കേരളത്തിലെ ചുമർചിത്രകലയുടെ ആദ്യരൂപമായി അറിയപ്പെടുന്ന ഒരു തികഞ്ഞ കലാരൂപമാണ് കളമെഴുത്ത്.
സംഘകാലത്തോളം(BC566 മുതൽ AD250) പഴക്കം പറയപ്പെടുന്ന ഈ കലാരൂപം പ്രധാനമായും കേരളത്തിലെ ക്ഷേത്രങ്ങളുമായി ഇഴുകി ചേര്‍ന്നു കിടക്കുന്ന ഒരു അനുഷ്ഠാന കലാരൂപമാണ്.
അനുഷ്ഠാനങ്ങള്‍ മാറ്റി വെച്ചു പരിശോധിച്ചാല്‍ ഇത്രത്തോളം വിസ്മയകരമായ ഒരു ചിത്രകലാരൂപത്തെ ശ്ലാഘിക്കാതെ വയ്യ.നാടന്‍ നിറക്കൂട്ടുകളുപയോഗിച്ച് കലാകാരന്മാര്‍ തീര്‍ക്കുന്ന വര്‍ണ്ണവിസ്മയങ്ങള്‍ കേരളീയ ചിത്രകലാപാരമ്പര്യത്തിന്റെ നിദര്‍ശനങ്ങളാണ്.
ചായപ്പൊടികളും വിരലുകളും കൊണ്ട് തീര്‍ക്കുന്ന ഈ വിസ്മയത്തെ ഒറ്റവാക്കില്‍- വിരലുകൾ ഉപയോഗിച്ച് അഞ്ച് നിറമുള്ള അഞ്ച് തരം പ്രകൃതിജന്യമായ പൊടികൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്തു വരയ്ക്കുന്ന സമ്പ്രദായം എന്ന് വിളിക്കാം.
മഞ്ഞ, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിങ്ങനെയുള്ള അഞ്ച് വര്‍ണ്ണങ്ങള്‍ അഥവാ പഞ്ചവര്‍ണ്ണങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്.
★അഞ്ച് തരം പൊടികള്‍
മഞ്ഞള്‍ പൊടിച്ച് മഞ്ഞപ്പൊടിയും, ചുണ്ണാമ്പും മഞ്ഞളും ചേര്‍ത്ത് ചുവന്ന പൊടിയും ഉമിക്കരികൊണ്ട് കരിപ്പൊടിയും ഉണ്ടാക്കുന്നു. വെള്ളപ്പൊടി ഉണക്കലരി പൊടിച്ചും ഉണ്ടാക്കുന്നു.വാകയിലയാണ് പച്ചപ്പൊടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
ചില പ്രത്യേക അനുഷ്ഠാനങ്ങളില്‍ വാകയിലക്കുപകരം മഞ്ചാടിയിലയുടെ പൊടിയാണ് ഉപയോഗിക്കുന്നത്.
കേരളത്തില്‍ ഓരോ പ്രദേശത്തും കളമെഴുത്ത് കുലവൃത്തിയായി സ്വീകരിച്ചിരിക്കുന്ന വ്യത്യസ്ത സമുദായക്കാരുണ്ട്.
തീയാട്ടുണ്ണികള്‍, തീയാടി നമ്പ്യാന്മാര്‍, തെയ്യമ്പാടികള്‍, പുള്ളുവന്‍, വണ്ണാന്‍, കണിശന്‍ തുടങ്ങിയ സമുദായക്കാര്‍ പരമ്പരാഗതമായി കളം വരയുന്നവരാണ്.
കുറുപ്പന്മാര്‍, തീയ്യര്‍, വേലന്മാര്‍, മണ്ണാന്‍, മലയന്‍, പാണന്‍, പറയന്‍, വേലന്‍, മുന്നൂറ്റാന്‍,കോപ്പാളന്‍ തുടങ്ങിയവരും കളം വരയാറുണ്ട്.
വിവിധ അനുഷ്ഠാനങ്ങള്‍ക്കായി വ്യത്യസ്ത തരം കളങ്ങളാണ് ഇവര്‍ വരയ്ക്കുക.വരയ്ക്കുന്നതിനോടൊപ്പം തന്നെ അനുഷ്ഠാനപരമായ പാട്ടുകളും ഉണ്ടാകും.
ഇതില്‍ തന്നെ വടക്കന്‍ കേരളവും തെക്കന്‍ കേരളവും തമ്മില്‍ ധാരാളം വ്യത്യസ്ത ശൈലികളിലുള്ള കളങ്ങളും,വ്യത്യസ്ത അനുഷ്ഠാനങ്ങളുമുണ്ട്.
ചുരുങ്ങിയത് രണ്ട് പേരാണ് കളമെഴുതാന്‍ ഇരിക്കുക.ഒരു നേര്‍രേഖയിലാണ് തുടക്കം.ബ്രഹ്മസൂത്രമെന്നാണതിന് പേര്.കൂട്ടത്തിലെ ആശാനാണ് ഈ ബ്രഹ്മസൂത്രം വരയ്ക്കുക.ഈ നേര്‍രേഖയെ അടിസ്ഥാനമാക്കിയാണ് കളമെഴുത്ത് പുരോഗമിക്കുന്നത്.
അരിപ്പൊടിയോ കരിപ്പൊടിയോ ഉപയോഗിച്ച് ദേവതയുടെ ശരീരഭാഗങ്ങള്‍ വരയ്ക്കുന്നു.
മുഖം, കിരീടം, കഴുത്ത്, മാറ്, അരക്കെട്ട്, പട്ടിന്റെ ഭാഗം, കാൽ അതിനുശേഷം കൈകൾ എന്നിവ വരച്ച് പ്രഭാമണ്‌ഡലം വരയ്ക്കുന്നു. പിന്നീട് പുറംകളവും വരയ്‌ക്കുന്നു.
ശേഷം കൃത്യമായ അനുപാതത്തില്‍ നിറക്കൂട്ടുകള്‍ കൊണ്ട് ആടയാഭരണങ്ങളും മറ്റ് അലങ്കാരങ്ങളും വരയ്ക്കും.ആടയാഭരണവിസ്താരങ്ങള്‍ വരയ്ക്കുന്നത് കാണെണ്ട കാഴ്ചയാണ്.
കളമെഴുത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ച് ദേവതയുടെ ഓരോ ഭാഗങ്ങളായി പങ്കിട്ടാണ് വരയ്ക്കുക.
2 പേര്‍ മാത്രമുള്ള അവസരങ്ങളില്‍ ഒരാള്‍ തല മുതല്‍ നെഞ്ചിന് താഴെ വരേയും മറ്റേയാള്‍ വയറും താഴേക്കുള്ള ഭാഗങ്ങളും പൂര്‍ത്തിയാക്കും.
കളമെഴുതുന്നയാൾക്ക് കിരീടം, ഉടയാട എന്നിവ വരയ്ക്കുമ്പോൾ മനോധർമം പ്രയോഗിക്കാം. ബാക്കിയെല്ലാ വരകളും കണക്കുപ്രകാരമായിരിക്കണം
കാളി, ദുർഗ്ഗ, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികളെയാണ് കളമെഴുത്തിൽ മുഖ്യമായി ചിത്രീകരിക്കുന്നത്.
വടക്കന്‍ കേരളത്തില്‍ പ്രാമുഖ്യം ഗന്ധര്‍വന്‍, കരുകലക്കി, ഭൈരവന്‍, രക്തേശ്വരി തുടങ്ങിയ ദേവതാ രൂപങ്ങള്‍ക്കാണ്.
ചാണകം മെഴുകിയ തറയിലായിരുന്നു കളമെഴുത്ത് ചെയ്തിരുന്നത്.പുതിയ കാലത്തിന്‍റെ മാറ്റങ്ങള്‍ ഇന്ന് അതിന് മാറ്റം വരുത്തിയെങ്കിലും ചുരുക്കം ചിലയിടങ്ങളില്‍ അതേ പാരമ്പര്യം തുടരുന്നുണ്ട്.കുരുത്തോലകളും പട്ടും വിതാനിച്ച് അലങ്കരിച്ച പന്തലിന് ചുവടേയാണ് ഈ കലാരൂപം അരങ്ങേറുന്നത്.
കളത്തിന്‍റെ വലിപ്പവും ദേവതാ വിശദീകരണത്തിനും അനുസരിച്ച് ഏതാനും മണിക്കൂറുകള്‍ മുതല്‍ ഒരു പകല്‍ മുഴുവനും നീളുന്ന കളമെഴുത്ത് വരെയുണ്ട്.ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ (പാട്ടും മറ്റ് അനുഷ്ഠാനങ്ങളും കഴിഞ്ഞാല്‍) കളം മായ്ക്കുകയും ചെയ്യും.
നമ്മുടെ ക്ഷണികമായ ജീവിതത്തിന്‍റെ ഒരു പരിച്ഛേദവും ഇവിടെ കാണാം.
വിശ്വാസത്തിന്‍റേയോ അവിശ്വാസത്തിന്‍റേയോ മറ്റേത് കണ്ണില്‍ കൂടിയോ നോക്കിയാല്‍ പരുക്കന്‍ നിലത്ത് വിരലുകള്‍ കൊണ്ട് തീര്‍ക്കുന്ന ഈ വര്‍ണ്ണവിസ്മയം അത്ഭുതകരം എന്നേ പറയാനാകൂ.
------------------------------------------------------------------
വാല്‍ക്കഷ്ണം-
തുച്ഛമായ ചില കളമെഴുത്തുകള്‍ കണ്ടും,കേട്ടറിഞ്ഞും ഉള്ള പരിമിതമായ അറിവിന്‍റെ ബലത്തില്‍ മാത്രമുള്ള ലേഖനം.
കൂടുതല്‍ വിശദീകരണങ്ങള്‍,തിരുത്തുകള്‍ എല്ലാം സ്വാഗതം ചെയ്യുന്നു.
കളമെഴുത്തും പാട്ടും എന്ന ക്ഷേത്ര അനുഷ്ഠാനത്തിലെ കളമെഴുത്തിനെ മാത്രം കേന്ദ്രീകരിച്ചത്.
--------------------------------------------------------------------
റെഫറന്‍സ് -
http://keralaperuma.blogspot.in/…/kalamezhuthu-kerala-touri…
Keralaculture.org
ചിതങ്ങള്‍ക്ക് കടപ്പാട് - sources from google