നാലമ്പലത്തിന്റെ തെക്കു പടിഞ്ഞാറേ മൂലയിൽ വടക്കഭിമുഖമായാണ് 'ബി' സ്ഥിതി ചെയ്യുന്നത്. 'ബി' യിൽ രണ്ടു കല്ലറകളുണ്ട് - മഹാഭാരതകോണത്തു കല്ലറയും ശ്രീപണ്ടാരക്കല്ലറയും. പല തവണ തുറന്നിട്ടുള്ളത് മഹാഭാരതകോണത്തു കല്ലറയാണ്. മഹാഭാരതകോണത്തു കല്ലറയ്ക്കുള്ളിൽ വീണ്ടും ഒരു കല്ലറയുണ്ട്. ഇതാണ് വളരെക്കാലമായി അടഞ്ഞു കിടക്കുന്ന ശ്രീപണ്ടാരക്കല്ലറ. തുറക്കാൻ പാടില്ലെന്ന് വിശ്വസിക്കപ്പെടുന്നതും ഈ കല്ലറയാണ്. രണ്ടു കല്ലറകൾക്കും കൂടി 'ബി' എന്നു നാമകരണം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
ചുറ്റമ്പലത്തിന്റെ തെക്കുപടിഞ്ഞാറേ കോണിലുള്ള ബി കല്ലറയിൽ ഒന്നിലധികം അറകളുണ്ട് . അവയിൽ ആദ്യത്തെ അറ പല അമൂല്യവസ്തുക്കൾ വെച്ചിട്ടുള്ള ഒരു സ്ട്രോങ് റൂം മാത്രമാണ്. ഇതു ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കായി പല തവണ തുറന്നിട്ടുമുണ്ട്. ഈയറയ്ക്കുള്ളിൽ വീണ്ടും ഒരു വാതിൽ കാണാം. തുറക്കാൻ പാടില്ല എന്നു ഭക്തർ വിശ്വസിക്കുന്ന അറയുടേതാണ് ഈ വാതിൽ. എന്താണീ അറയുടെ സവിശേഷത?
1) ശ്രീകോവിൽ പോലെ പാവനമായ ഈയറയുടെ സംരക്ഷകൻ ക്ഷേത്രത്തിലെ നരസിംഹസ്വാമിയാണ്.
2) ശ്രീപദ്മനാഭ ചൈതന്യത്തിന്റെ ആധാരശില തന്നെ ഈയറയാണ്. ഇതിനുള്ളിൽ സ്വാമിയുടെ ചൈതന്യപുഷ്ടിയ്ക്കായി ശ്രീചക്രവും പല അമൂല്യവസ്തുക്കളും സ്ഥാപിച്ചിട്ടുണ്ട്. ഇവയ്ക്കു സ്ഥാനചലനം സംഭവിച്ചാൽ ദേവചൈതന്യം ക്ഷയിക്കും.
3) ദേവന്മാർ, ക്ഷേത്ര സ്ഥാപനത്തിനു മുൻപ് അനന്തൻകാട്ടിൽ തപസ്സു ചെയ്തിരുന്ന ഋഷിമാർ സൂക്ഷ്മരൂപികളായി ഈയറയിൽ തപം ചെയ്യുന്നു. അഗസ്ത്യ മഹർഷിയുടെ സമാധിയും ഇതിനടുത്താണ്. കാഞ്ഞിരോട്ടു യക്ഷിയമ്മ ഈയറയിൽ വസിച്ചുകൊണ്ടു തെക്കേടത്തു നരസിംഹസ്വാമിയെ ഭജിക്കുന്നു.
4) ഈയറയുടെ പുറത്തുള്ള സർപ്പച്ചിഹ്നം ഇതു തുറക്കാൻ ശ്രമിക്കുന്നവർക്കുള്ള ആപത്സൂചനയാണ്.
5) 2011 ആഗസ്റ്റിൽ നടന്ന അഷ്ടമംഗലദേവപ്രശ്നം ഈയറ നിരോധിത മേഖലയാണെന്നു വിധിച്ചു. ഇതു തുറക്കുന്നവർ നരസിംഹസ്വാമിയുടെ ഉഗ്രകോപത്തിനു ഇരയാകുമെന്നും അവരുടെ കുലം തന്നെ നശിക്കും എന്നു ദൈവജ്ഞന്മാർ മുന്നറിയിപ്പു നൽകി. അതുകൊണ്ടാണു തിരുവിതാംകൂർ രാജകുടുംബവും എട്ടരയോഗവും ക്ഷേത്രതന്ത്രിമാരും വാസ്തുശാസ്ത്രപണ്ഡിതന്മാരും വിശ്വാസികളും ഒന്നടങ്കം അറ തുറക്കുന്നതിനെ എതിർക്കുന്നത്.
6.. ശ്രീപണ്ടാരക്കല്ലറയുടെ അധോഭാഗം ശ്രീപദ്മനാഭ വിഗ്രഹത്തിന്റെ സമീപം വരെ നീളുമെന്നും പറയപ്പെടുന്നു. പ്രത്യേക സങ്കല്പത്തോടെ വളരെക്കാലം മുമ്പടച്ച ശ്രീപണ്ടാരക്കല്ലറ തുറക്കുന്നത് ദേവചൈതന്യത്തെ ബാധിക്കുമെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം.
ബി കല്ലറ ഭീ കല്ലറ (ഭയം ജനിപ്പിക്കുന്ന കല്ലറ) ആണെന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.
7....1931 ൽ തിരുവനന്തപുരം സന്ദർശിച്ച എമിലി ഗിൽക്രിസ്ററ് ഹാച്ച് 1933 ൽ 'ട്രാവൻകൂർ: എ ഗൈഡ് ബുക്ക് ഫോർ ദി വിസിറ്റർ' എന്ന തന്റെ പുസ്തകം പ്രസിദ്ധീകരിച്ചു. 1908 ൽ കല്ലറ തുറക്കാൻ ശ്രമിച്ചപ്പോൾ അതിനു മുതിർന്നവരെ സർപ്പങ്ങൾ ചീറ്റി വന്ന് ഓടിച്ചതായി മേൽപ്പറഞ്ഞ പുസ്തകത്തിൽ പറയുന്നു.
2011 ൽ സുപ്രീം കോടതി നിയോഗിച്ച നിരീക്ഷക സംഘം മഹാഭാരതകോണത്തു കല്ലറ തുറന്നെങ്കിലും ശ്രീപണ്ടാരക്കല്ലറ തുറക്കാൻ സംഘത്തിനു സാധിച്ചില്ല. ശ്രീപണ്ടാരക്കല്ലറയുടെ ഉരുക്കു കൊണ്ടുള്ള വാതിൽ തുറക്കാൻ ഗ്യാസ് കട്ടറോ ചെറിയ സ്ഫോടനമോ വേണ്ടി വരുമെന്ന് അന്ന് പറയപ്പെട്ടിരുന്നു.
-----===8...'ബി' കല്ലറ തുറക്കണമെന്ന് വാദിക്കുന്നവർ 1931 ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ഇത് തുറന്നിട്ടുണ്ട് എന്ന് പലപ്പോഴും ചൂണ്ടിക്കാണിക്കാറുണ്ട്. ഈ വാർത്ത നസ്രാണി ദീപികയും ദി ഹിന്ദുവും റിപ്പോർട്ട് ചെയ്തിരുന്നു. 1931 ഡിസംബർ 6 ന് ചില പൂജകൾക്കു ശേഷം നേരത്തേ നിശ്ചയിച്ചിരുന്ന ശുഭ മുഹൂർത്തത്തിൽ മഹാഭാരതകോണത്തു കല്ലറ തുറന്നതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ഇതേ കാര്യം തന്നെയാണ് നസ്രാണി ദീപികയും റിപ്പോർട്ട് ചെയ്തത്. മഹാഭാരതകോണത്തു കല്ലറയിൽ വായു കയറാനുള്ള ദ്വാരം പോലുള്ള ഒരു കവാടം ഉണ്ടെന്നും അത് ശ്രീപണ്ടാരക്കല്ലറയിലേക്ക് നിക്ഷേപങ്ങൾ ഇടുന്നതിനാണെന്നും ശ്രീപണ്ടാരക്കല്ലറ തുറന്നില്ലെന്നും ദീപിക പറയുന്നു.
======================
ബി' കല്ലറയിലെ യക്ഷിയമ്മ
ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു 'മംഗലത്ത്' എന്ന പാതമംഗലം നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അതിസുന്ദരിയായ ഒരു ഗണികയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മ മഹാരാജാവിൻറെ മകനായ രാമൻതമ്പിയ്ക്ക് ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു ചിരുതേവി.
മംഗലത്തെ അനവധി പരിചാരകന്മാരിൽ ഒരുവൻ ആയിരുന്നു ഉത്തമപുരുഷലക്ഷണങ്ങൾ എല്ലാം തികഞ്ഞ കുഞ്ഞുരാമൻ. അവൻ ഒരു പോണ്ടൻനായർ ആയിരുന്നു. കരുത്തനായ അവന്റെ ചുമലിൽക്കയറി യാത്രചെയ്യുന്ന പതിവു ഗോവിന്ദനും ചിരുതേവിക്കും ഉണ്ടായിരുന്നു. ക്രമേണ കുഞ്ഞുരാമനിൽ ആസക്തയായ ചിരുതേവി അവനെ ശിക്ഷിച്ചും ദ്രോഹിച്ചും പ്രണയിച്ചു. ഗോവിന്ദനും കുഞ്ഞുരാമനും ആത്മമിത്രങ്ങളായി മാറിക്കഴിഞ്ഞിരുന്നെങ്കിലും മിത്രത്തെ ചിരുതേവിയിൽ നിന്നു രക്ഷിക്കാൻ ഗോവിന്ദൻ ഒന്നും ചെയ്തിരുന്നില്ല. എന്നാൽ ജ്യേഷ്ഠന്റെയും കാമുകന്റെയും ചങ്ങാത്തം അവളെ അസ്വസ്ഥ ആക്കിയിരുന്നു. ഇതിനെക്കാൾ അവളെ അസ്വസ്ഥമാക്കിയ ഒന്നുണ്ടായിരുന്നെങ്കിൽ അതു കുഞ്ഞുരാമന്റെ ഭാര്യാസ്നേഹം ആയിരുന്നു. അതിനാൽ അവൾ കുഞ്ഞുരാമന്റെ പ്രിയതമയെ ഇല്ലാതാക്കി. ഒരിക്കൽ കുഞ്ഞുരാമന്റെ ചുമലിലേറി യാത്ര ചെയ്യുമ്പോൾ ഗോവിന്ദൻ ഇക്കാര്യം വെളിപ്പെടുത്തി. ഒപ്പം കിടക്കുന്ന ഒരു ദിവസം ചിരുതേവിയെ കുഞ്ഞുരാമൻ കഴുത്തു ഞെരിച്ചു കൊന്നു. പ്രതാപിയായ മംഗലത്തു ഗോവിന്ദൻ ഇക്കാര്യം കണ്ടില്ലെന്നു നടിച്ചു.
ചിരുതേവി ഒരു യക്ഷിയായി കാഞ്ഞിരക്കോട്ടു തന്നെ പുനർജ്ജനിച്ചു. നിമിഷങ്ങൾക്കുള്ളിൽ അവൾ ഒരു മാദകസുന്ദരിയായി മാറി. അവൾ കുഞ്ഞുരാമനോടു വിവാഹാഭ്യർത്ഥന നടത്തി. കുഞ്ഞുരാമൻ നിരാകരിച്ചു. അതോടെ അവൾ കരാളരൂപം കൈക്കൊണ്ടു അവനെ ദ്രോഹിച്ചു തുടങ്ങി. തന്റെ ബഹിശ്ചരപ്രാണനെ ആപത്തിൽനിന്നു രക്ഷിക്കാൻ ബലരാമോപാസകനായ ഗോവിന്ദൻ എത്തി. മൂന്ന് ഉപാധികൾ അംഗീകരിക്കുന്നതായി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്‌താൽ ഒരാണ്ടുകാലം കുഞ്ഞുരാമനെ നൽകാം എന്നു ഗോവിന്ദൻ പറഞ്ഞു. ഉപാധികൾ ഇവയാണ്. ഒന്ന്, ഒരാണ്ടു കഴിഞ്ഞാൽ അവളെ ക്ഷേത്രം ഉണ്ടാക്കി കുടിയിരുത്തും. രണ്ടു, ക്ഷേത്രം നശിക്കുമ്പോൾ മോക്ഷത്തിനായി അവൾ നരസിംഹമൂർത്തിയെ ശരണം പ്രാപിക്കണം. മൂന്നു, ഗോവിന്ദനു കുഞ്ഞുരാമനുമായുള്ള ബന്ധം ഈ ജന്മം മാത്രമല്ല ഇനിയുള്ള ജന്മങ്ങളിലും നിലനിൽക്കാൻ ചിരുതേവിയും പ്രാർത്ഥിക്കണം. യക്ഷി പൊന്നും വിളക്കും പിടിച്ചു സത്യം ചെയ്തു.
കുഞ്ഞുരാമനോടൊപ്പമുള്ള ഒരാണ്ടിനു ശേഷം യക്ഷിയെ ക്ഷേത്രത്തിൽ കുടിയിരുത്തി. ക്ഷേത്രം നശിച്ചതിൽപ്പിന്നെ സ്വതന്ത്രയായ അവൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേടത്തു നരസിംഹസ്വാമിയെ മോക്ഷാർത്ഥം ശരണം പ്രാപിച്ചു. കാഞ്ഞിരോട്ടു യക്ഷിയമ്മ ഇപ്പോഴും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' കല്ലറയിൽ നരസിംഹോപസന ചെയ്തു കഴിയുന്നു എന്നാണു വിശ്വാസം. ഈ യക്ഷിയുടെ മോഹനവും രൗദ്രവും ആയ രൂപങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വരച്ചുവെച്ചിട്ടുണ്ട്.....
==============((((=(============
നിലവറ തുറക്കരുത് എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. രാജകുടുംബം കട്ടുമുടിച്ചു സമ്പാദിച്ച നിധിയാണെന്നു വരെ വാദിക്കുന്നവരെ കാണാം. അങ്ങനെയാണെങ്കിൽ ഇത്രയും നിധി എങ്ങനെ മറ്റു നിലവറകളിൽ ഉണ്ടായി? പുരാതനകാലത്തെ എല്ലാവിശ്വാസങ്ങളും ഇന്നത്തെ യുക്തി കൊണ്ട് അളക്കരുത് .പിരമിഡുകൾ നിർമിച്ചതും അതിൽ അളവറ്റ സമ്പത്ത് കൂട്ടി വച്ചതും പുച്ഛത്തോടെയല്ല കാണേണ്ടത്. ഒരു ജനതയുടെ വിശ്വാസമായിരുന്നു അത്. നമുക്ക് വിശ്വാസമില്ലാത്തത് വലിയൊരു ജനവിഭാഗത്തിന്റെ വിശ്വാസമാകാം. നിലവറക്കുള്ളിൽ എന്താണെന്നറിയാനുള്ള ആകാംക്ഷ സ്വാഭാവികം. നിലവറ തുറക്കപ്പെടുകയോ ഇല്ലയോ ചെയ്യട്ടെ, മറ്റൊരാളുടെ വിശ്വാസത്തെനിന്ദിക്കാതിരിക്കുക.