ചാറ്റല്‍ മഴ നനഞ്ഞ് എടപ്പാള്‍ മാറഞ്ചേരി പനമ്പാട് വളവിലെത്തിയപ്പോള്‍ വഴി കണ്ടുപിടിക്കാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല. ''ഐ.എ.എസ്. പരീക്ഷയില്‍ നാലാം റാങ്ക് നേടി നാടിന്റെ അഭിമാനമായ അനുപമയ്ക് അനുമോദനങ്ങള്‍...'' മഴ നനഞ്ഞ് കിടന്നിരുന്ന ഫ്‌ളക്‌സ് ബാനറിന് കീഴില്‍ നിര്‍ത്തിയിരുന്ന ഓട്ടോയിലെ ഡ്രൈവര്‍ കൃത്യമായി വഴി പറഞ്ഞുതന്നു. എന്നിട്ടും ചെളിനിറഞ്ഞ വഴിയിലൂടെ അപരിചിതത്വത്തോടെ പോകുമ്പോള്‍ പിന്നെയും വഴികാട്ടികളായി പലരും വന്നുകൊണ്ടിരുന്നു. അനുപമ എന്ന 23 കാരി ഒരു നാടിന്റെ മുഴുവന്‍ അഭിമാനവും പ്രതീക്ഷയുമായി മാറിയതിന്റെ സാക്ഷ്യപത്രങ്ങള്‍. ഒടുവില്‍ പറയരിക്കല്‍ വീടിന്റെ പടികടന്ന് ചെല്ലുമ്പോള്‍ മഴ പെയ്തുതോര്‍ന്ന വീട്ടുമുറ്റത്ത് നിറഞ്ഞ ചിരിയോടെ അനുപമ.
ഓര്‍മയില്‍ ഒരു മഴക്കാലത്ത്
തകര്‍ത്തു പെയ്യുന്ന ഒരു മഴക്കാലത്ത് നഴ്‌സറി സ്‌കൂളിലേക്ക് ആദ്യമായി പോകുന്ന മൂന്നര വയസ്സുകാരി അനുപമ. പഠിക്കാന്‍ പോകുന്നത് അവള്‍ക്ക് ഏറെ മടിയുള്ള കാര്യമായിരുന്നു. ''ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് എന്നെ ആദ്യമായി ചേര്‍ത്തത്. അച്ഛനാണ് എന്നെ ബൈക്കിലിരുത്തി സ്‌കൂളില്‍ കൊണ്ടുപോയിരുന്നത്. പക്ഷേ, അവിടെപോയി പഠിക്കാന്‍ യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല. ഒടുവില്‍ അച്ഛന്റെ ബൈക്കില്‍ നിന്ന് എടുത്തുചാടും എന്ന ഭീഷണിവരെ മുഴക്കേണ്ടിവന്നു. അത് ഫലം കണ്ടു. അങ്ങനെ അവിടത്തെ പഠനം നിര്‍ത്തി...''. ഹരിശ്രീ കുറിച്ച വിദ്യാലയത്തിലെ പഠനം നിര്‍ത്തിയ കഥ പറയുമ്പോള്‍ അനുപമയ്ക്ക് ചിരി.
ഹിസ്റ്ററി എന്ന വില്ലന്‍
ഗുരുവായൂരില്‍ നിന്ന് പൊന്നാനി വിജയമാതാ സ്‌കൂളിലേക്ക് മാറുമ്പോഴും അനുപമയുടെ 'മടി'ക്ക് കാര്യമായ മാറ്റമുണ്ടായിരുന്നില്ല. വീട്ടിലിരുന്ന് എല്ലാം കാണാപ്പാഠം പഠിക്കുന്ന പതിവ് അന്നുമുണ്ടായിരുന്നില്ല. ടീച്ചര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരം പറയാനുള്ള ഒരു തരം ''അഡ്ജസ്റ്റ്‌മെന്റ് പഠനം...'' അതായിരുന്നു എന്നും അനുപമ നടത്തിയിരുന്നത്. ''പഠിക്കുമ്പോള്‍ മലയാളവും കണക്കുമായിരുന്നു ഏറെ ഇഷ്ടം. കണക്ക് ക്ഷമ നശിപ്പിക്കുന്ന ഒരു വിഷയമാണ് എന്നാലും എനിക്കിഷ്ടമായിരുന്നു. ഹിസ്റ്ററിയോടായിരുന്നു അന്ന് എനിക്കേറെ ദേഷ്യം. ഹിസ്റ്ററിക്ക് ഒരിക്കലും ഫുള്‍ മാര്‍ക്ക് കിട്ടിയിട്ടില്ല. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കും ഹിസ്റ്ററി എന്നെ ചതിച്ചു. 49 മാര്‍ക്കാണ് ഹിസ്റ്ററിക്ക് കിട്ടിയത്...'' ഒരു മാര്‍ക്കിന് തന്നെ ചതിച്ച ഹിസ്റ്ററി, റാങ്കുകളുടെ കൂട്ടുകാരിയായ അനുപമയ്ക്ക് വില്ലനായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ഐ.എ.എസ് എന്ന സ്വപ്നം
ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഏതോ ഒരു ദിവസമാണ് ആ സ്വപ്നം അനുപമ ആദ്യമായി കണ്ടത്. ഒരു ഡോക്ടറാണെങ്കില്‍ കുറേ രോഗികളെ ചികിത്സിക്കാം. എന്‍ജിനീയറാണെങ്കില്‍ കുറേ കെട്ടിടങ്ങളും പാലങ്ങളും നിര്‍മിക്കാം. എന്നാല്‍ ഒരു ഐ.എ.എസ്സുകാരിയാണെങ്കിലോ... ആ സ്വപ്നത്തിനുള്ള ഉത്തരം തേടലായിരുന്നു പിന്നീട് അനുപമയുടെ ജീവിതം. ''ഓരോ വര്‍ഷവും പത്രത്തില്‍ ഐ.എ.എസ്. റാങ്കുകാരെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നതു കാണുമ്പോള്‍ എനിക്ക് താത്പര്യമേറുകയായിരുന്നു. ഓറിയന്‍േറഷന്‍ ക്ലാസ്സുകളില്‍ പോയിത്തുടങ്ങിയതോടെ ഐ.എ.എസ്. എന്ന സ്വപ്നം മനസ്സില്‍ ഉറച്ചു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഒരു ക്ലാസ് കൂടിയായതോടെ ഞാന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചു...'' ഐ.എ.എസ്സിന്റെ വഴികളിലേക്ക് സഞ്ചാരം
തുടങ്ങിയ കാലം അനുപമ ഓര്‍ത്തെടുത്തു.
അച്ഛന്റെ ഓര്‍മ
അച്ഛനെ ഓര്‍ക്കുമ്പോള്‍ അമ്മയുടെ സ്നേഹമാണ് അനുപമയുടെ കണ്ണുകളില്‍ നിറയുന്നത്. എന്തിനും ഏതിനും കൂടെ നിന്നിരുന്ന ഒരാള്‍ പൊടുന്നനെ അപ്രത്യക്ഷമാകുമ്പോഴുണ്ടാകുന്ന ശൂന്യത. വേര്‍പാടിന്റെ നൊമ്പരം മനസ്സില്‍ പടരുമ്പോള്‍ അച്ഛന്റെ ഓര്‍മകള്‍ അനുപമയുടെ കണ്ണുകളില്‍ നനവായി നിറയും. ''അച്ഛനെ ഓര്‍ക്കുമ്പോള്‍ കുറേ പുസ്തകങ്ങളും ചോക്ലേറ്റുമാണ് മനസ്സിലേക്ക് വരുന്നത്. ഈസോപ്പു കഥകളും പഞ്ചതന്ത്രകഥകളും ബീര്‍ബല്‍ കഥകളുമൊക്കെ ചെറുപ്പത്തില്‍ അച്ഛന്‍ എനിക്ക് വാങ്ങിത്തന്നിട്ടുണ്ട്. ഒപ്പം ഒരുപാട് മധുരമുള്ള ചോക്ലേറ്റുകളും. അച്ഛന്റെ മരണം എനിക്കൊരു ഷോക്കായിരുന്നു. എന്നാല്‍, ആ വേര്‍പാട് അറിയിക്കാതെ എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞുപിടിച്ച് സംരക്ഷിക്കുകയായിരുന്നു എന്റെ അമ്മ...'' ഐ.എ.എസ്. എന്ന സ്വപ്നം മനസ്സില്‍ ആളിക്കത്തിച്ച അച്ഛനെക്കുറിച്ച് പറയുമ്പോള്‍ അനുപമയുടെ കണ്ണുകളില്‍ വീണ്ടും നനവ് പടരുന്നു.
ഗോവയിലെ വസന്തകാലം
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേത്രാവതി എക്സ്പ്രസ്സില്‍ ഗോവയിലേക്ക് പോകുമ്പോള്‍ അത് തന്റെ ജീവിതത്തിലെ വസന്തകാലത്തേക്കുള്ള യാത്രയാണെന്ന് അനുപമ വിചാരിച്ചിട്ടുണ്ടായിരുന്നോ? ഉത്തരം അനുപമയ്ക്കും അറിയില്ല. പക്ഷേ, കാലം കാത്തുവച്ചിരുന്നത് ഇത്തരം ഒരു വസന്തകാലം തന്നെയായിരുന്നു. ''പ്ലസ് ടു കഴിഞ്ഞ് ഗോവയിലെ പ്രശസ്തമായ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്ങിന് പ്രവേശനം കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. എന്റെ ജീവിതത്തിലെ വസന്തകാലമായിരുന്നു ഗോവയിലെ പഠനകാലം. ഐ.എ.എസ്. എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര വിപുലപ്പെടുത്തിയത് ഈ കാമ്പസിലെ പഠനകാലമാണ്. അറിവിന്റെ വിശാലമായ ലോകമാണ് ഈ കാമ്പസ് എനിക്കു മുന്നില്‍ തുറന്നിട്ടത്. കമ്പ്യൂട്ടറിന് മുന്നില്‍ വിജ്ഞാനത്തിനായി എത്രയോ മണിക്കൂറുകളാണ് ഞാന്‍ ചെലവഴിച്ചത്. ക്ലിന്‍സണും ശാലിനിയുമടക്കം സൗഹൃദത്തിന്റെ എത്രയോ വിലപ്പെട്ട നിധികളാണ് ഈ കാമ്പസ് എനിക്കു തന്നത്...'' ഗോവയിലെ പഠനകാലം ഒരു വസന്തത്തിന്റെ ഓര്‍മപ്പൂക്കളായി അനുപമയുടെ വാക്കുകളില്‍ നിറയുന്നു.
പ്രിലിമിനറി എന്ന കടമ്പ
ഗോവയിലെ പഠനശേഷം നോയിഡയിലെ സാംസങ് കമ്പനിയില്‍ നിന്നുള്ള ഓഫര്‍ പോലും വേണ്ടെന്നുവെക്കുമ്പോള്‍ അനുപമയുടെ മനസ്സില്‍ ഐ.എ.എസ്. എന്ന ലക്ഷ്യം അത്രമേല്‍ വ്യക്തമായിരുന്നു. ഡല്‍ഹിയിലെ എ.എല്‍.എസില്‍ ആറുമാസത്തെ കോച്ചിങ്. തിരിച്ച് നാട്ടിലെത്തിയശേഷം തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ ഫാക്കല്‍ട്ടിയായ പ്രൊഫ. രാജശേഖരന്റെ കീഴില്‍ പരിശീലനം. അമ്മ രമണിയുടെയും അമ്മാവന്‍ നന്ദകുമാറിന്റെയും അനിയത്തി നിഷയുടെയും അച്ഛമ്മ സരോജിനിയമ്മയുടെയും നിറഞ്ഞ പ്രോത്സാഹനം. അനുഗ്രഹത്തിന്റെ കൈകള്‍ വിരിച്ച് ഓര്‍മയില്‍ അച്ഛനും മുത്തച്ഛനും.... എറണാകുളത്ത് എഴുതിയ പ്രിലിമിനറി പരീക്ഷ എന്ന കടമ്പ കടക്കാന്‍ അനുപമയ്ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല.
വീണ്ടും ഹിസ്റ്ററി എന്ന വില്ലന്‍
ഫൈനല്‍ പരീക്ഷയിലെ ജനറല്‍ സ്റ്റഡീസ് പേപ്പറിലെ ആദ്യ മൂന്ന് ചോദ്യങ്ങള്‍ കണ്ട് അനുപമയ്ക്ക് ദേഷ്യം വന്നു. ഹിസ്റ്ററിയിലെ മൂന്ന് ചോദ്യങ്ങള്‍. ഒന്നിനും കൃത്യമായി ഉത്തരമറിയില്ല. ഹിസ്റ്ററി എന്ന വില്ലന്‍ ഐ.എ.എസ്. എന്ന സ്വപ്നത്തിന് ചുവട്ടില്‍ കത്തിവെക്കുമോയെന്ന് ഭയന്ന നിമിഷങ്ങള്‍. എന്തൊക്കെയോ ഉത്തരങ്ങള്‍ എഴുതിവച്ചു. ആദ്യ പേപ്പറിലെ ആദ്യ ചോദ്യങ്ങള്‍ ബുദ്ധിമുട്ടായതുകൊണ്ട് രണ്ടാംപേപ്പര്‍ അവസാന ഭാഗത്തുനിന്ന് എഴുതിത്തുടങ്ങാന്‍ തീരുമാനിച്ചു. ഒരു കഷ്ടകാലം നോക്കണേ! രണ്ടാം പേപ്പറിലെ അവസാനഭാഗത്തെ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ കൃത്യമായി അറിയില്ല. അതിനും എന്തൊക്കെയോ എഴുതിവെച്ചു.
സ്വപ്നങ്ങള്‍ പൂവണിയുന്നു
ആദിയിലെയും അന്ത്യത്തിലെയും പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ മറ്റെല്ലാം അനുപമയ്ക്ക് പ്രതീക്ഷയുടെ വെളിച്ചമാണ് പകര്‍ന്നത്. എന്നിട്ടും അനുപമയ്ക്ക് വിശ്വാസമുണ്ടായിരുന്നില്ല. ഇന്റര്‍വ്യൂവിലും ഏറെക്കുറെ ഇതേ മാനസികാവസ്ഥ. കൂട്ടുകാരും വീട്ടുകാരും പ്രതീക്ഷകള്‍ ആളിക്കത്തിക്കാന്‍ നോക്കിയെങ്കിലും അനുപമയുടെ മനസ്സ് മറ്റെന്തൊക്കെയോ വിചാരിച്ചിരുന്നു. വീണ്ടും പ്രിലിമിനറി എഴുതാന്‍ ആ മനസ്സ് പാകപ്പെടുത്തിക്കൊണ്ടിരുന്ന ദിവസങ്ങള്‍. ഒടുവില്‍ ആ ദിനം വന്നെത്തി. റിസള്‍ട്ടറിയുന്ന ദിനം രാവിലെ മുതല്‍ കമ്പ്യൂട്ടറില്‍ അനുപമ പരതിക്കൊണ്ടിരുന്നു. വിരല്‍ത്തുമ്പില്‍ റിസല്‍ട്ടിന്റെ സൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ ചെറിയൊരു വിറയല്‍... ഒടുവില്‍ കൂട്ടുകാരനായ ക്ലിന്‍സണെ വിളിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം അനുപമയുടെ കാതുകള്‍ ആ സന്തോഷവാര്‍ത്ത കേട്ടു. ഒരു സുഹൃത്തിന് മറ്റൊരു സുഹൃത്തിന് ഇതിലും നല്ലൊരു സന്തോഷം സ്വരമായി പെയ്തിറക്കാന്‍ കഴിയുമോ?
പുതിയ ലോകം പുതിയ പ്രതീക്ഷകള്‍
ഓരോ മിനിട്ടിലും ഒരു കോള്‍. ഐ.എ.എസ്. ഫലം വന്നതിന് ശേഷം അനുപമയുടെ വീട്ടിലെ ഫോണിന് വിശ്രമമുണ്ടായിട്ടില്ല. അനുമോദനങ്ങളും സ്വീകരണങ്ങളും നിറഞ്ഞ ദിനങ്ങള്‍. പനി വന്നിട്ട് ചികിത്സിക്കാന്‍ പോലും കഴിയാത്ത വിധത്തിലുള്ള തിരക്ക്. അനുപമ പുതിയ ലോകത്തിലാണ്, പുതിയ പ്രതീക്ഷകളിലും. ''എന്റെ ഉത്തരവാദിത്വം ഏറിയിരിക്കുകയാണ്. രാജ്യവികസനവും ജനനന്മയും... അതാണ് ഒരു ഭരണാധികാരിയായാല്‍ എന്റെ മനസ്സിലുള്ളത്. സോഷ്യല്‍ ഡവലപ്‌മെന്റില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുന്‍ഗണന കൊടുക്കണം. വിദ്യാഭ്യാസം നന്നായാല്‍ എല്ലാം നന്നായി. അതാകണം രാജ്യപുരോഗതിയുടെ അടിസ്ഥാനം...'' ഒരു ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണത്തോടെ അനുപമ വാചാലയാകുമ്പോള്‍ മഴപെയ്ത് തോര്‍ന്ന മാനത്ത് പ്രതീക്ഷയുടെ വെയില്‍ പതുക്കെ പടരുന്നുണ്ടായിരുന്നു...
തിരുവനന്തപുരം: മന്ത്രിമാരുടേയും രാഷ്ട്രീയ മേലാളന്മാരുടേയും മുഖം നോക്കാതെ നടപടി എടുക്കാൻ തന്റേടമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ മലയാളികൾ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ. അത്തരമൊരു വനിതാ സിവിൽ സർവീസ് ഓഫീസറാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ടി.വി. അനുപമ ഐ.എ.എസ്. ഗതാഗതമന്ത്രിയായ തോമസ് ചാണ്ടിയെ നിയമത്തിനുമുന്നിൽ എത്തിച്ചതിനു പിന്നിൽ ആലപ്പുഴ ജില്ലാ കളക്ടർ ടി.വി അനുപമയുടെ നിലപാട് വളരെ നിർണായകവും ശക്തവുമാണ്.
പല ഭാഗത്തു നിന്നും സമ്മർദ്ദവും പ്രതിഷേധവും ശക്തമായിരുന്നപ്പോൾ പോലും അനുപമ തന്റെ ജോലി കൃത്യമായി നിർവഹിച്ചു. അനീതിക്കെതിരെ ശക്തമായ നിലപാട് ഈ കളക്ടർ സ്വീകരിക്കുന്നത് ഇതാദ്യമായല്ല. 2014ൽ തിരുവനന്തപുരത്ത് എത്തിയപ്പോൾ തന്നെ നോക്കുകൂലിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു കൊണ്ട് നിലപാട് അറിയിച്ചു.
അച്ഛൻ നൽകിയ പാഠം
പൊലീസ് ഉദ്യോഗസ്ഥനായ അച്ഛന്റെ വാക്കുകളിലൂടെയാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരെക്കുറിച്ച് കുഞ്ഞ് അനുപമ ആദ്യം കേൾക്കുന്നത്. ഐ.പി.എസുകാരായ ഉദ്യോഗസ്ഥർ നാടിനു ചെയ്യുന്ന ഗുണങ്ങൾ വന്നു പതിച്ചത് അനുപമയുടെ മനസിലേക്കായിരുന്നു, ഒരു സിവിൽ സർവന്റാവുക എന്ന ലക്ഷ്യത്തിലേക്കായിരുന്നു. പൊന്നാനിയിലെ പനമ്പാട് ജനിച്ച അനുപമ ചെറുപ്പത്തിൽ തന്നെ ഐ.എ.എസ് ലക്ഷ്യം മനസിൽ ഉറപ്പിച്ചിരുന്നു.
ഇന്ത്യയിലെ പ്രശസ്തമായ ബിറ്റ്സ് പിലാനിയിൽ എൻജിനീയറിംഗ് പഠനം നടത്തുമ്പോൾത്തന്നെ ഐ. എ. എസ് ലക്ഷ്യംവച്ച് നീങ്ങിയിരുന്നു. 2009ൽ സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്കു നേടിയാണ് അനുപമ തന്റെ ആഗ്രഹം പൂർത്തീകരിച്ചത്. ജനങ്ങളോട് നേരിട്ടു സംവദിക്കാൻ കഴിയുമെന്നതാണ് ഐ.എ.എസ് തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് അനുപമ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരവും നോക്കുകൂലിയും
വീട്ടുസാധനങ്ങൾ ഇറക്കുന്നതിൽ നോക്കുകൂലി ചോദിച്ച ചുമട്ടു തൊഴിലാളികളെ വരച്ച വരയിൽ നിറുത്തിയാണ് അനുപമ തലസ്ഥാനത്തെ തന്റെ വരവറിയിച്ചത്. മെഡിക്കൽ കോളേജിലെ ചുമട്ടു തൊഴിലാളി നേതാവ് ബി. മുരളിക്കെതിരെ നോക്കുകൂലിയുടെ പേരിൽ പരാതി നൽകി കേസെടുപ്പിച്ചു.
രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഭീഷണി ഉയർന്നപ്പോഴും കുലുങ്ങിയില്ല. അയാളെ അറസ്റ്റ് ചെയ്ത് 15 ദിവസം റിമാൻഡ് ചെയ്യുന്നതുവരെ നിയമപോരാട്ടം നടത്തി. കൂലിപ്പണിക്കാരനായാലും മന്ത്രിയായാലും അനുപമയുടെ സമീപനത്തിൽ മാറ്റമില്ല.
മായം കലർത്തിയവരെ പിടിച്ചു കുലുക്കി
2015ലാണ് അനുപമയെ ഭക്ഷ്യ സുരക്ഷാ കമ്മിഷണറായി നിയമിക്കുന്നത്. അതുവരെ അത്തരമൊരു പദവിയുണ്ടെന്നു തന്നെ മലയാളികൾ അറിഞ്ഞിരുന്നില്ല. ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്ന കമ്പനികൾക്കെതിരെ ബ്രാൻഡു പോലും നോക്കാതെ കടുത്ത നിലപാടു സ്വീകരിച്ചു കൊണ്ട് അനുപമ തന്റെ പുതിയ ചുമതല നിറവേറ്റി.
മുഖ്യധാരാ മാധ്യമങ്ങൾ പോലും ആദ്യ ഘട്ടത്തിൽ വാർത്ത നൽകാതെ മുക്കിയപ്പോൾ സോഷ്യൽ മീഡിയ കട്ടപ്പിന്തുണയുമായി നിന്നു. തമിഴ്നാട്ടിൽ നിന്ന് വിഷം കലർത്തി വരുന്ന പച്ചക്കറികൾക്കെതിരെയും വളം കമ്പനികൾക്കെതിരെയും അനുപമയുടെ നിലപാട് വൻ വിവാദങ്ങൾ വരുത്തിവച്ചിരുന്നു. കേരളത്തിലേക്ക് പച്ചക്കറി അയയ്ക്കില്ലെന്ന നിലപാടിൽ തമിഴ് കച്ചവടക്കാർ എത്തുന്ന അവസ്ഥ വരെ ഉണ്ടായി. കറി പൗഡർ കമ്പനികളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ വരെ അനുപമയെ തത്സ്ഥാനത്തു നിന്നു നീക്കാൻ ശുപാർശ ചെയ്തതായി ശ്രുതിയുണ്ടായി.
എന്നിട്ടും വളം കമ്പനികളും കറി പൗഡറുകളും വിഷം ചേർക്കുന്ന പരിപാടി നിറുത്തുന്നതുവരെ താൻ പോരാട്ടം തുടരുമെന്ന് അനുപമ പറഞ്ഞു. പച്ചക്കറി മനുഷ്യന് ദൈനംദിനം ആവശ്യമുള്ള ഒന്നാണ്. കേരളത്തിൽ സുലഭമായ വെളിച്ചെണ്ണയിൽ പോലും അപകടകരമായ രീതിയിൽ മായം കണ്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ലെന്നാണ് അനുപമ അന്ന് പറഞ്ഞത്.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ബയോ ഗ്യാസ് പ്ലാന്റ്, വിത്തു വിതരണം തുടങ്ങിയവ അനുപമ നടപ്പിലാക്കിയ പദ്ധതികളാണ്. ഇതേ സമയം ടൂറിസം ഡയറക്ടറുടെ അധികച്ചുമതലയും അനുപമ വഹിച്ചിരുന്നു.
ആലപ്പുഴയിലേക്ക്
2017 തുടക്കത്തിൽ സാമൂഹ്യസുരക്ഷാ ഡയറക്ടറായി അനുപമയെ മാറ്റിയത് വൻ പ്രതിഷേധങ്ങൾ വിളിച്ചുവരുത്തിയിരുന്നു. കച്ചവട ലോബിക്ക് സർക്കാർ കീഴടങ്ങുകയാണെന്നു വരെ വാർത്തകൾ വന്നു. ഈ വർഷം ആഗസ്റ്റിലാണ് ആലപ്പുഴ ജില്ലാ കളക്ടറായി നിയമിതയായത്.
ആലപ്പുഴയുടെ 48ാമത് കളക്ടറായി ചുമതലയേറ്റ അനുപമയെ കാത്തിരുന്നത് തോമസ് ചാണ്ടിയും കായൽ കൈയേറ്റവുമായിരുന്നു. മാർത്താണ്ഡം കായലിന്റെ ഭാഗങ്ങൾ ഗതാഗത മന്ത്രി കൂടിയായ തോമസ് ചാണ്ടി കൈയേറിയെന്ന് റിപ്പോർട്ട് നൽകാൻ അനുപമ മടിച്ചുനിന്നില്ല. ഒരു കളക്ടറിൽ നിന്ന് ഇത്തരമൊരു നീക്കം തോമസ് ചാണ്ടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല.
പിന്തുണയുമായി കുടുംബം
കടുത്ത നിലപാടുകളെടുക്കുമ്പോഴും ഉറച്ചു നിൽക്കാൻ കഴിയുന്നത് കുടുംബത്തിന്റെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്ന് ടി.വി അനുപമ പല അഭിമുഖങ്ങളിലും അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.
അനുപമയുടെ കുടുംബം പൊന്നാനിയിലാണ് . ഭർത്താവ് ക്ലിന്റസണിന്റെ നാട് അങ്കമാലിയാണ്. ഈ ദമ്പതികളുടെ ഏക മകനാണ് അയാൻ ക്ലിന്റസ്.
കടപ്പാട് മാതൃഭൂമി
😍അനുപമയേ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ കൂടെ കാണുക https://youtu.be/yGtUU3oCT-c