ക്ഷേത്രങ്ങള്‍ നിരവധിയുണ്ട് നമ്മുടെ നാട്ടില്‍. എന്നാല്‍ അതില്‍ ഏറ്റവും പഴയ ക്ഷേത്രം എതാണ് എന്നു ചോദിച്ചാല്‍ ഉത്തരം അറിയുന്നവര്‍ വളരെ കുറവായിരിക്കും. പുരാതനമായ ഒട്ടേറെ ക്ഷേത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അവയുടെ പഴക്കത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.ചരിത്രം കൂടുതല്‍ പരിശോധിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും പുരാതനമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രയിലാണെന്ന് കാണാം. പഴക്കം കൊണ്ടു മാത്രമല്ല, ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ ശിവലിംഗത്തിന്റെ കാര്യത്തിലും ധാരാളം സവിശേഷതകള്‍ കാണാം.ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം ആരാധിക്കുന്ന ശിവലിംഗം എന്ന പേരും ഇതിന് സ്വന്തമാണ്.ഇന്ത്യയിലെ ഏറ്റവും പഴയ ക്ഷേത്രത്തിന്റെ ആരും അറിയാത്ത വിശേഷങ്ങള്‍ അറിയാം.
ഇന്ത്യയിലെ ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് ആന്ധ്രയിലെ ഗുഡിമല്ലം ക്ഷേത്രം. പരശുരാമേശ്വര ക്ഷേത്രം എന്നാണ് ഈ ശിവക്ഷേത്രം അറിയപ്പെടുന്നത്. ചിത്രപ്പണികളോടു കൂടിയ ശിവലിംഗമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.ഇവിടെ കാണപ്പെടുന്ന ശിവലിംഗത്തിന്റെ പഴക്കം പരിശോധിച്ചതുവഴി ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ ശിവലിംഗം ഇതാണെന്നാണ് അറിയപ്പെടുന്നു. ക്രിസ്തുവിനു മുന്നേ മൂന്നാം നൂറ്റാണ്ടില്‍ (ബിസി 3) നിര്‍മ്മിക്കപ്പെട്ടതാണിതെന്നാണ് വിശ്വാസം.മറ്റൊരിടത്തും കാണാനാവാത്ത പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇവിടുത്തെ ശിവലിംഗം. അതിനാല്‍തന്നെ ഇത് കാണാനായി ധാരാളം ആളുകളാണ് ഇവിടെ എത്തുന്നത്.
സാധാരണ കാണുന്ന ശിവലിംഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ ശിവന്റെ ഉള്‍പ്പെടെ രൂപങ്ങള്‍ കൊത്തിയിട്ടുണ്ട്.ധാരാളം പ്രത്യേകതകള്‍ ഇവിടുത്തെ ശിവലിംഗത്തിനുണ്ട്, അതില്‍ ഒന്നാണ് ശിവലിംഗത്തില്‍ കൊത്തിയിരിക്കുന്ന ക്രുദ്ധനായ വേട്ടക്കാരന്റെ രൂപം.വലതു കയ്യില്‍ ബാണവും ഇടതു കയ്യില്‍ ഒരു പാത്രവുമായുള്ള വേട്ടക്കാരന്റെ രൂപത്തിലുള്ള ശിവനെയാണ് ഈ ശിവലിംഗത്തില്‍ കാണാന്‍ സാധിക്കുന്നത്. കൂടാതെ തോളില്‍ ഒരു മഴുവും കാണാം. കുള്ളനായ ഒരാളുടെ ചുമലില്‍ ചവിട്ടി നില്ക്കുന്ന രീതിയിലാണ് ശിവനുള്ളത്.
സാധാരണ ഒരു മനുഷ്യന്റെയത്രയും ഉയരത്തില്‍ തന്നെയാണ് കട്ടികൂടിയ ഈ ശിവലിംഗമുള്ളത്.ത്രിമൂര്‍ത്തികള്‍ സംഗമിക്കുന്ന ശിവലിംഗമെന്നും ഇത് അറിയപ്പെടുന്നുണ്ട്. ഏറ്റവും താഴെ ബ്രഹ്മാവും നടുനില്‍ വിഷ്ണുവും മുകളില്‍ ശിവനും വസിക്കുന്നു എന്നാണ് കരുതപ്പെടുന്നത്.
ഈ ക്ഷേത്രത്തെ സംബന്ധിച്ച് നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. എല്ലാ ആറുപത് വര്‍ഷം കൂടുമ്പോളും ഇവിടുത്തെ ശ്രീകോവിലില്‍ വെള്ളം കയറുമത്രെ. 225ലാണ് ഇത് അവസാനമായി സംഭവിച്ചത്. കാശിയില്‍ നിന്നും ശിവലിംഗം അഭിഷേകം ചെയ്യാനെത്തുന്ന വെള്ളമാണിതെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.ക്ഷേത്രത്തിന്റെ കാലപ്പഴക്കത്തില്‍ നിന്നും ഡെക്കാന്‍ പ്രദേശം ഭരിച്ചു കൊണ്ടിരുന്ന സതവാഹന കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രമെന്നാണ് ചരിത്രകാരന്മാര് പറയുന്നത്.