A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ദുര്‍മന്ത്രവാദം- ചില വശങ്ങള്‍


മാന്ത്രികവിദ്യയെ നന്മയ്ക്കായും തിന്മയ്ക്കായും ഉപയോഗപ്പെടുത്താം. രോഗശാന്തി, ദേഹസുഖം, ദോഷനിവാരണം തുടങ്ങിയവയ്ക്കുവേണ്ടി മാന്ത്രിക കര്‍മങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍, വ്യക്തികളുടെ പ്രത്യേക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക, അന്യരെ വശീകരിക്കുക, ശത്രുക്കളെ നശിപ്പിക്കുക മുതലായ ആഭിചാരകര്‍മങ്ങള്‍ മന്ത്രവാദത്തിന്റെ മറ്റൊരു വശമാണ്. പലതരത്തിലുള്ള ക്ഷുദ്രക്രിയകള്‍, ബലികര്‍മ്മങ്ങള്‍, താന്ത്രിക കര്‍മങ്ങള്‍ എന്നീ കര്‍മവൈവിധ്യങ്ങള്‍ ദുര്‍മന്ത്രവാദത്തില്‍ അടങ്ങുന്നു. ആഭിചാര മാന്ത്രികര്‍ തന്നെ രോഗശാന്തിയ്ക്കും മറ്റും വേണ്ടി ചെയ്യുന്ന കര്‍മങ്ങള്‍ ഗുണഫലമാണുളവാക്കുന്നത്.
മലയന്‍, പാണന്‍, വണ്ണാന്‍, മണ്ണാന്‍, പുള്ളുവന്‍, വേലന്‍, കണിശന്‍, ഗണകന്‍, പറയന്‍, പുലയന്‍, കോപ്പാളന്‍, മാവിലന്‍, പണിയന്‍, കുറിച്യന്‍ തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ട മാന്ത്രികന്‍ ദുര്‍മന്ത്രവാദികളാണെന്നാണ് പൊതുധാരണ. ഇവരില്‍ പലരും ആഭിചാരങ്ങളും, കൂടോത്രങ്ങളും ചെയ്യുന്നവരത്രെ. ഒടി, മുഷ്ടി, മുറിവ്, മാരണം, സ്തംഭനം, വശ്യം, മോഹനം, ആകര്‍ഷണം തുടങ്ങിയ പല മന്ത്രവാദ കാര്യങ്ങളും അവര്‍ ആഭിചാര മാര്‍ഗത്തില്‍ കൈകാര്യം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
ആഭിചാര കര്‍മങ്ങളിലൊന്നാണ് മാരണം. ഭൈരവാദി പഞ്ചമൂര്‍ത്തികളെയോ, മറ്റു വനമൂര്‍ത്തികളെയോ, ജപിച്ചയക്കുകയെന്നത് ഇതിന്റെ ഒരു വശമത്രെ. ശത്രുസംഹാരഹോമം, വനദേവതകള്‍ക്കും മറ്റുമുള്ള പുറബലി, തട്ടുംകുരുതിയും, കോഴിബലി എന്നിവ മാരണക്രിയക്കുവേണം. മരണം വരെ സംഭവിക്കാവുന്ന ക്ഷുദ്രകര്‍മവിധികള്‍ മാരണത്തിലുണ്ടെന്നുകാണാം.
ശത്രുനാശത്തിനുള്ള മറ്റൊരു ആഭിചാര കര്‍മമാണ് ഒടി. ഒടിവെച്ചത് കടന്നാലാണ് അതിന്റെ ദോഷം ബാധിക്കുക. ഒടി കടന്നാല്‍ വിഷാംശംകൊണ്ട് കാലുകള്‍ വീങ്ങുകയും പൊട്ടുകയും ചെയ്യുമത്രെ. പിണിയാളുടെ ശരീരത്തില്‍ സന്ധുക്കളില്‍ കുരുത്തോല കെട്ടി, എട്ടുമുള്ളു തറപ്പിക്കും. കണ്ണിമീന്‍, അട്ടക്കുടു, ഏട്ട (ഒരു തരം മത്സ്യം), മഞ്ഞള്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത ചോറുകൊണ്ട് പ്രതിരൂപ (ആള്‍രൂപ)മുണ്ടാക്കി, മുള്ളുകളും മറ്റും ആ സങ്കല്പ ശരീരത്തില്‍ മന്ത്രത്തോടുകടി കുത്തുകയെന്നത് ഒടികര്‍മത്തിന്റെ ഒരു വശമാണ്.
മാന്ത്രികവിദ്യയുടെ ഒരു വശമാണ് 'മറിവ്'. യഥാര്‍ത്ഥ രൂപത്തെ മറച്ചുവെയ്ക്കുന്നതാണ് മറിവ്. 'മായോം മറിവും' എന്നൊരു പ്രയോഗം ഭാഷയില്‍ നിലവിലുണ്ട്. ബുദ്ധിപരമായ മാന്ദ്യമുണ്ടാക്കുവാന്‍ 'മറിവ്' എന്ന മാന്ത്രിക ക്രിയകൊണ്ട് സാധിക്കുമത്രെ. 'ആള്‍മറിവ്' അതില്‍ പ്രധാനമാണ്. ഒരാള്‍ നീണ്ടു കിടന്ന് കോടി വസ്ത്രം പുതപ്പിച്ച്, കുരുതി നിറച്ച് വായ കെട്ടിയ ഒരു കുംഭം നെഞ്ചില്‍ കമഴ്ത്തിവച്ച്, അതിന്‍മുകളില്‍ പലക വച്ച് 'മുഷ്ടി' കൊത്തുകയെന്നത് 'മറിവി' ന്റെ കര്‍മാംഗമത്രെ.
മുഷ്ടികര്‍മം മന്ത്രവാദപരമായ മിക്ക കര്‍മങ്ങളുടെയും അന്ത്യത്തില്‍ പതിവുണ്ട്. ചെന്നാര്‍വള്ളി, ഞെഴുകിന്‍കോല്, ഈയച്ചേമ്പ്, തേങ്ങാക്കുലയല്ലി, കടുക്ക തുടങ്ങിയവ കെട്ടി തേങ്ങയുടെ മുകളില്‍വെച്ച് നാലുഭാഗത്തുനിന്നും കൊത്തുകയാണ് 'മുഷ്ടി'യുടെ മുഖ്യചടങ്ങ്. ഞരമ്പുവേദന, ശാരീരികമായ ക്ഷീണം തുടങ്ങിയവയ്ക്കും മുഷ്ടികൊത്തല്‍ ക്രിയ കഴിപ്പിക്കും.
ചില മന്ത്രവാദികള്‍ക്ക് മാന്ത്രികശക്തി/ആഭിചാരക്രിയമുഖേന സ്തംഭിപ്പിക്കുവാന്‍/നിരോധിക്കുവാന്‍/അടക്കുവാന്‍ ഉള്ള കഴിവുണ്ട്. അതാണ് സ്തംഭനക്രിയ. 'വൃത്തിനിരോധം' എന്ന് അതിനെ വിശേഷിപ്പിക്കാം. ''പ്രവൃത്തികള്‍ക്ക് തടസ്സമുണ്ടാക്കുകയാണ്'' അതിന്റെ ലക്ഷ്യം.
ശത്രുക്കളുടെ പ്രഭാവത്തെ അടക്കുവാനുള്ള ഒരുമാര്‍ഗമത്രെയിത്. ശത്രുസ്തംഭനം, നാവടക്കം, ബാധാനിരോധം എന്നിങ്ങനെ സ്തംഭനക്രിയകള്‍ പല പ്രകാരമാണ്. ജലസ്തംഭനം, കക്കുടസ്തംഭനം, നാളികേര സ്തംഭനം എന്നിങ്ങനെ സ്തംഭനം ചെയ്യുന്ന രീതികളിലും വ്യത്യാസമുണ്ട്. കള്ളന്മാരുടെയും മറ്റും കുടല് സ്തംഭിപ്പിക്കുവാന്‍ സ്തംഭനക്രിയകൊണ്ട് സാധിക്കുമെന്ന വിശ്വാസം നിലവിലുണ്ടായിരുന്നു.
കുടത്തില്‍ കുരുതിവെള്ളവും മറ്റും നിറച്ച് കുഴിച്ചിടുകയാണ് ജലസ്തംഭനം. കോഴിയുടെ വായയില്‍ ചില പ്രത്യേക മരുന്നുകള്‍ നിറച്ച് കഴുത്തറുത്ത്, ഹോമിക്കുകയാണ് കുക്കുടസ്തംഭനം. ഇളനീര് തുരന്ന് മരുന്ന് നിറച്ച് സ്ഥാപിക്കുകയാണ് നാളികേര സ്തംഭനം. വെള്ളരിക്ക, കോഴിമുട്ട തുടങ്ങിയവയും സ്തംഭനക്രിയക്ക് ഉപയോഗിക്കാം.
കക്ഷപുടം തുടങ്ങിയ ചില ഗ്രന്ഥങ്ങളില്‍ വിവിധ തരത്തിലുള്ള സ്തംഭനക്രിയ നടത്തേണ്ടതെപ്രകാരമെന്ന് പറയുന്നുണ്ട്. മന്ത്രതന്ത്രൗഷധികളുടെ സംയുക്ത പ്രയോഗമാണവയില്‍ അടങ്ങിയിട്ടുള്ളത്. (13 : 74-87). കുങ്കുമംകൊണ്ട് പെരുമരത്തോലില്‍ മന്ത്രപൂര്‍വ്വം ശത്രുവിന്റെ പേരെഴുതി കുറച്ചു നൂല്‍ കെട്ടുകയെന്നത് ശത്രുസ്തംഭനത്തിനുള്ള ഒരു മാര്‍ഗമാണ്.
മഞ്ഞള്‍ കൊണ്ട് പെരുമരത്തോലില്‍ ചക്രം വരച്ച് മഞ്ഞനൂല്‍ കെട്ടുന്നത് വാക് സ്തംഭനത്തിനും, പനയോലയില്‍ താമര വെച്ച് മഞ്ഞളിട്ട് മുറ്റത്തുവെച്ച് പൂജ നടത്തുന്നത് ശത്രുവിന്റെ മുഖസ്തംഭനത്തിനും, വെളുത്ത കടുക് ചെറുകടലാടി മഞ്ഞക്കുറുമിഴി എന്നിവ വയമ്പിന്റെയും വെളുത്ത കണ്ടകാരിച്ചുണ്ടയുടെയും നീരില്‍ ചേര്‍ത്ത് ഇരുമ്പു പാത്രത്തിലാക്കി തിലകം തൊടുന്നത് ശത്രുക്കളുടെ ബുദ്ധിസ്തംഭനത്തിനുമുള്ള വിധിയായി കക്ഷപുടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മഞ്ഞള്‍കൊണ്ടോ, കറുകപ്പുല്ലുകൊണ്ടോ പെരുമരത്തോലില്‍ ചക്രം വരച്ച് മഞ്ഞനൂല്‍കൊണ്ട് ചുറയ്ക്കുകയും തലമുടിയില്‍ ബന്ധിക്കുകയും ചെയ്താല്‍ ഗതിബന്ധനം സാധിക്കുമത്രെ. ഒട്ടകത്തിന്റെ എല്ല് നാലു ദിക്കുകളില്‍ കുഴിച്ചിട്ടുകൊണ്ടുള്ള കര്‍മമാണ് പശു, ആട്, എരുമ, കുതിര, ആന എന്നിവയെ സ്തംഭിപ്പിക്കുവാനുള്ള മാര്‍ഗമെന്ന് അതില്‍ പറയുന്നുണ്ട്.
കക്ഷപുടത്തില്‍ പരാമര്‍ശിക്കുന്ന അഗ്നിസ്തംഭനം ശ്രദ്ധേയമായ ഒരു വിഷയമാണ്. തീയില്‍ ചാടിയാലും ദഹിക്കാതിരിക്കുവാനുള്ള മന്ത്രങ്ങളുടെയും ഔഷധങ്ങളുടെയും പ്രയോഗമാണ് അതിലടങ്ങിയിട്ടുള്ളത്. മന്ത്രസിദ്ധിയുള്ള ആള്‍ വെളുത്ത പൂങ്കുറുഞ്ഞിയും എരിക്കുമരച്ച് കൈയ്ക്കു തേച്ചാല്‍ അഗ്നിയില്‍ ദഹിക്കുന്നതല്ല. നെന്മേനിവാകയുടെ കിഴക്കോട്ടുപോയ വേര് ഞായറാഴ്ച കിളച്ചെടുത്ത് തഴച്ച് കുറിതൊട്ടാല്‍ അഗ്നിബാധയില്‍ നിന്നും രക്ഷപ്പെടാമത്രെ.
കൂമന്‍, കൊറ്റി, തവള എന്നിവയുടെ മേദസ്സെടുത്ത് മന്ത്രപൂര്‍വ്വം പുരട്ടിയാല്‍ അഗ്നിയില്‍ ദഹിക്കുകയില്ല. തവളക്കരളെടുത്ത് ആട്ടിന്‍ മേദസ്സു ചേര്‍ത്ത്, ശരീരത്തില്‍ തേയ്ക്കുന്നതാണ് അഗ്നിസ്തംഭനത്തിനുള്ള മറ്റൊരു മാര്‍ഗം (13:87). ഒടുവില്‍ പറഞ്ഞ രണ്ട് മാര്‍ഗങ്ങള്‍ക്ക് കേരളത്തില്‍ ചില സമുദായക്കാര്‍ക്കിടയില്‍ പ്രാചുര്യമുണ്ടെന്ന് പറയാം.
ദുര്‍മന്ത്രവാദവിധികളില്‍ വശ്യപ്രയോഗവും ഉള്‍പ്പെടുന്നു. വശീകരണം, ആകര്‍ഷണം, മോഹനം എന്നിവ അതിന്റെ ഭാഗമാണ്. മന്ത്ര-യന്ത്രൗഷധികളുടെ പ്രയോഗം ഇതില്‍ കാണാം. ലോകവശ്യം, സര്‍വ്വവശ്യം, രാജവശ്യം, സ്ത്രീവശ്യം, പതിവശ്യം, പുരുഷവശ്യം എന്നിങ്ങനെ വിവിധങ്ങളായ വശ്യ പ്രയോഗങ്ങളുണ്ട്.
താന്ത്രികവും മാന്ത്രികവുമായി പ്രാമുഖ്യമുള്ള അനേകം ബലികര്‍മങ്ങളുണ്ട്. വാസ്തുബലി, നാരായണബലി, സാരസ്വതബലി, പിതൃബലി, ഭൂതബലി, മാതൃബലി, സര്‍പ്പബലി തുടങ്ങിയ ബലിക്രിയകള്‍ വൈദികവിധി പ്രകാരം ചെയ്യുന്നവയാണ്. ഇവയ്ക്കുപുറമെ മന്ത്രവാദ സംബന്ധമായ ബലികര്‍മങ്ങളും വൈദികര്‍ ചെയ്യാറുണ്ട്. സാത്വിക പ്രധാനങ്ങളാണ് ഇവയെല്ലാം. എന്നാല്‍, ദുര്‍മന്ത്രവാദത്തില്‍ താമസകര്‍മങ്ങള്‍ക്കാണ് പ്രാമുഖ്യം.
യക്ഷഗന്ധര്‍വ്വാദി വിമാനബാധകളെയും, പ്രേത പിശാചുക്കളെയും, രോഗബാധകളെയും മറ്റും പ്രീതിപ്പെടുത്തിയോ പിണക്കിയോ അകറ്റുകയാണ് പ്രായേണ മന്ത്രവാദത്തിലെ ബലിക്രിയകളുടെ ഉദ്ദേശ്യം. കൈബലി, മാടബലി, ഭൂതമാരണബലി, രാവണബലി, ഉച്ചബലി, ഭദ്രബലി, കുഴിബലി, കഴുബലി, നിണബലി, ഗര്‍ഭബലി, പ്രതികാരബലി, ഗന്ധര്‍വ്വബലി, രോഗശാന്തിബലി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഒട്ടനേകം ബലിക്രിയകളുണ്ട്.
മലയന്‍, വണ്ണാന്‍, പുള്ളുവന്‍, മണ്ണാന്‍, പാണന്‍, വേലന്‍, കണിയാന്‍, ഗണകന്‍ തുടങ്ങി മന്ത്രവാദ പാരമ്പര്യമുള്ള സമുദായങ്ങളില്‍പ്പെട്ടവരാണ് ഇവയിലേര്‍പ്പെടുന്നത്.കൈബലി എന്നത് സാമാന്യമായ ഒരു ബലിക്രിയയാണ്. ഇത് എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ചെയ്യും. വാഴപ്പോള കൊണ്ട് ബലിപീഠം/ബലിത്തട്ട് ഉണ്ടാക്കി, കുരുത്തോല നറുക്കുകളും കോല്‍ത്തിരിയും കുത്തി, അതില്‍ ചില ബലികള്‍ അര്‍പ്പിക്കുകയാണ് കൈബലിയുടെ സ്വഭാവം. കുരുതിതര്‍പ്പണവും ബലിപീഠത്തില്‍ ചെയ്യാം.
മാരണഭൂതം, അപസ്മാരദേവത, മാരന്‍, ഗന്ധര്‍വ്വന്‍, വിമാനദേവതകള്‍ തുടങ്ങിയവയെ ഉച്ചാടനം ചെയ്യുവാനുള്ള ബലികര്‍മമാണ് ഭൂതമാരണബലി. ഈ കര്‍മത്തിന് പ്രാദേശികവും വംശീയവുമായ രീതിഭേദങ്ങളുണ്ട്. അരി, വെറ്റില, ഇളനീര്, പൂവ്, പൊരി, തിരി തുടങ്ങിയ ഒരുക്കുകള്‍ ഇതിനു വേണം. "ഇലഞ്ഞിക്കുഴ പിച്ചിപ്പൂ മഞ്ചാടിക്കുഴയും തഥാ അടയ്ക്കാ മലര്‍ തെറ്റിപ്പൂ കൂവളത്തിലയും മലര്‍ നിണവും മധുവും തൂകി പനിനീര്‍ തൂകിയങ്ങുടന്‍ കുരുതിത്തര്‍പ്പണം പിന്നെ രണ്ടായ് വെട്ടുക തേങ്ങയും'' എന്നിങ്ങനെ ഭൂതമാരണ ബലിയുടെ കര്‍മങ്ങളെപ്പറ്റി ഒരിടത്ത് (19:33) പറയുന്നുണ്ട്. 'ബ്രഹ്മഭൂതാളി മന്ത്ര'ത്തെ കൊണ്ടാണ് ബലി തൂകേണ്ടത്. ഈ ബലി കര്‍മത്തിന് ഒരാള്‍ പ്രമാണമുയരത്തില്‍ ബലിത്തട്ട് നിര്‍മിക്കുന്ന പതിവ് ഉത്തരകേരളത്തിലുണ്ടായിരുന്നു
മന്ത്രവാദസംബന്ധമായി ശ്രീഭദ്രയ്ക്ക് നല്‍കുന്ന ബലിയാണ് ഭദ്രബലി. അത്യുത്തര കേരളത്തിലെ മലയര്‍ കണ്ണേര്‍ തുടങ്ങിയുള്ള പിണിദോഷ പരിഹാരത്തിനാണിത് നടത്തുന്നത്. ഓലകൊണ്ട് ഒരു രൂപമുണ്ടാക്കി, പുറത്തട്ട് (ഒരുതരം മുടി) വെച്ചു കെട്ടി, അതിന്റെ മുന്നിലാണ് ബലി അര്‍പ്പിക്കേണ്ടത്. കോഴിബലി മുഖ്യമാണ്.
വാഴപ്പോള കൊണ്ട് മാടം (ഗൃഹം) നിര്‍മിച്ച്, അതില്‍ ബലി അര്‍പ്പിക്കുന്നതാണ് മാടബലി. മലയര്‍, പാണര്‍, പുള്ളുവര്‍, വേലര്‍ എന്നിവര്‍ ഈ ബലിക്രിയ നടത്തിവരാറുണ്ടായിരുന്നു. പാഷാണമൂര്‍ത്തികളെ തൃപ്തിപ്പെടുത്തുവാന്‍ മാടബലി ചെയ്യണമത്രെ.
അപസ്മാരാദി ബാധകളെ നീക്കുവാനാണ് ഊഞ്ചബലി കഴിക്കുന്നത്. നദീതീരത്തോ സമുദ്രക്കരയിലോ കാഞ്ഞിരത്തൂണുകള്‍ നാട്ടി, നരന്തവള്ളി ഊഞ്ഞാലായിക്കെട്ടും. പിണിയാളെ കണ്ണുകെട്ടിക്കൊണ്ടുവന്ന് ആ ഊഞ്ചേലില്‍ ഇരുത്തി, ചില കര്‍മങ്ങള്‍ ചെയ്തശേഷം, ആ വള്ളി കൊത്തിയറുക്കുന്നു. പിണിയാള്‍ അവിചാരിതമായി പെട്ടെന്ന് വെള്ളത്തില്‍ വീഴും. മറ്റുള്ളവര്‍ അപ്പോള്‍ എടുത്തുകയറ്റും. ഇതാണ് ഊഞ്ചബലിയുടെ സ്വഭാവം. പെട്ടെന്നുണ്ടാവുന്ന ഞെട്ടല്‍ രോഗവിമുക്തിയ്ക്കു കാരണമാകുമെന്നാണ് ഇതിന്നടിസ്ഥാനം.
രാത്രിയുടെ അന്ത്യയാമത്തില്‍ കഴിക്കുന്ന ബലികര്‍മമാണ് 'രാവണബലി' (രാവ്+അണ+ബലി). ഇത് പല മന്ത്രവാദ ക്രിയകളുടെയും അന്ത്യത്തില്‍ നടത്താറുള്ളതാണ്. വലിയ കുഴിയുണ്ടാക്കി അതില്‍ കോഴിയെയോ മനുഷ്യനെയോ ആക്കി, പലക പാവി മണ്ണ് നിരത്തി, അതിന്മീതെ ഹോമാദികര്‍മങ്ങള്‍ ചെയ്യുകയെന്നത് കുഴിബലിയുടെ പ്രത്യേകതയാണ്. മധ്യാഹ്നത്തില്‍ നടത്തുന്ന കര്‍മമാണ് ഉച്ചബലി (ഉച്ചേല്ക്കുത്ത്).
കഠിനമായ ശത്രുദോഷങ്ങളോ കണ്ണേര്‍ദോഷങ്ങളോ ഉണ്ടെങ്കില്‍ അവയുടെ പരിഹാരത്തിനായി മലയര്‍, പാണര്‍ തുടങ്ങിയവര്‍ നിണബലി നടത്താറുണ്ട്. വിവിധതരം അനുഷ്ഠാന ക്രിയകള്‍ ഇതിന്റെ ഭാഗമാണ്. കുട്ടിച്ചാത്തന്‍, ഗുളികന്‍ തുടങ്ങിയ കോലങ്ങള്‍ ചിലപ്പോള്‍ കെട്ടിപ്പുറപ്പെടും. കാളി, ദാരികന്‍ എന്നീ വേഷങ്ങള്‍ പുറപ്പെടുന്ന സ്ഥലങ്ങളുമുണ്ട്. കോഴിയെ അറുത്ത് രക്തതര്‍പ്പണം ചെയ്യും. ഉച്ചബലിയുടെ ഭാഗമായും നിണബലി പതിവുണ്ട്.
അപസ്മാരാദി രോഗങ്ങള്‍ മാറുവാന്‍ നടത്തുന്ന മാന്ത്രികബലികര്‍മമാണ് അപസ്മാരബലി. കാമദേവചക്രമാണ് ഇതിന് കളമായി കുറിക്കേണ്ടത്. കളത്തിന് പുറത്ത് എട്ടുദിക്കിലും നാക്കിലയില്‍ അരി തുടങ്ങിയവ വെയ്ക്കണം. മുല്ല, അശോകം, താമര, പിച്ചകം തുടങ്ങിയ പുഷ്പങ്ങള്‍ അര്‍ച്ചനയ്ക്കുവേണം. മുയലിനെ വെട്ടി തര്‍പ്പണം ചെയ്യുകയെന്നത് ഈ ബലി ക്രിയയുടെ പ്രത്യേകതയാണ്. അപസ്മാരം, ക്രകം, സന്നി എന്നീ രോഗങ്ങളുടെ നിവാരണത്തിന് ബലികര്‍മങ്ങള്‍ ചെയ്യാറുണ്ട്.
ഏഴു ചുകന്ന ചോറുപിണ്ഡവും ഒരു കറുത്തപിണ്ഡവും തട്ടു നറുക്കിലയില്‍ വെച്ച് എട്ടു വിളക്കു തിരികളും കത്തിച്ചു വെക്കുക, ഏഴു കുത്തുപാളകളില്‍ കുരുതിയും ഒന്നില്‍ കറുത്ത നീരും തയ്യാറാക്കുക, ഒരു മുക്കണ്ണന്‍ കോത്തിരി കുത്തുക, ''ഓം യെമന്‍ ഗുളികന്‍ ഹെമകണ്ട ഭസ്മരായെ സ്വാഹ'' എന്ന മന്ത്രം പതിനാറുരു ജപിച്ച് അരി രോഗിയുടെ കൈയില്‍ കൊടുത്ത് തല ചുഴറ്റി എട്ടു നറുക്കിലയിലും വിതറി കോഴിക്കു കൊടുക്കുക; ആ കോഴിയെ തലക്കൊത്ത് കെട്ടുക മുതലായവ ആ ബലികര്‍മത്തിന്റെ ചില വശങ്ങളാണ്.
(കടപ്പാട് ) സുജിത്