimes.com/…/indian-navy-soon-to-be-the-most…
2.http://www.world-nuclear.org/…/t…/nuclear-powered-ships.aspx
3.https://en.wikipedia.org/wiki/Nuclear_submarine
------
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
--
-----
ചിത്രങ്ങൾ: ARIHANTH CLASS ,അകുല ക്ലാസ് ആണവ അന്തർ വാഹിനി (,കടപ്പാട് ഇന്ത്യ ടൈംസ് .കോം) ടൈഫൂൺ ക്ലാസ് ആണവ അന്തർ വാഹിനി , . ( കടപ്പാട് :വിക്കിമീഡിയ കോമൺസ്)