A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കാക്ക (#churulazhiyaatha rahasyangal )


പക്ഷികളിൽ ഏറ്റവും ബുദ്ധിശക്തിയുള്ള വർഗ്ഗമാണ് കാക്കകൾ.
ലോകത്തിൽ നിരവധി തരം കാക്കകൾ ഉണ്ടെങ്കിലും കേരളത്തിൽ കാക്കകൾ രണ്ടു തരമേ ഉള്ളൂ. ബലിക്കാക്ക(corvus macrorhynchos)യും പേനക്കാക്ക(Corvus splendens)യും.
പേനക്കാക്ക വലിപ്പം കുറഞ്ഞതും ധാരാളമായി കാണപ്പെടുന്നതുമാണ്. പേനക്കാക്കയുടെ കഴുത്തും മാറിടവും ചാരനിറത്തിൽ കാണപ്പെടുന്നു. ബലിക്കാക്കയുടെ ദേഹമാസകലം കറുപ്പു നിറമാണ്. മനുഷ്യനുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഇവയ്ക്ക് മതചര്യകളുമായിപ്പോലും ബന്ധമുള്ളത് പുരാതനകാലം മുതൽക്കേ കാക്കകളും മനുഷ്യനുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.


പരിസരങ്ങളിലെ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിൽ ഒരു പരിധിവരെ കാക്കകൾ മനുഷ്യന് സഹായകരമാവാറുണ്ട്.
മനുഷ്യനെ ആശ്രയിച്ച് ജീവിക്കാൻ താല്പര്യമുള്ള ഒരു പക്ഷിയാണ് കാക്ക. ലോകത്തിൽ മിക്ക രാജ്യങ്ങളിലും കാക്ക ഉണ്ട്.
ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ കാക്കയുടെ സാന്നിദ്ധ്യം അപൂർവമാണ്‌.
അറിഞ്ഞും അറിയാതെയും മനുഷ്യൻ ഉപേക്ഷിക്കുന്ന മാലിന്യങ്ങളെ കാക്കകൾ ഭക്ഷണമാക്കുന്നു. ആഹാരം തേടുന്നതും രാത്രി ചേക്കേറുന്നതും കൂട്ടമായാണ്.
എന്നാൽ മുട്ടയിട്ടു വിരിയിക്കുന്ന കാലത്ത് മാത്രം കാക്കകൾ ഇണ പിരിഞ്ഞ് കൂട്ടത്തിൽ നിന്നു മാറി തനിയെ ഒരു കൂടുണ്ടാക്കി ജീവിക്കുന്നു. കുഞ്ഞുങ്ങൾ പറക്ക മുറ്റിപ്പോകുന്നതോടെ ഓരോ കൂടും ഉപേക്ഷിക്കപ്പെടുന്നു. എപ്പോഴായായാലും കൂട്ടത്തിലെ ഒരു കാക്കയ്ക്ക് അപകടം പിണഞ്ഞാൽ ഇവ സംഘമായി ശബ്ദമുണ്ടാക്കി ആക്രമണോത്സുകരായെത്തും.
കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിലും ഈ സംഘബോധം കാണാം. ഈ പ്രത്യേകതകൊണ്ടാകാം മറ്റു പക്ഷികളെയെന്നപോലെ കാക്കയെ ജീവനോടെ പിടികൂടാൻ മനുഷ്യർക്ക് പൊതുവേ സാധിക്കാത്തത്.
കാക്കക്കൂടുകൾക്ക് നിയതമായ ആകൃതിയോ രൂപമോ ഉണ്ടാകുകയില്ല. കൂടുകെട്ടുന്ന സ്ഥലത്ത് സമൃദ്ധമായി കിട്ടുന്ന ചുള്ളികളോ കമ്പികളോ ഉപയോഗിച്ചാണ് ഇവ കൂടു നിർമ്മിക്കുന്നത്.
പരുക്കനായാണ് നിർമ്മിതിയെങ്കിലും മുട്ടയും കുഞ്ഞുങ്ങളും കിടക്കേണ്ട സ്ഥാനത്ത് നാരുകൾ, രോമം, കീറത്തുണി എന്നിവ ഉപയോഗിച്ച് ഒരു മെത്തയുണ്ടാക്കും.
കാക്കകൾ പ്രധാനമായും സന്താനോൽപാദനം നടത്തുന്നത് ഡിസംബർ മുതൽ ജൂൺ വരെയാണ്. എങ്കിലും പെരുമഴക്കാലമൊഴികെ മറ്റു സമയങ്ങളിലും ഇവ കൂടു നിർമ്മിക്കുന്നതു കാണാം.
നീലനിറത്തിലുള്ള മുട്ടകൾക്കു മുകളിൽ തവിട്ടു നിറത്തിലുള്ള വരയും കുറിയും കാണാം. കുയിലിന്റെ മുട്ടകളും ഇതിനു സമാനമായതിനാൽ കൂട്ടത്തിൽ കിടക്കുന്ന കുയിൽ മുട്ടകളെ കാക്കകൾക്ക് തിരിച്ചറിയാൻ കഴിയില്ല. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് കുയിലുകൾ കാക്കയുടെ കൂട്ടിൽ മുട്ടയിടുന്നത്.
ദിവസവും കുളിക്കാറുള്ള പക്ഷികളാണ് കാക്കകൾ. ദിവസവും വൈകുന്നേരങ്ങളിൽ കൊക്കും ചിറകും ഉപയോഗിച്ച് വെള്ളം പലപ്രാവശ്യം തെറിപ്പിച്ചാണ് ഇവ കുളിക്കാറുള്ളത്. കുളികഴിഞ്ഞ് കൊക്കുപയോഗിച്ച് തൂവലുകളും പൂടയും ചീകിയൊതുക്കുന്ന കാക്കകളുടെ പ്രത്യേകതയാണ്. പേനക്കാക്കകൾ കൂട്ടമായും ബലിക്കാക്കകൾ ഒറ്റക്കോ ഇണകളായോ ആണ് കുളിക്കാനെത്തുക. പേനക്കാക്കകൾ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലാണ് സമൂഹസ്നാനം നടത്താനെത്തുക. എന്നാൽ ബലിക്കാക്കകൾ ചെറിയ പാത്രങ്ങളിലിരിക്കുന്ന വെള്ളത്തിലും വെള്ളമിറ്റുവീഴുന്ന ടാപ്പുകൾക്കു കീഴിൽ നിന്നും കുളിക്കാറുണ്ട്.
കാക്കകൾ വളരെ കുറച്ചു മാത്രം ഉറങ്ങാറുള്ള പക്ഷികളാണ്. ആൽ, കൊന്ന, ബദാം തുടങ്ങിയ വലിയ മരങ്ങളാണ് ഇവ ചേക്കേറാൻ തിരഞ്ഞെടുക്കുക.
കാക്കകൾ ധാരാളം ഭക്ഷണം കിട്ടുന്ന സമയത്ത് കുറച്ചു കൊക്കിലെടുത്തുകൊണ്ടുവന്ന് ഇലകൾക്കിടയിലും മറ്റും സൂക്ഷിച്ചു വെക്കാറുണ്ട്. പിന്നീട് കുറച്ചു സമയത്തിനു ശേഷം അവ എടുത്തു ഭക്ഷിക്കുന്നു.
പരിസരം വളരെ ശ്രദ്ധിക്കാറുള്ള പക്ഷിയാണ് കാക്ക. ഇവ എപ്പോഴും കണ്ണുകൾ ചുഴറ്റിക്കൊണ്ടിരിക്കുന്നതു കണ്ടാൽ കോങ്കണ്ണുള്ളതായി തോന്നും.
കാക്കകൾ മാലിന്യങ്ങൾക്കു പുറമേ ധാന്യങ്ങളും പഴവർഗങ്ങളുമെല്ലാം ഭക്ഷിക്കാറുണ്ട്. എലികളും പ്രാണികളും ചെറിയ പക്ഷികളുമെല്ലാം ഇവയുടെ ഭക്ഷണങ്ങളിൽ പെടും...!!