മഹാശിലായുഗത്തിലെ ശിലാനിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ ആക്കാലത്തെ ആളുകൾ നിർമ്മിച്ചിവയാണിതെന്നു കരുതപ്പെടുന്നു. കേരളത്തിൽ മാത്രമാണ് കുടക്കല്ലുകൾ കാണപ്പെടുന്നത്. കുഴികളിൽ നന്നങ്ങാടിയിൽ അടക്കം ചെയ്യുന്ന മൃതദേഹങ്ങൾക്കു ചുറ്റും മൂന്നോ നാലോ വെട്ടുകല്ലുകളും മുകളിൽ കൂണാകൃതിയിലോ ഓലക്കുടയുടെ ആകൃതിയിലോ ഉള്ള കല്ലും നാട്ടുന്നതാണ് സാധാരണ കുടക്കല്ലിന്റെ ആകൃതിയും പ്രകൃതിയും.
കേരളത്തിലെ തൃശ്ശൂരിലെ അരിയന്നൂരിൽ (കണ്ടനശ്ശേരി പഞ്ചായത്ത്) സ്ഥിതിചെയ്യുന്ന ചരിത്രാതീതകാലത്തെ ഒരു മെഗാലിത്ത് ശവകൂടീരമാണ് അരിയന്നൂർ കുടക്കല്ല്( Ariyannur Umbrellas). 1951-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇതിനെ ഒരു കേന്ദ്രീകൃത സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇവിടെ ആറ് കുടക്കല്ലുകൾ (കൂൺ ആകൃതിയിലുള്ള കല്ലുകൾ) ഉണ്ട്. ഇതിൽ നാല് എണ്ണം പൂർണ്ണരൂപത്തിലും രണ്ടെണ്ണം ഭാഗീകമായി തകർന്ന നിലയിലുമാണ്. ചരിത്രാതീതകാലത്തെ ഒരു മെഗാലിത്ത് ശവകൂടീരമാണ് തൃശ്ശൂർ ജില്ലയിലെ ചിറമനങ്ങാടിലെ കുടക്കല്ല് പറമ്പ്. ഇവിടെ വളരെ ചെറിയ ഒരു സ്ഥലത്ത് 69 മെഗാലിത്ത് സ്മാരകങ്ങൾ കാണപ്പെടുന്നു. ഇവിടെ തൊപ്പിക്കല്ലുകളും, കുടക്കല്ലുകളും, മൂടിക്കല്ലുകളും, കൾവൃത്തങ്ങളും അടക്കം പല തരത്തിലെ കുടീരങ്ങൾ കാണാം. എ.എസ്.ഐയുടെ അഭിപ്രായത്തിൽ ക്രിസ്തുവിനും 2000 വർഷങ്ങൾ മുൻപായിരിക്കണം ഈ സ്മാരകങ്ങൾ നിർമ്മിക്കപ്പെട്ടത്. അവർ ഇതിനെ ഒരു കേന്ദ്രീകൃത സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.