ആറുവയസുവരെ ഇരട്ടസഹോദരന്മാരായ ബില്ലി ലിയോണും ബെന്നി ലോയിഡും സാധാരണകുട്ടികളെപ്പോലെ തന്നെയായിരുന്നു. മറ്റു കുട്ടികളിൽനിന്നു വ്യത്യസ്തമായ യാതൊരു പ്രത്യേകതകളും അവർക്കുണ്ടായിരുന്നില്ല. 1946 ഡിസംബർ ഏഴിന് അമേരിക്കയിൽ ജനിച്ച ബില്ലി സഹോദരൻ ബെന്നിയെക്കാൾ അഞ്ചുമിനിറ്റ് മുൻപാണ് ജനിച്ചത്. 1978 നവംബർ ഒന്നിന് 32 വയസിൽ ബില്ലിയുടെ ശരീരഭാരം 337 കിലോഗ്രാമും ബെന്നിയുടെ ശരീരഭാരം 328ഉം ആയിരുന്നു. അക്കാലത്തെ ഗുസ്തി ചാന്പ്യന്മാർക്കുപോലും പരമാവധി 349 കിലോഗ്രാം ഭാരമായിരുന്നു ഉണ്ടായിരുന്നത്.
ഇരുവരും കളിച്ചതും കഴിച്ചതും കിടന്നുറങ്ങിയതും സ്കൂളിൽ പോയതും സൺഡേസ്കൂളിൽ പഠിച്ചതുമെല്ലാം ഒരുമിച്ചായിരുന്നു. രൂപവും ഭാവവുമെല്ലാം ഒരുപോലെതന്നെ. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും മാത്രമേ ഇരുവരെയും തിരിച്ചറിയാൻ കഴിയുമായിരുന്നുള്ളൂ. അധ്യാപകർക്കും സഹപാഠികൾക്കുംപോലും അക്കാര്യത്തിൽ പലപ്പോഴും അബദ്ധം പിണഞ്ഞിരുന്നു. ഒരേതരത്തിലുള്ള വേഷവിധാനങ്ങളും വാഹനങ്ങളും കിടക്കയും ഹെയർസ്റ്റൈലും കൂളിംഗ് ഗ്ലാസും മീശയും താടിയും തലമുടിയും ഇരുവരുടെയും പ്രത്യേകതകളായിരുന്നു. അസുഖം വരുന്നതും സുഖം പ്രാപിക്കുന്നതുമെല്ലാം ഒരേസമയത്ത്. സുഖദുഃഖങ്ങളിൽ പങ്കുചേരുന്നതിൽപോലും ഇരുവരും സമാനത പുലർത്തിയിരുന്നു.
സ്കൂളിൽ അധ്യാപകരും സഹപാഠികളും ബില്ലിയോടും ബെന്നിയോടും പ്രത്യേക പരിഗണനയും പ്രാധാന്യവും കൽപിച്ചിരുന്നു. ഒരാൾക്ക് ഇഷ്‌ടമില്ലാത്ത കാര്യം അപരൻ ചെയ്തിരുന്നില്ല. ഇരട്ടകളായ സഹോദരിമാരെയാണ് ജീവിതപങ്കാളികളായിപ്പോലും തെരഞ്ഞെടുത്തത്. അവർ ജനിച്ചുവളർന്ന സാഹചര്യവും ഇവരുടേതുപോലെയുള്ളതായിരുന്നു. കാനഡയിലെ ഒന്‍റോറിയയിൽ നയാഗ്ര വെള്ളച്ചാട്ടത്തിനടുത്തുവച്ച് ബില്ലി മിനിബൈക്കിൽനിന്നു വീഴുകയും പിന്നീട് ഹൃദ്രോഗബാധ മരണത്തിനു കാരണമാകുകയും ചെയ്തു. 1979 ജനുവരി 13ന് 33 വയസിലായിരുന്നു അന്ത്യം. ബെന്നിയും അന്പത്തഞ്ചാം വയസിൽ, കൃത്യമായി പറഞ്ഞാൽ 2001 മാർച്ച് 26ന് ഹൃദ്രോഗം ബാധിച്ച് അന്തരിക്കുകയാണുണ്ടായത്.