A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മറഞ്ഞിരിക്കുന്ന നാടുകള്‍ !


മനുഷ്യന്‍റെ കണ്ണുകളില്‍ നിന്നും ഏതെങ്കിലും നാടുകള്‍ക്ക് മറഞ്ഞിരിക്കാനാവുമോ ? എന്താണ് സംശയം ? ഇന്ന് പോലും ആധുനിക മനുഷ്യന്‍ കടന്നു ചെന്നിട്ടില്ലാത്ത കൊടും വനങ്ങളും താഴ് വരകളും ബ്രസീലിലും വിയറ്റ്നാമിലും ഹിമാലയ സാനുക്കളിലും ഇന്നും ഉണ്ട് . ഇതിനുദാഹരണം സൗലാ (Saola ,pronounced: sow-la) എന്ന കന്നുകാലി ആണ് . മാനിനോട് രൂപ സാദൃശ്യമുള്ള ഈ ജീവി 1992 വരെയും വിയറ്റ്നാമിനും ലവോസിനും ഇടയിലുള്ള Annamite മല നിരകളിലെ നിബിഡമായ മഴക്കാടുകളില്‍ പുറംലോകമറിയാതെ ജീവിച്ചു! 1992 ലെ ഒരു വന പര്യവേഷത്തിനിടയില്‍ ഒരു വേട്ടക്കാരന്റെ വീട്ടില്‍ നിന്നും ഇതിന്റെ തലയോട്ടി കിട്ടിയതോടെയാണ്ഇങ്ങനെയൊരു ജീവി വര്‍ഗ്ഗത്തെ പറ്റി പുറംലോകമറിയുന്നത് ! ഇപ്പോഴും വിയറ്റ്നാം -ലാവോസ് കാടുകളില്‍ ഇത് എത്രയെണ്ണം അവശേഷിച്ചിട്ടുണ്ട് എന്ന് ആര്‍ക്കും അറിയില്ല. ഇങ്ങനെയുള്ള ഒറ്റപ്പെട്ട വന മേഖലകളുടെ പ്രത്യേകതകള്‍ എന്തെല്ലാമാണ് ? ഒന്നാമത് ഇങ്ങനെയുള്ള ഒരു ഭൂവിഭാഗങ്ങള്‍ മിക്കവയും ഉയര്‍ന്ന മലകളാല്‍ ചുറ്റപ്പെട്ട , ലാന്‍ഡ് ലോക്ക് ചെയ്യപ്പെട്ട താഴ് വരകള്‍ ആയിരിക്കും . ആദ്യം ചെല്ലുന്ന മനുഷ്യര്‍ക്ക്‌ ഇത് എത്തിപ്പെടാന്‍ പ്രയാസമുള്ള ഭൂവിഭാഗമായി അനുഭവപ്പെടുമെങ്കിലും അവിടെ ചെന്ന് കിട്ടിയാല്‍ ഒരു ചെറു ജനതക്ക് പുറം ലോകം അറിയാതെ തന്നെ ജീവിക്കാനുള്ള എല്ലാ ചുറ്റുപാടുകളും ഇത്തരം താഴ് വാരങ്ങളില്‍ ഉണ്ടാവും . ഇപ്പോഴും എത്തിച്ചേരാന്‍ പ്രയാസമുള്ള നിബിഡവന മേഖലകളില്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് ജനവാസം ഉണ്ടായിരുന്നതായുള്ള തെളിവുകള്‍ ലോകത്തിലെ ഒട്ടുമിക്ക ഭൂവിഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട് . എന്ത്കൊണ്ടാണ് ആ ജന വര്‍ഗ്ഗങ്ങള്‍ ജീവിക്കുവാനായി ഇത്തരം ഗൂഡ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ? ഒളിച്ചോട്ടം , പലായനം ഇവയില്‍ ഏതെങ്കിലും ഒന്നാവാം കാരണം . ഏതെങ്കിലും യുദ്ധത്തില്‍ തോറ്റോടിയ ജനതയാവാം ഇത്തരം കാടുകയറികളില്‍ പ്രധാനികള്‍ ( വേറെയും കാരണങ്ങള്‍ ഉണ്ടാവാം ) ജപ്പാനിലെ ഇയാ താഴ് വര ഇതിന് നല്ലൊരു ഉദാഹരണമാണ് .
1. ഇയാ താഴ്‌വര – പോരാളികളുടെ ഒളി സങ്കേതം !
===========================
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജപ്പാന്റെ സാംസ്കാരിക ചരിത്രം മാറ്റി മറിച്ച വൻ യുദ്ധമായിരുന്നു Genpei യുദ്ധം . Taira ഗോത്രക്കാരും Minamoto വർഗ്ഗവും തമ്മിലായിരുന്നു അത് . പോരാട്ടത്തിൽ പരാജയപ്പെട്ട Taira സമുറായികൾ ഒട്ടു മിക്കവരും പാരമ്പര്യമനുസരിച്ച് ആത്മഹത്യ ചെയ്തു . പിന്നെയും ബാക്കിയുണ്ടായിരുന്നവർ ( കൂടുതലും സ്ത്രീകളും , കുട്ടികളും പിന്നെ വൃദ്ധരും ) ഇന്നും മനുഷ്യന് പെട്ടന്ന് എത്തിപ്പെടാൻ അപ്രാപ്യമായ തെക്കൻ ജപ്പാനിലെ ഇയാ താഴ്‌വരയിലേക്ക് പലായനം ചെയ്തു . പിന്നീടാരും നൂറ്റാണ്ടുകളോളംഅങ്ങോട്ടേക്ക് പോയില്ല . പക്ഷെ അഭയാർഥികളുടെയുംകൊള്ളക്കാരുടെയും അവസാന അഭയ കേന്ദ്രമായിരുന്നു ഇയാ താഴ്‌വര! നൂറ്റാണ്ടുകൾക്കു ശേഷം ആധുനിക മനുഷ്യൻ അവിടേക്ക് ചെന്നപ്പോൾ തോറ്റൊടിയവരുടെയും പലായനം ചെയ്തവരുടെയും പിൻ തലമുറക്കാരെ ആണ് അവിടെ പ്രതീക്ഷിച്ചത് . പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല ! പകരം മറ്റൊരു വര്‍ഗ്ഗക്കാരാണ്‌ അവിടെ തമ്പടിച്ചിരുന്നത് . ദുർഗടമായ ഭൂപ്രകൃതിയും പ്രതികൂലമായ കാലാവസ്ഥയും അവരെ ഉൻമ്മൂലനം ചെയ്തിരിക്കാം . അല്ലെങ്കില്‍ പിന്നീട് വന്നവര്‍ ആദ്യമേ ഉണ്ടായിരുന്നവരെവകവരുതിയിരിക്കാം ! പക്ഷെ ഇന്ന് ഇയാ താഴ്‌വര ജപ്പാന്റെ സൌന്ദര്യത്തിന്റെ പ്രതീകമാണ് . “തോറ്റോടിയ ” Taira കൾ നിർമ്മിചുവെന്നു കരുതുന്ന വേരുകളും, വള്ളികളും കൊണ്ടുള്ള തൂക്കുപാലങ്ങൾ (Vine-made suspension bridge) ആണ് ഇവിടുത്തെ മുഖ്യ ആകർഷണം . നമ്മുടെ മേഘാലയയിൽ ഉള്ളത് പോലെ ഇവിടെയും Iya-gawa നദിയുടെ ഇരുവശങ്ങളിലും ഉള്ള മരങ്ങളുടെ വള്ളികളാണ് തമ്മിൽ യോജിപ്പിച്ച് പാലമായി രൂപപ്പെടുത്തിയെടുത്തത് . ഇതുപോലത്തെ പതിമ്മൂന്നെണ്ണം പണ്ട് സമുറായികൾ നിർമ്മിച്ചിരുന്നുവെങ്കിലും മൂന്നെണ്ണം മാത്രമേ കാലത്തെ അതിജീവിച്ചുള്ളൂ . ഇതിൽ 45 മീറ്റർ നീളവും 14 മീറ്റർ ഉയരവും ഉള്ള Iya Kazurabashi ആണ് ഏറ്റവും വലുത് . നശിക്കാറായ ഇതിനെ ഇപ്പോൾ സ്റ്റീൽ കേബിളുകൾ കൊണ്ട് ബലപ്പെടുതിയിട്ടുണ്ട് . ജപ്പാനിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും അന്യം നിന്നുപോയ പല ആചാരങ്ങളും രീതികളും ഇന്നും ഇയാ താഴ് വരയില്‍ ശുദ്ധിയോടെ തന്നെ നിലനില്‍ക്കുന്നുണ്ട് .
നിഗൂഡ താഴ് വരകളിലെക്കുള്ള ഒളിച്ചോട്ടത്തിന് ഉദാഹരണം തേടി നമ്മള്‍ അധിക ദൂരം പോകേണ്ടതില്ല . ഇടുക്കി ജില്ലയിലെ മറയൂര്‍ ഇതിനു നല്ലൊരു ഉദാഹരണമാണ് .
2. മറയൂര്‍ - പലായനത്തിന്റെയും അതിജീവനതിന്റെയും താഴ് വര !
==========================
സ്വാഭാവിക ചന്ദന മരങ്ങള്‍ തീര്‍ക്കുന്ന പ്രകൃതിയുടെ നിഴല്‍ .... അതിനിടയിലൂടെ പട്ടാപകലും റോഡരികില്‍ നമ്മെ മിഴിച്ചു നോക്കുന്ന കാട്ടുപോത്തിന്‍ കൂട്ടങ്ങള്‍ ..... വെളുപ്പിനെ മൂന്ന് മണിക്ക് ഹബീബുള്ളയെന്ന പാവം കച്ചവടക്കാരനെ , സ്വന്തം കടയുടെ മുന്നില്‍ വെച്ച് തന്നെ കാട്ടാന ചവുട്ടി കൊന്ന മറയൂര്‍ ടൌണ്‍ (16.08.2015)..... .. നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന കരിമ്പിന്‍ തോട്ടങ്ങള്‍ ..... കാറ്റത്തു പൂത്തുലഞ്ഞു നില്‍ക്കുന്ന അവയുടെ വെള്ളകാവടിയാട്ടം .... ആ വെളുപ്പില്‍ നിന്നും പിഴിഞ്ഞുണ്ടാക്കുന്ന കറുത്ത മറയൂര്‍ ശര്‍ക്കര .... ഒരു പൂണൂല്‍ പോലെ മറയൂരിനെ ചുറ്റിയൊഴുകുന്ന , കിഴക്കോട്ടൊഴുകുന്ന , തലതിരിഞ്ഞ പാമ്പാര്‍ .... ഓറഞ്ചും ആപ്പിളും, മള്‍ബറിയും വിളയുന്ന , മലമുകളിലെ കാന്തല്ലൂര്‍ ............. സകല പാറക്കൂട്ടങ്ങളുടെയും മുകളില്‍ നൂറ്റാണ്ടുകളുടെ രഹസ്യങ്ങള്‍ അഞ്ചു ശിലാ ഭിത്തികളില്‍ ഒതുക്കി കഴിയുന്ന മുനിയറകള്‍ ......ചിന്നാറില്‍ മാത്രം കാണപ്പെടുന്ന നക്ഷത്ര ആമകള്‍ , ചാമ്പല്‍ മലയണ്ണാന്‍ ,....ചോലപൊന്തച്ചുറ്റന്‍, മഞ്ഞവരയന്‍, ശരവേഗന്‍ തുടങ്ങി 225 ഓളം ചിത്ര ശലഭങ്ങള്‍ !......
മറയൂര്‍ കാണാന്‍ ചെല്ലുന്ന നമ്മുക്ക് സുപരിചിതങ്ങളായ വാക്കുകള്‍ ആണ് മുന്‍പ് പറഞ്ഞത് . എന്നാല്‍ ഇതൊരു മുഖം മൂടിയാണ് . ആ മൂടി മാറ്റിയാല്‍ മറ്റൊരു ഇയാ താഴ് വര നമ്മുടെ മുന്നില്‍ തെളിയും . മധുരയില്‍ നിന്നും യുദ്ധത്തെ ഭയന്നും രാജാ കോപത്തിനിരയായുംപലായനം ചെയ്ത നാനാ വിഭാഗങ്ങള്‍ അടങ്ങുന്ന ഒരു ജനത , സര്‍വ്വ പടനീക്കങ്ങള്‍ക്കും അപ്രാപ്യമായ ഒരു സ്ഥലം തേടി അലഞ്ഞ് അവസാനം എത്തിച്ചേര്‍ന്നത് ഇന്നത്തെ മറയൂരില്‍ ആണ് . മനുഷ്യ സാമീപ്യം നൂറ്റാണ്ടുകളായി അറിഞ്ഞിട്ടില്ലാത്ത ആനകളും കടുവകളും കാട്ടുപോത്തുകളും അവരെ നേരിട്ടു . പ്രാണരക്ഷാര്‍ത്ഥം മല മുകളിലേക്ക് കയറിയ അവര്‍ തങ്ങള്‍ക്കായി ദൈവം ഉണ്ടാക്കിവെച്ചതുപോലെ അനേകം കല്‍കൂടാരങ്ങള്‍ കണ്ടു . രണ്ടു മൂന്നു പേര്‍ക്ക് സുഖമായി അന്തിയുറങ്ങാന്‍സാധിക്കുമായിരുന്ന അത്തരം ശിലാഗൃഹങ്ങളുടെ വാതിലില്‍ അഞ്ചാമത്തെ ശില കൊണ്ടടച്ചാല്‍ അവര്‍ രാത്രിയില്‍ തികച്ചും സുരക്ഷിതരായിരുന്നു . പകല്‍ വെളിച്ചത്തിന്‍റെ ധൈര്യത്തില്‍ പുറത്തിറങ്ങിയ അവര്‍ ഒരുമയോടെ ജീവിച്ചാല്‍ ഈ നാട് തങ്ങള്‍ക്കു സുരക്ഷിതമാണെന്ന് തിരിച്ചറിയുകയായിരുന്നു . ആ നാടിനെ അഞ്ചായി ഭാഗിച്ച് ( കാന്തല്ലൂര്‍, കീഴാന്തൂര്‍, കാരയൂര്‍, മറയൂര്‍, കൊട്ടക്കുടി) അവര്‍ തങ്ങളുടേതായ ഒരു ലോകം അവിടെ കെട്ടിപ്പടുത്തു . (കൊട്ടക്കുടി ഇപ്പോള്‍ തമിഴ്നാട്ടില്‍ ആണ് ) . വീണ്ടും ആളുകള്‍ വന്നുകൊണ്ടേ ഇരുന്നു . മുതുകില്‍ ഭാരം ഏന്തി വന്ന മുതുവന്മ്മാര്‍ ... കട്ടും മോഷ്ടിച്ചും ജീവിച്ചിരുന്ന കുറുമ്പന്‍ വര്‍ഗ്ഗം അങ്ങിനെ പലരും . ഇവരെല്ലാം മറയൂരില്‍ സ്വന്തമായ ഒരു സംസ്കാരം കെട്ടിപ്പടുത്തു . ഇപ്പോഴും ആധുനിക സൌകര്യങ്ങളോട് തീരെ അടുപ്പം കാണിക്കാതെ ഇവര്‍ മറയൂരില്‍ നാമറിയാതെ അവരുടെതായ ലോകത്ത് ജീവിക്കുന്നു !
മൂവായിരം വര്‍ഷങ്ങള്‍ക്ക്‌ മേലെ പഴക്കമുള്ള മുനിയറകള്‍ , ശിലായുഗ മനുഷ്യരുടെതാണ് എന്ന് അനുമാനിക്കാം എങ്കിലും ഇവയുടെ ഉത്ഭവത്തെ പറ്റി ഏകാഭിപ്രായം നിലവില്‍ ഇല്ല . ഇതിനു സമാനമായ നിര്‍മ്മിതികള്‍ മറ്റു പല രാജ്യങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട് . ഇത്രയും വിദൂര സ്ഥലങ്ങളിലെ നിര്‍മ്മിതികള്‍ നിര്‍മ്മാണത്തില്‍ എങ്ങിനെ അനുരൂപപ്പെട്ടു എന്നത് വിസ്മയകരമാണ് .
മറയൂരിന്റെ ഉൾക്കാടുകളിൽ മറഞ്ഞിരിക്കുന്ന ഒരു പാട് കാഴ്ചകൾ ഉണ്ട്. അതി മനോഹരമായ കാഴ്ചകൾ മറയൂരിലെ ചന്ദന കാടുകൾക്ക് ഉള്ളിൽ ഉണ്ട്. ചന്ദന മരങ്ങൾക്ക് പ്രത്രേക പ്രൊട്ടെക്ഷൻ ഉള്ളത് കൊണ്ട് തന്നെ ഈ പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് പൊതുജനങ്ങൾക്ക് അപ്രാപ്യമാണ്. സാമൂഹിക പ്രവർത്ത പഠനത്തിന്റെ ദശദിന ക്യാമ്പുമായി ബന്ധപ്പെട്ട് പത്ത് ദിവസം ഇവിടത്തെ പെരിയ ഗുഡി ട്രൈബൽ സെറ്റിൽമെന്റിലെ മുതുവാൻ ആദിവാസി വിഭാഗത്തോടൊപ്പംചെലവഴിക്കാൻ കഴിഞ്ഞത് ജീവിതത്തിൽ മറക്കാനാകാത്തെ കുറെ നാളുകൾ ആണ്.
ആധുനിക ലോകവുമായി അധിക സംസർഗം ഇവർക്കില്ലെങ്കിലും സോളാർ വൈദ്യുതിയുടെ സഹായത്തോടെ ടിവി യും മറ്റും ഇവർ ഉപയോഗിക്കുന്നുണ്ട്.
കാട്ടിലെ തേൻ, ഇഞ്ചപുൽ തൈലം, തുടങ്ങിയ വന വിഭവങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് ഇവർ ജീവിക്കുന്നത്. ഓലകൾ മേഞ്ഞ ഇവരുടെ വീട് കാണാൻ പേത്രേക ഭംഗിയാണ്. ഇവരുടെ ആചാരങ്ങളും വ്യത്യസ്തമാണ്. മുതുവാൻ മാർ കുട്ടികളെ തങ്ങളുടെ മുതുകിൽ ഒരു തുണി കെട്ടി അതിൽ കിടത്തി കൊണ്ടാണ് ജോലിക്ക് പോകുന്നത്. പ്രായ പൂർത്തിയായ ആണുങ്ങൾക്കും സ്ത്രീകൾക്കും മാറി താമസിക്കാൻ ഊരിൽ പ്രത്രേക ഇടങ്ങൾ ഉണ്ട്.
മറയൂരിലെ ടൗൺ പ്രദേശത്തി നോട് ചേർന്ന് കഴിയുന്നകഴിയുന്ന അഞ്ച് നാടുകളിൽ പെട്ടവർക്കും ഉണ്ട് ഒരു പാട് വ്യത്യസ്തതകൾ. പൂർവ്വികരെ സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ സ്വന്തം ജാതി ഏതെന്ന് അറിയാതെ ജീവിക്കുന്നവർ ഇവിടെ ഉണ്ട്. ബിരുദവും ബിരുദാനന്തരവും നേടിയ ഇവിടത്തെ യുവതലമുറ നേരിടുന്ന ഒരു പ്രശ്നമാണ് അത്. അവരുടെ സർട്ടിഫിക്കറ്റുകളിൽ പോലും ജാതി രേഖ പ്പെടുത്തിയിട്ടില്ല. അഞ്ച് നാടുകളിൽ പെട്ടവർ വിവാഹം കഴിക്കുന്നതും ഈ അഞ്ച് നാടുകളിൽ നിന്നും മാത്രമാണ്. ആ നിയമം തെറ്റിച്ചാൽ ഊരു വിലക്ക് നേരിടെണ്ടി വരും.
ചന്ദന കളളക്കടത്ത്, കഞ്ചാവ് തോട്ടങ്ങൾ എന്നിവ മറയൂരുമായി ബന്ധപെട്ട് ഗവൺ മെൻറിന് തലവേദനയാകുന്ന ചില പ്രശ്നങ്ങളാണ്.
കടപ്പാട്... വിനു