വാരിക്കുഴികള്‍ കുത്തി ഇരപിടിക്കുന്ന കുഴിയാനകള്‍ക്കപ്പുറം അവയുടെ ജീവിതത്തിലെ
അല്‍പം കൗതുകകരമായ വിശേഷങ്ങള്‍..
ലോക ജീവി ചരിത്രത്തില്‍ ഒരു ഷഡ്പദത്തിന്‍റെ ലാര്‍വകള്‍ ഇത്രത്തോളം പേരും പെരുമയും സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അത് കുഴിയാനകളാണ്.
Myrmeleontidaeഫാമിലിയില്‍ പെട്ട തുമ്പിവര്‍ഗ്ഗത്തിന്‍റെ കുഞ്ഞുമക്കള്‍ അഥവാ ലാര്‍വകളാണ് കുഴിയാനകള്‍.Antlion എന്നാണ് ഇംഗ്ളീഷില്‍ ഇവന് പേര്.Antlion എന്നത് ആ ഷഡ്പദത്തിന്‍റെ പേരാണ്.
Antlionകളുടെ ലാര്‍വകള്‍ അഥവാ നമ്മുടെ കുഴിയാനകള്‍കളാണ് ഇവരുടെ തറവാട്ടിലെ പേരുകേട്ടവര്‍.
ചെറിയ ആര്‍ത്രോപോഡുകളെ ആഹാരമാക്കുന്ന ഇവയുടെ പ്രധാന ശാപ്പാട് ഉറുമ്പുകള്‍ ആയതും,Lion എന്ന പദത്തിന് 'വേട്ടക്കാരന്‍' എന്നതിനോട് ബന്ധിപ്പിക്കുന്നതും വഴിയാണ് ഇവര്‍ Antlions ആയത്.
★കുഴിയാനകളുടെ ലോകത്ത് ടൊയ്ലറ്റുകള്‍ ഇല്ല.
ഇത്തിരി ആലങ്കാരികമായി ഇങ്ങനെ പറയാം.കാരണം കുഴിയാനയ്ക്ക് വിസര്‍ജ്ജന അവയവങ്ങള്‍ ഇല്ല.
ദഹനപ്രക്രിയയിലൂടെ ഉണ്ടാകുന്ന മാലിന്യങ്ങള്‍ വയറില്‍ തന്നെ സംഭരിക്കുകയും അതില്‍ കുറച്ചു ഭാഗം ലാര്‍വകള്‍ക്ക് സമാധിയില്‍ ഇരിക്കുവാനുള്ള 'കൊക്കൂണുകള്‍' ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന സില്‍ക്ക് നിര്‍മ്മിക്കാന്‍ ഉപയോഗിക്കും.
ബാക്കിയുള്ള മാലിന്യങ്ങള്‍ സമാധി അവസ്ഥ(പ്യൂപ്പ)യുടെ അവസാന ഘട്ടത്തില്‍ പുറം തള്ളുകയും ചെയ്യുന്നു.ഇതിനെ 'മെക്കോണിയം' എന്നാണ് പറയുക.
സ്വച്ഛ്ഭാരത് പ്രോജക്റ്റ് ഒന്നും കുഴിയാനകളുടെ നാട്ടില്‍ ഓടിച്ചിട്ട് കാര്യമില്ലെന്ന് സാരം.
★ഷഡ്പദങ്ങളിലെ മോഡേണ്‍ ആര്‍ട്ടുകാര്‍.
നോര്‍ത്ത് അമേരിക്കയിലും ഐക്യനാടുകളുടെ ചില ഭാഗങ്ങളിലും ഇവരെ ഡൂഡില്‍ ബഗ് എന്നാണ് വിളിക്കുക.കാരണം ഇവ മണ്ണില്‍ സൃഷ്ടിക്കുന്ന ചില പാറ്റേണുകള്‍ അല്ലെങ്കില്‍ ഡൂഡിലുകളാണ്.ഇര പിടിക്കാനുള്ള കുഴികളുണ്ടാക്കാന്‍ പറ്റിയ ഇടങ്ങളില്‍ ഇവര്‍ മണ്ണിന്‍റെ ഉറപ്പും ഈര്‍പ്പത്തിന്‍റെ സാന്നിദ്ധ്യവും എല്ലാം 'ചികഞ്ഞു' പരിശോധിച്ച് നടക്കുമ്പോള്‍ ഉണ്ടാകുന്നതാണ് ഇത്തരം പാറ്റേണുകള്‍.
★ഇരപിടുത്തം
എല്ലാവര്‍ക്കും പരിചയമുള്ള കാര്യമാണ്,എങ്കിലും പറയാതെ പോകുന്നതെങ്ങനെ..
പൂഴിമണലിലും നനവില്ലാത്ത പൊടിമണ്ണിലും കോൺ (ചോർപ്പ്) ആകൃതിയിൽ കുഴികളുണ്ടാക്കി അതിലൊളിച്ചിരുന്നാണ് കുഴിയാനകളുടെ ഇരപിടുത്തം.
അനുയോജ്യമായ സ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ തന്‍റെ ശരീരം വട്ടത്തില്‍ കറക്കിക്കൊണ്ട് തല കൊണ്ട് മണ്ണ് തെറിപ്പിച്ചാണ് 'വാരിക്കുഴികള്‍' ഒരുക്കുന്നത്.
കുഴിയാനക്കുഴിയുടെ മുകളിലത്തെ വ്യാസം ഏകദേശം ഒരു ഇഞ്ച് ഉണ്ടാവും.ചോർപ്പാകൃതിയിലുള്ള കുഴിയുടെ ഒത്ത നടുവിൽ മണലിൽ പൂണ്ട് പതിയിരിക്കുന്ന കുഴിയാന, കുഴിയിൽ വീഴുന്ന ചെറു ജീവികളെ ആഹാരമാക്കുന്നു.
ഭൂമിയിലുണ്ടാകുന്ന വളരെ ചെറിയ തരംഗങ്ങള്‍ പോലും,ഒരു ഉറുമ്പ് നടക്കുമ്പോള്‍ ഉണ്ടാകുന്നത്ര ചെറിയ തരംഗങ്ങള്‍ പോലും തിരിച്ചറിയാനുള്ള കഴിവ് ഇവയ്ക്കുണ്ട്.
ചെറുജീവികൾ പൊടിമണലിൽ തീർത്ത കുഴിയാനക്കുഴിയുടെ വക്കിലെത്തുമ്പോൾ മണൽ ഇടിയുന്നതിനാൽ അവ കുഴിയുടെ നടുവിലേക്ക് വീഴുന്നു.ഇര കുഴിയുടെ മുകളിലെത്തുമ്പോൾ കുഴിയാന മണൽ തെറിപ്പിച്ച് അതിനെ കുഴിയിലേക്ക് തള്ളിയിടാനും ശ്രമിക്കാറുണ്ട്.
തിരികെ കയറുവാൻ ശ്രമിക്കുമ്പോൾ വീണ്ടും മണൽ ഇടിയുന്നതിനാൽ പരാജയപ്പെടുകയും മണലിൽ നിന്ന് പുറത്ത് വരുന്ന കുഴിയാനയുടെ ആഹാരമാകുകയും ചെയ്യുന്നു.
കുഴിയുടെ ചരിവും ഇടിവും കൊണ്ട് രക്ഷപ്പെടാൻ കഴിയാത്ത ഇരയെ കുഴിയാന അതിൻറെ മുൻഭാഗത്തുള്ള ബലിഷ്ഠമായ കൊമ്പുകൾ കൊണ്ട് മുറുക്കിപിടിക്കുകയും, ഇരയുടെ ശരീരദ്രവങ്ങള്‍ ഊറ്റി കുടിച്ച ശേഷം ഇരയുടെ ശവശരീരം കുഴിയുടെ പുറത്തേക്ക് തെറിപ്പിക്കുകയുമാണ് ചെയ്യുന്നത്.
★കോക്ടെയില്‍ പാര്‍ട്ടി
ഇര തന്‍റെ പിടിയിലായാല്‍ അടുത്തത് ഇരയ്ക്കായി ഒരുക്കുന്ന കോക്ടടെയില്‍ പാര്‍ട്ടിയാണ്.ശരീരത്തിനു മുന്‍പിലുള്ള കൊമ്പുകള്‍ എന്ന് വിളിക്കാവുന്ന ഒരു ജോഡി അവയവങ്ങള്‍ വച്ച് ഇരയെ മുറുകെ ചേര്‍ത്ത് പിടിക്കും.ശേഷം ഈ കൊമ്പുകള്‍ വഴി ഇരയുടെ ശരീരത്തിനെ തളര്‍ത്താനും ശരീരഭാഗങ്ങള്‍ ദഹിക്കാനുമുള്ള എന്‍സൈമുകളുടെ മിശ്രിതം കുത്തി വയ്ക്കും.ഇരയുടെ ശരീരം തളരുന്നതോടെ യഥാര്‍ത്ഥ പാര്‍ട്ടി ആരംഭിക്കും.
★ശരീരപ്രകൃതി
നല്ല കരുത്തുറ്റ ശരീരമാണ് ഇവര്‍ക്ക്,വയറിന്‍റെ ഭാഗം നല്ല മാംസളവും.3 സെറ്റുകളായി 6 കാലുകളുണ്ട്.പരന്നതും ഏകദേശം ചതുരാകൃതിയിലുള്ളതുമാണ് ഇവരുടെ തല.ഇതിന്‍റെ മുന്‍ഭാഗത്തായി 2 കൊമ്പുകളെന്നോ ചവണകളെന്നോ വിളിക്കാവുന്ന പൊള്ളയായ കൂര്‍ത്ത ഭാഗങ്ങളുള്ള പ്രധാന ആയുധം.ഇതു വഴിയാണ് ഇരയുടെ ശരീരത്തിലേക്ക് വിഷവും ഇരയുടെ ശരീരത്തിലെ മാംസളമായ ഭാഗങ്ങള്‍ ദഹിപ്പിക്കാനുള്ള എന്‍സൈമുകളും പുറപ്പെടുവിക്കുന്നത്.ഇരയുടെ ശരീരദ്രവങ്ങള്‍ ഊറ്റി കുടിക്കുന്നതും ഇതു വഴി തന്നെ.
★സമാധി
കുഴിയാനകള്‍ എന്ന നിലയിലുള്ള ഇവരുടെ ജീവിതം അവസാനിക്കുന്നത് അവര്‍ക്ക് പ്യൂപ്പ സ്റ്റേജിലേക്ക് തിരിയാനുള്ള കൊക്കൂണിന്‍റെ പണി തീരുമ്പോഴാണ്.നല്ല ശാപ്പാടടിച്ച് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഴിയാനകള്‍ തങ്ങളുടെ കൊക്കൂണില്‍ നീണ്ട ഉറക്കം തുടങ്ങും.ഏകദേശം 1 മാസം കഴിയുമ്പോഴേക്ക് ഇവ വളര്‍ച്ചയെത്തി പുറത്തുവരും.
പുറത്തു വന്നാല്‍ അടുത്ത 21 മിനുറ്റുകള്‍ ഇവരുടെ ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളാണ്,ശരിയായി ചലിക്കാനോ ശത്രുക്കളുടെ ആക്രമണം ചെറുക്കാനോ ഒന്നും ആകാത്ത നിസഹായമായ നിമിഷങ്ങള്‍.പക്ഷെ ഈ 21 മിനുറ്റുകള്‍ വെറുതേയല്ല,ഈ സമയം കൊണ്ടാണ് ഇവയുടെ ശരീരത്തില്‍ വളര്‍ന്നിട്ടുള്ള ചിറകുകള്‍ വിടര്‍ന്ന് കുഴിയാനത്തുമ്പികളായി പറന്നുയരുന്നത്.
ചിറകുകള്‍ വിടര്‍ന്നു കഴിഞ്ഞാല്‍ ഇണയെ തേടിയുള്ള തിരച്ചില്‍ ആരംഭിക്കും.
------------------------------------------------------------------
വാല്‍ക്കഷ്ണം:-
കുഴിയാനത്തുമ്പികള്‍ എന്ന വാക്ക് വാച്യാര്‍ത്ഥത്തില്‍ മാത്രം എടുക്കുക.തുമ്പി വര്‍ഗ്ഗവുമായി യാതൊരു ബന്ധവും ഇല്ല കുഴിയാനകള്‍ക്ക്.
ഏകദേശം രണ്ടായിരത്തോളം സ്പീഷ്യസുകളായി ലോകത്തിലെ നല്ലൊരു ശതമാനം ഭൂവിഭാഗങ്ങളിലും വ്യാപിച്ചു കിടക്കുന്ന ഈ ഷഡ്പദവര്‍ഗ്ഗത്തില്‍ ലാര്‍വകളാണ് താരങ്ങളെന്ന് പറഞ്ഞുവല്ലോ.ഇതില്‍ എല്ലാ സ്പീഷ്യസിലേയും ലാര്‍വകള്‍ കുഴിയുണ്ടാക്കി ഇര പിടിക്കുന്നവരല്ല,ചിലര്‍ മണ്ണിലെ ഇലകള്‍ക്കോ പുല്ലിനോ ഇടയില്‍ ഒളിച്ചിരുന്ന് ഇര പിടിക്കുന്നവരാണ്.ചിലര്‍ മണ്ണില്‍ പതുങ്ങി കിടന്ന് ഇര പിടിക്കും.ചിലരാകട്ടേ ഇതിനെങ്ങും പോവാതെ പുല്ലിലെ നീരും,പൂന്തേനും ഒക്കെ കഴിച്ച് ജീവിക്കുന്ന സ്വാത്വികരുമാണ്.ലാര്‍വാ ഘട്ടത്തില്‍ മാത്രമാണ് ഇവര്‍ നോണ്‍വെജ് മെനു പിന്തുടരുന്നത്.
-------------------------------------------------------------------
NB:പൊതുവായ ബോധ്യത്തിനായി മാത്രമുള്ള ലേഖനം.സാങ്കേതികപദങ്ങള്‍ പരമാവധി ഒഴിവാക്കിയും,ലാര്‍വ സ്റ്റേജിനെ മാത്രം കേന്ദ്രീകരിച്ചതും, വിവരണങ്ങള്‍ ലളിതമാക്കിയുമുള്ളതാണ്.അതുകൊണ്ടു തന്നെ അപൂര്‍ണ്ണമാണ്.കൂടുതല്‍ വായനയ്ക്ക് താഴെ റെഫറന്‍സ് ആയി തന്നിട്ടുള്ള ലിങ്കുകള്‍ ഉപയോഗിക്കാം.
-Murali krishnan Mulayckal
--------------------------------------------------------------------
ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്ന ജീവിവര്‍ഗ്ഗ സീരിസിലെ മറ്റ് പോസ്റ്റുകള്‍ക്കായി താല്‍പര്യമുള്ളവര്‍ക്ക് ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.
തേനീച്ച കോളനിയിലേക്ക്
Part-1
https://m.facebook.com/groups/763098700477683?view=permalink&id=1429857687135111
Part-2
https://m.facebook.com/groups/763098700477683?view=permalink&id=1432498370204376
കൊതുകുപുരാണം
https://m.facebook.com/groups/763098700477683?view=permalink&id=1455951151192431
മൂട്ട- ഒരു ഭീകര ജീവി
https://m.facebook.com/groups/763098700477683?view=permalink&id=1459486390838907
പേന്‍- ഒരു പഞ്ചപാവം
https://m.facebook.com/groups/763098700477683?view=permalink&id=1481392965314916
-----------------------------------------------------------------------
റെഫറന്‍സ്/കൂടുതല്‍ വായനയ്ക്ക്.
https://www.insectidentification.org/insect-description.asp…
https://www.insectidentification.org/insect-description.asp…
https://ml.m.wikipedia.org/…/%E0%B4%95%E0%B5%81%E0%B4%B4%E0…
http://www.saferbrand.com/…/insect…/insect-education/antlion
ചിത്രങ്ങള്‍:-
കുഴിയാന
കുഴിയാനത്തുമ്പി
ജീവിതചക്രം
Photo credits:-
Sareesh MS - കുഴിയാനത്തുമ്പി.
വിക്കിമീഡിയ കോമണ്‍സ്.