A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എന്താണ് ടോറന്റ് ? ടോറന്റ് നിയമ വിരുദ്ധമോ ?


നമ്മള്‍ ഇന്റര്‍നെറ്റില്‍ ഒരു വിവരം തിരയുമ്പോള്‍ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് ? ഏത് കമ്പ്യൂട്ടറിലാണോ ആ വിവരം ശേഖരിച്ചു വെച്ചിട്ടുള്ളത്, ആ കമ്പ്യൂട്ടറിലേക്ക് നമ്മള്‍ ആ വിവരത്തിന് വേണ്ടി റിക്വസ്റ്റ് അയയ്ക്കുന്നു. അപ്പോൾ നമ്മള്‍ ആവശ്യപ്പെട്ട വിവരം ആ കമ്പ്യൂട്ടര്‍ നമുക്ക് അയച്ചുതരുന്നു. ഇങ്ങനെ വിവരങ്ങള്‍ അഥവാ ഫയലുകള്‍ ശേഖരിച്ചു വെക്കുകയും ആവശ്യമുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്ന കമ്പ്യൂട്ടറുകളെ സെര്‍വര്‍ കമ്പ്യൂട്ടര്‍ എന്നും ഫയലുകള്‍
അപേക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടറുകളെ ക്ലയന്റ് കമ്പ്യൂട്ടര്‍ എന്നും പറയുന്നു. നമ്മുടെ സ്വകാര്യ കമ്പ്യൂട്ടറുകളെല്ലാം തന്നെ ക്ലയന്റ് കമ്പ്യൂട്ടറുകളാണ്. ക്ലയന്റ് കമ്പ്യൂട്ടറുകൾക്ക് അധികമായി ഫയലുകള്‍ സംഭരിച്ചുവെക്കാനുള്ള ശേഷിയോ, ഫയലുകള്‍ മറ്റ് കമ്പ്യൂട്ടറുകളോട് പങ്കുവെക്കാനുള്ള കഴിവോ ഉണ്ടാവാറില്ല. ഒരേ സമയം പല ഫയലുകൾ പല ഉപയോക്താക്കൾക്കും എത്തിച്ചു കൊടുക്കാൻ പറ്റുന്ന കമ്പൂട്ടറുകളാണ് സെർവർ കമ്പ്യൂട്ടറുകൾ. സെർവർ കമ്പ്യൂട്ടറുകൾ സാധാരണയായി ഒരു പ്രത്യേക ഉപയോഗത്തിനായി ക്രമീകരിച്ചതായിരിക്കും. ഇവ ഒന്നിലധികം പ്രോസസ്സറുകളുള്ള ശക്തിയേറിയതും സംഭരണ ശേഷി വളരെ കൂടിയതുമായ കമ്പൂട്ടറുകളായിരിക്കും.
രണ്ട് കമ്പ്യൂട്ടറുകൾ പരസ്പരം ആശയവിനിമയം നാടത്തുന്നതിന്, അവ ഒരേ ഭാഷ സംസാരിക്കണം. ഒരു നെറ്റ്വർക്കിലെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള ആശയവിനിമയം നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഒരു കൂട്ടത്തിനെയാണ് പ്രോട്ടോകോൾ എന്ന് പറയുന്നത്. നിങ്ങളുടെ കമ്പ്യൂട്ടർ മറ്റൊരു കമ്പ്യൂട്ടറുമായി ആശയവിനിമയം നടത്തുന്നതിന് വിവിധ തരത്തിലുള്ള നെറ്റ്വർക്ക് പ്രോട്ടോക്കോളുകളും മാനദണ്ഡങ്ങകളും ആവശ്യമാണ്. കമ്പ്യൂട്ടറുകൾ തമ്മിൽ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതെല്ലാം നിയന്ത്രിക്കുന്നത് പ്രോട്ടോക്കോളുകളാണ്. ഇപ്രകാരമുള്ള ആശയവിനിമയത്തിനുള്ള പ്രൊട്ടോക്കോളുകൾ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറായോ ഹാർഡ്‌വെയറായോ അവ രണ്ടും ഉപയോഗിച്ചോ സൃഷ്ടിക്കാവുന്നതാണ്.
ഒന്നിലധികം കമ്പ്യൂട്ടറുകൾ പരസ്പരം യോജിപ്പിച്ച് നിർമ്മിക്കുന്ന ഒരു ശൃംഖലയെയാണ് ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്ക് എന്നുപറയുന്നത്. ഇന്റർനെറ്റ് ആണ് ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ നെറ്റ്‌വർക്ക്. പ്രവർത്തനത്തെ അടിസ്ഥാനപ്പെടുത്തി നെറ്റ്‌വർക്കുകളെ നമുക്ക് രണ്ടായി തരം തിരിക്കാം.
1. ക്ലയന്റ് - സെർവർ നെറ്റ്‌വർക്ക്
2. പിയർ- ടു-പിയർ നെറ്റ്‌വർക്ക് (P2P)
ഇന്റര്‍നെറ്റില്‍ എല്ലാ കമ്പ്യൂട്ടറുകളും പരസ്പരം ബന്ധപ്പെടുന്നുണ്ടെങ്കിലും സെര്‍വര്‍ കമ്പ്യൂട്ടറുകളില്‍ നിന്ന് ക്ലയന്റ് കമ്പ്യൂട്ടറുകളിലേക്ക് ഫയലുകള്‍ ഷെയർ ചെയ്യുന്ന ക്ലയന്റ്-സെർവർ നെറ്റ്‌വർക്ക്‌ സമ്പ്രദായമാണ് പൊതുവെ നിലവിലുള്ളത്. ക്ലയന്റ്-സെർവർ നെറ്റ്‌വർക്കിൽ ഒരു ക്ലയന്റ് കമ്പ്യൂട്ടർ സെർവർ കമ്പ്യൂട്ടറിനോട് ഒരു ഫയൽ ആവശ്യപ്പെടുകയും, സെർവർ കമ്പ്യൂട്ടർ അത് നിറവേറ്റുകയും ചെയ്യുന്നു. ഈ സമ്പ്രദായത്തിന് ചില പോരായ്മകളുണ്ട്. ഈ രീതിയിൽ വലിയ ഫയലുകള്‍ സെര്‍വര്‍ കമ്പ്യൂട്ടറുകളില്‍ നിന്ന് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. ഈ രീതി ഉപയോഗിച്ച് 1GB സൈസുള്ള ഫയലൊക്കെ ഡൌണ്‍‌ലോഡ് ചെയ്യുകയെന്നത് അസാധ്യമെന്നു തന്നെ പറയേണ്ടിവരും. അതുകൊണ്ട് നമ്മുടെ കമ്പ്യൂട്ടറിലുള്ള വലിയ ഫയലുകള്‍ നമുക്ക് മറ്റാരുമായും ഈ രീതിയുപയോഗിച്ച് പങ്കുവെക്കാൻ കഴിയില്ല.
പിയർ-ടു-പിയർ (P2P) നെറ്റ്വർക്കിൽ രണ്ടു കമ്പ്യൂട്ടറുകളെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. ഇത്തരം കമ്പ്യൂട്ടർ ശൃംഖലയിലെ കമ്പ്യൂട്ടറുകൾ ഒരേ സമയം സെർവറായും ക്ലയന്റായും പ്രവർത്തിക്കുന്നു. ഇതുവഴി ഫയലുകളും മറ്റു കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും പരസ്പരം പങ്കുവയ്ക്കാൻ സാധിക്കും. പീയർ-ടു-പിയര്‍ സാങ്കേതികവിദ്യയുടെ മെച്ചമെന്തെന്നാൽ ഇതൊരു സെര്‍വര്‍ സിസ്റ്റത്തിനെ ആശ്രയിച്ചല്ല നിലനില്‍ക്കുന്നത് എന്നതാണ്. ഒരു നെറ്റ്വർക്കിലേക്ക്‌ ബന്ധിപ്പിച്ചിരിക്കുന്ന ഒരു സിസ്റ്റത്തേ നോഡ് എന്ന് പറയുന്നു. ഇങ്ങനെയുള്ള നോഡുകള്‍ വഴിയാണ് പീര്‍ ടു പീര്‍ നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്, ഇതുവഴി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക്‌ ഫയലുകള്‍ അയക്കുവാനും, സ്വീകരിക്കുവാനും സാധിക്കുന്നു. ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളില്‍ പീര്‍ ടു പീര്‍ നെറ്റ്വര്‍ക്കുകളെ സപ്പോര്‍ട്ട് ചെയ്യുന്ന സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് ഇതു സാധ്യമാക്കുന്നത്. ചാറ്റ് ക്ലയന്റുകള്‍ ഇത്തരത്തിലുള്ള പീര്‍ ടു പീര്‍ നെറ്റ്വര്‍ക്കുകള്‍ക്കു വളരെ ലളിതമായ ഉദാഹരണമാണ്. ഈ ചാറ്റ് ക്ലയന്റുകള്‍ ഉപയോഗിച്ചു ഉപയോക്താക്കള്‍ക്കു അവരുടെ കമ്പ്യൂട്ടറുകളിലുള്ള ഫയലുകള്‍ പരസ്പരം പങ്കുവെക്കാന്‍ സാധിക്കുന്നു.
എന്നാല്‍ ഇങ്ങനെയൊരു കണക്ഷനില്‍ നിരവധി പ്രശ്നങ്ങളുമുണ്ട്. ഉദാഹരണത്തിനു ഒരു ഫയലിന്റെ സൈസ് വല്ലാതെ കൂടിയതാണെങ്കിലൊ അല്ലെങ്കില്‍ ഒരു ഫയല്‍ ഒരുപാടു ഉപയോക്താക്കള്‍ ഒരേസമയം തന്നെ റിക്വസ്റ്റ് ചെയ്യുകയൊ ചെയ്യുമ്പോള്‍ അവ കൈമാറ്റം ചെയ്യുന്നതിനായി വളരെ കൂടിയ അളവില്‍ സമയമെടുക്കുന്നു. സെര്‍വറുകളുമായുള്ള ക്ലയന്റ് കമ്പ്യൂട്ടറുകളുടെ ബന്ധം ഇതു വഴി വിച്ഛേദിച്ചു പോകുവാനുള്ള സാധ്യതയും ഇവിടെ കൂടുതലാണ്. മിറര്‍ ഇമേജുകള്‍ സൃഷ്ടിച്ചു നിരവധി സെര്‍വറുകള്‍ വഴി ഇതില്‍ നിന്നും ഒരു പരിധി വരെ കരകയറാമെങ്കിലും അത് വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കി വെക്കുന്നു. ഈ പോരായ്മകള്‍ പരിഹരിക്കാനാണ് ബിറ്റ് ടോറന്റ് എന്ന സാങ്കേതികവിദ്യ കണ്ടുപിടിക്കപ്പെട്ടത്. അമേരിക്കന്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായ ബ്രാം കോഹനാണ് 2001 ൽ ബിറ്റ്ടോറന്റ് പ്രോട്ടൊക്കോൾ പുറത്തിറക്കിയത്. ബിറ്റ്ടോറന്റ് എന്ന ഓപ്പണ്‍ പ്രോട്ടോകോളാണ് ടോറന്റുകളില്‍ ഉപയോഗിക്കുന്നത്. കോഹൻ കണ്ടുപിടിച്ച ഈ സാങ്കേതികവിദ്യ ഇന്നു ലോകമെമ്പാടും ഫയലുകൾ കൈമാറ്റം ചെയ്യാനായി ഉപയോഗിച്ചു വരുന്നു.
ഇന്റർനെറ്റ് ലോകത്തിൽ ഇന്ന് എറ്റവും കൂടുതൽ ഉപയോഗിച്ചു വരുന്ന ഫയൽ ഷെയറിംങ് സാങ്കേതിക വിദ്യകളിലൊന്നാണ് ബിറ്റ്ടോറന്റ്. ഈ സമ്പ്രദായത്തില്‍ സെര്‍വര്‍ കമ്പ്യൂട്ടര്‍ എന്ന ഒരു സെന്‍‌ട്രലൈസ്‌ഡ് കമ്പ്യൂട്ടര്‍ ഇല്ല. ഒരോ ക്ലയന്റ് കമ്പ്യൂട്ടറും ഒരേ സമയം സെര്‍വര്‍ കമ്പ്യൂട്ടറും ക്ലയന്റ് കമ്പ്യൂട്ടറു ആയി പ്രവര്‍ത്തിക്കുകയാണ്. അതായത് ഒരു ക്ലയന്റ് കമ്പ്യൂട്ടറില്‍ ശേഖരിച്ച ഫയല്‍ തന്നെയാണ് മറ്റ് കമ്പ്യൂട്ടറുകളിലേക്ക് ഷെയർ ചെയ്യപ്പെടുന്നത്. ഫയല്‍ സ്വീകരിച്ച കമ്പ്യൂട്ടറും മറ്റ് കമ്പ്യൂട്ടറുകള്‍ക്ക് ആ ഫയലിന്റെ ഒരു ഭാഗം ഷെയർ‍ ചെയ്യുന്നു. ഇപ്രകാരം പീര്‍ ടു പീര്‍ നെറ്റ്വര്‍ക്കുകള്‍ പോലെ ഫയലുകളെ കൈമാറ്റം ചെയ്യാനുപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ബിറ്റ്ടോറന്റ്. ".torrent" എന്ന എക്സ്റ്റന്‍ഷനുകളില്‍ അവസാനിക്കുന്ന ചെറിയ ഫയലുകള്‍ വഴിയാണ് ടോറന്റുകള്‍ ക്രിയേറ്റ് ചെയ്യുന്നത്. ഈ ടോറന്റ് ഫയലുകളില്‍ യഥാര്‍ത്ഥ ഫയലിനെക്കുറിച്ചുള്ള വിവരങ്ങള്‍ (Metadata) മാത്രമാണ് അടങ്ങിയിരിക്കുന്നത്. എന്ത് ഫയലാണ്, അതിന്റെ ട്രാക്കറുകള്‍ ഏതൊക്കെ, ഫയലിന്റെ ഹാഷ് വാല്യു, ഫയല്‍ നെയിം, സൈസ്, എക്സ്റ്റന്‍ഷനുകള്‍ മുതലായവ ഇതില്‍ ഉള്‍പ്പെട്ടിരിക്കും.ടൊറന്റുകള്‍ ഉപയോഗിച്ച്‌ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി വേണ്ടത് ഒരു ടോറന്റ്ക്ലയന്റും ടോറന്റ് ഫയലുകളുമാണ്. കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന പിയർ-ടു-പിയർ ബിറ്റ്ടോറന്റ് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റവെയറുകളെയാണ് ടോറന്റ് ക്ലയന്റുകൾ എന്നറിയപ്പെടുന്നത്. ടോറന്റ് ക്ലയന്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന നിരവധി കമ്പ്യൂട്ടറുകളില്‍ നിന്നുമുള്ള ഒരേ ഫയലിന്റെ പല പാക്കറ്റുകളാണ് ഇതുവഴി ഡൌണ്‍ലോഡ് ചെയത് ഒരൊറ്റ ഫയലായി മാറ്റിയെടുക്കുന്നത്. വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടാലോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ മുറിഞ്ഞു പോയാലൊ അതു വരെ ഡൌണ്‍ലോഡ് ചെയ്ത പാക്കറ്റുകള്‍ കമ്പ്യൂട്ടറുകളില്‍ സേവ് ചെയ്തതിനു ശേഷം, പിന്നീട് കണക്ഷന്‍ പുനസ്ഥാപിക്കപെടുമ്പോള്‍ ഇവ എവിടെ വെച്ചാണോ ഡൌണ്‍ലോഡിങ് മുറിഞ്ഞത്, അവിടം മുതല്‍ ഡൌണ്‍ലോഡിങ് പുനരാ‍രംഭിക്കുന്നു. സൈസ് കൂടിയ ഫയലുകൾ ഇന്റെർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന മാർഗങ്ങളിൽ വളരെ പ്രസിദ്ധമായ മാർഗമാണിത്. പരിമിതമായ വിതരണ ശേഷിയിൽ (Bandwidth) വലിയ ഫയലുകളെ വളരെയെളുപ്പത്തിലും വേഗത്തിലും കൈമാറാൻ ബിറ്റ്ടോറന്റ് വഴി സാധിക്കും. ഇങ്ങനെ ഒരു ടോറന്റ് ക്ലയന്റ് സോഫ്റ്റ്വെയർ ഉപയോഗിച്ച് അധികം ചെലവില്ലാതെ തന്നെ നമുക്ക് ഫയലുകൾ പരസ്പരം കൈമാറ്റം ചെയ്യുന്നത് സാധ്യമാകുന്നു.
എങ്ങനെയാണ് ടൊറന്റുകള്‍ വര്‍ക്ക് ചെയ്യുന്നതെന്ന് വളരെ ലളിതമായൊരു ഉദാഹരണം വഴി വിശദമാക്കാം. നാലോ അഞ്ചോ ആള്‍ക്കാര്‍ ഒരു ടേബിളിനു ചുറ്റുമിരിക്കുകയാണെന്ന് കരുതുക, ഇതില്‍ എല്ലാവര്‍ക്കും ഒരു പുസ്തകത്തിന്റെ കോപ്പി ആവശ്യമാണ്. ഒരാളുടെ കൈവശം പുസ്തകത്തിന്റെ മുഴുവന്‍ കോപ്പിയും ഉണ്ട്. അദ്ദേഹം പേജുകള്‍ ഇടവിട്ടൊ അല്ലാതെയൊ അത് മറ്റുള്ളവര്‍ക്ക്‌ നല്‍കുന്നു. ചിലപ്പോൾ ഒന്നാമത്തേ ആള്‍ക്കു 4ാം പേജിന്റെ കോപ്പിയായിരിക്കും ലഭിക്കുന്നത്. രണ്ടാമത്തെ ആള്‍ക്കു 3ാം മത്തെയും 8ാം മത്തെയും പേജിന്റെ കോപ്പികളായിരികും ലഭിക്കുന്നത്. അങ്ങനെ എല്ലാവര്‍ക്കും പുസ്തകത്തിന്റെ ഇടവിട്ടുള്ള പേജുകള്‍ ലഭിക്കുന്നുവെന്നു കരുതുക. ഒന്നാമത്തെ ആള്‍ക്കു രണ്ടാമത്തെ ആള്‍ 3ാം മത്തെയും 8ാംമത്തെയും പേജിന്റെ കോപ്പികള്‍ നല്‍കുന്നു. തിരിച്ചു രണ്ടാമത്തെ ആള്‍ക്കു ഒന്നാമത്തെ ആള്‍ 4ാം മത്തെ പേജിന്റെ കോപ്പിയും നല്‍കുന്നു. ഇങ്ങനെ ഈ പ്രക്രിയ വഴി എല്ലാവര്‍ക്കും ആ പുസ്തകത്തിന്റെ ഒരോ കോപ്പി ലഭിക്കുന്നു. ഇതാണ് ടോറന്റുകളില്‍ ഉപയോഗിക്കുന്ന ടെക്നോളജി.
ഒരേസമയം ബിറ്റ് ടോറന്റ് വഴി ഫയലുകളെ പകർത്തുകയോ പങ്കുവെക്കുകയോ ചെയ്യുന്ന ഒരു കൂട്ടം കമ്പ്യൂട്ടറുകളെ സ്വാം (Swarm) എന്ന് വിളിക്കുന്നു.
ഇനി ടോറന്റുമായി ബന്ധപ്പെട്ട ചില വാക്കുകൾ പരിചയപ്പെടാം.
സീഡറുകൾ (Seeders) :- ബിറ്റ് ടോറന്റ് സംവിധാനത്തിൽ ഒരു ഫയലിന്റെ സമ്പൂർണ്ണ പകർപ്പുള്ള കമ്പ്യൂട്ടറിനെ സീഡ് എന്നു വിളിക്കുന്നു. ബിറ്റ് ടോറന്റ് സംവിധാനത്തിലൂടെ ഒരു ഫയൽ സുഗമമായി പകർത്തണമെങ്കിൽ ആ ഫയലിന്റെ ഒരു സീഡ് പകർപ്പെങ്കിലും എതെങ്കിലുമൊരു കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കണം. ഈ ആദ്യ സമ്പൂർണ ഫയലാണ് ആദ്യത്തെ സീഡ്. കൂടുതൽ ആളുകൾ ഈ ഫയൽ ഡൌൺലോഡ് ചെയ്യുമ്പോൾ സീഡുകൾ(seeds) കൂടിവരും. ഫയല്‍ ആരുടെ കമ്പ്യൂട്ടറിലാണോ മുഴുവനുമായുള്ളത്, അയാള്‍ അത് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുമ്പോള്‍ അതിനെ സീഡിംഗ് എന്നു പറയുന്നു. ഇങ്ങനെ സീഡിങ് ചെയ്യുന്നവരെ സീഡർ (Seeder) എന്നു പറയുന്നു ഇത്തരം സീഡര്‍മാരിലൂടെയാണ് ഈ ടോറന്റ് സമ്പ്രദായം തന്നെ നിലനില്‍ക്കുന്നത്. ആരെങ്കിലും ഒരാൾ ഒരു ഫയൽ പൂർണമായി ഡൌൺലോഡ് ചെയ്തു കഴിഞ്ഞാൽ അയാൾക്കും ഒരു സീഡറാവാം. പിന്നീട് വരുന്ന ഉപയോക്താവിനു ഈ രണ്ടു പേരിൽ നിന്നും ഫയലുകളുടെ വിവിധ പാക്കറ്റുകൾ ഡൌൺലോഡ് ചെയ്ത് ഒരു ഫുൾ കോപ്പി തന്റെ സിസ്റ്റത്തിലേക്കു മാറ്റുവാൻ സാധിക്കും. ഇപ്രകാരം ഈ പ്രക്രിയ തുടർന്നു കൊണ്ടേയിരിക്കും. കൂടുതൽ ആളുകൾ(Seeds) ഒരു ടോറന്റ് ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ വളരെ എളുപ്പം തന്നെ അത് ഡൗൺലോഡ് ചെയ്തു വരുന്നു; ഡൗൺലോഡ് ചെയ്യുന്ന ആളുകളുടെ എണ്ണം കുറവാണെങ്കിൽ സമയം കൂടുതൽ എടുക്കുന്നു. ടോറന്റ് ഫയൽ ഡൗൺലോഡ് ചെയ്യുമ്പോൾ ആ ഫയലിന്റെ സീഡകളുടെ എണ്ണം എത്രയാണെന്നു നോക്കുക. കൂടുതൽ സീഡുകൾ ഉള്ളതായിരിക്കും പെട്ടന്ന് ഡൗൺലോഡായി വരിക.
പിയറുകൾ (Peers):- ടോറന്റ് ക്ലയന്റിൽ ഒരു ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ ഡൌൺലോഡ് ചെയ്യുന്നയാൾ സീഡറായി വര്‍ത്തിച്ച് സീഡിങ് അഥവാ ഷെയറിങ്ങും ഡൌണ്‍ലോഡിങ്ങും ഒരേ സമയം ചെയ്യും ഈ അവസ്ഥയിലുള്ള കമ്പ്യൂട്ടറുകളെ പിയറുകൾ (Peers) എന്ന് വിളിക്കുന്നു.
ലീച്ചറുകൾ (Leechers) :- ചിലര്‍ ഡൌണ്‍‌ലോഡ് ചെയ്യുകയേയുള്ളൂ, സീഡിങ് അഥവാ ഫയൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുകയില്ല. അത്തരക്കാരെ ലീച്ചറുകൾ (Leechers) എന്ന് പറയുന്നു. മന:സാക്ഷി ഉള്ള ആരും ലീച്ച് ചെയ്യില്ല.
ട്രാക്കറുകൾ (Trackers) :- സീഡര്‍മാരെയും പിയര്‍മാരെയും ബന്ധിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന സെവര്‍ കമ്പ്യൂട്ടറിന്റെ റോളില്‍ വര്‍ത്തിക്കുന്ന സിസ്റ്റത്തെയാണ് ട്രാക്കർ എന്ന് പറയുന്നത്. അഥവാ ബിറ്റ്ടോറന്റ് സംവിധാനത്തിൽ വിവര വിതരണ പ്രക്രിയയെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടറുകളാണ് ട്രാക്കറുകൾ. ഒരു ഫയൽ ഡൗൺലോഡ്‌ ചെയ്യുവാൻ തുടങ്ങുമ്പോൾ, ടോറന്റ്‌ ക്ലയന്റ് ട്രാക്കർ സെർവറുമായി ബന്ധപ്പെടുന്നു. ഈ ട്രാക്കറാണ്‌ എല്ലാവരുടെയും ടോറന്റ് ക്ലയ്ന്റ്‌ അപ്ലിക്കേഷനെ നിയന്ത്രിക്കുന്നത്‌. സീഡുകളുടെയും ലീച്ചുകളുടെയും വിവരമായിരിക്കും ഒരു ട്രാക്കറിലുണ്ടായിരിക്കുക. ഒരു ഫയലിനു ഒന്നിൽക്കൂടുതൽ ട്രാക്കറുകൾ ഉണ്ടായിരിക്കാം. നമ്മുടെ ക്ലയ്ന്റ്‌ പ്രോഗ്രാമണ് ഫയലിന്റെ എത്ര ഭാഗം ഇതുവരെ ഡൗൺലോഡ്‌ ചെയ്തു എന്നുള്ള വിവരം ട്രാക്കറിനു കൈമാറുന്നത്. അതുവഴിയാണ് നാം ഡൗൺലോഡ്‌ ചെയ്തുവെച്ച ഭാഗം മറ്റൊരാൾക്ക് നമ്മുടെ കമ്പ്യൂട്ടറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നത്.
ടോറന്റ് ക്ലയന്റ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചാണ് മറ്റുള്ള കമ്പ്യൂട്ടറുകളുമായുള്ള ബന്ധം ഉപയോക്താവ് സാധിച്ചെടുക്കുന്നത്. ഇന്നു നിരവധി ടോറന്റ് ക്ലയന്റുകള്‍ ലോകമൊട്ടാകെയുള്ള ഉപയോക്താക്കള്‍ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഉപയോഗിച്ചു വരുന്നു. ബിറ്റ്ടോറന്റ് പ്രോട്ടോക്കോള്‍ ഡെവലപ്പ് ചെയ്ത ബ്രാം കോഹന്റെ തന്നെ ടൊറന്റ് ക്ലയന്റാണ് ബിറ്റ്ടോറന്റ്. ഇന്നു ഏറ്റവും കൂടുതല്‍ പേർ ഉപയോഗിക്കുന്ന ടോറന്റ് ക്ലയന്റുകളിലൊന്നാണിത്. മ്യൂടോറന്റ് (μtorrent), ബിറ്റ് കോമറ്റ്, അസൂറിയസ്, ഏരിസ്, ലൈംവയര്‍ തുടങ്ങി നിരവധി ടൊറന്റ് ക്ലയന്റുകള്‍ ഉപയോക്താക്കള്‍ക്കായി ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ടോറന്റ് ഫയലുകൾ ഡൗൺലോഡ് ചെയ്തെടുക്കുന്നതിനായി സൗകര്യം ഒരുക്കി തരുന്ന നിരവധി വെബ്സൈറ്റുകളും ഇന്ന് നിലവിലുണ്ട്. Thepiratebay. org , Torrentz. com, kickasstorrents. com, torrentz. in, 1337x. io മുതലായവയിലെല്ലാം ടോറന്റ് ഫയലുകൾ ഡൗൺലോഡ് ചെയ്തുപയോഗിക്കാനുള്ള സൗകര്യം ഏർപെടുത്തിയിരിക്കുന്നു. ഇതിലെ പ്രധാനി isohunts. to എന്ന ടോറന്റ് ഫയൽ സെർവറാണ്. ഒരു ഡയറക്റ്റ് ഡൗൺലോഡ് ലിങ്കിനെ ടോറന്റാക്കി മാറ്റുന്ന ഓൺലൈൻ സർവീസുകളും ഇപ്പോൾ ലഭ്യമാണ്. അത്തരത്തിലുള്ള ഒരു വെബ്സൈറ്റാണ് burnbit. com. അതുപോലെ ടോറന്റ് ഫയലിനെ ഡയറക്റ്റ് ലിങ്കാക്കി മാറ്റുന്ന സർവ്വീസുകളും ഇന്റെർനെറ്റിൽ ലഭ്യമാണ്. അതിനുദാഹരണമണ് quick-torrent. com എന്ന വെബ്സൈറ്റ്.
ബിറ്റ്ടോറൻറ് ഫയലുകൾ ഇൻഡക്സ് ചെയ്യപ്പെട്ട ഒരു സ്വീഡിഷ് വെബ്സൈറ്റാണ് ദി പൈറേറ്റ് ബേ.ഓർഗ് (thepiratebay. org). ഇൻറർനെറ്റിലെ കണക്കുകൾ പ്രകാരം പ്രശസ്തിയിൽ ലോകത്തിൽ തൊണ്ണുറ്റൊന്നാമതും സ്വീഡനിൽ പത്തൊൻപതാം സ്ഥാനത്തുമാണ് പൈറേറ്റ്ബേ. പരസ്യങ്ങളാണ് പൈറേറ്റ് ബേയുടെ പ്രധാന വരുമാനമാർഗം. സ്വീഡിഷ് ആൻറി-കോപ്പിറൈറ്റ് സംഘടനയായ പൈറേറ്റ്ബൈറനാണ് പൈറേറ്റ്ബേ സ്ഥാപിച്ചത്. 2004 ഒക്ടോബർ മുതൽ ഇത് പ്രത്യേക സ്ഥാപനമായി പ്രവർത്തിക്കാൻ തുടങ്ങി. ഈ സൈറ്റിലൂടെ ഉപയോക്താക്കൾക്ക് ടോറൻറ് ഫയലുകൾ തിരയാനും ഡൌൺലോഡ് ചെയ്യാനും സാധിക്കും. ഓഡിയോ, വീഡിയോ, ഗെയിംസ് എന്നിങ്ങന വിവിധ വർഗ്ഗങ്ങളായി ടോറൻറുകളെ തരം തിരിച്ചിരിക്കുന്നു. ഇതിൽ തിരച്ചലിൻറെ ഫലങ്ങൾ പട്ടിക രൂപത്തിലാണ് വരുന്നത്. ഈ സൈറ്റിൽ ഫയലിൻറെ പേര്, വലിപ്പം, സീഡുകളുടെയും ലീച്ചുകളുടെയും എണ്ണം എന്നിവ ഉൾപ്പെടുന്നു. ഈ വെബ്സൈറ്റിൽ രജിസ്ട്രേഷൻ സാധ്യമാണ്. രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് തങ്ങളുടേതായ ടോറൻറ് ഫയലുകൾ അപ്ലോഡ് ചെയ്യാനും സാധിക്കും.
നിലവില്‍ കുറെ ടോറന്റ് ക്ലയന്റ് പ്രോഗ്രാമുകള്‍ ഉണ്ടെങ്കിലും തുടക്കക്കാര്‍ക്ക് യൂടോറന്റ് (utorrent. com) എന്ന ക്ലയന്റാണ് നല്ലത്. ടോറന്റ് ഉപയോഗിച്ച് സിനിമ, വീഡിയോകള്‍,സോഫ്റ്റ്‌വെയറുകൾ, പുസ്തകങ്ങള്‍ തുടങ്ങിയവ ഡൌണ്‍‌ലോഡ് ചെയ്യാനും സ്വന്തം കമ്പ്യൂട്ടറുകളില്‍ ഫയലുകൾ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാനും താല്പര്യമുള്ളവര്‍ ആദ്യം മ്യൂടോറന്റ് അപ്ലിക്കേഷൻ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇനി നമുക്ക് വേണ്ടത് ഡൌണ്‍‌ലോഡ് ചെയ്യേണ്ട ഫയലിന്റെ ടോറന്റ് ഫയലാണ്. ഉദാഹരണത്തിന് നമുക്ക് ഒരു സിനിമ ഡൌണ്‍‌ലോഡ് ചെയ്യണമെന്നിരിക്കട്ടെ. ആ സിനിമയുടെ ഫയൽ സ്വന്തം കമ്പ്യൂട്ടറിൽ സൂക്ഷിച്ച് വെച്ചിട്ടുള്ള ആരെങ്കിലും അതിന്റെ ടോറന്റ് ഫയല്‍ ഉണ്ടാക്കിയിട്ട് ആ ഫയല്‍ ഏതെങ്കിലും ടോറന്റ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടാവും. ഓര്‍ക്കുക ആ സിനിമയല്ല, ആ സിനിമയുടെ ടോറന്റ് ഫയലാണ് അയാള്‍ ടോറന്റ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ടോറന്റ് ഫയലുകള്‍ ശേഖരിച്ചു വയ്ക്കുന്ന നിരവധി സൈറ്റുകളുണ്ട്. നമുക്ക് ആവശ്യമുള്ള സിനിമയുടെ ടോറന്റ് ഫയല്‍ സര്‍ച്ച് ചെയ്യാന്‍ തൽക്കാലം torrentz. in എന്ന സൈറ്റിലേക്ക് പോകാം. അവിടെ നിന്ന് ആ സിനിമയുടെ ടോറന്റ് ഫയല്‍ ഡൌണ്‍‌ലോഡ് ചെയ്യുക. സെക്കന്റുകള്‍ കൊണ്ട് ആ ചെറിയ സൈസുള്ള ഫയല്‍ ഡൌണ്‍‌ലോഡാകും. കമ്പ്യൂട്ടറിൽ ഡൌൺലോഡായ ആ സിനിമയുടെ ടോറന്റ് ഫയല്‍ കണ്ടെത്തി അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ സിസ്റ്റത്തിലുള്ള യൂടോറന്റ് എന്ന ടോറന്റ് ക്ലയന്റ് പ്രോഗ്രാം ആ സിനിമയെ ഡൌണ്‍‌ലോഡ് ചെയ്യിക്കും. ഏതൊക്കെ കമ്പ്യൂട്ടറുകളിലാണോ ആ സിനിമയുടെ ഫയല്‍ മുഴുവനുമായോ ഭാഗികമായോ ഉള്ളത് ആ കമ്പ്യൂട്ടറുകളില്‍ നിന്നെല്ലാം കഷണം കഷണങ്ങളായാണ് അത് നമ്മുടെ കമ്പ്യൂട്ടറില്‍ വന്നെത്തുക.
സംഭവം ഇങ്ങനെയൊക്കേ ആണെങ്കിലും ഇന്നും ടോറന്റെന്ന് കേള്‍ക്കുമ്പോള്‍ അതെന്തോ നിയമവിരുദ്ധമായ ഒരു സംഗതിയാണെന്ന് പലരും ധരിക്കുന്നുണ്ട്. പക്ഷെ ടോറന്റ് ക്ലയന്റുകൾ ഉപയോഗിക്കുന്നതിന് യാതൊരു വിധത്തിലുള്ള നിയമ തടസ്സങ്ങളും നിലവിലില്ല. പൈറസിക്ക് വേണ്ടിയാണ് ടോറന്റ് എന്നാണ് ചിലരുടെ ധാരണ. എന്നാല്‍ ആ ധാരണ ശരിയല്ല. ഇന്ന് ഇന്റര്‍നെറ്റില്‍ ഫയല്‍ ഷെയറിങ്ങ് ഭൂരിഭാഗവും നടക്കുന്നത് ടോറന്റ് മുഖാന്തരമാണ്. ടോറന്റിന്റെ പേരില്‍ ആരെയെങ്കിലും കുറ്റക്കാരനായി സ്ഥാപിച്ച് ശിക്ഷയ്ക്ക് വിധേയനാക്കുക എന്നത് എളുപ്പമല്ല. ചിലര്‍ കോപ്പിറൈറ്റ് പ്രശ്നം ഉന്നയിക്കുന്നുണ്ട്. കോപ്പിറൈറ്റുള്ള വസ്തുക്കളാണ് ടോറന്റുകൾ ഉപയോഗിച്ച്‌ കൂടുതലായും ഡൌൺലോഡ് ചെയ്യപ്പെടുന്നത്. മറ്റേതൊരു ഡൌൺലോഡിംഗ് രീതിയെ പോലെയും ഇവ ടോറന്റുകൾ വഴിയും ഡൌൺലോഡ് ചെയ്യുന്നതു കുറ്റകരമാണ്. സിനിമകൾ പാട്ടുകൾ സോഫ്റ്റ്വെയറുകൾ തുടങ്ങിയവ അപ്ലോഡ് ചെയ്യുന്നതു വഴി കോപ്പിറൈറ്റുള്ള വസ്തുക്കൾ അനധികൃതമായി മറ്റുള്ളവർക്കു ഡൌൺലോഡ് ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. ഇതു നിയമ ലംഘനമാണ്. പക്ഷെ കോപ്പിറൈറ്റ് ലംഘനമോ പൈറസിയോ ആരോപിച്ച് വിചാരണ നടത്തി കുറ്റക്കാരെ കണ്ടെത്താന്‍ വളരെ പ്രയാസമായിരിക്കും. നിലവിലെ വ്യവസ്ഥാപിതമായ രീതിയില്‍ അപ്ലോഡിങ്ങോ ഡൌണ്‍‌ലോഡിങ്ങോ അല്ല ടോറന്റില്‍ നടക്കുന്നത് എന്നതാണ് അതിലെ പ്രധാനപ്പെട്ട കാര്യം. ഞാന്‍ കോപ്പിറൈറ്റ് ലംഘനത്തെ പ്രോത്സാഹിപ്പിക്കാന്‍ പറയുന്നതല്ല. കോപ്പിറൈറ്റിന്റെ പേരില്‍ നമുക്ക് ലഭിച്ച മികച്ചൊരു ഫയല്‍ ഷേറിങ്ങ് സാങ്കേതിക വിദ്യയെ തരം താഴ്ത്തി കാണരുതല്ലോ. ടോറന്റില്‍ ഉള്ളതെല്ലാം കോപ്പിറൈറ്റ് ഉള്ളതാണെന്ന മിഥ്യാധാരണയും തെറ്റാണ്. അഥവാ ആരെങ്കിലും കോപ്പിറൈറ്റ് വാദം ഉന്നയിച്ചാലും ടോറന്റില്‍ അത് കുറ്റമായി സ്ഥാപിക്കാന്‍ നിലവിലെ നിയമം അപര്യാപ്തമാണ്. പര്യാപ്തമായ നിയമം നിര്‍മ്മിക്കുന്നതിനേക്കാളും എളുപ്പം ഇന്റര്‍നെറ്റ് തന്നെ നിരോധിക്കലായിരിക്കും എന്ന് പറയാതെ വയ്യ.ടോറന്റ് മൂലം സാങ്കേതികപരമായി ചില ദോഷങ്ങളുമുണ്ട് അവ എന്തൊക്കെയെന്ന് നോക്കാം. ടോറന്റുകൾ ഉപയോഗിക്കുന്നവരുടെ കമ്പ്യൂട്ടറുകളുടെ ഐ.പി വിലാസങ്ങൾ മറ്റുള്ളവർക്കു കൂടി അറിയാൻ കഴിയുന്നു. ഇതുവഴി ഈ ഐ.പി വിലാസങ്ങൾ ദുരുപയോഗം ചെയ്യുപ്പെടുവാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. പിന്നെയുള്ളത് വൈറസ്സിന്റെ പ്രശ്നമാണ്. ചില ടോറന്റ് ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ കമ്പ്യൂട്ടറിലേക്ക് വൈറസ് കടന്നുവരാൻ സാധ്യതയുണ്ട്. ഈ സങ്കേതം ഉപയോഗിച്ച് ചില വയറസ് പ്രോഗ്രാമുകളും നിലനിൽക്കുന്നു എന്നതുമോർക്കുക. പക്ഷെ പേർസണൽ കമ്പ്യൂട്ടറിൽ സൗജന്യമായി ലഭിക്കുന്ന AVG എന്ന ആന്റി വൈറസ്സ് സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്തുവെച്ചാൽ തന്നെ ഒരുവകപ്പെട്ട എല്ലാ വൈറസ്സുകളെയും മാല്‍‌വേറുകളെയും അത് തടഞ്ഞോളും. ഈ ലേഖനം കൊണ്ടുള്ള ഉദ്ദേശം ടോറന്റിനെ പറ്റി ഒരു സാമാന്യധാരണയെങ്കിലും വായനക്കാരില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ്, എന്തെങ്കിലും കാര്യം വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.
കടപ്പാട് :