A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ശിവന്റെ പ്രകൃതം


ലോകത്തിന്റെ അധികം ഭാഗത്തും ദൈവീകം എന്നാൽ നല്ലത് എന്നാണ് കരുതി പോരുന്നത്. എന്നാൽ ശിവ പുരാണം വായിച്ചു നോക്കിയാൽ ശിവൻ നല്ല ആളാണോ ചീത്ത ആളാണോ എന്ന് നിശ്ചയിക്കുവാൻ കഴിയുകയില്ല. അദ്ദേഹം സുന്ദരമൂർത്തിയാണ് ഏറ്റവും സൗന്ദര്യമുള്ളവൻ. അതേസമയം ശിവനേക്കാൾ ഭീകരമാകാൻ ആർക്കും കഴിയുകയില്ല. ഏറ്റവും മോശമായ വിവരണങ്ങളാണ് അദ്ദേഹത്തെ കുറിച്ച് കൊടുത്തിട്ടുള്ളത്. ശിവൻ അമേധ്യം ദേഹത്ത് പുരട്ടി നടക്കുന്നതായ വിവരണങ്ങളുണ്ട്.
ഒരു മനുഷ്യന് കടന്നു പോകേണ്ടി വരുന്ന എല്ലാ അവസ്ഥകളിൽ കൂടിയും അദ്ദേഹം കടന്നു പോയി. ജീവിതത്തിൽ ഉണ്ടാകാവുന്ന എല്ലാ ഗുണങ്ങളുടെയും ഒരു മിശ്രണം ഒരാളിൽ നൽകിയിരിക്കുകയാണ്. എന്തെന്നാൽ ഈ ഒരാളെ നിങ്ങൾ സ്വീകരിക്കുകയാണെങ്കിൽ, നിങ്ങൾ ജീവിതം തന്നെ തരണം ചെയ്തു എന്നാണർത്ഥം. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുർഘടം നാം ഇപ്പോഴും സുന്ദരമായതിനെയും അല്ലാത്തതിനെയും, നല്ലതിനെയും അല്ലാത്തതിനെയും വേർതിരിച്ചെടുക്കുവാൻ ശ്രമിക്കുന്നു എന്നതാണ്. പക്ഷെ നിങ്ങൾക്ക് ഇദ്ദേഹത്തെ സ്വീകരിക്കുവാൻ കഴിഞ്ഞാൽ ഈ പ്രശ്നം ഉണ്ടാകുകയില്ല; എന്തെന്നാൽ ഇദ്ദേഹം എല്ലാഗുണങ്ങളുടെയും ഒരു സമ്മിശ്രണമാണ്, എല്ലാം ഉൾകൊള്ളുന്ന ജീവിതം.
അദ്ദേഹം ഏറ്റവും സുന്ദരനാണ്; പക്ഷെ ഏറ്റവും വിരൂപനുമാണ്. അദ്ദേഹം വലിയ സന്യാസിയാണ് പക്ഷെ ഗൃഹസ്ഥനുമാണ്. ഏറ്റവും അച്ചടക്കമുള്ളവനായിരിക്കുമ്പോഴും മദ്യപാനിയും ലഹരിപദാർഥങ്ങൾക്ക് അടിമയുമാണ്. അദ്ദേഹം നർത്തകനാണ് എന്നാൽ അത്യന്തം നിശ്ചലനുമാണ്. ദേവന്മാർ, രാക്ഷസന്മാർ, എന്ന് തുടങ്ങി ലോകത്തിലെ എല്ലാ തരം ജീവികളും അദ്ദേഹത്തെ ആരാധിക്കും. സംസ്കാര സമ്പന്നർ എന്ന് വിളിക്കുന്നവർ ഇത്തരം അസ്വീകാര്യമായ കഥകൾ സൗകര്യപൂർവം ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്; പക്ഷെ അവിടെയാണ് ശിവന്റെ സാരം നിൽക്കുന്നത്. അദ്ദേഹത്തിന് ഒന്നും വെറുക്കപ്പെടേണ്ടതായിട്ടില്ല.
അഘോരി ആയിരുന്നപ്പോൾ സാധന ചെയ്യുവാൻ അദ്ദേഹം ഒരു മൃതദേഹത്തിലാണ് ഇരുന്നത്. ഘോര എന്നാൽ ഭീകരം എന്നർത്ഥം, അഘോരി എന്നാൽ ഭീകരതയ്ക്കും അപ്പുറമുള്ളത്. ഭീകരമായത് അദ്ദേഹത്തെ സ്പർശിക്കുന്നില്ല. ഒന്നും തന്നെ അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നില്ല. അദ്ദേഹം എല്ലാത്തിനെയും ഉൾകൊള്ളുന്നവനാണ്. ഇത് നിങ്ങൾ വിചാരിക്കുവാൻ ഇഷ്ടപ്പെടുന്നത് പോലെ ദയ കൊണ്ടോ അത്തരമേതെങ്കിലും വികാരംകൊണ്ടോ അല്ല. അദ്ദേഹം ജീവിതം പോലെ തന്നെ ആയതുകൊണ്ടാണ്. ജീവിതം സ്വാഭാവികമായും എല്ലാം ഉൾക്കൊള്ളുന്നതാണ്. നമുക്ക് ആരെ ഉൾകൊള്ളാൻ പറ്റും, ആരെ ഉൾകൊള്ളാൻ പറ്റുകയില്ല എന്നത് മാനസീകമായ പ്രശ്നമാണ്; ജീവിതത്തിന്റെ പ്രശ്നമല്ല.
നിങ്ങളുടെ ശത്രു നിങ്ങളുടെ അടുത്തു ഇരിക്കുന്നുണ്ടെങ്കിലും നിങ്ങളിലെ ജീവന് പ്രശ്നമൊന്നുമില്ല. നിങ്ങളുടെ ശത്രു ശ്വാസോഛ്വാസത്തിലൂടെ പുറത്തു വിടുന്ന വായു നിങ്ങൾ ഉള്ളിലേക്കെടുക്കുന്നുണ്ട്. നിങ്ങളുടെ സുഹൃത്തിന്റെ ഉഛ്വാസ വായു നിങ്ങളുടെ ശത്രുവിന്റേതിനേക്കാൾ മെച്ചമല്ല. പ്രശ്നം മനസ്സിൽ മാത്രമാണ്. ജീവിത പ്രകാരം പ്രശ്നമൊന്നുമില്ല.
ഒരു അഘോരി സ്നേഹത്തിന്റെ നിലയിലല്ല നിൽക്കുന്നത്. ലോകത്തിന്റെ ഈ ഭാഗത്തുള്ള ആദ്ധ്യാത്മിക പഠനങ്ങളിൽ സ്നേഹത്തെയോ, ദയയെയോ, കരുണയെയോ കുറിച്ച് പഠിപ്പിക്കുന്നില്ല. ഇവയൊന്നും ആദ്ധ്യാത്മിക കാര്യങ്ങളാണെന്ന് പോലും കരുതുന്നില്ല. അവ സാമൂഹിക കാര്യങ്ങളാണ്. ദയയോടെ പെരുമാറുകയും, ചുറ്റുമുള്ളവരോട് പുഞ്ചിരിയോടെ ഇടപഴകുകയും ചെയ്യുന്നത് കുടുംബപരവും, സാമൂഹികവുമായ സംഗതികളാണ്. മനുഷ്യന് അത്രയെങ്കിലും വിവരം ഉണ്ടായിരിക്കണം; അതുകൊണ്ട് ഇത് ആരെയും പഠിപ്പിക്കേണ്ടതല്ല.
അഘോരി ജീവിതവുമായി അടുത്തിരിക്കുകയാണ് - സ്നേഹം മൂലമല്ല - അയാൾ അത്രക്കും ഉപരിപ്ലവമായി പെരുമാറുകയില്ല - അയാൾ ജീവിതത്തെ കൂട്ടി പിടിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണവും അമേധ്യവും അയാൾക്ക് ഒരു പോലെയാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒരു പോലെയാണ്. സമ്പൂർണ്ണ ജീവിതത്തെ സ്വീകരിക്കേണ്ടത് കൊണ്ട് അയാൾ ആരോഗ്യത്തോടെ ഇരിക്കുന്ന ശരീരത്തെയും ദ്രവിച്ചു കൊണ്ടിരിക്കുന്ന ശരീരത്തെയും അയാൾ ഒരു പോലെയാണ് കാണുന്നത്. തന്റെ മാനസീക ചര്യകളിൽ കുടുങ്ങിപോകുകയും, അത് വഴി സൃഷ്ടിയുടെ മഹത്വത്തിന്റെ അനുഭവം നഷ്ടപ്പെടുത്തുകയും ചെയ്യുവാൻ അയാൾ തയ്യാറല്ല.
തൃക്കണ്ണ് തുറക്കൽ
ശിവനെ ത്രയംബകൻ എന്ന് വിളിക്കുന്നത് അദ്ദേഹത്തിന് മൂന്നാമതൊരു കണ്ണ് കൂടി ഉള്ളതുകൊണ്ടാണ്. ഈ മൂന്നാം കണ്ണ് നെറ്റി പൊട്ടി പുറത്തു വന്ന ഒന്നല്ല. അറിവിന്റെ വേറെ ഒരു തലം തുറന്നു എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. രണ്ട് കണ്ണുകൾ കൊണ്ട് ഭൗതികമായതിനെ മാത്രമേ കാണുവാൻ കഴിയുകയുള്ളു. കൈയ്കൊണ്ട് അവയെ മറച്ചാൽ അതിനപ്പുറം അവയ്ക്ക് കാണുവാൻ കഴിയുകയില്ല. അവ അത്രക്കും പരിമിതങ്ങളാണ്. മൂന്നാം കണ്ണ് തുറന്നു എന്ന് പറഞ്ഞാൽ ഉള്ളിലേക്ക് നോക്കാവുന്ന ഒരു പുതിയ അറിവിന്റെ തലം തുറന്നു എന്നും കാണാനുള്ളതെല്ലാം കാണുവാൻ സാധിക്കുമെന്നും ആണ് അർത്ഥമാക്കുന്നത്.
നിങ്ങളുടെ കാഴ്ച വളരുകയും വികസിക്കുകയും ചെയ്യണമെങ്കിൽ നിങ്ങളുടെ ഊർജ്ജവും വളരുകയും വികസിക്കുകയും വേണം എന്നത് അത്യന്താപേക്ഷിതമാണ്. യോഗയുടെ ഉദ്ദേശം നിങ്ങളുടെ ഊർജത്തിന്റെ വളർച്ചയും വികാസവും ഉറപ്പാക്കി നിങ്ങളുടെ ഗ്രഹണശക്തി മെച്ചപ്പെടുത്തി മൂന്നാം കണ്ണ് തുറപ്പിക്കുക എന്നതാണ്. മൂന്നാമത്തെ കണ്ണ് വീക്ഷണത്തിന്റെ കണ്ണാണ്. ശരീരത്തിലുള്ള രണ്ട് കണ്ണുകൾ ഇന്ദ്രിയങ്ങൾ മാത്രമാണ്. അവ നിങ്ങളുടെ മനസ്സിൽ അനേകം അബദ്ധധാരണകൾ നിറയ്ക്കും, എന്തെന്നാൽ നിങ്ങൾ കാണുന്നതെല്ലാം സത്യമല്ല. നിങ്ങൾ ഒരാളെ കാണുന്നു അയാളെ കുറിച്ച് എന്തെങ്കിലും ധരിക്കുന്നു എന്നാൽ അയാളിലുള്ള ശിവനെ നിങ്ങൾക്ക് കാണുവാൻ സാധിക്കുകയില്ല.
നിങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിധത്തിലാണ് നിങ്ങൾ കാര്യങ്ങൾ കാണുന്നത്. മറ്റൊരു ജീവി അതിനു നിലനിൽക്കുവാൻ വേണ്ട വിധത്തിൽ ആയിരിക്കും കാര്യങ്ങൾ കാണുന്നത്. അതിനാലാണ് നാം ഈ ലോകം മായ ആണെന്ന് പറയുന്നത്. മായ എന്നാൽ അത് വാസ്തവികമല്ല എന്നർത്ഥം. ജീവിതം മിഥ്യയാണ് എന്നല്ല പറയുന്നത്. നിങ്ങൾ അതിനെ കാണുന്ന വിധം മിഥ്യയാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് കൂടുതൽ ഗ്രാഹ്യശക്തിയുള്ള മറ്റൊരു കണ്ണ് തുറക്കണം. മൂന്നാം കണ്ണ് കാണിക്കുന്നത് നിങ്ങളുടെ കാഴ്ചപാട് ജീവിതത്തിലെ ദ്വൈതങ്ങൾക്കപ്പുറം കടന്നു എന്നാണ്.
ജീവിതത്തെ അതിന്റെ തനതായ രൂപത്തിൽ നിങ്ങൾ കാണുന്നു; നിങ്ങളുടെ നിലനിൽപിന് ആവശ്യമായ വിധത്തിൽ മാത്രമല്ല. ശിവ എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ആത്യന്തികമായ കാഴ്ചപ്പാടിന്റെ മൂർത്തിമത് ഭാവമാണ്. ഇതിനു മതവുമായി ബന്ധമില്ല. ഇന്ന് ലോകം മതങ്ങളുടെ പേരിലാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ എന്ത് പറഞ്ഞാലും നിങ്ങൾ ഒരു പാർട്ടിയിൽ ആണെന്ന് കണക്കാക്കും. ഇത് മതമല്ല ആന്തരികമായ പരിണാമത്തിന്റെ ശാസ്ത്രമാണ്. നിങ്ങൾ ശിവനെ ആരാധിക്കേണ്ട. ഞാൻ അത് ചെയ്യുന്നില്ല. ഞാൻ എല്ലാത്തിനെയും ഭക്തിപൂർവം ആണ് കാണുന്നത്; എന്നാൽ ഞാൻ ജീവിതത്തിൽ ഒരിക്കൽപോലും ഒരു പ്രാർത്ഥന ചൊല്ലിയിട്ടില്ല.
ഞാൻ ശിവ എന്ന് പറയുമ്പോൾ അത് എനിക്ക് എല്ലാമാണ്. ഞാൻ ശിവ എന്ന് ഉച്ചരിക്കുമ്പോൾ എനിക്ക് അറിയേണ്ടതെല്ലാം അതിലുണ്ട്. ഈ ഒരു വാക്കു മാത്രം വെച്ചുകൊണ്ട് ഞാൻ വേണ്ടത്ര നേരം ഇവിടെ ഇരിക്കുകയാണെങ്കിൽ ഈ ജീവിതം മുഴുവൻ എനിക്ക് അറിയുവാൻ സാധിക്കും. അതുകൊണ്ടാണ് എനിക്ക് ജീവിതത്തിൽകൂടി ഇത്രയും സുഗമമായി കടന്നു പോകുവാൻ സാധിക്കുന്നത് - ശിവ എന്ന ഒറ്റ വാക്കു കൊണ്ട് മാത്രം. അതിന്റെ ശക്തി നിങ്ങൾ അറിയണം. നിങ്ങളുടെ യുക്തിഭദ്രമായ മനസ്സിൽ ഒതുങ്ങി പോകരുത്. ഇത് അത്തരത്തിലുള്ള ഒരു വിഢിത്തമല്ല. ഇത് ആ വർഗ്ഗത്തിൽ പെടുന്നില്ല. നിങ്ങൾ ഇപ്പോൾ ഉള്ളതിൽ നിന്നുമുയർന്ന ഒരു തലത്തിൽ പോകലാണത്.
മനുഷ്യർക്ക് പരിമിതപ്പെടുത്തിവച്ചിട്ടുള്ള അതിർത്തികൾക്കപ്പുറം കടക്കലാണിത്. പ്രകൃതി ഒരുക്കിയിട്ടുള്ള നിയമങ്ങൾ അനുസരിക്കാതെ നടക്കുന്നവരാണ് നമ്മൾ. പ്രകൃതി മനുഷ്യർക്കായി ചില നിയമങ്ങൾ വച്ചിട്ടുണ്ട്. അവർ അതിനുള്ളിൽ നിൽക്കണം. ഭൗതിക ജീവിതത്തിന്റെ നിയമങ്ങൾ തകർക്കുന്നതാണ് ആത്മീയചര്യകൾ. ഈ അർത്ഥത്തിൽ നമ്മൾ നിയമ ഭ്രഷ്ടരാക്കപ്പെട്ടവരാണ് - ശിവനാണ് ഏറ്റവും വലിയ നിയമഭ്രഷ്ടൻ. നിങ്ങൾക്ക് ശിവനെ ഭജിക്കുവാൻ കഴിയുകയില്ല. പക്ഷെ അദ്ദേഹത്തിന്റെ സംഘത്തിൽ ചേരാം.!
സദ്ഗുരു
 #https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal 
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/