ടൈം വാർണർ ഗ്രൂപ്പിന്റെ ചില സൈക്കിക് ബുക്കുകൾ വർഷങ്ങൾക്കുമുമ്പ് ഞാൻ വായിച്ചിരുന്നു. അസാധാരണമായ മാനസിക ശക്തിയുള്ളവരെ കുറിച്ച് അതിൽ പ്രതിപാദിച്ചിരുന്നു.
മാടം ബ്ലാവ്ടോസ്കി, ഇന്ത്യക്കാരനായ ഖുദാ ഫ്ലക്സ് ( പേര് ഇങ്ങിനെതന്നെയാണോ എന്ന് സംശയമുണ്ട്. ഓർമ്മ വച്ച് എഴുതുന്നതാണ്.) , പിന്നെയൊരു പോളീഷ് യഹൂദൻ അങ്ങനെ പലരുടെ കാര്യവും അതിലുണ്ടായിരുന്നു. വിശ്വസിക്കാൻ സാധിക്കാത്ത കാര്യങ്ങളാണ് അതിലുണ്ടായിരുന്നത്. ആ പോളീഷ് യഹൂദന്റെ കാര്യം പറഞ്ഞാൽ ആരും വിശ്വസിക്കുമായിരുന്നില്ല. പഴയ ഊഹം വച്ച് ഒന്നോടെ നെറ്റിൽ തപ്പി നോക്കിയപ്പോൾ പഹയന്റെ പേര് എനിക്ക് കിട്ടി. അയാളുടെ പേരാണ് വുൾഫ് മെസ്സിംഗ്. സൈക്കിക് വോയേജസ് എന്ന പുസ്തകത്തിൽ പറഞ്ഞിരുന്ന അത്രയും കാര്യങ്ങൾ നെറ്റിൽ നിന്നും കിട്ടിയില്ല. കിട്ടിയ കാര്യങ്ങൾ എഴുതാം. ഹിറ്റ്ലർ ഭയപ്പെട്ടിരുന്ന, സ്റ്റാലിനും ലാവെന്റി ബെറിയയും വാക്കുകൾക്ക് മുഖവില കൊടുത്തിരുന്ന ഒരു സൈക്കിക് ആയിരുന്നു വുൾഫ് മെസ്സിംഗ്!.
1899 സെപ്റ്റംബർ 10 നു റഷ്യൻ സാമ്രാജ്യത്തിനു കീഴിലുള്ള വാഴ്സാക്ക് സമീപമുള്ള ഒരു ചെറിയ സ്ഥലത്തായിരുന്നു വുൾഫിന്റെ ജനനം. വുൾഫിന്റെ മാതാപിതാക്കൾക്ക് ചെക്കനെ ഒരു റാബി ( പുരോഹിതൻ ) ആക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ വുൾഫിനു അതിനോട് താത്പര്യം ഉണ്ടായിരുന്നില്ല. തന്റെ ദൌത്യം മറ്റെന്തിനോ ആണെന്ന് വുൾഫ് വിശ്വസിച്ചു. അവൻ രക്ഷപെടാൻ തീരുമാനിച്ചു. ആദ്യം കാണുന്ന ഏത് ട്രെയിനും കയറി നാടുവിടാനായിരുന്നു വുൾഫിന്റെ ഉദ്ദേശം. ആദ്യം കണ്ട ട്രെയിനിൽ വുൾഫ് കയറിപറ്റി. ടിക്കറ്റിനുള്ള പൈസ ഇല്ലാതിരുന്നതു കാരണം പരിശോധകനിൽ നിന്ന് രക്ഷപെടാൻ വുൾഫ് ബെഞ്ചിനടിയിൽ കയറിപറ്റി. എന്നാൽ പരിശോധകൻ വുൾഫിനെ കണ്ടെത്തി. വുൾഫിനെ പുറത്തേക്ക് വലിച്ച് ചാടിച്ച് കോളറിനു പിടിച്ച് പൊക്കി ടിക്കറ്റ് ചോദിച്ചു. വുൾഫ് ഒട്ടും മടിക്കാതെ പഴയ ഒരു പത്രത്തിന്റെ കഷണം എടുത്തു കൊടുത്തു!. പരിശോധകൻ പത്രത്തിൽ പഞ്ച് ചെയ്തു പറഞ്ഞു " നീയൊരസാധാരണക്കാരനാണെന്നു അറിയുക, നിന്റെ കൈയ്യിൽ ടിക്കറ്റ് ഉണ്ടായിട്ടും എന്തിനാണ് നീ ഒളിച്ചത്!? ". ആ നിമിക്ഷത്തിൽ വുൾഫിനു മനസ്സിലായി തനിക്ക് മറ്റുള്ളവരുടെ മേൽ ഒരു മാനസിക നിയന്ത്രണ മുണ്ടെന്ന്. അവരുടെ സ്വഭാവത്തെ നിയന്ത്രിക്കാമെന്ന്.
ആ ട്രെയിനിൽ വുൾഫ് ബെർലിൽനിൽ എത്തി. ആദ്യകാലത്ത് പാത്രം കഴുകിയും ഷൂ പോളീഷ് ചെയ്തും വളരെ ദാരിദ്ര്യത്തിൽ ആണ് വുൾഫ് കഴിഞ്ഞത്. പിന്നീട് ഒരു സർക്കസ് കമ്പനിയിൽ വുൾഫ് ജോലിക്കാരനായി. അവിടെ വുൾഫ് പെട്ടന്ന് പ്രശസ്തനായി. ഭാവി കാര്യങ്ങൾ പറയുക, മറ്റുള്ളവരുടെ മനസ്സ് വായിക്കുക, ഒളിപ്പിച്ചു വച്ച സാധനങ്ങൾ കണ്ടെത്തുക എന്നിവയായിരുന്നു വുൾഫിന്റെ പണികൾ. ട്രിക്ക് ഉപയോഗിച്ചോ , മറ്റുള്ളവരുടെ സഹായം കൊണ്ടോ ആയിരുന്നില്ല വുൾഫ് ഇതെല്ലാം ചെയ്തത്. ഒരു അതീന്ത്രിയ ജ്ഞാനം വുൾഫിനു ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.
ഒരിക്കൽ ആ സർക്കസ് കമ്പനിയുടെ യാത്ര വിയന്നയിൽ അവസാനിച്ചു. അവിടെ വുൾഫിനെ കാത്ത് രണ്ട് കില്ലാടിയോം ക കില്ലാടികൾ നില്ക്കുന്നുണ്ടായിരുന്നു. മറ്റാരുമായിരുന്നില്ല അവർ, സാക്ഷാൽ സിഗ്മണ്ട് ഫ്രോയിടും ആൽബെർട്ട് ഐൻസ്റ്റീനും!. അവർ ചില പരീക്ഷണങ്ങൾക്കായി വുൾഫിനെ സമീപിച്ചതായിരുന്നു!. വുൾഫ് ഫ്രോയിടിനോട് പറഞ്ഞു " നിങ്ങളൊന്നു ആഗ്രഹിക്കുക...പക്ഷെ നിങ്ങളുടെ ആഗ്രഹം എന്റെ നിയന്ത്രണത്തിലായിരിക്കും!" പിന്നീട് വുൾഫ് ഐൻസ്റ്റീനു നേരെ നീങ്ങി ഐൻസ്റ്റീന്റെ മൂന്നു മീശ രോമങ്ങൾ പിഴുതെടുത്തു!. പിന്നീട് ഫ്രോയിടിനു നേരെ തിരിഞ്ഞ് ഇതായിരുന്നോ നിങ്ങൾ ആഗ്രഹിച്ചത് എന്ന് ചോദിച്ചു!. അതിനു ഫ്രോയിഡിന്റെ മറുപടി "അതെ" എന്നായിരുന്നു!.
വുൾഫ് തുടർച്ചയായി യാത്രകൾ ഇഷ്ടപ്പെട്ട ആളായിരുന്നു. വുൾഫിന്റെ പരീക്ഷണങ്ങൾ വ്യത്യസ്ത മേഖലയിലുള്ള പലരെയും ആകർഷിച്ചിരുന്നു. വുൾഫിനെ സന്ദർശിച്ച ചിലരിൽ മഹാത്മാ ഗാന്ധിയും മർലിൻ മൻറോയും പോളീഷ് പ്രസിഡണ്ട് പിലുട്സ്കിയും ഉൾപ്പെട്ടിരുന്നു!.
ഹിറ്റ്ലർ അധികാര ശക്തിയായി മാറിയപ്പോൾ വുൾഫ് പോളണ്ടിലേക്ക് തിരിച്ചുപോയി. അവിടെ വാഴ്സോയിലെ ഒരു തിയറ്ററിൽ തന്റെ പ്രശസ്തമായ ഒരു പ്രവചനം വുൾഫ് നടത്തി "ഹിറ്റ്ലർ കിഴക്കിനെതിരെ യായി യുദ്ധത്തിനു നീങ്ങുകയാണെങ്കിൽ അയാളുടെ മരണം അയാളെ കാത്തിരിക്കുകയാണ്!". വുൾഫിന്റെ പ്രവചനം അറിഞ്ഞ ഹിറ്റ്ലറിൽ വെറുപ്പ് ആളിക്കത്തി. ഹിറ്റ്ലർ വുൾഫിന്റെ തലക്ക് 200000 റീച് മാർക്ക് വിലയിട്ടു!. ആ വേട്ട ആരംഭിച്ചു. നാസികൾ വാഴ്സോ പിടിച്ചടക്കിയപ്പോൾ വുൾഫിനെ ജർമ്മൻ രഹസ്യപ്പോലീസായ ഗസ്റ്റപ്പോ അറസ്റ്റ് ചെയ്തു.
സ്ട്രീറ്റ് പട്രോൾ വുൾഫിനെ തടഞ്ഞു. " നിങ്ങൾ ആരാണ് "
"ഞാനൊരു ആർടിസ്റ്റ് ആണ്"
“നിങ്ങൾ കള്ളം പറയുകയാണ്..നിങ്ങൾ വുൾഫ് മെസ്സിംഗ് ആണ്. നമുക്കാ ജൂയിഷ് മാന്ത്രികനോട് ഹലോ പറയാം. നിങ്ങൾക്ക് വേണ്ടി അവർ ബെർലിനിൽ കാത്തിരിക്കുകയാണ്”.
പിന്നീട് വുൾഫിന്റെ മുഖത്തിന് പട്രോൾ പാർട്ടി ഒരു വീക്ക് കൊടുത്തു. ബോധം മറഞ്ഞു വുൾഫ് എഴുന്നേറ്റപ്പോൾ സ്റ്റേഷനിൽ എത്തിയിരുന്നു!. പക്ഷെ വുൾഫിന്റെ കൂടെ അസാധാരണമായ ആ മനശക്തി അപ്പോഴും ഉണ്ടായിരുന്നു. വുൾഫ് പട്രോൾ പാർട്ടിയോട് സെല്ലിലേക്ക് നീങ്ങാൻ നിർദ്ദേശിച്ചു. അവർ അനുസരണയുള്ള കുഞ്ഞാടുകളെപ്പോലെ എന്താണ് ചെയ്യുന്നതെന്നറിയാതെ സെല്ലിനുള്ളിലെക്ക് നീങ്ങി. അവരെ സെല്ലിലിട്ടു പൂട്ടി വുൾഫ് സോവിയറ്റ് അതിർത്തിയിലേക്ക് ഓടി രക്ഷപെട്ടു. സ്റ്റാലിൻ ഒരു പ്രൈവറ്റ് ജറ്റ് വിമാനം അയച്ച് വുൾഫിനെ ക്രെംലിനിൽ എത്തിക്കാൻ ഉത്തരവിട്ടു!. വുൾഫിനെ NKVD (Narodnyy Komissariat Vnutrennikh Del) was a law enforcement agency of the Soviet Union ) ഉദ്ധ്യോഗസ്ഥർ യൂണിഫോമിൽ അനുധാവനം ചെയ്തു!.
പിന്നീടൊരിക്കൽ സ്റ്റാലിൻ പറഞ്ഞു " നിങ്ങൾക്ക് എന്താണ് ചെയ്യാൻ പറ്റുന്നതെന്ന് വച്ചാൽ ചെയ്യുക. നാളെ എന്നെ എന്റെ പുറത്തുള്ള വീട്ടിൽ സന്ദർശിക്കുക. എന്നാൽ നിങ്ങൾക്ക് പുറത്തേക്ക് പോകാനുള്ള അനുമതിയില്ലായിരിക്കും!".
എന്നാൽ എല്ലാ സെക്യൂരിറ്റികളും കടന്നു വുൾഫ് സ്റ്റാലിന്റെ വീട്ടിലെത്തി. അയാള് ഗാർഡുകളോട് ബെറിയയുടെ സ്റ്റേറ്റ് സെക്യൂരിറ്റിയുടെ കമ്മീഷണർ ജനറൽ ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങനെ എല്ലാ വാതിലുകളും കടന്നു സ്റ്റാലിന്റെ വീട്ടിലെത്തി. പിന്നെയും സ്റ്റാലിൻ വുൾഫിനെ പരീക്ഷിച്ചു. സ്റ്റേറ്റ് ബാങ്കിൽ നിന്ന് ഒരു രേഖയുടെ സഹായമില്ലാതെ ഒരു ലക്ഷം റൂബിൾ എടുത്തുകൊണ്ടുവരാൻ കല്പ്പിച്ചു!. വുൾഫ് സ്റ്റേറ്റ് ബാങ്കിൽ പോയി കാഷ്യറെ ഒന്നും എഴുതാത്ത ഒരു പേപ്പർ കാണിച്ചു. ഒരു ലക്ഷം റൂബിൾ ആവശ്യപ്പെട്ടു. കാഷ്യർ വുൾഫ് പറഞ്ഞത് അംഗീകരിച്ച് ഒരു ലക്ഷം റൂബിൾ കൊടുത്തു. വുൾഫ് പണവുമായി ക്രെംലിനിൽ തിരിച്ചെത്തി!.
വുൾഫ് തന്റെ പ്രവചനങ്ങൾ നിർത്തിയിരുന്നില്ല. യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയെ കുറിച്ചും ബെർലിനിലേക്ക് സോവിയറ്റ് ടാങ്കുകൾ പ്രവേശിക്കുന്നതിനെ കുറിച്ചും വുൾഫ് പറഞ്ഞു.
വുഫ് മെസ്സിങ്ങും സ്റ്റാലിനും തമ്മിൽ കുഴപ്പം പിടിച്ച ഒരു ബന്ധമാണ് ഉണ്ടായിരുന്നത്. സ്റ്റാലിനു ഒരു കോർട്ട് മജീഷ്യന്റെ ആവശ്യം ഉണ്ടായിരുന്നില്ല. മെസ്സിങ്ങിനു മനസ് വായിക്കാനുള്ള കഴിവുണ്ടെന്ന് സ്റ്റാലിൻ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്റെ ചിന്തകളെ മറ്റുള്ളവരിൽ നിന്നും മറച്ചു സൂക്ഷിച്ചു.
എന്നിരുന്നാലും വുൾഫ് മെസ്സിങ്ങിനു സ്റ്റാലിനിൽ ഒരു സ്വാധീനം ഉണ്ടായിരുന്നു എന്നും, സ്റ്റാലിൻ മെസ്സിങ്ങിനെ ഭയപ്പെട്ടിരുന്നു എന്നും പറയപ്പെടുന്നു.
1953 ൽ സ്റ്റാലിൻ ചോദിച്ചു "ഭാവിയെ പറ്റി നിങ്ങൾക്ക് പ്രവചിക്കാൻ കഴിയുമെന്നു പറയുന്നത് ശരിയാണല്ലേ? കൊള്ളാം, എന്നാണു നിങ്ങൾ മരിക്കാൻ പോകുന്നതെന്ന് അറിയാമോ?
"നിങ്ങൾക്ക് ശേഷം കോമ്രേഡ് സ്റ്റാലിൻ" വുൾഫ് മറുപടി കൊടുത്തു.
അത് അർത്ഥമാക്കുന്നത് ഞാൻ എന്ന് മരിക്കും എന്ന് നിങ്ങൾക്ക് അറിയാമല്ലേ? സ്റ്റാലിൻ ചോദിച്ചു.
"എത്രയും പെട്ടന്ന്" വുൾഫ് മറുപടി കൊടുത്തു.
ഭയാനകമായ ആ പ്രവചനം കേട്ട് മുഖം വലിഞ്ഞു മുറുകി കണ്ണുകൾ ഉരുണ്ടുകയറി കാർപെറ്റിലേക്ക് സ്റ്റാലിൻ കുഴഞ്ഞ് വീണു.
പിന്നീടൊരിക്കൽ വീട്ടിൽ നിന്നും ഒരു ഓപെറെഷനായി കൊണ്ടുപോകാൻ നേരം തന്റെ പോർട്രെയിറ്റിലേക്ക് നോക്കി വുൾഫ് പറഞ്ഞു "എല്ലാം കഴിഞ്ഞിരിക്കുന്നു, വുൾഫ്. ഇനി ഈ സ്ഥലം നിങ്ങൾ വീണ്ടും കാണുകയില്ല!"
മെസ്സിംഗ് മരിച്ചെങ്കിലും ഇന്നും അയാളെ പറ്റിയുള്ള ധുരൂഹതകൾക്ക് ഒരവസാനവുമില്ല. ചിലര് പറയുന്നു, മെസ്സിങ്ങിനെ കുറിച്ചുള്ള ക്ലാസ്സിഫൈഡ് ഡോക്കുമെന്റുകൾ ഇന്നും KGB ആർക്കൈവ്സിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ടെന്ന്.