ലോകത്തിലെ ആദ്യത്തെ സെല്‍ഫിയുടെ കഥയാണ് പറയാന്‍ പോകുന്നത്. മൊബൈലും, ഡിജിറ്റല്‍ ക്യാമറയും പോയിട്ട് റോള്‍ഫിലിം പോലും കണ്ടുപിടിക്കുന്നതിന് മുന്‍പുള്ള സെല്‍ഫിയുടെ കഥ.
Robert Cornelius എന്നയാളാണ് ഈ കഥയിലെ നായകന്‍.
ആംസ്റ്റര്‍ഡാമില്‍ നിന്ന് അമേരിക്കയിലെ, ഫിലാഡെല്‍ഫിയയിലേക്ക് കുടിയേറിയ ഒരു ഇടത്തരം കുടുംബത്തിലായിരുന്നു റോബര്‍ട്ടിന്‍റെ ജനനം. പരമ്പരാഗതമായി വെള്ളികൊണ്ട് വിളക്കുകളും, പാത്രങ്ങളും നിര്‍മ്മിക്കുന്നവരായിരുന്നു അവര്‍. ചെറുപ്പം തൊട്ടേ റോബര്‍ട്ടും ആ പാത പിന്തുടരാന്‍ തുടങ്ങിയെങ്കിലും, അയാളുടെ അഭിരുചി അതില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. സ്കൂള്‍ തലം തൊട്ടേ, രസതന്ത്രത്തിലും, റോബര്‍ട്ട് തന്‍റെ മികവ് തെളിയിച്ചിരുന്നു.
ഫോട്ടോഗ്രഫി ശരിക്കും പിച്ചവച്ച് നടന്നിരുന്ന കാലഘട്ടമായിരുന്നു അത്. ഫിലിമും, ഫോട്ടോപേപ്പറും ഒന്നുമില്ലാതിരുന്ന അന്നൊക്കെ, ഫോട്ടോകള്‍ എടുത്തിരുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു.
ചെമ്പും, വെള്ളിയും ചേര്‍ന്ന ഒരു മെറ്റല്‍ ഷീറ്റ്, അല്ലെങ്കില്‍ പ്ലേറ്റ് ആണ് നെഗറ്റീവും, ഫോട്ടോയും ഒക്കെ. ആ പ്ലേറ്റ് കണ്ണാടി പോലെ പോളിഷ് ചെയ്ത് മിനുക്കി, ചില പ്രക്രിയകള്‍ കൊണ്ട് അതില്‍ വെളിച്ചം വീണാല്‍ മാറ്റങ്ങള്‍ ഉണ്ടാകുന്ന തരത്തിലാക്കി, അതാണ് ക്യാമറയ്ക്ക് ഉള്ളില്‍ വയ്ക്കുക. എന്നിട്ട് ചുമ്മാ ഫോക്കസ് നോക്കി, ലെന്‍സ് തുറന്നാല്‍, വെളിച്ചത്തിന്‍റെ ശക്തിയനുസരിച്ച്, മുന്നിലുള്ള രംഗം, അകത്തെ പ്ലേറ്റിലേക്ക് പതിയും. ആ മെറ്റല്‍ പ്ലേറ്റ് അഥവാ daguerreotype ആണ് ഒന്നുകൂടെ വൃത്തിയാക്കി, ഫ്രെയിം ചെയ്ത് ഫോട്ടോയാക്കുന്നത്. ഒരുപാട് വെളിച്ചമുള്ള രംഗമാണെങ്കില്‍ നിസ്സാര മിനിട്ടുകള്‍ മതി പതിയാന്‍, പക്ഷെ വെളിച്ചം കുറയുന്തോറും ക്യാമറ തുറന്ന് വയ്ക്കേണ്ട സമയവും കൂടും.
പഠനത്തിന് ശേഷം പൂര്‍ണ്ണമായും തന്‍റെ കുലത്തൊഴിലിലേക്ക് തിരിഞ്ഞ റോബര്‍ട്ട്, ലോഹം, പോളിഷ് ചെയ്ത്, കണ്ണാടി പോലെ മിനുക്കിയെടുന്നതില്‍ മിടുക്കനായിരുന്നു. അങ്ങിനെ തൊഴിലില്‍ പ്രഗല്ഭനായി മാറിയ റോബര്‍ട്ടിന്‍റെ കഴിവ് തേടി, ഒരിക്കല്‍ Joseph Saxton എന്നൊരു ഫോട്ടോഗ്രാഫര്‍ എത്തി. ഉദ്ദേശം ഇതാണ്, ഫിലാഡെല്‍ഫിയ സെണ്ട്രല്‍ സ്കൂള്‍ മുഴുവനായും പകര്‍ത്താന്‍ കഴിയുന്ന ഒരു പ്ലേറ്റ് നിര്‍മ്മിക്കണം. ജോസഫ് ഉദ്ദേശിച്ച പോലെ തന്നെ റോബര്‍ട്ട് പ്ലേറ്റ് നിര്‍മ്മിച്ച് കൊടുത്തു, ഒപ്പം ജോസഫില്‍ നിന്ന് ഫോട്ടോഗ്രാഫിയും പഠിച്ചെടുത്തു. തന്‍റെ തൊഴിലും, രസതന്ത്രത്തിലുള്ള താല്‍പര്യവും, മനോഹരമായി സമന്യയിപ്പിക്കാന്‍ ഉതകുന്ന ഒരു ഹോബിയാണ് ഫോട്ടോഗ്രാഫി എന്ന് റോബര്‍ട്ട്, അന്ന് തിരിച്ചറിഞ്ഞു. പിന്നീട് ഒരുപാട് കാലത്തോളം റോബര്‍ട്ട്, daguerreotype പരിഷ്ക്കരിക്കാനുള്ള ശ്രമത്തിലായിരുന്നു. കൂട്ടിന് Paul Beck Goddard എന്ന രസതന്ത്രജ്ഞനും.
റോബര്‍ട്ടിന്‍റെ മുപ്പതാമത്തെ വയസ്സിലാണ് അത് സംഭവിക്കുന്നത്.
താന്‍ ഉണ്ടാക്കിയ പുതിയ ഒരു പ്ലേറ്റ് പരീക്ഷിക്കുകയായിരുന്നു റോബര്‍ട്ട്.
ഒരുപാട് സമയമെടുത്ത് ഉണ്ടാക്കിയ ആ പ്ലേറ്റും ക്യാമറയില്‍ നിറച്ച്, റോബര്‍ട്ട് തന്‍റെ കടയുടെ പിന്നിലേക്ക് നടന്നു. ക്യാമറയുടെ ഭാരം കാരണം, അതൊന്ന് സെറ്റ് ചെയ്തു വയ്ക്കാന്‍ നന്നേ പാട്പെട്ടിരുന്നു. ക്യാമറ സെറ്റ് ചെയ്ത ശേഷം, അല്പം മുന്നിലായി, നല്ലവണ്ണം വെളിച്ചം വീഴുന്നിടത്ത് ഒരു സ്റ്റൂളും എടുത്ത് വച്ചു. ശേഷം ലെന്‍സിന്‍റെ മൂടി മാറ്റി, അയാള്‍ വേഗം വന്ന് ആ സ്റ്റൂളില്‍ ഇരുന്നു. ഒതുക്കമില്ലാതെ കിടക്കുന്ന തന്‍റെ മുടി വകവയ്ക്കാതെ, കൈകള്‍ പിണച്ച്, ക്യാമറയിലേക്കും നോക്കിക്കൊണ്ട്. ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ, നീണ്ട 10-15 മിനിട്ടുകള്‍, ലോകത്തിലെ ആദ്യത്തെ ഛായാചിത്രം ജനിക്കാനെടുത്ത സമയം.
അതെടുത്ത വര്‍ഷമാണ് ഏറ്റവും അവിശ്വസനീയം, 1839. ഒരു Portrait എന്ന നിലയ്ക്ക്, അതില്‍ പഴക്കമുള്ള ഒരു ചിത്രവും, ഇന്നേവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് ആദ്യത്തെ portrait, outdoor (light) picture, self taken image എന്നീ റിക്കോര്‍ഡുകള്‍, റോബര്‍ട്ടിന് സ്വന്തം.
പിന്നീട് വളരെ കാലത്തോളം, റോബര്‍ട്ട് ഫോട്ടോഗ്രാഫിയില്‍ തന്നെയായിരുന്നു ശ്രദ്ധിച്ചിരുന്നത്. നിരവധി പരീക്ഷണങ്ങളും, രണ്ട് സ്റ്റുഡിയോയും അദ്ദേഹം നടത്തിയിരുന്നു. അമേരിക്കയിലെ ആദ്യകാല സ്റ്റുഡിയോകളില്‍ പെട്ടവയായിരുന്നു അവ. പതുക്കെ പതുക്കെ ഫോട്ടോഗ്രഫിയുടെ പ്രചാരം കൂടി, സ്റ്റുഡിയോകളുടെ പ്രളയം വന്നപ്പോള്‍, റോബര്‍ട്ട്, ആ ഫീല്‍ഡ് വിട്ടു. 1893ല്‍, ഫ്രാങ്ക്ഫോര്‍ഡില്‍ വച്ച്, അദ്ദേഹം ഈ ലോകത്തോട് തന്നെ വിടപറഞ്ഞു.
by Ares Gautham
PS: രണ്ടാമത്തെ ചിത്രം, ഒറിജിനലിന്‍റെ enhanced & restored version ആണ്. കൂടുതല്‍ ചിത്രങ്ങളും, വീഡിയോയും https://www.youtube.com/watch?v=BhLEfJo96ac&t=7s