A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മലബാറിലെ പോലീസ്

മലബാറിലെ പോലീസ്




മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ ക്രമസമാധാനപാലനം നിർവഹിച്ചിരുന്നത് നാടുവാഴികളായിരുന്നു.
1792-ൽ ബ്രിട്ടീഷുകാർ മലബാറിന്റെ ഭരണം ഏറ്റെടുത്ത ശേഷമാണ് വ്യവസ്ഥാപിതമായ പൊലീസ് ഭരണം ആരംഭിച്ചത്. അക്കാലത്ത് ക്രമസമാധാനം സൈന്യമായിരുന്നു. സാമൂഹ്യ വിരുദ്ധരെയും വിപ്ലവകാരികളെയും അമർച്ച ചെയ്യുന്നത് സൈന്യത്തിന്റെ ജോലിയായിരുന്നു. 1800- മാണ്ടോടുകൂടി ഒരു പോലീസ് സംവിധാനം നിലവിൽ വന്നു . കോൽക്കാർ, ഡാഫേദാർ, ജമേദാർ എന്നീ പേരുകളിലാണ് പോലീസുകാർ അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ പൊലീസ് സേനയിൽ 2 ജമേദാർമാർ , 8 ഡാഫേദാർമാർ 277 കോൽക്കർ എന്നിവരാണ് ഉണ്ടായിരുന്നത്. ഈ പോലീസ് സംവിധാനം ഒരു പരാജയമായിരുന്നു. ബ്രിട്ടീഷ് രാജിനെതിരെ പഴശ്ശിരാജാവിനെ പോലെയുള്ളവർ നടത്തിയിരുന്ന പടയോട്ടങ്ങളും പ്രവർത്തനങ്ങളും നേരിടാൻ പോലീസ് സൈന്യം അശക്തരായിരുന്നു.
1816 പൊലീസിന്റെ ഘടനയിൽ മാറ്റങ്ങൾ വരുത്തി. ഗ്രാമങ്ങളിൽ പോലീസിന്റെ ചുമതല ഗ്രാമത്തലവനെ ഏല്പിച്ചു. താലൂക്കുകളിൽ തഹസിൽദാർമാർക്കായിരുന്നു പൊലീസിന്റെ മേൽനോട്ടം നൽകിയത്. പട്ടണങ്ങളിൽ പോലീസ് അമീൻ എന്ന ഉദ്യോഗസ്ഥനെ പൊലീസ് ഭരണം ഏൽപ്പിച്ചു. ക്രമസമാധാനപാലനത്തിന് ഈ സംവിധാനവും അപര്യാപ്തമായിരുന്നു. ഒരു ശക്തമായ പോലീസ് സേന രൂപീകരിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് മദിരാശി ഗവർണ്ണറോട് ആവശ്യപ്പെട്ടു. അതോടെ 31ഓഫീസർമാരും 150 ശിപായികളുമടങ്ങുന്ന പോലീസ് സേന രൂപീകരിച്ചു.
1936-ൽ മലബാറിൽ മാപ്പിളലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ മദ്രാസ് പ്രസിഡൻസിയിൽ ഒരു സായുധ പോലീസ് സേന വേണമെന്ന് ബ്രിട്ടീഷ് അധികാരികൾ തീരുമാനിച്ചു പ്രസിഡൻസിയെ 2 മേഖലകളിലാക്കി.
മലബാർ തെക്കൻ മേഖലയിലാണ് ഉൾപ്പെട്ടത്. അന്ന് കോഴിക്കോട് കളക്ടറും ഡിസ്റ്റിക് മജിസ്ട്രേട്ടുമായിരുന്നത് (1841-1855)ഹെൻട്രി വലന്റിൻ കനോലി എന്ന സമർത്ഥനായ ഒരു ബ്രിട്ടീഷുകാരൻ ആയിരുന്നു .മലബാറിൽ ധാരാളം വികസനങ്ങൾ നടപ്പിൽ വരുത്തുന്നതിൽ ഒരു വലിയ പങ്കുവഹിച്ച ഉദ്യോഗസ്ഥനായിരുന്നു കനോലി.കോഴിക്കോട്ടെ കനോലി കനാലും നിലമ്പൂരിലെ തേക്ക് തോട്ടവും കനോലിയുടെ സൃഷ്ടികളാണ്. എന്നാൽ വളരെ കർശന ക്കാരനായിരുന്ന കനോലി മാപ്പിളലഹള അടിച്ചമർത്തുന്നതിൽ ഒരു ദാക്ഷിണ്യവും കാണിച്ചിരുന്നില്ല.
ഇംഗ്ലണ്ടിൽ മിഡ്ലാൻഡസ്സിൽ 1806-ൽ ജനിച്ച കനോലി തന്റെ പതിനെട്ടാം വയസ്സിൽ ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാർ ബ്രിട്ടീഷ് സൈന്യത്തിൽ സേവനം ചെയ്യുകയായിരുന്നു. അവർ മൂന്നുപേരും അഫ്ഘാൻ യുദ്ധമുഖങ്ങളിൽ കൊല്ലപ്പെട്ടു. 1841-ൽ ലാണ് കനോലി കോഴിക്കോട് കളക്ടറാകുന്നത് . 1855-ൽ സെപ്റ്റംബർ പതിനൊന്നാം തീയതി വെസ്റ്റ് ഹില്ലിലെ കളക്ടറുടെ ബംഗ്ലാവിൽ വച്ച് കനോലി ദാരുണമായി കൊല്ലപ്പെട്ടു. നാലു മാപ്പിളമാർ വാൾ കഠാര എന്നിവ ഉപയോഗിച്ച് വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്. പ്രതികളുടെ സ്നേഹിതനായ ഒരു തങ്ങളെ നാടുകടത്തിയതിന്റെ പ്രതികാരമായാണ് കൊല നടത്തിയത് എന്ന് പറയപ്പെടുന്നു. കനോലിയുടെ വധം ബ്രിട്ടീഷ് ഭരണകൂടത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു . വ്യാപകമായ ഒരു നരവേട്ടയുടെ ഒടുവിൽ ഘാതകർ ഒളിവിൽ താമസിച്ചിരുന്ന വീട് വെടിവെച്ച് തകർക്കുകയും അവരെ വധിക്കുകയും ചെയ്തു.
1858-ൽ പോലീസ് ഭരണകാര്യങ്ങളിൽ നിപുണനും ഇന്ത്യൻ സിവിൽ സർവീസിൽ അംഗവുമായ വില്യം റോബിൻസൺ എന്ന ഇംഗ്ലീഷുകാരനെ ചീഫ് പോലീസ് കമ്മീഷണറായി നിയമിച്ചു. 1859-ൽ പോലീസിനെ ആധുനികവൽക്കരിച്ചു. ഭരണസൗകര്യത്തിനായി മലബാറിനെ വടക്കും തെക്കും മേഖലകളായി തിരിച്ചു. ഓരോ 55 ചതുരശ്ര മൈൽ പ്രദേശത്തും ഒരു പോലീസ് സ്റ്റേഷൻ വീതം സ്ഥാപിച്ചു ആകെ 106 പോലീസ് സ്റ്റേഷനുകൾ ; അവ ഭരിക്കാൻ 188 ഓഫീസർമാരും 1278 കോൺസ്റ്റബിൾമാരും. ലഹളകൾ അമർച്ച ചെയ്യുവാനായി ഒരു സ്പെഷ്യൽ ആംഡ് പോലീസ് (S A P)സേനയും രൂപീകരിച്ചു.
1921-22 കാലഘട്ടത്തിലുണ്ടായ മാപ്പിളലഹള അമർച്ച ചെയ്യുന്നതിൽ സ്പെഷ്യൽ ആംഡ് പൊലീസ് പരാജയപ്പെട്ടു. ലഹള ആരംഭിക്കുന്നത് ഏറനാട്ടിലെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്ന വടക്കേവീട്ടിൽ മുഹമ്മദിനെ, നിലമ്പൂർ കോവിലകത്തെ തിരുമുല്പാടിന്റെ തോക്ക് മോഷ്ടിച്ചതിന് അറസ്റ്റ് ചെയ്തതിനെ തുടർന്ന് രണ്ടായിരത്തോളം വരുന്ന മുസ്ലിങ്ങൾ തടിച്ചുകൂടി അറസ്റ്റ് തടഞ്ഞു. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ നിരവധിപേർ കൊല്ലപ്പെട്ടു. ലഹള ഏറനാട്ടിലും വള്ളുവനാട്ടിലും പടർന്നു .ലഹളക്കാർ പോലീസ് സ്റ്റേഷനുകൾ, കോടതികൾ, ട്രഷറികൾ സർക്കാർ ഓഫീസുകൾ എന്നിവ കയ്യേറി രേഖകൾ നശിപ്പിച്ചു . ക്രമേണ ലഹള സമീപപ്രദേശങ്ങളായ മഞ്ചേരി ,മലപ്പുറം ,പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഏറനാടും വള്ളുവനാടും ലഹളക്കാരുടെ അധീനതയിലായി. ധാരാളം ഹിന്ദുക്കളെ കൊല്ലുകയും നിർബന്ധിച്ച് മതം മാറ്റുകയും ചെയ്തു. അവരുടെ ഭവനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. 1921 ഓഗസ്റ്റിൽ വാരിയന്കുന്നത്ത് കുഞ്ഞമ്മദ് ഹാജി ലഹളയുടെ നേതൃത്വം ഏറ്റെടുത്തു. ഹിന്ദുക്കൾക്ക് യാതൊരുവിധ ദ്രോഹവും ചെയ്യുവാൻ പാടില്ല എന്ന് ഹാജി അണികൾക്ക് നിർദേശം നൽകി.
ലഹളയുടെ ആരംഭത്തിൽ ബ്രിട്ടീഷ് സൈന്യത്തിനും പൊലീസിനും ലഹള അമർച്ച ചെയ്യുവാൻ കഴിഞ്ഞില്ല .പലപ്പോഴും അവർക്ക് പിന്മാറേണ്ടിവന്നു.1921 ഓഗസ്റ്റ് മാസം അവസാനം ബ്രിട്ടീഷ് സൈന്യവും ഗൂർഖ റെജിമെൻ്റും രംഗത്തെത്തി. ലഹളക്കാരെ പൂക്കോട്ടൂർ എന്ന സ്ഥലത്ത് വെച്ച് നേരിട്ട ബ്രിട്ടീഷ് സൈന്യത്തിന് ആൾനാശവും നിരവധി നാശനഷ്ടങ്ങളും ഉണ്ടായി.1921 അവസാനത്തോടുകൂടി ലഹള അമർച്ച ചെയ്യുവാൻ കഴിഞ്ഞു .മാപ്പിള നേതാവായ ആലി മുസ്ലിയാരെ അറസ്റ്റു ചെയ്തു. കോയമ്പത്തൂർ ജയിലിൽ തൂക്കിലേറ്റി. ലഹള ബാധിത പ്രദേശങ്ങളിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാർ ഒരു സ്പെഷ്യൽ ആംഡ് ബറ്റാലിയൻ രൂപീകരിച്ചു. മലബാർ സ്പെഷ്യൽ പോലീസ് എന്നറിയപ്പെടുന്ന ഈ സേന വിഭാഗത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുസ്ലീങ്ങൾ ഇല്ലായിരുന്നു. ഇവർക്ക് ഇന്ത്യൻ സൈനൃമാണ് പരിശീലനം നൽകിയത്. ഇവർ ലഹളക്കാരെ അമർച്ച ചെയ്തു. ഇവരുടെ സ്ഥിരമായ ആസ്ഥാനം മലപ്പുറത്താക്കി.
മലബാറിലെ പോലീസ് സൂപ്രണ്ടായിരുന്ന ഹിച്ച്കോക്ക് ആണ് മലബാർ സ്പെഷ്യൽ പോലീസിന്റെ സ്ഥാപകൻ. ലഹള അമർച്ച ചെയ്യുന്നതിൽ സ്പെഷ്യൽ ആംഡ് പോലീസ് പരാജയപ്പെട്ടതിനെ തുടർന്നാണ് ഹിച്ച് കോക്ക് എം.എസ്.പി ബറ്റാലിയൻ രൂപീകരിച്ചത്. ഇതിൽ 6 ബ്രിട്ടീഷ് ഓഫീസർമാർ 16 ജമേദാർമാർ 600 കോൺസ്റ്റബിൾമാർ എന്നിവരുണ്ടായിരുന്നു. ഇതിന്റെ മേൽനോട്ടവും ഹിച്ച് കോക്കി നായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത വരെയും സൈന്യത്തിൽ നിന്ന് റിട്ടയർ ചെയ്തവരെയുമാണ് എം.എസ്സ്.പി യിൽ റിക്രൂട്ട് ചെയ്തിരുന്നത്. ഇവർക്ക് സൈന്യത്തിന് നൽകിയിരുന്ന പരിശീലനമാണ് നൽകിയിരുന്നത്. ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങൾ ഉണ്ടാകുമ്പോൾ എം എസ് പിയെ നിയോഗിക്കാൻ ഉണ്ടായിരുന്നു വിമോചന സമരകാലത്ത് എം.എസ്.പിയെ തിരുവനന്തപുരത്ത് വിന്യസിച്ചിരുന്നു. കേരളപ്പിറവിക്കുശേഷം എം.എസ്. പിയുടെ 6 കമ്പനി തമിഴ്നാടിന് നൽകി. 1959 വിമോചനസമരകാലത്ത് എം.എസ്.പിയുടെ സംഖ്യാബലം 9 കമ്പനികളാക്കി വർധിപ്പിച്ചു.
മാപ്പിള ലഹളയിൽ ആയിരക്കണക്കിന് മുസ്ലീങ്ങളും ഹിന്ദുക്കളും കൊല്ലപ്പെട്ടു. ധാരാളം നാശനഷ്ടങ്ങളുണ്ടായി .ഔദ്യോഗിക കണക്കുകൾ പ്രകാരം 43 പേർ കൊല്ലപ്പെടുകയും 126 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. 2337 ലഹളക്കാർ കൊല്ലപ്പെട്ടു . 1652 പേർക്ക് പരിക്കേറ്റു. 4504 പേരെ തടവിലാക്കി. അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് പതിനായിരത്തിലധികം മാപ്പിളമാർ കൊല്ലപ്പെടുകയും അൻപതിനായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ചെയ്തതായി പറയപ്പെടുന്നു. 20,000 പേരെ ആൻഡമാനിലേക്ക് നാടുകടത്തി .പതിനായിരം പേരെ കാണാതായി. മലബാർ അഞ്ചുവർഷത്തിനകം ലഹളയുടെ കെടുതികളിൽ നിന്നും മോചനം നേടി.
മാപ്പിളലഹള അവസാനിക്കാറായപ്പോൾ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക് 90 തടവുകാരെ പോടന്നൂർ (കോയമ്പത്തൂർ) ജയിലിലേക്ക് ഒരു ഗുഡ്സ് ട്രെയിൻ വാഗണിൽ കയറ്റി അയച്ചു. പോടന്നൂർ എത്തിയപ്പോൾ അവിടെ ജയിലിൽ സ്ഥലമില്ലാത്തതിനാൽ അവരെ തിരിച്ചയച്ചു. തിരിച്ചെത്തിയപ്പോൾ വാഗണിലുണ്ടായിരുന്നു 90 പേരിൽ 67 പേർ ചൂടുകൊണ്ടും ശ്വാസംമുട്ടിയും മരിച്ചതായി കാണപ്പെട്ടു. വാഗൺ ട്രാജഡി എന്ന പേരിലാണ് കുപ്രസിദ്ധി നേടിയ ഈ സംഭവം അറിയപ്പെടുന്നത്. സ്വാതന്ത്ര്യ സമരത്തിന് പിന്തുണ നൽകുന്ന ഒരു പ്രസ്ഥാനമായിട്ടാണ് മഹാത്മാഗാന്ധിയും ദേശീയവാദികളും ഖിലാഫത്ത് സമരത്തെ ആദ്യമൊക്കെ കണ്ടിരുന്നത്. എന്നാൽ വള്ളുവനാട്ടിലും ഏറനാട്ടിലും അതൊരു സായുധസമായി മാറിയപ്പോൾ ഖിലാഫത്ത് പ്രസ്ഥാനത്തോടുള്ള നിലപാടിൽ മാറ്റം വന്നു. തിരൂരിൽ വാഗൺ ട്രാജഡിയുടെ സ്മാരകമായി ഒരു വാഗൺ സ്ഥാപിക്കുകയും വാഗൺ ട്രാജഡി ടൗൺഹാൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്.
തടവുകാരെ വാഗണിൽ കയറ്റി അയച്ചത് ഹിച്ച്കോക്ക് അല്ല മിലിറ്ററി കമാൻഡറായിരുന്നു എന്നൊരു വാദമുണ്ട്. മലബാർ ലഹളയ്ക്കു ശേഷം ഹിച്ച്കോക്കിനെ സേലം ഡിഐജിയായി പ്രമോഷൻ നൽകി. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി മലപ്പുറത്ത് ഒരു സ്മാരകം നിർമ്മിച്ചിരുന്നു. മലപ്പുറത്തെ പോലീസ് ട്രെയിനിംഗ് സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നു . സ്മാരകം പൊതുജനങ്ങളുടെ എതിർപ്പുകാരണം കോഴിക്കോട് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. 1922-ൽ ഹിച്ച്കോക്കിന് ബ്രിട്ടീഷ് സാമ്രാജ്യം സർ ബഹുമതി നൽകി ആദരിച്ചു. ഒരു നല്ല ഹോക്കി കളിക്കാരനായിരുന്ന ഹിച്ച്കോക്ക് 1926-ൽ ഇംഗ്ലണ്ടിലെ വെൽ‌സിൽ വച്ച് ഉദരസംബന്ധമായ രോഗത്താൽ 42 ആം വയസ്സിൽ നിര്യാതനായി . ഹിച്ച് കോക്ക് സ്ഥാപിച്ച് എംഎസ്പി ബറ്റാലിയനെ പിന്നീട് ബ്രിട്ടീഷ് ഗവൺമെൻറ് പലയിടത്തും സമരങ്ങൾ അടിച്ചമർത്തുവാൻ ഉപയോഗിച്ചിരുന്നു.
1920 നു ശേഷം പൊലീസ് ഭരണം ബുദ്ധിമുട്ടുള്ളതായി തീർന്നു . ഖിലാഫത്ത് പ്രക്ഷോഭങ്ങളും സ്വാതന്ത്ര്യസമരങ്ങളും ശക്തിയാർജിച്ചു. 1930 സെപ്തംബറിൽ കണ്ണൂർ ജയിലിൽ ഒരു തടവുകാരൻ കോൺഗ്രസ്സിന്റെ പതാക ഉയർത്തി. കുറ്റക്കാരനെ ചങ്ങലക്കിട്ടു . അതിനെതുടർന്ന് തടവുകാർ നിരാഹാര സമരം ചെയ്തു. രാജ്യവ്യാപകമായ ഈ സമരങ്ങളെ നേരിടാൻ ബ്രിട്ടീഷുകാരുടെ സേനകൾക്ക് കഴിഞ്ഞില്ല. അതിനെ തുടർന്ന് മലബാർ പോലീസിൽ പല അഴിച്ചുപണികളുമുണ്ടായി. 1937 മലബാർ സ്പെഷ്യൽ പോലീസിന്റെ സംഖ്യാബലം വർധിപ്പിച്ചു. 1937-ൽ മലബാർ പോലീസിൽ ആദ്യമായി ഇന്റലിജൻസ് വിഭാഗം കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് പോലീസ് മേൽനോട്ടത്തിൽ ഒരു സബ്ഇൻസ്പെക്ടർ, മൂന്ന് ഹെഡ് കോൺസ്റ്റബിൾമാർ, ഒരു ക്ലാർക്ക് എന്നിവരാണ് യൂണിറ്റിൽ ഉണ്ടായിരുന്നത്.
അക്കാലത്ത് വടക്കൻ മലബാറിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരത്തോടൊപ്പം അയിത്തത്തിനും താഴ്ന്ന ജാതിക്കാരോടുള്ള ക്രൂരതയ്ക്കും എതിരായും പ്രതിഷേധ സമരങ്ങൾ ഉയരുന്നുണ്ടായിരുന്നു. കല്യാശ്ശേരി, മൊറാഴ എന്നിവിടങ്ങളിലെ ജന്മിമാർ ദളിതരെ വഴി നടക്കുവാനോ സ്കൂളിൽ പഠിക്കുവാനോ അനുവദിച്ചിരുന്നില്ല. 1934-ൽ ജയപ്രകാശ് നാരായൺ കോൺഗ്രെസ് സോഷ്യലിസ്റ്റ് പാർട്ടി ഉണ്ടാക്കിയപ്പോൾ മലബാറിലെ കോൺഗ്രസ് നേതാക്കൾ അതിൽ ചേർന്നു. അതോടൊപ്പം നിരവധി തൊഴിലാളി സംഘടനകളും കർഷക സംഘങ്ങളും സ്ഥാപിതമായി. പല സ്ഥലങ്ങളിലും ജന്മിമാരുടെ ആളുകളുമായി സംഘട്ടങ്ങൾ ഉണ്ടായി. ചിറയ്ക്കൽ രാജാ എന്ന ഭൂപ്രഭുവിനെതിരായ സമരം അമർച്ച ചെയ്യുവാനെത്തിയ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരു ദളിത് ബാലൻ കൊല്ലപ്പെട്ടു. അതുപോലെ കാവുമ്പായി ഗ്രാമത്തിൽ നടന്ന സമരം നേരിടാൻ എം എസ്സ് പി യെയാണ് നിയോഗിച്ചത്.അന്നുണ്ടായ വെടിവെപ്പിൽ നാല് തൊഴിലാളികൾ കൊല്ലപ്പെട്ടു. 1940 സെപ്റ്റംബർ 15-നാണ് സുപ്രസിദ്ധമായ മൊറാഴ സമരം നടക്കുന്നത്. ഇ.എം.എസ്, കെ.പി.ആർ ഗോപാലൻ, ഇ.കെ നായനാർ എന്നിവരായിരുന്നു സമരം നയിച്ചിരുന്നത്. പോലീസ് നടത്തിയ ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു സബ്ഇൻസെക്ടറും ഒരു ഹെഡ് കോൺസ്റ്റബിളും കൊല്ലപ്പെട്ടു.അന്നേ
ദിവസം തലശ്ശേരിയിലുണ്ടായ സമരത്തിൽ രണ്ടു സമരക്കാർ കൊല്ലപ്പെട്ടു. 1940-നോട് അടുപ്പിച്ച് മലബാറിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തി പ്രാപിച്ചു. കമ്മ്യൂണിസ്റ്റുകാരെ അമർച്ച ചെയ്യുവാനായി കൂടുതൽ പോലീസ് സ്റ്റേഷനുകൾ പിന്നീട് സ്ഥാപിച്ചു.
കേരളപ്പിറവിയിൽ മലബാർ തിരുവിതാംകൂറിനോട് യോജിപ്പിച്ചു. മലബാർ സ്പെഷ്യൽ പോലീസ് തിരു-കൊച്ചി സ്പെഷ്യൽ പോലീസിനോട് സംയോജിപ്പിച്ചെങ്കിലും അവരുടെ ആസ്ഥാനം മലപ്പുറത്ത് തന്നെ ആയിരുന്നു.
കടപ്പാട്: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം
(DC BOOKS)
ചിത്രങ്ങൾ : ഗൂഗിൾ