മലപ്പുറത്തിന്റെ പേരും വീറും, പെരുമയും തനിമയും കാത്തൂസൂക്ഷിക്കുന്നതിൽ മലപ്പുറം കത്തിക്ക് ഒരു പ്രധാന പങ്കുണ്ട്.മലബാർ കാർഷിക കലാപ വേളകളിൽ ബ്രിട്ടീഷുകാരോട് പട പൊരുതാൻ പോരാളികളായ മാപ്പിള കർഷകൻ മലപ്പുറം കത്തി ഒരു പ്രതീകമായി ഉപയോഗിച്ചിരുന്നതായി സൂചനകൾ ഉണ്ട്. പ്രാചീനകാലത്ത് മലപ്പുറമുൾപ്പെടെയുള്ള കേരളത്തിന്റെ വടക്കു ഭാഗങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ആയുധമാണ് കത്തി. അടക്ക വെട്ടാനും മറ്റു കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട ജോലികൾക്കുമാണ് മലപ്പുറം കത്തി സാധാരണ ഉപയോഗിച്ചിരുന്നത്.
അറേബ്യൻ നാടുകളുമായി മലബാറിനുണ്ടായിരുന്ന ദീർഘകാലത്തെ വ്യാപാര ബന്ധങ്ങളിലൂടെ കൈവന്ന സാംസ്കാരിക വിനിമയങ്ങളുടെ കൂട്ടത്തിലാണ് ഈ കത്തി കേരളത്തിൽ പ്രചാരമാകുന്നതെന്ന് ചരിത്രകാരനായ ഡോ. ഹുസൈൻ രണ്ടത്താണി പറയുന്നു. അറേബ്യൻ നാടുകളുമായി, വിശേഷിച്ചും ഒമാനുമായി പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ നിലനിന്ന കച്ചവട ബന്ധങ്ങളാണ് ഈ സാംസ്കാരിക കൈമാറ്റ പ്രക്രിയക്ക് ആക്കം കൂട്ടിയത്. ഇപ്രകാരം കാർഷിക വിജ്ഞാനവും വേഷ വിധാനങ്ങളുമെല്ലാം കൈമാറ്റം ചെയ്യപ്പെട്ടു. ഒമാനിലെ തുണി, കെട്ടിട നിർമാണം, തൊപ്പി, കാച്ചിത്തട്ടം, അരപ്പട്ട തുടങ്ങി ആയുധ നിർമ്മാണത്തിൽ വരെ മലബാറിലെ സംസ്കാരത്തിന് സാമ്യതയുണ്ടായി.
ഒമാനിലെ ഗോത്രജീവിതവുമായി ബന്ധപ്പെട്ടും വെറ്റില – അടക്ക കൃഷിയും അത് മുറുക്കാനായി അത് പാകപ്പെടുത്താനുള്ള കത്തിയും എന്ന നിലക്കാണ് മലപ്പുറം കത്തി ഏറെ പ്രചാരം നേടിയതെന്നും മലബാറിനെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ഡോ. ഹുസൈൻ രണ്ടത്താണി അടിവരയിടുന്നു. 1792 മുതൽ 1921 വരെയുള്ള കാലയളവിലാണ് കത്തിയുടെ സുവർണകാലം എന്നും പറയപ്പെടുന്നു. ഇക്കാലയളവിൽ തന്നെയാണ് ഏറനാട്ടിലും വള്ളുവനാട്ടിലുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നൂറുകണക്കിന് ചെറുകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ അതിലൊന്നും മലപ്പുറം കത്തി ഒരു യുദ്ധായുധമായി ചരിത്രകാരന്മാർ ആരും രേഖപ്പെടുത്തിയിട്ടില്ല.
പക്ഷേ അക്കാലത്ത് ഏറനാട്ടിലെ മാപ്പിള കർഷകരും കുടിയാന്മാരും അവരുടെ ധീരതയുടെ അടയാളമായാണ് അരയിലെ ബെൽറ്റിനുള്ളിൽ മലപ്പുറം കത്തി സൂക്ഷിച്ചത്. ആ പതിവ് ഇന്നുമുണ്ട്. സ്വയംപ്രതിരോധത്തിന് തോക്കുകൊണ്ടുനടക്കുന്നതുപോലെ പലരും കത്തിയെ കണ്ടു. അത്യാവശ്യം കനമുള്ളതും 15 മുതൽ 25 ഇഞ്ചുവരെ നീളമുള്ളതുമാണ് മലപ്പുറം കത്തി. കത്തിയുടെ പിടി കനംകുറഞ്ഞ മാൻ കൊമ്പുകൊണ്ടാണ് നിർമിക്കാറ്. നാല് വിരലിൽ ഒതുക്കിപിടിക്കാൻ മാത്രം നീളമേയുണ്ടാവൂ പിടിക്ക്. ആക്രമണ വേളകളിൽ മറ്റൊരാൾ കത്തിയില് കയറി പിടിക്കാതിരിക്കാൻ വേണ്ടിയാണത്രേ ഇത്രയും ചെറിയ പിടി. വെള്ളിനിറമുള്ള പിച്ചള ലോഹക്കൂട്ടുകൊണ്ട് പിടിയിലും കത്തിയിലും ചിത്രപ്പണുകളും കാണാം.
കനം കൂടിയതും മൂര്ച്ചയേറിയതുമായ വായ്ത്താരിയും അരഭാഗത്തെ പിടിയിൽ നിന്ന് വേര്തിരിക്കുന്ന കൊളുത്തുമാണ് ഇതിന്റെ മറ്റു പ്രത്യേകതകൾ. തുകലുറയിലാണ് കത്തി സൂക്ഷിച്ച് വയ്ക്കുക. തലമുറകളായി മലപ്പുറം കത്തി നിർമിച്ച വടക്കൻ മലബാറിലെ ചില കൊല്ലന്മാർക്കുമാത്രമാണ് ഇതിന്റെ ലോഹക്കൂട്ടും കരവിരുതും അറിഞ്ഞിരുന്നത്. അതിനാൽ നിർമിച്ച കത്തികൾക്കെല്ലാം ഏകീകൃതരൂപം കാണാമായിരുന്നു. പാണ്ടിക്കാട്, കരുവാരക്കുണ്ട്, ഇരുമ്പുഴി എന്നിവിടങ്ങളിലെ കൊല്ലപ്പണിക്കാരാണ് കൂടുതലായി കത്തി നിർമിച്ചിരുന്നതെന്ന് മഞ്ചേരി എൻഎസ്എസ് കോളേജിലെ റിട്ട. ചരിത്രവിഭാഗം പ്രൊഫസറും റീഡറുമായിരുന്ന ഡോ. എം വിജയലക്ഷ്മി പറയുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഉല്പന്നങ്ങൾ പ്രചരിപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് മലപ്പുറം കത്തിയുടെ നിർമാണത്തെ ദോഷകരമായി ബാധിച്ചുതെന്നും അവർ പറയുന്നു. അതുകൊണ്ടുതന്നെയാകാം കത്തി അപൂര്വമായി മാത്രമാണ് പ്രചാരത്തിലുള്ളത്. പഴയ പോലെ കത്തി നിർമിക്കുന്ന കൊല്ലന്മാരും ഉപയോഗിക്കുന്നവരും കുറവാണ്. അഥവാ നിർമിക്കുകയാണെങ്കിൽ മാനിന്റെ കൊമ്പ് ഉപയോഗിക്കുന്നതിന് നിയമപരമായി ഇപ്പോൾ തടസ്സമുള്ളതിനാൽ മരത്തടികൊണ്ടാണ് പിടി നിർമ്മിക്കാറുള്ളത്. മുറിവുപറ്റിയാൽ പെട്ടെന്നുണങ്ങില്ലെന്നതാണ് മലപ്പുറം കത്തിയുടെ സവിശേഷത. കത്തിനിര്മിക്കാനുപയോഗിക്കുന്ന ലോഹക്കൂട്ടിന്റെ പ്രത്യേകതയാണത്രേ ഇതിന്റെ പിന്നില്. ഒരോ പ്രദേശങ്ങളുടെയും തനതു പാരമ്പര്യം അവകാശപ്പടുന്ന ഉല്പപന്നങ്ങൾക്ക് ലഭിക്കുന്ന ‘ഭൌമശാസ്ത്രസൂചികാപദവി’ക്കുള്ള പരിഗണനയിലാണ് ഇപ്പോഴും മലപ്പുറം കത്തി...
കടപ്പാട് മാധ്യമങ്ങളോട്..