മണ്ണില്‍ കിളച്ചും മീന്‍ പിടിക്കാം. കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നുണ്ടാകുമല്ലേ? അങ്ങനെ ഒരു സംഗതി ഉണ്ട്. ഇവിടെ നമ്മുടെ നാട്ടിലൊന്നും അല്ലെന്നു മാത്രം. ആഫ്രിക്കയിലെ ചില ഉള്‍പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ ഒരു മീന്‍ പിടുത്തം. വരള്‍ച്ചകാലമാകുന്നതോടെ ഇവിടെയുള്ളവര്‍ വരണ്ടുണങ്ങിയ പ്രദേശങ്ങളിൽ കിളച്ചാണ് മീൻ പിടിക്കുന്നത്. ഇവന്റെ പേരാണ് ലങ് ഫിഷ്. ഒരു ശുദ്ധജല മത്സ്യമാണ്. ലങ്ഫിഷ്. ശ്വാസകോശ മത്സ്യങ്ങളുൾപ്പെടുന്ന ഡിപ്നോയ് എന്ന
ഉപവർഗ്ഗത്തിലെ ഏക മത്സ്യഗോത്രമാണിത്. വരൾച്ചാകാലമാകുന്നതോടെ ചില ആഫ്രിക്കൻ പ്രദേശങ്ങളിലെ ആളുകൾ ഭക്ഷണത്തിനായി മീൻ പിടിക്കാനിറങ്ങും. വെള്ളത്തിൽ അല്ല കരയിലാണ് മീൻപിടുത്തം. വരണ്ട മണ്ണിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന ലങ് ഫിഷ് എന്ന മത്സ്യത്തെ കുഴിയെടുത്താണ് പിടിക്കുന്നത്. ജീവ ലോകത്തെ വിസ്മയങ്ങളിലൊന്നാണ് ആഫ്രിക്കയിലെ ലങ് ഫിഷ്. ഭക്ഷണവും വെള്ളവുമില്ലാതെ അഞ്ചുവർഷം മണ്ണിനുള്ളിൽ ജീവിക്കാൻ ഈ മത്സ്യത്തിന് കഴിയും. വരൾച്ചാകാലം എത്തുന്നതോടെയാണ് ലങ്ഫിഷ് നീണ്ട ഉറക്കത്തിലേക്ക് കിടക്കുക. ശ്വാസകോശവും ചെകിളയും ഉള്ള മത്സ്യമാണിത്. വരണ്ടമണ്ണിൽ താമസിക്കുമ്പോൾ ലങ്ഫിഷ് ശ്വാസകോശം ഉപയോഗിക്കും. സ്വയം സൃഷ്ടിക്കുന്ന ആവരണത്തിനുള്ളിൽ കഴിയുന്ന ലങ്ഫിഷ് ശുദ്ധജലത്തിന്റെ സാമീപ്യം അറിഞ്ഞാൽ മാത്രമാണ് ഉറക്കം വിട്ട് പുറത്ത് വരിക.