A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഒരു തലയോട്ടിയിലെ രഹസ്യം ( # churulazhiyatha rahasyam )



#Farriz
ആറായിരം വർഷം പഴക്കമുള്ള ഒരു തലയോട്ടിയും 1998ലുണ്ടായ സൂനാമിയും തമ്മിൽ എന്താണു ബന്ധം? ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു– ‘ബന്ധമുണ്ട്’. സൂനാമിയിൽ കൊല്ലപ്പെട്ട മനുഷ്യന്റെ, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശരീരാവശിഷ്ടമാണ് പാപ്പുവ ന്യൂ ഗിനിയയിൽ നിന്ന് 1929ൽ കണ്ടെത്തിയതെന്ന് റിപ്പോർട്ട്. സൂനാമിയിലാണ് ആ ‘മനുഷ്യൻ’ കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ തെളിവു നൽകിയതാകട്ടെ 1998ൽ സമീപ മേഖലയിലുണ്ടായ മറ്റൊരു സൂനാമിയും.
പാപ്പുവ ന്യൂ ഗിനിയയിലെ എയ്തപ് മേഖലയിൽ നിന്നാണ് 88 വർഷം മുൻപു ഗവേഷകർ തലയോട്ടി കണ്ടെത്തിയത്. മേഖലയിൽ നിന്നു ലഭിച്ചിട്ടുള്ള അവശിഷ്ടങ്ങളിൽ ഏറെ അപൂർവമാണ് ഈ തലയോട്ടി. ‘എയ്തപ് തലയോട്ടി’ എന്നു പ്രശസ്തമായ ഇത് ഹോമോ ഇറക്ടസ് വിഭാഗത്തിൽപ്പട്ടെ മനുഷ്യരുടേതാണെന്നാണു കരുതിയത്. കൃത്യമായ രീതിയിൽ സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇത്. എന്നാൽ വിശദമായ റേഡിയോ കാർബൺ പരിശോധനയിൽ തലയോട്ടിക്ക് 3500 മുതൽ 7000 വർഷം വരെ പഴക്കമുള്ളതായി തെളിഞ്ഞു.
പാപ്പുവ ന്യൂ ഗിനിയയുടെ വടക്കൻ തീരത്തു നിന്നു 12 കിലോമീറ്ററോളം ദൂരെയായിട്ടുള്ള മേഖലയിൽ നിന്നായിരുന്നു തലയോട്ടി ലഭിച്ചത്. ചരിത്രത്തിലുടനീളം വൻ ഭൂകമ്പങ്ങളും സൂനാമികളും രേഖപ്പെടുത്തിയ ഇന്നത്തെ എയ്തപ് നഗരത്തോടു ചേർന്നുള്ള പ്രദേശമായിരുന്നു അത്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് സമുദ്രജലനിരപ്പ് ഉയർന്ന നിലയിലായിരുന്നതിനാല്‍ എയ്തപ് മേഖലയ സമുദ്ര തീരത്തോടു ചേർന്നായിരുന്നിരിക്കണം നിലകൊണ്ടത്. 6000 വർഷങ്ങൾക്കു മുൻപ് തീരത്തോടു ചേർന്നുള്ള ചതുപ്പുപ്രദേശമായിരുന്നു എയ്തപ് എന്നാണു കണ്ടെത്തൽ.
തലയോട്ടിയെ വിശദമായി പരിശോധിച്ചെങ്കിലും അതു ലഭിച്ച സ്ഥലം കാര്യമായി ആരും ശ്രദ്ധിച്ചിരുന്നില്ല. 2014ൽ ഒരു സംഘം ഭൗമശാസ്ത്രജ്ഞർ പ്രദേശത്തെത്തുകയും മണ്ണിന്റെയും മറ്റും സാംപിളുകൾ ശേഖരിക്കുകയും ചെയ്തു. 1998ൽ സൂനാമിയുണ്ടായ സമീപത്തെ തീരമേഖലയില്‍ നിന്നുള്ള മണ്ണിന്റെ സാംപിളുകളും പരിശോധിച്ചു. രണ്ടിനും ഏറെ സാമ്യതയുണ്ടായിരുന്നു.
ഇരുമേഖലയിലും ജീവിച്ചിരുന്ന മനുഷ്യരെ സൂനാമി കാരണമുണ്ടായ വൻവെള്ളപ്പൊക്കം ബാധിച്ചതായും വ്യക്തമായി. മണ്ണിന്റെ രാസഘടനയും മൺതരിയുടെ വലുപ്പവുമെല്ലാം പരിശോധിക്കപ്പെട്ടു. കടലിൽ നിന്ന് ഏറെ ദൂരെയായിട്ടും എയ്തപ്പിലെ മണ്ണിൽ സമുദ്രത്തിൽ മാത്രം കാണുന്ന സൂക്ഷ്മജീവികളുടെ അവശിഷ്ടങ്ങളുടെ സാന്നിധ്യവും തിരിച്ചറിഞ്ഞു. 1998ലെ സൂനാമി ‘സാംപിൾ’ ശേഖരിച്ച മണ്ണിലും ഇതേ സൂക്ഷ്മജീവികളുടെ അവശിഷ്ടമുണ്ടായിരുന്നു.
ഇതേ തുടർന്നാണ് ‘എയ്തെപ് തലയോട്ടി’യുടെ ഉടമ സൂനാമി ദുരന്തത്തിലാണു കൊല്ലപ്പെട്ടതെന്നു വ്യക്തമായത്. അതുമല്ലെങ്കിൽ സൂനാമി ആഞ്ഞടിക്കുന്നതിനു തൊട്ടുമുൻപു മരിച്ച് അടക്കം ചെയ്ത മൃതശരീരത്തിന്റേതായിരിക്കാമെന്നും കരുതുന്നു.
മറ്റു ശരീരഭാഗങ്ങളില്ലാതെ തലയോട്ടി മാത്രമായി കണ്ടെത്തിയതും ഗവേഷകരെ കുഴക്കിയിരുന്നു. എന്നാൽ ഇതിനും 1998ലെ സൂനാമിയിലൂടെ ഉത്തരം ലഭിച്ചു. 2000ത്തിലേറെ പേർ മരിച്ച ജൂലൈ 17നുണ്ടായ ആ സൂനാമിയിൽ തീരത്തുനിന്ന് അഞ്ചു കിലോമീറ്റർ ദൂരത്തിലേക്കു വരെ തിരകൾ‌ ആഞ്ഞടിച്ചു.
സൂനാമി പിൻവാങ്ങിയെങ്കിലും സമീപത്തെ ചതുപ്പുമേഖലയിൽ നിന്നു മൃതദേഹങ്ങൾ കണ്ടെടുക്കാൻ അധികൃതർക്കു സാധിച്ചില്ല. മൃതദേഹങ്ങളിലേറെയും മുതലകൾ തിന്നുതീർത്തതായിരുന്നു പ്രശ്നം. 6000 വർഷം മുൻപത്തെ തലയോട്ടിയും ഇത്തരത്തിൽ മുതലകൾ മറ്റു ശരീരഭാഗങ്ങൾ ഭക്ഷിച്ച ശേഷം അവശേഷിച്ചതാകാമെന്നാണു നിഗമനം. പ്ലസ് വൺ ജേണലിൽ സമ്പൂർണ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്......