-ഒരു കടല്‍ക്കൊള്ളക്കാരന്‍റെ നിധിയുടെ ചുരുളഴിയാത്ത രഹസ്യങ്ങള്‍.
1730 ജൂലൈ 7
നേരം ഉച്ച തിരിഞ്ഞിരുന്നു..
ഫ്രാന്‍സിന്‍റെ അധീനതയിലുള്ള സെന്‍റ്-ഡെനിസ് റീയൂണിയന്‍ ദ്വീപ്.
സെന്‍റ്-ഡെനിസ് പട്ടണചത്വരത്തിലെ പള്ളിയില്‍ നിന്നും 100 വാര അകലെ ഒരു കൊലത്തറ കെട്ടിയൊരുക്കിയിട്ടുണ്ട്.കഴുമരത്തില്‍ മന്ദഗതിയില്‍ ഒരു കൊലക്കയര്‍ ഇളകിയാടുന്നുണ്ട്..
കൊലത്തറയ്ക്കരികെ കെട്ടിത്തിരിച്ച ഇരിപ്പിടത്തില്‍ ഏതാനും ചില രാജപ്രതിനിധികളും സൈനിക ഉദ്യോഗസ്ഥരും രണ്ട് പുരോഹിതരും സന്നിഹിതരാണ്.
പലവഴികളിലൂടെ കൊലത്തറയ്ക്കടുത്തേക്ക് വന്നുകൂടുന്ന ജനങ്ങള്‍..അവരെ നിയന്ത്രിച്ചുകൊണ്ട് സൈനികര്‍..
പതിയെ പതിയെ അവിടമാകെ ജനങ്ങളെ കൊണ്ട് നിറഞ്ഞു.ആര്‍ക്കു വേണ്ടിയോ ഉള്ള കാത്തിരിപ്പിലാണ് ആ ജനസഞ്ചയം.
''റ്ഹോംഗ്യാംദുലാ...ഇലിയഇല്‍..''
(''അങ്ങോട്ടു നോക്കൂ..അവിടെയതാ അവന്‍..'')
ജനക്കൂട്ടത്തില്‍ നിന്നും ഒച്ചയുണര്‍ന്നു.
ചത്വരത്തിന്‍റെ പടിഞ്ഞാറുവശത്തുള്ള കൊത്തളത്തില്‍ നിന്നും പടയാളികള്‍ ആരേയോ ചങ്ങലയില്‍ ബന്ധനസ്ഥനാക്കി നടത്തിക്കൊണ്ടു വരുന്നുണ്ട്.
ചങ്ങലയില്‍ ബന്ധിതനെങ്കിലും ഉറച്ചു ചുവടുകളോടെയാണ് അയാളുടെ നടത്തം..
നിറം മങ്ങി അകിലുകളിളകിത്തുടങ്ങിയ ചാര നിറത്തിലുള്ള ട്രൈക്കോണ്‍ തുകല്‍ത്തൊപ്പിയും വെളുത്ത ലിനന്‍ കുപ്പായത്തിനു മുകളില്‍ കാന്‍വാസ് കോട്ടും ധരിച്ചിട്ടുണ്ട് ആ ദൃഢഗാത്രന്‍.
ഒട്ടിക്കിടക്കുന്ന കാല്‍ക്കുപ്പായത്തിന് അവിടവിടെ കീറലുകള്‍,തുകല്‍ ഷൂവിന്‍റെ റ്റോ ക്യാപിലും വളരെ നാളത്തെ ഉപയോഗഫലമായുള്ള തേയ്മാനങ്ങള്‍..
ആള്‍ക്കൂട്ടത്തിനിടയിലൂടെ കൊലത്തറയിലേക്ക് കൊണ്ടു വരുമ്പൊഴേക്ക് അയാള്‍ക്കു നേരേ ജനക്കൂട്ടത്തിന്‍റെ രോഷം അണപൊട്ടി.
''വോല്യര്‍..തൃഷ്യേര്‍..റ്റ്യു ലെ''
(''കള്ളന്‍..ചതിയന്‍..കൊല്ലവനെ'')
ആളുകള്‍ അയാള്‍ക്കു നേരേ കാര്‍ക്കിച്ചു തുപ്പി..
ചങ്ങലയില്‍ നിന്നും മോചിതനായി കൊലത്തറയിലേക്ക് കയറ്റി നിര്‍ത്തപ്പെട്ട അയാള്‍ ജനങ്ങളുടെ ശാപവചനങ്ങളും അസഭ്യവര്‍ഷങ്ങളും ആസ്വദിക്കുന്നതു പോലെ തോന്നി.ആ ചുണ്ടില്‍ ചെറിയൊരു പരിഹാസ ചിരിയുണര്‍ന്നു.
ഒലിവിര്‍ ലീവാഷര്‍.. അതാണ് അയാളുടെ പേര്.
ഫ്രാന്‍സ് കണ്ട ഏറ്റവും ക്രൂരനായ കൊള്ളക്കാരന്‍..
നൂറു കണക്കിന് കപ്പലുകള്‍ ആക്രമിച്ച്,സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം ആളുകളെ നിഷ്ഠൂരമായി കൊലപ്പെടുത്തി കൊള്ളയും കൊള്ളി വെയ്പും നടത്തി ഇന്ത്യന്‍മഹാസമുദ്രത്തിലും അറ്റ്ലാന്‍റിക് സമുദ്രത്തിലും ചോരക്കളങ്ങള്‍ തീര്‍ത്ത കടല്‍ക്കൊള്ളക്കാരന്‍..
ഹ്രസ്വമായ നടപടിക്രമങ്ങള്‍ക്കു ശേഷം അയാളുടെ കാലുകള്‍ കയറിനാല്‍ മുറുകെ കെട്ടി,കൈകള്‍ പുറകില്‍ കെട്ടുവാനൊരുങ്ങുന്ന സമയം നാടകീയമായി തന്‍റെ കഴുത്തില്‍ കിടന്നിരുന്ന ഒരു ഏലസ്സ് പൊട്ടിച്ചെടുത്ത് അയാള്‍ ജനക്കൂട്ടത്തിനിടയിലേക്ക് വലിച്ചെറിഞ്ഞു.
ഒലിവിറുടെ ശബ്ദമുയര്‍ന്നു..
''മനസ്സിലാക്കുന്നവര്‍ എന്‍റെയീ നിധി കണ്ടെത്തിക്കൊള്ളുക''
ആ കൈകള്‍ ബന്ധിക്കപ്പെട്ടു,കഴുത്തിലേക്ക് തൂക്കുകയര്‍ മുറുകി... ഠിന്‍!!
ഭാരം താങ്ങിയുള്ള തൂക്കുകയറിന്‍റെ ആട്ടത്തിനൊപ്പമുള്ള ചെറിയൊരു ഞരക്കം ജനാവലിയുടെ ആരവത്തില്‍ മുങ്ങിപ്പോയി.
--------------------------------------------------------------------
പ്രാപ്പിടിയന്‍ എന്ന അപരനാമത്തില്‍ അറിപ്പെട്ടിരുന്ന ഒലിവിര്‍ 1730ല്‍ പിടിയിലാകും വരെ ബൂര്‍ബോണ്‍ രാജവംശത്തിന്‍റെ അഭിമാനത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ട് കടലിളക്കി മറിച്ചിരുന്നു.
അവസാനം തന്‍റെ മരണത്തോടൊപ്പം ഒരു വലിയ നിധിയുടെ രഹസ്യം ചുരുളഴിയാതെ ബാക്കി വച്ചിട്ടാണ് കഴുമരത്തിലേറിയത്.
1688ല്‍ ഫ്രാന്‍സിലെ ഒരു പ്രഭു കുടുംബത്തില്‍ ജനിച്ച ഒലിവറിന്‍റെ ജീവിതം അത്യന്തം വിചിത്രമായിരുന്നു.
ഉന്നത വിദ്യാഭ്യാസത്തിന് ശേഷം ഫ്രഞ്ച് നേവിയില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കവേ 1701 മുതല്‍ 1714 വരെ നീണ്ട യുദ്ധകാലത്ത് രാജാവിന്‍റെ പ്രത്യേക അനുമതിയോടെ ശത്രുക്കപ്പലുകളെ ആക്രമിക്കാനും കൊള്ളയടിക്കാനും ആരംഭിച്ചു.
യുദ്ധത്തിന് ശേഷം സേനയിലേക്ക് തിരികെ വിളിക്കപ്പെട്ട ഒലിവിര്‍ പക്ഷെ തിരികെ വരാന്‍ ഒരുക്കമായിരുന്നില്ല.1716ല്‍ ഒരു കടല്‍ക്കൊള്ള സംഘത്തില്‍ അയാളും ഒപ്പം അനുയായികളും ചേര്‍ന്നു.
യുദ്ധസമയത്ത് ശത്രുക്കപ്പലുകളെ ഇരയാക്കിയെങ്കില്‍ പിന്നീടങ്ങോട്ട് ഒലിവിറും സംഘവും കണ്ണില്‍ കാണുന്ന കപ്പലുകളെ എല്ലാം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു പോന്നു.
വളരെയേറെ പരിശ്രമിച്ചിട്ടും ഫ്രഞ്ച് സൈന്യത്തിന് ഒലിവറിനേയും സംഘത്തിനേയും പിടികൂടാനായില്ല.ഇതിനിടെ കൊള്ളയടിക്കപ്പെട്ട വകകള്‍ ഒലിവറിന്‍റെ സംഘത്തിനിടയില്‍ പങ്കു വയ്ക്കപ്പെട്ട ശേഷം അവര്‍ പല സംഘങ്ങളായി പിരിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.
അവസാനം തന്‍റെ കൊള്ള ജീവിതം മടുത്തിട്ടോ അതോ പിടിക്കപ്പെടുമെന്ന ഭയം മൂലമോ അയാള്‍ ഫ്രഞ്ച് ഗവണ്‍മെന്‍റുമായി ഒരു സന്ധിക്ക് തയ്യാറായി.പക്ഷെ കൊള്ളയടിച്ച മുതലുകള്‍ എല്ലാം തിരികെ നല്‍കണമെന്ന വ്യവസ്ഥ ഫ്രാന്‍സിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതോടെ ഒലിവിര്‍ സന്ധിശ്രമം ഉപേക്ഷിച്ചു.
സ്വര്‍ണ്ണവും രത്നങ്ങളുമടങ്ങിയ കൊള്ളയടിച്ച് നേടിയ സമ്പത്തുകള്‍ എല്ലാം തന്നെ ഏതോ അജ്ഞാതമായ കേന്ദ്രത്തില്‍ ഒളിപ്പിക്കപ്പെട്ടു.
രാജ്യത്തിന്‍റേയും രാജകുടുംബത്തിന്‍റേയും ശത്രുവായി തീര്‍ന്ന ഒലിവര്‍ 1730ല്‍ മഡഗാസ്കനടുത്തു വെച്ച് ഫ്രഞ്ച് സൈന്യത്തിന്‍റെ പിടിയിലകപ്പെടുകയും വിചാരണയ്ക്ക് ശേഷം 1730 ജൂലൈ 7ന് വൈകുന്നേരത്തോടെ പൊതുജന മദ്ധ്യത്തില്‍ വെച്ച് തൂക്കിലേറ്റാന്‍ വിധിയാവുകയും ചെയ്തു.
തൂക്കിലേറ്റപ്പെടുന്നതിന് തൊട്ടുമുന്‍പ് അയാള്‍ ജനക്കൂട്ടത്തിനിടയിലേക്ക് വലിച്ചെറിഞ്ഞത് അയാളുടെ അത്ര നാളത്തെ സമ്പാദ്യങ്ങളെക്കുറിച്ചുള്ള സൂചനകളടങ്ങിയ ക്രിപ്റ്റോഗ്രാം രേഖകളും രഹസ്യകോഡുകളും ആയിരുന്നു.
17 വരികളുള്ള ആ രഹസ്യരേഖയുടെ കുരുക്കഴിക്കാന്‍ അന്നുമുതല്‍ ഇന്നു വരേയും പല നിധിവേട്ടക്കാരും ചരിത്രകുതുകികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇത്തരം ശ്രമങ്ങളൊക്കെയും പൂര്‍ണ്ണമായും പരാജയമാണെന്നും തീര്‍ത്തു പറയാനായിട്ടില്ല.
1923ല്‍ സെയ്‌ഷെൽസിലെ മാഹി ദ്വീപിലെ ബെല്‍ ഒംബര്‍ എന്ന കടല്‍ത്തീരത്തു നിന്നും ചില സൂചനകള്‍ ലഭിച്ചിരുന്നു.റോസ് എന്ന പര്യവേഷകയ്ക്ക് കടലിലേക്കിറങ്ങി കിടന്നിരുന്ന പാറകളില്‍ കൊത്തി വെച്ച നിലയില്‍ ചില സൂചകങ്ങള്‍ കാണാനായി.
നായ,പാമ്പ്,കടലാമ,കുതിര,ഇരട്ട ഹൃദയം,താക്കോല്‍ദ്വാരം,തുറിച്ച കണ്ണുകള്‍,പെട്ടി,യുവതി,പുരുഷന്‍റെ തല ഇവകളൊക്കെയായിരുന്നു സൂചനകള്‍.ഇത് ലീവാഷറിന്‍റെ നിധിയുടെ സൂചനകളല്ല മറ്റൊരു കൊള്ളക്കാരന്‍റെ നിധിയുടെ സൂചകങ്ങള്‍ ആണെന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് ഇത് ലീവാഷറിന്‍റെ നിധിയുടെ സൂചനകളായി തന്നെ കണക്കിലെടുത്ത് മുന്‍പോട്ടു പോയി.
തുറിച്ച കണ്ണുകളുടെ സൂചനകള്‍ തേടി പോയ റോസിനും കൂട്ടര്‍ക്കും മൂന്ന് കടല്‍ക്കൊള്ളക്കാരുടെ ശവമാടം കണ്ടെത്താനായെങ്കിലും തുടര്‍ന്ന് എങ്ങുമെത്താനായില്ല.അങ്ങനെയിരിക്കെ 1947ല്‍ റെഗിനാള്‍ഡ് ക്രൂയിസ് വിക്കിന്‍സ് എന്ന ബ്രിട്ടീഷുകാരന്‍ പര്യവേക്ഷണങ്ങള്‍ ഏറ്റെടുത്തു.പക്ഷെ അദ്ദേഹത്തിനേയും ലീവാഷറിന്‍റെ രഹസ്യകോഡുകള്‍ വല്ലാതെ കുഴക്കി.പര്യവേഷണങ്ങള്‍ കുറേയൊക്കെ മുന്‍പോട്ടു പോവുകയും രഹസ്യ കോഡുകള്‍ക്ക് നക്ഷത്രഗണങ്ങളുമായി ചില ബന്ധങ്ങള്‍ റെഗിനാള്‍ഡ് കണ്ടെത്തുകയും ചെയ്തു.1977ല്‍ അദ്ദേഹം മരിക്കുന്നതു വരെ മാഹി ദ്വീപിന്‍റെ പല സ്ഥലങ്ങളിലും ഖനനവും പര്യവേഷണങ്ങളും (27 വര്‍ഷങ്ങള്‍) തുടര്‍ന്നു വന്നു.
കാലങ്ങള്‍ക്ക് ശേഷം റെഗിനാള്‍ഡിന്‍റെ മകനും ചരിത്രാദ്ധ്യാപകനുമായ ജോണ്‍ തന്‍റെ പിതാവ് പൂര്‍ത്തിയാക്കാതെ പോയ രഹസ്യങ്ങളുടെ ചുരുളുകള്‍ അഴിക്കുവാനായി ശ്രമങ്ങളാരംഭിച്ചിരുന്നു എങ്കിലും അതും വിജയത്തിലെത്തിയില്ല..
ഇടക്കാലത്ത് ചിലര്‍ രഹസ്യകോഡ് മനസസ്സിലാക്കിയതായി അവകാശപ്പെടലുകളും പുതിയ രേഖകളും ഒക്കെയായി വന്നെങ്കിലും അവയെല്ലാം അസത്യങ്ങളോ വ്യാജമോ ആയിരുന്നു.
17 വരികള്‍..ദുരൂഹമായ അക്ഷരങ്ങള്‍..ഒലിവര്‍ ലീവാഷര്‍ തന്‍റെ മരണത്തൂക്കില്‍ നിന്നും കെട്ടഴിച്ചു വിട്ട ആ രഹസ്യം ചുരുളഴിയാതെ അവശേഷിക്കുന്നു..
--------------------------------------------------------------------
വാല്‍ക്കഷ്ണം:-
ഗ്രൂപ്പില്‍ ആരെങ്കിലും ഒരു കൈ നോക്കുന്നോ? ആ ക്രിപ്റ്റോഗ്രാമും കോഡുകളും ഉപയോഗിച്ച് വേണമെങ്കില്‍ ഒന്ന് ഡീകോഡ് ചെയ്യാന്‍ ശ്രമിച്ചു നോക്ക്. :-)
ഒലിവിര്‍ ലീവാഷറുടെ തൂക്കുശിക്ഷ പ്രതിപാദിക്കുന്ന ആദ്യഭാഗം ലഭ്യമായ വസ്തുതകളോട് പരാമാവധി ചേര്‍ന്നു നില്‍ക്കുന്ന ഭാവനാത്മകമായ വിവരണം,അതില്‍ വസ്തുതാപ്പിഴവുകള്‍ ഉണ്ടെങ്കില്‍ അത് എന്‍റെ മാത്രം ഉത്തരവാദിത്വം.
ലീവാഷറുടെ ജീവിതം - കൂടുതലറിയാന്‍ റെഫറന്‍സായി താഴെ തന്നിട്ടുള്ള ലിങ്കുകള്‍ ഉപയോഗിക്കാം.
-----------------------------------------------------------------
റെഫറന്‍സ് :-
http://cipherfoundation.org/older-ciphe…/la-buse-cryptogram/
https://en.m.wikipedia.org/wiki/Olivier_Levasseur
ചിത്രങ്ങള്‍:-
1.ക്രിപ്റ്റോഗ്രാം
2.രഹസ്യ കോഡുകള്‍
3.ലീവാഷറുടെ കപ്പല്‍ പതാക
ചിത്രങ്ങള്‍ക്ക് കടപ്പാട്:-
വിക്കിമീഡിയ കോമണ്‍സ്