1940 കളിൽ ലോകത്തിലെ ഏറ്റവും സമ്പന്നനായിരുന്ന ഹൈദരാബാദ് നൈസാം മീർ ഉസ്മാൻ അലി ഖാന്റെ 'വിശ്വവിഖ്യാതമായ ' പിശുക്കുകളെ കവച്ചു വെക്കാൻ ഐതിഹ്യങ്ങൾക്കു മാത്രമേ കഴിയുകയുള്ളൂ. ചുക്കിചുളിഞ്ഞ പരുത്തി തുണികൊണ്ടുള്ള പൈജാമ, നാടൻ ചന്തയിൽ കിട്ടുന്ന വില കുറഞ്ഞ ചെരുപ്പുകൾ, അഴുക്കുപുരണ്ട് പാണ്ടു പിടിച്ച ഒരേയൊരു തുർക്കിത്തൊപ്പി തുടങ്ങിയവയായിരുന്നു നൈസാം നിത്യവും ഉപയോഗിച്ചിരുന്നത്. സ്വർണ പാത്രങ്ങളുടെ അമൂല്യശേഖരമുണ്ടായിട്ടും, നാകത്തകിട് കൊണ്ടുള്ള ഒരു തളികയിൽ കിടപ്പുമുറിയിൽ വിരിച്ച പായയിലിരുന്നാണ് അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നത്. അതിഥികൾ ഉപേക്ഷിച്ച സിഗരറ്റുകുറ്റികൾ എടുത്ത് അദ്ദേഹം പുക വലിച്ചിരുന്നു. സിഗരറ്റുകുറ്റികളും ചവറുകളും നിറയുന്ന ആ മുറി വർഷത്തിലൊരിക്കലെ വൃത്തിയാക്കിയിരുന്നുള്ളു: അദ്ദേഹത്തിന്റെ ജന്മദിനത്തിൽ .
വർഷത്തിലൊരു ദിവസം രാജഭക്തന്മാർ കൊട്ടാരത്തിലെത്തി രാജാവിന് കാണിക്കവെയ്ക്കുന്ന ചടങ്ങ് പല നാട്ടുരാജ്യങ്ങളിലുമുണ്ടായിരുന്നു. രാജാവ് സ്വർണനാണയം സ്പർശിച്ച ശേഷം അത് ഉടമസ്ഥന് തിരിച്ചു കൊടുക്കുകയാണ് പതിവ്. നൈസാമാകട്ടെ എല്ലാ വർഷവും സ്വർണാഭരണം കൈക്കലാക്കി സിംഹാസനത്തിനടുത്തുള്ള സഞ്ചിയിൽ നിക്ഷേപിക്കും. റോൾസ് റോയ്സ്കമ്പനി ആദ്യം കാർ പുറത്തിറക്കിയ സമയത്ത് തന്റെ പിതാവ് വാങ്ങിയ വണ്ടിയാണ് മരണം വരെ നൈസാം ഉപയോഗിച്ചത്. നൈസാമിന്റെ പിതാവ് ജനപ്രീതി ഉള്ള ഒരു ഭരണാധികാരിയായിരുന്നു. അദ്ദേഹം തെരുവിലൂടെ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ നാണയങ്ങൾ വാരിവിതറുമായിരുന്നു.പുറകിലുള്ള വണ്ടിയിൽ അനുഗമിക്കുന്ന മകൻ താഴെയിറങ്ങി അത് പെറുക്കിയെടുക്കുകയും.!
1940 കളുടെ തുടക്കത്തിൽ സെക്കന്തരബാദിലെ ആർമി ഓർഡിനൻസ് വിഭാഗത്തിൽ സിവിലിയൻ ഗസറ്റഡ് ഓഫീസറായിരുന്ന M K K മേനോൻ തന്റെ ആത്മകഥയിൽ (ആരോടും പരിഭവമില്ലാതെ) നൈസാമിന്റെ പണക്കൊതി നേരിൽ കണ്ട അനുഭവം വിവരിക്കുന്നുണ്ട്. നൈസാമിന്റെ സർവാധികാര്യക്കാരൻ സുൽ കാദർജങ്ങ് ബഹാദൂറിന്റെ ജാമാതാവ് മേജർ ഹുസൈൻ M K K യുടെ സഹപ്രവർത്തകനായിരുന്നു. സുൽ കാദർ ജങ്ങിന്റെ ചെറുമകളുടെ വിവാഹം ഒരു ഉത്സവം പോലെയാണ് ആഘോഷിച്ചത്.വിവാഹ ചടങ്ങിൽ M K K യും സഹപ്രവർത്തകരും പങ്കെടുത്തുകയുണ്ടായി.
മംഗളകർമ്മത്തിൽ പങ്കെടുക്കാൻ നൈസാ മെത്തി.പ്രത്യേകമായി സജ്ജീകരിച്ച ഇരിപ്പിടത്തിൽ നൈസാം ഇരുന്നയുടൻ അദ്ദേഹത്തിന്റെ മുന്നിൽ ഒരു ചെറിയ മേശവും അതിന്മേലൊരു സ്വർണത്തളികയും കൊണ്ടു വച്ചു. അതിഥികൾ ഓരോരുത്തരായി മുന്നോട്ടുവന്ന് നൈസാമിനെ വണങ്ങി തളികയിൽ സ്വർണ നാണയങ്ങൾ അർപ്പിക്കുവാൻ തുടങ്ങി. ഈ ചടങ്ങിനെ ' നസ്രാണ നല്കുക, എന്നാണ് വിളിക്കുക. ഓരോ സ്വർണനാണയം തളികയിൽ വീഴുമ്പോഴും നൈസാം അതെടുത്ത് തന്റെ നീണ്ട ഷെർവാണിയുടെ ഇരുകീ ശകളിലും നിറച്ചു. എല്ലാവരിൽ നിന്നും നസ്രാണ കിട്ടിയയുടൻ അദ്ദേഹം എഴുന്നേൽക്കാൻ ശ്രമിച്ചു.കീശകളിൽ ഉള്ള സ്വർണനാണയങ്ങളുടെ ഭാരം താങ്ങാൻ നൈസാമിന് ശേഷിയുണ്ടായിരുന്നില്ല. മേജർ ഹുസൈനും ,സുൽകാദർ ജങ്ങും ഓടി വന്ന് ഓരോ രോ കീശയും താങ്ങിപ്പിടിച്ച് നൈസാമിനെ എഴുന്നേൽപ്പിച്ചു.കൊച്ചു കുട്ടികൾ വൃദ്ധരായവരുടെ വേഷം കെട്ടി സ്റ്റേജിൽ വരുമ്പോൾ നടക്കാറുള്ളതുപോലെ ,രാജാധിരാജൻ കൂനിപ്പിടിച്ചു നടന്ന് കാറിൽ കയറി കിലോക്കണക്കിന് സ്വർണനാണയങ്ങളുമായി സ്ഥലം വിട്ടു
നൈസാമിന്റെ പത്നി ഒരു മനോരോഗിയായിരുന്നു. കാറിൽ കയറി നഗരത്തിൽ റോന്ത് ചുറ്റും. കടകളിൽ കയറി വിലയേറിയ വസ്ത്രങ്ങളും, ആഭരണങ്ങളും വാങ്ങി പണം കൊടുക്കാതെ സ്ഥലം വിടും. കടക്കാർ ബില്ല് കൊട്ടാരത്തിലെത്തിക്കും. ഒന്നുരണ്ട് തവണ നൈസാം പണം കൊടുത്തയച്ചു. പിന്നെയൊരു 'ഫർമാൻ' പുറത്തിറക്കി.'ഔദ്യോഗികമഹിഷിയുടെ ബില്ലിന് കൊട്ടാരത്തിൽ നിന്നും പണം കിട്ടില്ല''. അന്നു മുതൽ ഹൈദരാബാദ് നഗരത്തിലെ പോലീസുകാരുടെ കീശ വീർക്കാൻ തുടങ്ങി. മഹിഷി കൊട്ടാരത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പോലീസുകാർ വിസിൽ മുഴക്കി കച്ചവടക്കാർക്ക് മുന്നറിയിപ്പ് നല്കും. എല്ലാ കടകളും ഉടനടി ബ ന്തവസ്സാകും. കുറെ ചുറ്റിക്കറങ്ങിയതു ശേഷം ഇന്ന് ഒഴിവു ദിനമാണെന്ന് പറഞ്ഞ് അവർ മടങ്ങിപ്പോകും.
നൈസാമിന്റെ മൂത്ത മകൻ അസംജാ ഒരു ധൂർത്തു പുത്രനായിരുന്നു ചെറുപ്പത്തിലെ വഴി തെറ്റിയ അസംജാക്ക് ചെലവിന് കൊടുക്കില്ല എന്ന് നൈസാം ശഠിച്ചു.ധാരാളിയും വ്യഭിചാരിയുമായ രാജകുമാരൻ ബ്രിട്ടീഷ് റസിഡന്റുമായിബന്ധപ്പെട്ട് ഒരു മാസപ്പടി ഒപ്പിച്ചു.പക്ഷെ ആ സംഖ്യ അയാൾക്ക് അഞ്ച് ദിവസത്തേക്ക് മതിയാവുകയില്ല. നാടു മുഴുവൻ നടന്ന് ബീരാർ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന അസംജ കടം വാങ്ങി.ഒരു കാലത്ത് അസംജ നൈസാമാകുമെന്ന് കരുതി എല്ലാവരും കടം വാരിക്കോരിക്കൊടുത്തു.അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ കടക്കാരനായിട്ടാണ് അദ്ദേഹം മരിച്ചത്: നൈസാമിന്റെ സിംഹാസനത്തിലിരിക്കാൻ ഭാഗ്യമില്ലാതെ.....
🔍🔍🔍🔍🔍🔍🔍
കടപ്പാട്