കപ്പലിൽ ചരക്കുകൾ കയറ്റികൊണ്ടുപോകാൻ തുടങ്ങിയ കാലം മുതലേ കടൽകൊള്ളക്കാരുടെ ചരിത്രവും തുടങ്ങുന്നു.ക്രൂരന്മാരും അത്യാഗ്രഹികളുമായ നിരവധി കടൽക്കൊള്ളക്കാരുടെ കഥകളുണ്ട്. ജോലി കടലിലായതു കൊണ്ട് ഇവരെല്ലാം മികച്ച നാവികന്മാരുമായിരുന്നു.പണ്ടത്തെ കടൽക്കൊള്ളക്കാരിൽ മിക്കവരെയും നാവികസേനയിൽനിന്ന് പിരിച്ചുവിട്ടതായിരുന്നു!
മറ്റു കപ്പലുകൾ കൊള്ളയടിച്ച് അളവറ്റ സമ്പത്ത് കൈക്കാക്കുക, വേണ്ടി വന്നാൽ ആ കപ്പലിലുള്ളവരെ കൊന്നുകളയുക.. ഇതൊക്കെയായിരുന്നു കടൽകൊള്ളക്കാരുടെ രീതി.ഭാഗ്യമുണ്ടെങ്കിൽ മഹാധനികനാകാൻ ഒരൊറ്റ കൊള്ള മതി!
ഇന്ത്യൻ മഹാസമുദ്രത്തിൽ കൊള്ള നടത്തിയിരുന്ന അമേരിക്കക്കാരൻ കടൽക്കൊള്ളക്കാരനായിരുന്നു തോമസ് റ്റ്യൂ 1693- ൽ ഒരു കൊള്ള നടത്തി. കൊള്ളയിൽ നിന്ന് ആ സംഘത്തിലെ ഓരൊ അംഗത്തിനും ലഭിച്ചത് 3000 പൗണ്ട് വീതമാണ്! ഇന്നത്തെ നിരക്കിൽ ലക്ഷക്കണക്കിന് രൂപ വരും ഇത്!
ജോൺ ടെയ്‌ലർ എന്ന കടൽക്കൊള്ളകാരൻ 1721ൽ നടത്തിയ ഒരു പോർച്ചുഗീസ് കപ്പൽ കൊള്ളയടിച്ചപ്പോൾ ഓരോ അംഗത്തിനും നാലായിരം പൗണ്ടും നാൽപ്പത്തിരണ്ട് രത്നങ്ങളും കിട്ടി!
17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹെന്റി അവേറി എന്ന കടൽകൊള്ളക്കാരന് ഒരിക്കൽ ഒരു അറബിക്കപ്പലിൽ നിന്ന് കിട്ടിയത് മൂന്നേകാൽ ലക്ഷം പൗണ്ട് വിലമതിക്കുന്ന സമ്പത്ത്. ആ കൊള്ളസംഘത്തിലെ ഓരൊരുത്തർക്കും 2000 പൗണ്ട് വീതം കിട്ടി. ഈ കൊള്ളയോടെ കടൽക്കൊള്ളയിൽ നിന്ന് വിരമിക്കാനും അയാൾ തീരുമാനിച്ചു.
പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ അടിമക്കച്ചവടത്തിന്ന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു.ആഫ്രിക്കയിൽ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന അടിമകളെ മറ്റു രാജ്യങ്ങളിൽ വൻ വിലയ്ക്ക് വിൽക്കുന്നത് അന്ന് പതിവായിരുന്നു.
കപ്പൽ കൊള്ളയടിക്കുന്ന കടൽകൊള്ളക്കാർ മിക്കപ്പോഴും ഈ അടിമകളെയും സ്വന്തമാക്കും.അങ്ങനെ അടിമകളെ വിറ്റുകിട്ടുന്ന ലാഭവും അവർക്കു സ്വന്തം! ഈ സാധ്യതകൾ തിരിച്ചറിഞ്ഞ പല കടൽക്കൊള്ളക്കാരും കടൽക്കൊള്ള നിർത്തി അടിമക്കച്ചവടത്തിലേക്ക് തിരിഞ്ഞിരുന്നു!
കടൽകൊള്ളക്കാരുടെ ഭീഷിണി ശക്തമായപ്പോൾ ചില രാജ്യങ്ങൾ തങ്ങളയക്കുന്ന ചരക്കുകപ്പലിൽ കൊള്ളക്കാരെ നേരിടാൻ സൈനികരെ ഏർപ്പെടുത്തിതുടങ്ങി.
എന്നാൽ പല രാജ്യങ്ങളും കടൽക്കൊള്ളയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.കപ്പൽഗതാഗതം വളരെ പ്രധാനമായിരുന്നു പണ്ടൊക്കെ. അതുകൊണ്ട് നാവികശക്തിയുള്ള രാജ്യങ്ങൾ മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരത്തിലൂടെയും മറ്റും ധാരാളം പണം സമ്പാദിച്ചിരുന്ന കാലം.ഇത്തരം രാജ്യങ്ങൾ തമ്മിൽ ശക്തമായ കിടമത്സരവുമുണ്ടായിരുന്നു. മറ്റു രാജ്യങ്ങളെ തകർക്കാനും ദുർബലരാക്കാനും അവർ കണ്ടെത്തിയ വഴികളിലൊന്നാണ് കടൽക്കൊള്ള.
മറ്റു കപ്പലുകൾ യഥേഷ്ടം കൊള്ളയടിച്ച് പണം സമ്പാദിക്കാൻ ഈ രാജ്യങ്ങൾ കടൽക്കൊള്ളക്കാർക്ക് "ലൈസൻസ്" കൊടുത്തു. കൊള്ളയടിക്കുന്ന മുതലിൽ ഒരു ഓഹരി ആ രാജ്യത്തിനു നൽകണം എന്നതായിരുന്നു വ്യവസ്ഥ!
'പ്രൈവറ്റ് മെൻ ഓഫ് വാർ' എന്നതാണ് ഈ നിയമപ്രകാരമുള്ള കൊള്ള നടത്തുന്നവരെ വിളിച്ചിരുന്നത്. ഇതും ചുരുക്കി പിന്നീട് പ്രൈവറ്റിയേർസ്സ് എന്നും വിളിക്കാൻ തുടങ്ങി.
ഇംഗ്ലണ്ടിലെ ഹെന്റി മൂന്നാമൻ എന്ന രാജാവാണ് കടൽക്കൊള്ളക്കാർക്ക് ആദ്യമായി ലൈസൻസ് നൽകിയത്. 1243-ലാണിത്.പിൽക്കാലത് ചില കടൽക്കൊള്ളക്കാരെ രാജ്യത്തെ ഉന്നത പദവികൾ നൽകി ബഹുമാനിക്കാൻ പോലും ഭരണാധികാരികൾ മടിച്ചില്ല.
പഴയ റോമാസാമ്രാജ്യത്തിന്റെ കാലത്തും ഗ്രീക്കുകാരുടെ കാലത്തുമൊക്കെ കടൽക്കൊള്ള സാധരണമായിരുന്നു.മെഡിറ്ററേനിയൻ കടലിന്റെ തീരങ്ങളിലായിരുന്നു ഈ സാമ്രാജ്യങ്ങളുടെ വലിയൊരു ഭാഗവും. അതോടൊപ്പം തന്നെ മെഡിറ്ററേനിയൻ കടൽ കടൽക്കൊള്ളക്കാരുടെ കേന്ദ്രവുമായി മാറി.
കടൽക്കൊള്ളക്കാരുടെ കൂട്ടത്തിൽ പ്രശസ്തരാണ് വൈക്കിംഗുകൾ. വടക്കൻ യൂറോപ്പിൽനിന്നു വന്ന ഇവർ ക്രൂരന്മാരും വിദഗ്ദരായ നാവികരുമായിരുന്നു. 'വൈക്കിംഗ്' എന്ന വാകിന്റെ അർഥം തന്നെ 'മറുനാട്ടിൽ കവർച്ചയ്ക്കു പോകുന്നു' എന്നാണ്!
മെഡിറ്ററേനിയൻ കടലിന്റെ തെക്കൻ തീരത്തു നിന്ന്,അതായത്, ആഫ്രിക്കയുടെ വടക്കൻ ഭാഗങ്ങളിൽനിന്നു വന്ന 'ബാർബറി' കൊള്ളക്കാരും കടൽക്കൊള്ളക്കാരുടെ ചരിത്രത്തിൽ കുപ്രസിദ്ദി നേടിയവരാണ്.കരീബിയൻ കടലിലെ ബുക്കനീറുകൾ,മെഡിറ്ററേനിയനിലെ കോർസ്സയറുകൾ തുടങ്ങിയവരും കടൽക്കൊള്ളയുടെ ചരിത്രത്തിൽ പ്രധാനപ്പെട്ടവരാണ്.
ചൈനാകടലിലും കടൽക്കൊള്ളക്കാരുടെ ശല്യമുണ്ടായിരുന്നു. ചിങ് ചി ലിങ് എന്ന ചൈനീസ് കടൽകൊള്ളക്കാരന്റെ സംഘത്തിൽ ആയുധം നിറച്ച ആയിരത്തോളം കപ്പലുകളുണ്ടായിരുന്നു! ചിങ് യി എന്ന കൊള്ളക്കാരനു സ്വന്തമായിരുന്നത് അഞ്ഞൂലേറെ കപ്പലുകൾ!
അലക്സാണ്ടർ ചക്രവർത്തി ഒരിക്കൽ ചില കടൽക്കൊള്ളക്കാരെ നേരിട്ട കഥയുണ്ട്. എന്തിനാണ് കടലിലിങ്ങനെ കുഴപ്പങ്ങളുണ്ടാക്കുന്നത് എന്ന് അലക്സാണ്ടർ ചോദിച്ചപ്പോൾ കടൽക്കൊള്ളക്കാരൻ പറഞ്ഞു: "വൻ സൈന്യത്തെ ഉപയോഗിച്ച് താങ്കൾ ചെയ്യുന്ന കാര്യം തന്നെയാണ് ചെറിയൊരു കപ്പലുപയോഗിച്ച് ഞാൻ.ചെയ്യുന്നത്!"
വാസ്തവത്തിൽ ,രാജ്യങ്ങൾ കീഴടക്കി സാമ്രാജ്യം വലുതാക്കികൊണ്ടിരുന്ന ഭരണാധികാരികളെല്ലാം കീഴടക്കിയ രാജ്യം കൊള്ളയടിച്ചവരാണ്. അമേരിക്കൻ വൻകര കണ്ടെത്തിയതിനു ശേഷം സ്പെയിൻകാർ ആസ്ടെക് വർഗക്കാരുടെ സമ്പത്ത് മുഴുവൻ കൊള്ളയടിച്ച് യൂറോപ്പിലേക്ക് കൊണ്ടുപോയിരുന്നു. 1498-ൽ വാസ്കോഡഗാമയുടെ നേതൃത്വത്തിൽ ഭാരതത്തിലെത്തിയ പോർച്ചുഗീസുകാരും കൊള്ളയിലൂടെ ധാരാളം.സമ്പത്ത് യൂറൊപ്പിലേക്ക് കൊണ്ടുപോയവരാണ്.
എല്ലാ കടൽക്കൊള്ളക്കാരെയും നമ്മൾ കടൽക്കൊള്ളക്കാർ എന്ന് വിളിക്കാറില്ല എന്നർഥം!
#https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/