1910 മുതല്‍ 1945 വരെ കൊറിയയെ ഭരിച്ച ജപ്പാന്‍ സാമ്രാജ്യം അവരോട് ചെയ്തക്രൂരതകള്‍ സമാനമില്ലാത്തവയാണ്. ഒരു രാജ്യമെന്ന നിലയില്‍ കൊറിയയെയും അവരുടെ സംസ്കാരത്തേയും ഇല്ലായ്മ ചെയ്യാന്‍ ജപ്പാന്‍ ശ്രമിച്ചു. കൊറിയക്കാര്‍ ഷിന്റോ ക്ഷേത്രങ്ങളില്‍ നിര്‍ബന്ധമായും ആരാധിക്കേണ്ടിവന്നു, കൊറിയന്‍ ഭാഷ നിരോധിച്ചു. കൊറിയക്കാര്‍ ജപ്പാന്‍ പേരുകള്‍ നിര്‍ബന്ധമായി സ്വീകരിക്കേണ്ടിവന്നു. കൊറിയന്‍ ഭാഷയില്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമാക്കി. കൊറിയയുടെ സംസ്കാരത്തെ സൂചിപ്പിക്കുന്ന എല്ലാ വസ്തുക്കളും ഒന്നുകില്‍ നശിപ്പിക്കുകയോ മോഷ്ടിച്ചുകടത്തുകയോ ചെയ്തു. മനുഷ്യരോടും സ്ത്രീകളോടും വ്യക്തിപരമായ ചെയ്തക്രൂരതകള്‍ ഇതോടൊന്നും താരതമ്യവുമില്ലാത്തതാണ്.
അങ്ങനെ രണ്ടാം ലോകമഹായുദ്ധാനന്തരം കൊറിയയെ വടക്കുഭാഗം സോവിയറ്റ് യൂണിയനും തെക്കുഭാഗം അമേരിക്കയും വീതിച്ചെടുത്തു. ദക്ഷിണകൊറിയയില്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടന്ന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്റ്റാലിന്‍ കിം ഇല്‍ സുങ്ങിനെ ഉത്തരകൊറിയയുടെ നേതാവാക്കി. രണ്ടുഭരണങ്ങളും കൊറിയ മുഴുവന്‍ തങ്ങളുടേതാണെന്ന് അവകാശപ്പെടുകയും ചെയ്തു. 1950-53 കാലത്ത് നടന്ന കൊറിയന്‍ യുദ്ധത്തോടെ രണ്ടുപ്രദേശങ്ങളും രണ്ടുവ്യത്യസ്തരാജ്യങ്ങളായി മാറുകയും ചെയ്തു. അങ്ങനെ മാറിയപ്പോള്‍ അവയെ വേര്‍തിരിക്കാന്‍ ഇടയ്ക്ക് ഒരുസ്ഥലം നീളത്തില്‍ ഒഴിച്ചിടുകയുണ്ടായി.
രണ്ടു കൊറിയകളെയും വേര്‍തിരിക്കുന്ന സൈന്യങ്ങളില്ലാത്ത ഈ ഇടത്തിന് 250 കിലോമീറ്റര്‍ നീളവും 4 കിലോമീറ്റര്‍ വീതിയുമുണ്ട്. രണ്ടുകൂട്ടരും ചര്‍ച്ചകള്‍ക്കായി വരുന്ന ഒരു ചെറിയ തുറസ്സും ഇതിനുണ്ട്. ഈ സൈനികരഹിതപ്രദേശത്തിന് ഇരുവശങ്ങളിലുമായി ലോകത്തേറ്റവും വലിയസൈനികവ്യൂഹങ്ങള്‍ മുഖത്തോടുമുഖം നിലകൊള്ളുകയാണ്. രണ്ടാം ലോകമഹായുദ്ധാനന്തരം റഷ്യയേയും അമേരിക്കയേയും ആശ്രയിച്ചുകഴിയേണ്ടിവന്ന രണ്ടുരാജ്യങ്ങളുടെയും ചരിത്രം മാറ്റിമറിച്ചുകൊണ്ട് കൊറിയന്‍ യുദ്ധമെത്തി. അതില്‍ മുപ്പതുലക്ഷം ആള്‍ക്കാരാണ് മരണമടഞ്ഞത്. യുദ്ധം അവസാനിച്ചപ്പോള്‍ കരാര്‍ പ്രകാരം രണ്ടുകൂട്ടരും രണ്ടുകിലോമീറ്റര്‍ വീതം പിന്നിലേക്കുമാറി. അതോടെ നടുക്കൊരു വരയും വരയ്ക്കിരുപുറവുമായി നാലുകിലോമീറ്റര്‍ വീതിയില്‍ 250 കിലോമീറ്റര്‍ നീളത്തിലൊരുപ്രദേശം രൂപംകൊണ്ടു. ആ പ്രദേശത്ത് എന്തെല്ലാം ചെയ്യാമെന്നതിനെപ്പറ്റി വലിയനിയമാവലികള്‍ നിലവില്‍ വന്നു. ഇടയ്ക്കിടെ കലഹിക്കുന്നവര്‍ തമ്മില്‍ വഴക്കുണ്ടാകും വെടിവയ്ക്കും ആളുചാവും. 1950 -നു മുന്‍പ് ഈ നേരിയപ്രദേശത്തു ആള്‍ക്കാര്‍ ജീവിച്ചിരുന്ന രണ്ടുഗ്രാമങ്ങളാണ് ആകെ ആള്‍ത്താമസമുള്ള പ്രദേശങ്ങള്‍. അവിടെ 218 പേര്‍ ജീവിക്കുന്നുണ്ട്.
വടക്കന്‍ കൊറിയയുടെ കൈവശമുള്ള അതിര്‍ത്തിയില്‍ കെട്ടിപ്പൊക്കിയ വലിയ കെട്ടിടങ്ങളില്‍നിന്നും വൈദ്യുതവെളിച്ചവും ഒച്ചയും പ്രകാശപ്രതിഫലങ്ങളുമൊക്കെ വരുന്നതു സൂക്ഷിച്ചുനോക്കിയാല്‍ അവിടെയെല്ലാം നിറയെ ആള്‍ക്കാരുണ്ട് എന്നുതോന്നിപ്പിക്കാനായി ഉണ്ടാക്കിയ ചില്ലുമേടകളാണെന്നു മനസ്സിലാവും. 1980 -ല്‍ ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ തങ്ങളുടെ മിടുക്ക് പ്രകടമാക്കാന്‍ 100 മീറ്ററോളം ഉയരമുള്ള ഒരു കൊടിമരം അതിര്‍ത്തിയില്‍ സ്ഥാപിക്കുകയും 130 കിലോഗ്രാം ഭാരമുള്ള ഒരു പതാക അതിന്റെ മുകളില്‍ പറത്തുകയും ചെയ്തു. അങ്ങനെ തോല്‍ക്കാന്‍ തയ്യാറാകാത്ത ഉത്തരകൊറിയയാവട്ടെ 160 മീറ്റര്‍ ഉയരമുള്ള കൊടിമരം പണിയുകയും 270 കിലോഗ്രാം ഭാരമുള്ള കൊടിപാറിക്കുകയും ചെയ്തു.
ദക്ഷിണകൊറിയയിലേക്ക് കടക്കാന്‍ പലതവണയായി വടക്കന്‍ കൊറിയ നിരവധി തുരങ്കങ്ങള്‍ ഉണ്ടാക്കിവന്നിരുന്നു. കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച കിലോമീറ്ററുകള്‍ നീളമുള്ള ഇവ ഭൂമിക്കടിയില്‍ 76 മീറ്റര്‍ വരെ ആഴത്തില്‍ ആയിരുന്നു. പട്ടാളക്കാര്‍ക്ക് കടന്നുവരാന്‍ തീവണ്ടിപ്പാതകള്‍ പോലും ഇതിലുണ്ടായിരുന്നു. ദക്ഷിണകൊറിയ ഇവ പിടിച്ചെടുത്തത് ഇന്ന് ടൂറിസ്റ്റുകാര്‍ക്ക് സന്ദര്‍ശിക്കാനുള്ള ആകര്‍ഷണങ്ങളായി നിലകൊള്ളുന്നു. അങ്ങോട്ടുമിങ്ങോട്ടും തിരിച്ചുവച്ച വലിയ മൈക്കുകള്‍ രണ്ടുരാജ്യങ്ങളും മറ്റുരാജ്യക്കാരനെ പ്രകോപ്പിക്കാനും പ്രൊപഗണ്ടകള്‍ക്കും ഉപയോഗിക്കുന്നു. ഇതുകൂടാതെ റേഡിയോസ്റ്റേഷനുകളുമുണ്ട്. അച്ചടിച്ചപ്രചരണവസ്തുക്കള്‍ ബലൂണില്‍ കെട്ടിയും ചെറുറോക്കറ്റുവഴിയും രണ്ടുരാജ്യങ്ങളും അങ്ങോട്ടുമിങ്ങോട്ടും അയച്ചുകൊണ്ടിരിക്കുന്നു. ദക്ഷിണകൊറിയയാവട്ടെ നാലുകിലോമീറ്റര്‍ കൂടാതെ സാധാരണക്കാരെ പിന്നെയും 5 മുതല്‍ 20 കിലോമീറ്റര്‍ ദൂരത്താണ് അപകടങ്ങളില്‍ നിന്നും അകന്നുനില്‍ക്കാനായി പാര്‍പ്പിക്കുന്നത്.
ഇങ്ങനെ നെടുനീളത്തില്‍ 250 കിലോമീറ്റര്‍പ്രദേശം ആളനക്കമില്ലാതെ നാലുകിലോമീറ്റര്‍വീതിയില്‍ കിടക്കുന്നിടത്ത് എന്തെല്ലാമുണ്ട്? മനുഷ്യന്‍ പ്രവേശിച്ചാല്‍ മരണം ഉറപ്പുള്ള ഈ സ്ഥലം യാതൊരുഭീഷണിയുമില്ലാത്ത ഒരു സ്വയംഭൂവായ വന്യമൃഗസങ്കേതമായി മാറിക്കഴിഞ്ഞു. അത്യപൂര്‍വ്വമായ സൈബീരിയന്‍ കടുവ മുതല്‍ വംശനാശഭീഷണിയുള്ള പലതരം ജീവികളും ഇവിടെ വസിക്കുന്നു. അമുര്‍ പുള്ളിപ്പുലി, ഏഷ്യന്‍ കറുത്തകരടി എന്നിവയെയെല്ലാം ഇവിടെക്കണ്ടുവരുന്നു. ഈ നേരിയ സ്ഥലത്ത് 2900 തരം സസ്യങ്ങളും 70 തരം സസ്തനികളും 320 തരം പക്ഷികളും ജീവിക്കുന്നുണ്ട്. നിരവധി മലകളും താഴ്‌വാരങ്ങളും തടാകങ്ങളുമുള്ള ഈ പ്രദേശം ഐക്യരാഷ്ട്രസഭയുടെ നേതൃത്തത്തില്‍ ഒരു സംരക്ഷിതവന്യജീവിസങ്കേതമാക്കുമെങ്കില്‍ അതിനുവേണ്ട സാമ്പത്തികസഹായം താന്‍ നല്‍കുമെന്ന് കോടീശ്വരനായ പത്രമുതലാളി ടെഡ് ടര്‍ണര്‍ പറയുകയുണ്ടായി.
ദക്ഷിണകൊറിയ ജനാധിപത്യത്തില്‍ക്കൂടിയും ശാസ്ത്രപുരോഗതിയില്‍ക്കൂടിയും ആധുനികജീവിതരീതിയില്‍ക്കൂടിയും ലോകത്തെ സമ്പന്നരാഷ്ട്രമായി മാറിയപ്പോള്‍ ഉത്തരകൊറിയയാവട്ടെ നൂറ്റാണ്ടുകള്‍ക്കുപിന്നില്‍ നിലകൊള്ളുന്നു. എന്തൊക്കെയോ കാരണങ്ങളാല്‍ ഒരുദിവസം ഇരിങ്ങാലക്കുട-വാല്‍പ്പാറ റോഡില്‍ ഒരു വരവരച്ച് അപ്പുറവുമിപ്പുറവും നിറയെ ആയുധങ്ങളുമായി തമ്മില്‍ക്കണ്ടാല്‍ വെടിവച്ചിടാന്‍ തയ്യാറായി കേരളജനത മാറുന്നത് ഓര്‍ത്തുനോക്കുക. അതിലും ഭീകരമാണ് കൊറിയയിലെ കാര്യങ്ങള്‍. എന്തൊക്കെ പരാധീനതകള്‍ ഉണ്ടെങ്കിലും എത്രവലിയൊരു സ്വര്‍ഗത്തിലാണു നമ്മള്‍ ജീവിക്കുന്നതെന്നോര്‍ക്കാന്‍ കൊറിയ ഒരു നിമിത്തമാവട്ടെ.
വാല്‍ക്കഷണം: 8891 കിലോമീറ്റര്‍ നീളമുള്ള അമേരിക്ക-കാനഡ അതിര്‍ത്തിയില്‍ വേലികളൊന്നുമില്ലാതെ ആര്‍ക്കുംതന്നെ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകാവുന്ന രീതിയില്‍ ആണെന്നും ഇതിനൊപ്പം ഓര്‍ക്കാം.
കടപ്പാട്.. വിനയ് ജയ് വി ആർ