A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കാവുകള്‍ ജൈവ വൈവിധ്യ സംസ്‌കൃതി..


പാലപ്പൂവിന്റെ ഗന്ധം മന്ദമാരുതനിലൂടെ ഒഴുകിപ്പരക്കുന്നു. ഇവിടമാകെ ചെമ്പകപ്പൂവിന്റെയും വാകപ്പൂവിന്റെയും അഭൗമസുഗന്ധം! പച്ചപ്പുകളുടെ ഇടയില്‍ നിന്നൊരു കുയില്‍പ്പെണ്ണിന്റെ പാട്ട്.... ഉപ്പന്റെ നിലവിളി! ചെറുകാറ്റില്‍ ആടിയുലയുന്ന വൃക്ഷലതാദികളുടെ മര്‍മ്മരം ആസ്വദിച്ച് ഇളകിപ്പറക്കുന്ന പക്ഷികളുടെ കലപില ശബ്ദം... ഇത് കാവാണ്. പല തരത്തിലുള്ള മരങ്ങളും വള്ളിപ്പടര്‍പ്പുകളും യഥേഷ്ടം നിറഞ്ഞുവളരുന്ന സാക്ഷാല്‍ കാവ്. കേരളത്തില്‍ കാവുകള്‍ക്കുള്ള പ്രാധാന്യവും പ്രസക്തിയും അവാച്യമാണ്. പണ്ടുതൊട്ടേ ഇവിടെ കാവുകള്‍ ഉണ്ട്. അപ്പനപ്പൂപ്പന്മാര്‍ പ്രകൃതിഭംഗിയെ അഗാധമായി പ്രണയിച്ചിരുന്നു. കാവുകളിലെ ഹരിതാഭയെ ആരാധനയോടെ കണികണ്ടുണരുകയും തൊഴുതു വന്ദിക്കുകയും
ചെയ്തിരുന്നു. പൂര്‍വ്വികന്മാര്‍ വൃക്ഷസഞ്ചയത്തിനു വിളക്കുവെച്ചവരാണ്. അവര്‍ക്കറിയാം, അവിടന്നാണ് പ്രാണവായു പ്രദാനം ചെയ്യുന്നതെന്ന്. കാവുകള്‍ക്ക് ദിവ്യത്വം കല്‍പ്പിച്ചതെന്നാണ്? ദൈവിക പരിവേഷം ചാര്‍ത്തിയതാരാണ്? അറിയില്ല. ആര്‍ക്കുമറിയില്ല. എന്തായാലും കാലാന്തരത്തില്‍ കാവുകള്‍ വിഭജിക്കപ്പെട്ടു. സര്‍പ്പക്കാവെന്നും യക്ഷിക്കാവെന്നുമൊക്കെ കാവുകള്‍ക്കു പേരുവീണു. ത്രിസന്ധ്യ നേരത്ത് സര്‍പ്പക്കാവില്‍ വിളക്കുവെക്കാന്‍ പോകുന്ന സുന്ദരിയെക്കുറിച്ചും യക്ഷിക്കാവില്‍ തിരിതെളിച്ചു മടങ്ങിവരുന്ന കന്യകയെക്കുറിച്ചും വിസ്തരിച്ചെഴുതിയിട്ടുള്ള കവികളും കഥാകാരന്മാരും നോവലിസ്റ്റുകളും നിരവധിയാണ്. ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. കാവുകള്‍ക്കും വശ്യമായൊരു മണമുണ്ട്. പ്രണയവസന്തത്തിന്റെയും പ്രാണവായുവിന്റെയും സുഖകരമായ മണം. അതില്‍ സര്‍വവും വിസ്മരിച്ചു വിലയിച്ചുനിന്നാല്‍ ആയുസും ആരോഗ്യവും വര്‍ധിക്കുമത്രേ! കാവുകളുമായുള്ള മനുഷ്യന്റെ ബന്ധം നിസ്സാരമല്ല. അവന്റെ ജീവനും ജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. അതുകൊണ്ടുതന്നെ ഓരോ ദേശത്തിന്റെ മുക്കിലും മൂലയിലും വമ്പന്‍ കാവുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നതു കാണാം. കാവുകള്‍ ധാരാളമുണ്ട്. സ്ഥലനാമങ്ങളില്‍ പോലും കാവുകള്‍ നിറഞ്ഞുനില്‍ക്കുന്നു. ഇതാ കണ്ടില്ലേ? കോയിക്കലേത്തുക കാവ്, വീരണ കാവ്, വവ്വാക്കാവ്, ഭരണിക്കാവ്, പാണ്ഡവര്‍ കാവ്, പുതിയ കാവ്, മണ്ണക്കല്‍ കാവ്, ആര്യങ്കാവ്, മണ്ണടിക്കാവ്, ഇലഞ്ഞിക്കാവ്, ഇരിങ്ങോള്‍ കാവ് അങ്ങനെ കാവുകളുടെ എണ്ണം പെരുകുന്നു. കാവുകള്‍ മാത്രമല്ല കുളങ്ങളും വളരെ പ്രധാനമാണ്. കാവുകള്‍ എവിടെയുണ്ടോ അവിടെയെല്ലാം കുളങ്ങളും ഉണ്ടാവും. മഴയും പുഴയുംപോലെയാണ് ആ ബന്ധം. യഥാര്‍ത്ഥത്തില്‍ കാവിന്റെ കണ്ണാടിയാണ് കുളം. സദാസമയവും വേരുകള്‍ ജലത്തിലേക്ക് ഇറക്കിയിട്ട് മുഖസൗന്ദര്യവും നോക്കി കാവങ്ങനെ സ്വപ്‌നം കണ്ടുനില്‍ക്കും. കാവുകള്‍ക്കു വ്യത്യസ്തമായ ഒരുപാട് ഭാവങ്ങളുണ്ട്. ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചാല്‍ ആര്‍ക്കുമത് തിരിച്ചറിയാന്‍ സാധിക്കും. പ്രഭാതത്തില്‍ നിഷ്‌ക്കളങ്കയായൊരു കുട്ടിയുടെ ഭാവമാണെങ്കില്‍ നട്ടുച്ചയ്ക്ക് വൃദ്ധയുടെ വിളറിയ ഭാവം. സായന്തനത്തില്‍ സൗമ്യമാണ്. പാതിരായ്ക്ക് അതുമാറും. പിന്നെ ഭീകരതയുടെ ഭാവമണിഞ്ഞു നില്‍ക്കും. അപ്പോള്‍ ഒരിലപോലും ചലിക്കില്ല. എന്നാല്‍ മഴയെത്തുമ്പോള്‍ കാവുകള്‍ക്കൊരു പ്രത്യേക ചൈതന്യമായിരിക്കും, ഉണര്‍വും ഉന്മേഷവുമായിരിക്കും. അപ്പോഴുള്ള ചലനവും ചന്തവും ആരെയും ആകര്‍ഷിക്കാതിരിക്കില്ല. ഏഴിലംപാല, പുന്ന, കരിമ്പന, മരോട്ടി, ആല്‍, വാക, കാഞ്ഞിരം, വേപ്പ്, കൂവളം, ഞാവല്‍ അങ്ങനെ നീളുന്ന വിവിധതരം വൃക്ഷങ്ങളുടെ സങ്കേതമാണ് കാവ്. ഏതു ദുഷിച്ച അന്തരീക്ഷത്തെയും ശുദ്ധീകരിക്കാന്‍ കെല്‍പ്പുള്ള വൃക്ഷങ്ങള്‍ കാവുകളിലുണ്ട്. ആല്‍മരവും കാഞ്ഞിരവും വേപ്പുമൊക്കെ അതില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഇനങ്ങളാണ്. ''പത്തുമരം കൂടിയാലേ കാവ് ആകൂ. പത്ത് ആളു കൂടിയാലേ വിവാഹമാകൂ.... എന്നാണ് പഴമൊഴി.'' കാവില്‍ മരങ്ങള്‍ കൂടി നില്‍ക്കുന്നതുപോലെ വിവാഹത്തിനും ആളുകള്‍ കൂടണം. അതാണ് പഴമൊഴിയുടെ സാരം. കാവുകളില്‍ ധാരാളം പക്ഷികളുണ്ട്, പൊന്മാന്‍, മൈന, മൂങ്ങ, ഉപ്പന്‍, കാക്ക, തത്ത, പരുന്ത്, കുയില്‍, പഞ്ചവര്‍ണക്കിളികള്‍. ഇങ്ങനെ പറഞ്ഞാലൊന്നും തീരില്ല. പക്ഷികള്‍ക്കിടയില്‍ ശത്രുക്കളും മിത്രങ്ങളുമുണ്ട്. എങ്കിലും വാസസ്ഥലത്തുവച്ച് പരസ്പരം അക്രമിക്കാറില്ല. അതുകൊണ്ടുതന്നെ കാവ് ജീവിതം അവറ്റകള്‍ക്ക് ആശ്വാസവും ആഘോഷവുമായി മാറുന്നു. പക്ഷികളും മൃഗങ്ങളും മറ്റു ജീവജാലങ്ങളുമൊക്കെ കുളിക്കുന്നതും കുടിക്കുന്നതും കാവിന്റെ കണ്ണാടിയായ കുളത്തില്‍ നിന്നാണ്. കുളിക്കുമ്പോഴും കുടിക്കുമ്പോഴും അവറ്റകളുടെ ആഹ്ലാദപ്രകടനങ്ങള്‍ കണ്ണിനും കാതിനും കൗതുകമേറ്റുന്നു. സത്യം പറഞ്ഞാല്‍ കാവും കുളവും നാടിന്റെ പുണ്യവും ഐശ്വര്യവുമാണ്. കുളത്തിലെ ജലം കുളിക്കാനും കുടിക്കാനും മാത്രമല്ല ഉപകരിക്കുന്നത്. കാര്‍ഷിക സമൃദ്ധിക്കും കൂടി പ്രയോജനം ചെയ്യും. കുളത്തിലെ നീരുറവ ഒഴുകിച്ചെല്ലുന്നത് വയലേലകളിലേക്കാണ്. കൃഷിക്ക് അതുവളരെ ഗുണമാകുകയും ആ പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കുകയും ചെയ്യും. കാവിലെപ്പോലെ തന്നെ കുളത്തിലും ഒരുപാട് ജീവികള്‍ വസിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണു മത്സ്യം. മത്സ്യങ്ങള്‍ നീന്തിക്കളിക്കുന്ന രസകരമായ ദൃശ്യം ഇഷ്ടപ്പെടാത്തതായി ആരാണുള്ളത്. കാരി, കൂരി, മുശി, വരാല്‍, പള്ളത്തി, കരട്ടി, കരിമീന്‍ അങ്ങനെ എത്രയെത്ര ഇനങ്ങള്‍! സൂത്രത്തില്‍ മീന്‍ പിടിക്കാന്‍ കണ്ണടച്ചു തപസ്സിരിക്കുന്ന കൊറ്റികളെയും കുളക്കരയില്‍ യഥേഷ്ടം കാണാം. വെള്ളത്തിലും കരയിലും ഒരുപോലെ വിഹരിക്കുന്ന ജീവികളും വിരളമല്ല. തവള, പുളവന്‍, ഞണ്ട്, ആമ ഇവയൊക്കെ അതിന് ഉദാഹരണങ്ങളാണ്. ചില തല്‍പ്പര കക്ഷികളുടെ ക്രൂരമായ ഇടപെടല്‍ മൂലം ഇവയില്‍ ചിലതിനൊക്കെ വംശനാശം വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണല്ലോ കൊതുകുകള്‍ പോലുള്ള ക്ഷുദ്രജീവികള്‍ പെരുകി മനുഷ്യജീവിതം ദുരിതവും ദുസ്സഹവുമാകുന്നത്. കാവുകളില്‍ പല നിറത്തിലും തരത്തിലുമുള്ള പൂവുകള്‍ എപ്പോഴുമുണ്ടാവും. അതിന്റെ സൗരഭ്യം അവിടെ നിറഞ്ഞുനില്‍ക്കും. പുഷ്പങ്ങളുടെ ശയ്യാഗൃഹമാണ് കാവ്. തെച്ചി, മന്ദാരം, ചെമ്പകം, കാട്ടുതുളസി, കല്യാണസൗഗന്ധികം, കാട്ടുമല്ലി, നിശാഗന്ധി അങ്ങനെ ഏതെല്ലാം പുഷ്പങ്ങള്‍! പൂവുകളുടെ പരിമളം ആസ്വദിക്കാന്‍ പൂന്തേനുണ്ണാന്‍ വര്‍ണശലഭങ്ങള്‍, വണ്ടുകള്‍, അടയ്ക്കാക്കുരുവികള്‍, ചെറുപ്രാണികള്‍, തേനീച്ചകള്‍ എന്നിവയെല്ലാമെത്തും. ഇവയെല്ലാം പൂക്കളെ വട്ടമിട്ടു പറന്ന് അനുനയിപ്പിച്ച് അനുവാദം വാങ്ങിയിട്ടാവും തേന്‍ നുകരുക. തേന്‍ ശേഖരിച്ചുവെക്കുന്ന പ്രാണികളും കാവുകളിലുണ്ട്. കടന്നലുകളും തേനീച്ചകളും അതില്‍ പ്രധാനികളാണ്. ആയുര്‍വേദ ഔഷധങ്ങളില്‍ പ്രഥമ ഗണനീയ സ്ഥാനമാണ് തേനിനുള്ളത്. പൂന്തേന്‍ നല്ല മധുരമാണ്. മരുന്നാണ്. ലഹരിയുമാണ്. കാവുകളില്‍ ഉരഗജീവികളുടെ സാന്നിദ്ധ്യവും കുറച്ചൊന്നുമല്ല. ചേര, കീരി, പാമ്പ്, എലി, അരണ, അണ്ണാന്‍, ഓന്ത് എന്നിവയൊക്കെ ഇവിടെ സൈ്വരവിഹാരം നടത്തുന്നു. കൂടാതെ മൃഗങ്ങളും ധാരാളമുണ്ട്. കുരങ്ങ്, കുറുക്കന്‍, മുള്ളന്‍പന്നി, മരപ്പട്ടി, കാട്ടുപൂച്ച എന്നിവയെ ധാരാളമായി കാണാം. ജീവജാലങ്ങള്‍ മനുഷ്യന്റെ ശത്രുക്കളല്ല. തികച്ചും മിത്രങ്ങളാണ്. ഉപകാരികളാണ്. ഏതെങ്കിലും തരത്തില്‍ മനുഷ്യനുമായി ബന്ധമുള്ളവയാണ് ഇവ. എന്തൊക്കെയാണെങ്കിലും കാവിന്റെ നിശ്ശബ്ദത ഭയാനകമാണ്. ആ വിജനതയില്‍ ഒറ്റയ്ക്കു ചെല്ലുമ്പോള്‍ ഉണ്ടാകുന്ന ഭയവും വിഹ്വലതയും നെഞ്ചിടിപ്പേറ്റാതിരിക്കില്ല. പച്ചമരുന്നുകളുടെ കലവറയാണു കാവുകള്‍. അവിടെ കിട്ടാത്ത നാട്ടുമരുന്നുകള്‍ വേറെ എങ്ങുമുണ്ടാവില്ല. മുക്കുറ്റി, മൂടില്ലാത്താളി, കരിനൊച്ചി, മാതളം, കൂവളം, എരുക്ക്, മുരിക്ക്, ശതാവരി, ആനച്ചുവടി, അശോകം, ആടലോടകം, ആവണക്ക്, ആര്യവേപ്പ്, കറുക, കാഞ്ഞിരം, കീഴാര്‍നെല്ലി, കുടകപ്പാല, കുടങ്ങല്‍, കുന്നി, കുറുന്തോട്ടി, കൊഴിഞ്ഞില്‍, ചക്രത്തകര, നീലക്കൊടുവേലി, നറുനീണ്ടി, നീര്‍മാതളം അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഇനങ്ങള്‍ അവിടുന്നു ലഭിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ കാവുകളില്ല. നാട്ടുമരുന്നുകളുമില്ല. എവിടെപ്പോയി? നമ്മുടെ നാട്ടിന്റെ സൗഭാഗ്യങ്ങളായിരുന്ന ഇവ എവിടെപ്പോയി? പച്ചപ്പുകളെല്ലാം വെട്ടിനശിപ്പിക്കുകയാണ്. കാവുകള്‍ ചുരുങ്ങി ശോഷിച്ച് ഇല്ലാതാകുന്നു. നാം നമ്മോടുതന്നെ കാട്ടുന്ന ക്രൂരത. കാവ് തീണ്ടിയാല്‍ കുളം വറ്റുമെന്നൊരു ചൊല്ലുണ്ട്. അത് തികച്ചും അന്വര്‍ത്ഥമാണ്. കാവില്ലെങ്കില്‍ മരമില്ലെങ്കില്‍ മഴയില്ല. മഴയില്ലെങ്കില്‍ കുളവുമില്ല. വെള്ളവുമില്ല. ഒരു ദാക്ഷിണ്യവുമില്ലാതെ കാവുകള്‍ വെട്ടിനശിപ്പിക്കുകയാണ്. കുളങ്ങളും നികത്തുന്നു. സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി മലകളും കുന്നുകളുമെല്ലാം ഇടിച്ചുനിരത്തുകയാണ്. പ്രകൃതിയെ ക്രൂരമായി കൊല്ലുന്നതിന്റെ ഫലമായി പല കുഴപ്പങ്ങളും നാം അനുഭവിക്കേണ്ടിവരുന്നു. ഭൂമി കുലുക്കം, വെള്ളപ്പൊക്കം, രൂക്ഷമായ വരള്‍ച്ച. മനുഷ്യന്റെ കൊള്ളരുതായ്മ മൂലം ഭൂമിയുടെ സന്തുലിതാവസ്ഥ തകിടം മറിയുകയാണ്, തകരുകയാണ്. കാവുകള്‍ വെട്ടിമാറ്റരുത്. ഭൂമിയുടെ സമതുലിതാവസ്ഥയ്ക്കു ഭംഗം വരുത്തുന്ന ഒരു പ്രവൃത്തിയും ഉണ്ടാകരുത്. ഉണ്ടായാല്‍ അതു മാനവന്റെ നിലനില്‍പ്പിനുതന്നെ ആപത്തായിത്തീരും. കാവുകള്‍ വെട്ടിയാല്‍, പച്ചപ്പുകള്‍ നശിപ്പിച്ചാല്‍ പക്ഷികള്‍ പറന്നുപോകും. മൃഗങ്ങള്‍ അകലും. സര്‍പ്പങ്ങള്‍, ചെറുജീവികള്‍ ഒക്കെ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകും. അങ്ങനെ സംഭവിച്ചാല്‍ മനുഷ്യസമൂഹത്തിന്റെ അവസ്ഥ എന്തായിത്തീരും?. ഏവരും ചിന്തിക്കേണ്ട ഒന്നാണിത്. മനുഷ്യന്റെ പ്രതിരോധ ശക്തിയാണു പ്രകൃതി. അതു വികലമാക്കുന്നതു വിഡ്ഢിത്തമാണ്. പക്ഷികളും മൃഗങ്ങളും ചെറുപ്രാണികള്‍പോലും സംരക്ഷിക്കപ്പെടണം, കുന്നും കുഴിയും ഇവിടെ വേണം. മലയും പുഴയും വേണം. കാവും കുളവുമൊന്നും നഷ്ടപ്പെടാന്‍ പാടില്ല. ഭൂമിയുടെ ആഭരണമാണത്. ഭംഗിയും സംരക്ഷണവലയവുമാണത്. മനുഷ്യനു ജീവിക്കണമെങ്കില്‍ സംശുദ്ധമായ അന്തരീക്ഷവും ഓക്‌സിജനും വേണം. അങ്ങനെയെങ്കില്‍ നമുക്ക് ആവശ്യമുള്ളതൊക്കെ വിതരണം ചെയ്യുന്ന, നമ്മെ സംരക്ഷിച്ചു നിര്‍ത്തുന്ന കാവുകള്‍, കുന്നുകള്‍, മരങ്ങള്‍, കുളങ്ങള്‍, സഹജീവികള്‍ ഒക്കെ സംരക്ഷിക്കപ്പെടണം. എങ്കില്‍ മാത്രമേ നമുക്കിവിടെ സുഗമമായി ജീവിക്കാന്‍ സാധ്യമാകൂ. കാവുകള്‍ വളരട്ടെ! കുളങ്ങള്‍ നിറയട്ടെ! വെട്ടിനശിപ്പിക്കുകയല്ല, വെച്ചുപിടിപ്പിക്കുകയാണു വേണ്ടത്. നമുക്കു മാത്രമല്ല, വരും തലമുറകള്‍ക്കു കൂടി ഉപകാരപ്രദമാകാന്‍ കാവും കുളവുമൊക്കെ നമുക്കു സംരക്ഷിക്കാം. ഒരുക്കിവെക്കാം ഒരു നല്ല നാടിനായ്!..