A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നഷ്ടപൈതൃകവുമായി കിഴക്കിന്‍റെ വെനീസ്.


'ഉറങ്ങാത്ത നഗരം' അങ്ങനെയൊരു അപരനാമം ഉണ്ടായിരുന്ന ഒരു പട്ടണം ഉണ്ടായിരുന്നു നമ്മുടെ കൊച്ചുകേരളത്തില്‍..
ഭാരതത്തിലെ മറ്റേതു പട്ടണത്തിലേക്കാളും മികച്ച ജീവിതനിലവാരം പുലര്‍ത്തിയിരുന്ന നാട്..
പമ്പയും അച്ചന്‍കോവിലാറും മണിമലയാറും മീനച്ചിലാറുംപോഷകനദികളും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ പട്ടണം കേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു.
പട്ടണവും തുറമുഖവും മികച്ച ആസൂത്രണത്തോടെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിച്ച ഈ നഗരത്തിലേക്ക് പതിനെട്ടാം നൂറ്റാണ്ടില്‍ വ്യാപാരത്തിനായി ഇംഗ്ളണ്ട്,ഓസ്ട്രേലിയ,ജപ്പാന്‍,സ്പെയിന്‍,ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നും,ഭാരതത്തിലെ നാട്ടുരാജ്യങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തുന്ന സ്ഥിതിയായിരുന്നു.
നദികളിലൂടെ കിഴക്കന്‍ മലനിരകളില്‍ നിന്നും വാണിജ്യവസ്തുക്കള്‍ കയറ്റിയ കേവ് വള്ളങ്ങള്‍ തുറമുഖത്തേക്ക് അനസ്യൂതം ഒഴുകി..
ബറോക്,വെനീഷ്യന്‍,ഗോഥിക്,യൂറോപ്യന്‍,ഇസ്ലാമിക്,കേരളാ ശൈലികളില്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു തുടങ്ങി.
തുറമുഖം കപ്പലുകളുടെ വരത്തു പോക്കിനാല്‍ സദാ സജീവമായി..
ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയും പുഷ്ടിപ്പെട്ടു..പട്ടണത്തിന്‍റെ പ്രസിദ്ധിയും പാശ്ചാത്യനാടുകളിലേക്കെത്തി..
രാവുകള്‍ പകലുകളായ ദിനങ്ങള്‍..
കപ്പലുകളിലേറി കടലുകള്‍ താണ്ടി ഈ പട്ടത്തിലെത്തി മടങ്ങിയവരെല്ലാം സ്വന്തം നാടുകളില്‍ പട്ടണത്തെ വാഴ്ത്തിപ്പാടി..
അക്കാലങ്ങളില്‍ പാശ്ചാത്യനാട്ടിലെ പ്രശസ്തമായ വ്യാപാരകേന്ദ്രമായിരുന്ന വെനീസിന്‍റെ പേര് ചൊല്ലി വിളിച്ചു പാശ്ചാത്യര്‍ ഈ പട്ടണത്തെ..
കാലങ്ങള്‍ പലത് കടന്നു പോയി..ഒപ്പം ചില ഗതിവിഗതികളും..
രണ്ടാം ലോകമഹായുദ്ധം അതിന്‍റെ കര്‍ട്ടന്‍ താഴ്ത്തി സലാം പറഞ്ഞു,കേരളത്തില്‍ റെയില്‍വേ ലൈനുകളും റോഡുകളും എത്തിയതോടെ സഞ്ചാരവും ചരക്ക് നീക്കവും സുഗമമായി തുടങ്ങി,കൊച്ചി തുറമുഖവും പ്രവര്‍ത്തനമാരംഭിച്ചു.ഇതോടെ പ്രസ്തുത പട്ടണം ഒരു അനാഥയെ പോലെയായി.
പഴയ പ്രതാപം നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും 1989 ആയപ്പോഴേക്കും അവസാന കപ്പലും പട്ടണത്തോട് വിട പറഞ്ഞതോടെ പ്രതാപങ്ങള്‍ ശോഷിച്ചു.
പഴയ നല്ല നാളുകളുടെ സുവനീറായി ഇന്ന് രണ്ട് കാര്യങ്ങള്‍ ഇവിടെ അവശേഷിക്കുന്നുണ്ട്..മണല്‍ കയറി മൂടിക്കൊണ്ടിരിക്കുന്ന കടലിലേക്ക് നീണ്ട കടല്‍പ്പാലവും, ''കിഴക്കിന്‍റെ വെനീസ് '' എന്ന അപരനാമവും !!
____________________________________________
വാല്‍ക്കഷ്ണം:-
ഇത് ചുരുളഴിയാത്ത സംഗതിയോ ചരിത്രമോ പറയുവാന്‍ ഉദ്ദേശിച്ചുള്ളതല്ല..ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം.ഓര്‍മ്മകള്‍ നമ്മെ മറ്റു ചില ഓര്‍മ്മകളിലേക്ക് നയിക്കും..
-Murali Krishnan.M
--------------------------------------------------------------------
Stimulus:- പി.സി.അഭിലാഷ്,കിഴക്കിന്‍റെ വെനീസിലേക്ക്-ലേഖനം
Dated: 16/12/2017
ചിത്രം: പഴയ തുറമുഖ കാര്യാലയം
Pic.courtsy: flickr