രാത്രിയിൽ ആ പ്രദേശത്തേക്ക് പോകാൻ ആരും കൂട്ടുവരില്ല. സ്ഥലം കാണാൻ പോകണമെങ്കിൽത്തന്നെ പകൽവെളിച്ചത്തിൽ മാത്രം. അല്ലെങ്കിൽ ഒരു പക്ഷേ പിറ്റേന്നു രാവിലെ ദ്വീപിൽ നിന്ന് ടൂറിസ്റ്റിന്റെ മൃതദേഹമായിരിക്കും എടുത്തുമാറ്റേണ്ടി വരിക. ഇങ്ങനെയൊരു ദ്വീപുണ്ട്. അങ്ങു ദൂരെ, കടലിന്നു നടുവിൽ. ഓസ്ട്രേലിയയിൽ നിന്ന് 1600 മൈലും ലൊസൈഞ്ചലസിൽ നിന്ന് 2500 മൈലും ദൂരെയാണ് ഈ ‘അദ്ഭുതദ്വീപു’കളുടെ സ്ഥാനം. അതായത് മൈക്രോനേഷ്യയോടു ചേർന്ന് (ചിതറിക്കിടക്കുന്ന അറുനൂറിലേറെ ചെറു ദ്വീപുകൾ ചേർന്നതാണ് ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ എന്നറിയപ്പെടുന്ന രാജ്യം. പസഫിക് സമുദ്രത്തിലാണ് ഈയിടത്തിന്റെ സ്ഥാനം. പോംപെ ഉൾപ്പെടെ നാലു പ്രധാന ദ്വീപുകളാണ് മൈക്രോനേഷ്യയ്ക്കു കീഴിലുള്ളത്) പോംപെയ്ക്കു സമീപമാണ് ഈ ദ്വീപുകളുള്ളത്. ഒന്നും രണ്ടുമല്ല, 97 എണ്ണം.
ഇവയുടെ പ്രത്യേകതയ്ക്കു മുന്നിൽ കണ്ണുംമിഴിച്ചു നിൽപ്പാണ് പുരാവസ്തു ഗവേഷകരെല്ലാം. 97 ദ്വീപുകളും കൃത്യമായി വെട്ടിയൊതുക്കിയതു പോലെ ചതുരാകൃതിയിലുള്ളവയാണ്.‘നാൻ മദോൾ’ എന്നാണ് ഇതിനെ ഗവേഷകർ വിളിക്കുന്നത്. Space in between എന്നാണ് നാൻ മദോളിന്റെ അർഥം. പക്ഷേ ഇതുകൊണ്ട് എന്താണു സൂചിപ്പിക്കുന്നതെന്നു മാത്രം ഒരാൾക്കും പിടി കിട്ടുന്നില്ല. ഓരോ ചതുരദ്വീപും വെള്ളം കൊണ്ടാണ് വേർതിരിക്കപ്പെട്ടിരിക്കുന്നത്. ദ്വീപുകൾക്കിടയിൽ ഒരു കനാൽ സംവിധാനം തയാറാക്കിയതു പോലെയാണത്.
നൂറ്റാണ്ടുകൾക്കു മുൻപ് ഇവിടെയൊരു നാഗരികതയുണ്ടായിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകളുമുണ്ട്. ഓരോ ചതുരദ്വീപിലുമുള്ള വമ്പൻ മതിലുകൾക്കു സമാനമായ നിർമിതികളാണവ. ഇവയ്ക്ക് ഏകദേശം 25 അടി വരും ഉയരം. 17 അടി വരെ കനവും. ആരാണ് പസഫിക് സമുദ്രത്തിനു നടുവിൽ, അതും മറ്റ് പ്രധാന പ്രദേശങ്ങളിൽ നിന്ന് ഏറെ ദൂരെ മാറി ഈ നാഗരികതയ്ക്കു രൂപം നൽകിയതെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം.
ഗ്രീക്ക് പുരാണങ്ങളിൽ പറയുന്ന അറ്റ്ലാന്റിസ് ദ്വീപിനെ പോലെ ഒരിടമാണെന്നായിരുന്നു ഇത്രയും കാലം നാൻ മദോളിനെപ്പറ്റി കരുതിയിരുന്നത്. അതായത്, കടലിന്നടിയിൽപ്പെട്ടു പോയ ഒരു ദ്വീപ്. യൂറോപ്യൻ പര്യവേക്ഷകർ നാൻ മദോളിനെ എട്ടാം ലോകാദ്ഭുതമെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാൽ പറഞ്ഞും കേട്ടതിൽ നിന്നും മാറി ഉപഗ്രഹ ചിത്രങ്ങൾ വഴി പരിശോധിച്ചപ്പോഴാണ് 97 ചതുരദ്വീപുകളും മൈക്രോനേഷ്യയ്ക്കു സമീപത്ത്, വെള്ളത്തിനു മുകളിൽത്തന്നെയുണ്ടെന്നു വ്യക്തമായത്. എന്നാൽ അത്രയും ദൂരെയുള്ള പ്രദേശത്തേക്ക് എത്തുകയെന്നതും ഏറെ ബുദ്ധിമുട്ടായിരുന്നു.
പോംപെ ദ്വീപിൽ താമസിക്കുന്നവർ നാൻ മദോളിലേക്ക് ഗവേഷകരെ കൊണ്ടു പോകാമെന്നേറ്റു. പക്ഷേ രാത്രിയാകും മുൻപ് തിരിച്ചു പോരണം. രാത്രിയായാൽ ആ ചതുരദ്വീപുകളിൽ വെളിച്ചത്തിന്റെ ഗോളങ്ങൾ നൃത്തം ചെയ്യുന്നതു കാണാറുണ്ടെന്നാണ് അവർ പറയുന്നത്. പ്രദേശവാസികൾ ആയിടത്തെ വിളിക്കുന്നതു തന്നെ ‘പ്രേതങ്ങളുടെ ദ്വീപ്’ എന്നാണ്. പ്രേതനഗരം എന്നുമുണ്ട് വിളിപ്പേര്. രാത്രിയിൽ ദ്വീപിൽ താമസിച്ചു കഴിഞ്ഞാൽ പിറ്റേന്നത്തെ പകൽ കാണില്ലെന്നാണ് ദ്വീപിനു സമീപങ്ങളിലുള്ളവർ പറയുന്നത്; മരണം ഉറപ്പ്. പണ്ട് ദ്വീപുകളിലെ തലവന്മാരെ സംസ്കരിക്കാൻ ഉപയോഗിച്ച ഇടങ്ങളാണ് ചതുരാകൃതിയിലുള്ളതെന്നാണ് ഗവേഷകരുടെ നിഗമനം.
പ്രധാനപ്പെട്ട മതപരമായ ചടങ്ങുകളെല്ലാം ചെയ്യുന്നത് ഇവിടെയായിരുന്നു. അതിനാല്‍ത്തന്നെ ആ നാഗരികതയുടെ ശക്തികേന്ദ്രവും. ആ അജ്ഞാത ശക്തികളെല്ലാം ഇപ്പോഴും അവിടെയുണ്ടെന്നും പലരും കരുതുന്നു. എന്തായാലും ഇത്രയും കാലം കാണാമറയത്ത് ഒളിച്ചിരുന്ന നാൻ മദോളിനെപ്പറ്റി കൂടുതൽ പഠിക്കാനാണ് ഗവേഷകരുടെ തീരുമാനം.
കടപ്പാട്