A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

രൂപയുടെ ചരിത്രം


വളരെ പണ്ട് വസ്തുക്കള്‍ക്ക് പകരം വസ്തുക്കള്‍ കൊടുക്കുന്ന ബാര്‍ട്ടര്‍ സമ്പ്രദായമാണ് നിലനിന്നിരുന്നത്. ലളിതമായ സാമൂഹികബന്ധങ്ങള്‍ ഉണ്ടായിരുന്ന അക്കാലത്ത് ഇത് മതിയായിരുന്നു. എന്നാല്‍ സമൂഹം കൂടുതല്‍ വളര്‍ന്നപ്പോള്‍ കൊടുക്കല്‍ വാങ്ങലുകള്‍ അത്ര എളുപ്പമല്ലാതായി. ഇത് പരിഹരിക്കാനാണ് പണം കണ്ടുപിടിക്കപ്പെട്ടത്. ആദ്യം നാണയങ്ങളും പിന്നീട് പേപ്പര്‍ കറന്‍സികളുമുണ്ടായി. പണത്തിന്റെ ചരിത്രവഴികള്‍ രസകരമാണ്.
രൂപ വന്ന വഴി
ഭാരതത്തില്‍ ഋഗ്വേദകാലഘട്ടം മുതല്‍ നാണയങ്ങള്‍ ഉണ്ടായിരുന്നു. അഞ്ചുതരം നാണയങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. വെള്ളി എന്ന് അര്‍ഥംവരുന്ന രൂപ എന്ന ഇന്ത്യന്‍-ആര്യന്‍ ഭാഷാപദത്തില്‍നിന്നാണ് റുപ്പി
എന്ന പദമുണ്ടായത്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഹുമയൂണിനെ പരാജയപ്പെടുത്തി കുറച്ചുകാലം ഡല്‍ഹി വാണിരുന്ന ഷേര്‍ഷ പുറത്തിറക്കിയ 'റൂപായ' നമ്മുടെ രൂപയുടെ ആദ്യരൂപമായിരുന്നു. അക്കാലത്ത് ഒരുരൂപ എന്നത് 40 ചെമ്പുതകിടുകളായിരുന്നു. രൂപയ്ക്ക് 'രൂപം മുദ്രകുത്തിയത്' എന്നും അര്‍ഥമുണ്ട്.
നാണയത്തിന്റെ കണ്ടുപിടിത്തം
ബി.സി. ഏഴാം നൂറ്റാണ്ടില്‍ ഇപ്പോഴത്തെ തുര്‍ക്കിയിലാണ് ആദ്യമായി ലോഹനാണയം നിര്‍മിക്കപ്പെട്ടതെന്നാണ് ചരിത്രം. എന്നാലിത് എല്ലാ ചരിത്രകാരന്മാരും അംഗീകരിക്കുന്നില്ല. ഭാരതത്തില്‍ വേദകാലത്ത് വിവിധയിനം ലോഹനാണയങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. ആദ്യകാലനാണയങ്ങള്‍ സ്വര്‍ണം, വെള്ളി, ഓട്, ചെമ്പ് എന്നിവകൊണ്ട് നിര്‍മിക്കപ്പെട്ടവയാണ്.
രൂപ അച്ചടിക്കുന്നത് എവിടെ?
5, 10, 20, 50, 100, 500, 2000 രൂപയുടെ കറന്‍സികളും 50 പൈസയുടെയും 1, 2, 5, 10 രൂപയുടെ നാണയങ്ങളുമാണ് നമ്മുടെ രാജ്യത്ത് പ്രധാനമായും വിനിമയത്തിലുള്ളത്. മുന്‍പ് 5000, 10,000 രൂപാ നോട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവ പിന്‍വലിച്ചു. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് ഈയിടെയാണ്.ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പടുന്ന റിസര്‍വ് ബാങ്ക് (R.B.I.) ആണ് നോട്ടുകള്‍ അച്ചടിക്കുന്നത്; നാണയങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലും. എങ്കിലും ഇവയും റിസര്‍വ് ബാങ്ക് വഴിയാണ് വിതരണം ചെയ്യുന്നത്.നാസിക്കിലെ കറന്‍സി നോട്ട് പ്രസ്, ബാല്‍ബോണിയിലും മൈസൂരുമുള്ള ഭാരതീയ നോട്ട് മുദ്രാ നിഗം പ്രസ്, ദേവദാസിലെ ബാങ്ക് നോട്ട് പ്രസ് എന്നിവിടങ്ങളിലാണ് റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കറന്‍സി പ്രിന്റ് ചെയ്യുന്നത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (R.B.I.)
ബാങ്കുകള്‍ വഴിയാണ് പണമിടപാടുകള്‍ മുഖ്യമായും നടക്കുന്നത്. ഇന്ത്യയില്‍ ബാങ്കുകളുടെ ചരിത്രം ആരംഭിക്കുന്നത് 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് നമ്മുടെ കേന്ദ്ര ബാങ്ക്. രാജ്യത്തെ എല്ലാ ബാങ്കുകളെയും നിയന്ത്രിക്കുന്നത് റിസര്‍വ്ബാങ്കാണ്. പല സുപ്രധാനജോലികളും റിസര്‍വ് ബാങ്കിനുണ്ട്.1935 ഏപ്രില്‍ ഒന്നിനാണ് ആര്‍.ബി.ഐ. പ്രവര്‍ത്തനം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ആണ് റിസര്‍വ് ബാങ്കിനെ നിയന്ത്രിക്കുന്നത്. റിസര്‍വ് ബാങ്കിന് ഗവര്‍ണറും നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമുണ്ട്. മുംബൈ ആണ് ആസ്ഥാനം. മുന്‍പ് കൊല്‍ക്കത്തയായിരുന്നു.ഇന്ന് ലോകത്ത് ഏറ്റവും കരുത്തുള്ള ബാങ്കിങ് സംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയില്‍ പോലും 2008-ല്‍ ബാങ്കുകള്‍ തകര്‍ന്നുവീണപ്പോള്‍ ഇന്ത്യന്‍ ബാങ്കുകള്‍ രാജ്യത്തെ നട്ടെല്ലായിത്തന്നെ നിലകൊണ്ടു. നമ്മുടെ ബാങ്കുകളില്‍ പൊതുമേഖലയുടെ ശക്തമായ സ്വാധീനമാണ് ഇതിന് പ്രധാന കാരണം.
പിന്‍വലിച്ച നോട്ടുകള്‍
2016 നവംബര്‍ 8-നാണ് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപകളുടെ നോട്ടുകള്‍ അസാധുവാക്കിയത്. എന്നാല്‍ ഇതിനുമുമ്പും രണ്ടുതവണ ഇങ്ങനെ വലിയ മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചിട്ടുണ്ട്. 1946-ലാണ് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ആയിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകള്‍പിന്‍വലിച്ചത്. 1978-ല്‍ ആയിരത്തിന്റെയും അയ്യായിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകളാണ് പിന്‍വലിച്ചത്.
യുദ്ധവും കറന്‍സിയും
യുദ്ധരംഗത്ത് കറന്‍സിക്ക് പ്രധാനപങ്കുണ്ട്. ശത്രുരാജ്യങ്ങളെ തോല്പിക്കാന്‍ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. രണ്ടാംലോക മഹായുദ്ധകാലത്ത് ജര്‍മനിയിലെ ഹിറ്റ്‌ലര്‍ ശത്രുരാജ്യമായ ബ്രിട്ടനെതിരേ അവരുടെ കറന്‍സിയായ പൗണ്ട് ഒറിജിലിനെ വെല്ലുന്ന തരത്തില്‍ അടിച്ചിറക്കി ബ്രിട്ടനില്‍ വിതരണം ചെയ്തു. 5, 10, 20, 50 പൗണ്ടുകളുടെ നോട്ടുകളായിരുന്നു ഇവ. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ ജൂത തടവുകാരിലെ ചിത്രകാരന്മാരെ ഉപയോഗപ്പെടുത്തിയാണ് നാസികള്‍ വ്യാജന്‍ നിര്‍മിച്ചത്. ബ്രിട്ടനെ സാമ്പത്തികമായി തകര്‍ക്കുകയാണ് ഇത്തരം കള്ളനോട്ടുകളുടെ ലക്ഷ്യം. 'ഓപ്പറേഷന്‍ ബര്‍നാള്‍ഡ്' എന്നാണ് ഈ പദ്ധതിക്ക് അവര്‍ നല്‍കിയ പേര്. സമാനരീതിയില്‍ അമേരിക്കന്‍ ഡോളറും വ്യാജമായി ഹിറ്റ്‌ലര്‍ നിര്‍മിച്ചിരുന്നു.
കാശ് = Cash
ഇംഗ്ലീഷിലെ 'cash' എന്ന വാക്ക് വന്നത് ഭാരതത്തില്‍നിന്നാണ്. ഇവിടെ ഉണ്ടായിരുന്ന ഒരുതരം നാണയമായിരുന്നു 'കാര്‍ഷാപണം.' ഇത് പരിണമിച്ചാണ് കാശ് എന്നായത്. പോര്‍ച്ചുഗീസുകാര്‍ കാശിനെ അവരുടെ നാവിന് വഴങ്ങുന്ന രൂപത്തില്‍ 'കെയ്ക്സാ' എന്നാക്കി. ഇംഗ്ലീഷുകാരുടെ കൈയില്‍ എത്തിയപ്പോള്‍ കാഷ് എന്നായി.
രൂപയുടെ ചിഹ്നം
ലോകത്ത് ചില രാജ്യങ്ങളില്‍ കറന്‍സിക്ക് ചിഹ്നമുണ്ടായിരുന്നെങ്കിലും നമുക്ക് അടുത്തകാലംവരെ അതില്ലായിരുന്നു. 2010 ജൂലായ് 15നാണ് രൂപയ്ക്ക് ഒരു ചിഹ്നം ഉണ്ടായത്. തമിഴ്‌നാട് സ്വദേശി ഡി. ഉദയകുമാര്‍ രൂപകല്പന ചെയ്തതാണ് ഇത്. നമ്മുടെ ദേശീയപതാകയെയും സാമ്പത്തികസമത്വത്തെയും ഓര്‍മിപ്പിക്കുന്നതാണ് ചിഹ്നം. ഇതോടെ കറന്‍സിക്ക് ചിഹ്നമുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. 2012 ജനുവരിമുതല്‍ രൂപയില്‍ ചിഹ്നം അച്ചടിച്ചുതുടങ്ങി. എന്നാല്‍ നാണയത്തില്‍ അതിനുമുന്‍പ് 2011 ജൂലായ് മുതല്‍തന്നെ ചിഹ്നം ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഇന്ത്യന്‍ റുപ്പിയുടെ ചുരുക്കപ്പേരായ INR ആണ് രൂപയുടെ കോഡ്.
പേപ്പര്‍ കറന്‍സിയുടെ വരവ്
ലോകത്ത് ആദ്യമായി കടലാസ് കണ്ടുപിടിച്ച ചൈനയില്‍ തന്നെയാണ് പേപ്പര്‍ കറന്‍സിയുടെയും ഉദ്ഭവം. നാണയങ്ങളുടെ ഭാരവും അത് കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടുമാണ് ഇത്തരമൊരു ആശയത്തിലേക്കെത്തിച്ചത്. ആദ്യകാലത്ത് വെറും കടലാസില്‍ ചിത്രകാരന്മാരെക്കൊണ്ട് വരപ്പിച്ചാണ് നോട്ടുകള്‍ പുറത്തിറക്കിയിരുന്നത്. കറന്‍സി കൃത്രിമമായി വരച്ചുണ്ടാക്കുന്നവര്‍ക്ക് ശിക്ഷ മരണമാണെന്ന് നോട്ടില്‍ത്തന്നെ എഴുതിയിരുന്നു. ഇന്ന് നാം കാണുന്ന നോട്ടിന്റെ പൂര്‍വികര്‍ എന്ന് പറയാവുന്ന കറന്‍സി 1661-ല്‍ സ്വീഡനിലെ സ്റ്റോക് ഹോം ബാങ്ക് പുറത്തിറക്കിയ കറന്‍സികളായിരുന്നു. ആദ്യത്തെ ബാങ്കും സ്വീഡനിലായിരുന്നു. 1675-ല്‍ ഇംഗ്ലണ്ടും ഫ്രാന്‍സും ഇത്തരത്തിലുള്ള നോട്ടുകള്‍ പുറത്തിറക്കി.
കള്ളനോട്ടും കള്ളപ്പണവും
കള്ളനോട്ടും കള്ളപ്പണവും ഒന്നല്ല. വ്യക്തികളോ സംഘങ്ങളോ വ്യാജമായി നോട്ട് അടിച്ചിറക്കുന്നതാണ് കള്ളനോട്ട്. രാജ്യത്തെ സമ്പദ്ഘടന തകര്‍ക്കുന്നതില്‍ കള്ളനോട്ട് വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ടുതന്നെ വ്യാജനോട്ടുകള്‍ ഇറക്കുന്നവര്‍ക്കോ വിനിമയം നടത്തുന്നവര്‍ക്കോ കടുത്ത ശിക്ഷയാണ് എല്ലാ രാജ്യങ്ങളും നല്‍കുന്നത്. കള്ളപ്പണം എന്ന് പറയുന്നത് കണക്കില്‍പ്പെടാത്ത പണം വീട്ടിലോ മറ്റോ സൂക്ഷിക്കുന്നതിനെയാണ്. അഴിമതിയില്‍ക്കൂടി ലഭിക്കുന്ന പണമാണ് പ്രധാനമായും ഇങ്ങനെ കണക്കില്‍പ്പെടാതെ കള്ളപ്പണമായി സൂക്ഷിക്കുന്നത്. കള്ളനോട്ടുപോലെ രാജ്യത്തെ സമ്പദ്ഘടനയെ തകര്‍ക്കുന്നതാണ് കള്ളപ്പണവും. കള്ളപ്പണം പിടിക്കപ്പെട്ടാല്‍ ശിക്ഷിക്കപ്പെടും. പക്ഷേ, മിക്കപ്പോഴും കള്ളപ്പണം പിടിക്കപ്പെടാറില്ല. ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ തോത് വളരെ കൂടുതലാണെന്നാണ് റിസര്‍വ് ബാങ്ക് കണ്ടെത്തിയിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ
കടപ്പാട് :മാതൃഭൂമി