പൗരാണിക യവന മഹാകവി ഹോമെറിനെ അറിയാത്തവരായി അധികം പേർ ഉണ്ടാവില്ല .ഇലിയഡ് ,ഒഡീസി എന്നീ മഹാകാവ്യങ്ങൾ മനുഷ്യരാശിക്ക് സമ്മാനിച്ചത് ഹോമർ ആണ്. ഹോമെറിന്റെ മഹാകാവ്യങ്ങൾ കാലം ഏറെ കഴിഞ്ഞിട്ടും ഇന്നും പ്രഭ മങ്ങാതെ നിലനിൽക്കുന്നു . ഹോമറിന്റെ സമകാലീകനായിരുന്നു മഹാകവി ഹെസിയോട്. ഒരു പക്ഷെ ഹോമെറിനേക്കാൾ വൈവിധ്യമാര്ന്ന വിഷയങ്ങളിൽ കാവ്യങ്ങളും ഗദ്യങ്ങളും രചിച്ചത് ഹെസിയോട് ആയിരുന്നു . ആദ്യ പാച്ചാത്യ സാമ്പത്തിക വിദഗ്ദ്ധനായും,ജ്യോതി ശാസ്ത്രജ്ഞനായും ഹെസിയോട് നെ കരുതുന്ന ചരിത്രകാരന്മാരുണ്ട് .
.
ഗ്രീക്ക് ഇരുണ്ട യുഗത്തിന് ശേഷം ഉദയം ചെയ്ത പുതു യവന നാഗരികതയുടെ ഉദയകാലമായ ബി സി ഇ ഒൻപതാം ,ശതകത്തിലോ എട്ടാം ശതകത്തിലോ ആണ് ഹെസിയോടിന്റെ ജീവിതകാലം ചരിത്രവും സങ്കൽപ്പവും ഇടചേർന്ന ഒരു മാസ്മരിക കാലഘട്ടത്തിലാണ് ഹെസിയോടിന്റെ ജീവിതകാലം എന്ന് പറയാം . ഇരുണ്ട യുഗത്തിൽ യവന ജനതക്ക് എഴുത്തും ,വായനയും ,ലിപിയും എല്ലാം നഷ്ടപ്പെട്ടിരുന്നു .രണ്ടു നൂറ്റാണ്ടു നീണ്ടുനിന്ന സമ്പൂർണമായ അന്ധകാരത്തിൽ നിന്നും യവന ജനതയെ കരകയറ്റിയത് ഹോമെറിന്റെയും ഹെസിയോടിന്റെയും കാവ്യങ്ങളാണ് എന്ന് കരുതുന്നത് യുക്തിക്കു നിരക്കുന്ന ഒരനു മാനമാണ്. .
.
ഹോമറിനെപോലെതന്നെ ഹെസിയോടിന്റെയും വ്യകതി ജീവിതത്തെ പറ്റി അനുമാനങ്ങൾ മാത്രമേ ഉളൂ .പുരാതന ഗ്രീക്ക് പ്രവിശ്യയായ അയോലിസിലാണ് ( Aeolis ) ഹെസ്യോടിന്റെ ജനനം .ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ കുടുംബം ഗ്രീസിലെ ഹെലികോൺ (Mount Helicon ) പർവതത്തിന്റെ താഴ്വരയിലേക്ക് താമസം മാറ്റി . പിതാവിന്റെ മരണശേഷം ഒരു മുഴുവൻ സമയ കർഷകനായി .കാർഷിക വൃത്തിയിലൂടെയാണ് അദ്ദേഹം കവിത്വം നേടിയത് എന്നാണ് ഐതീഹ്യം.പില്കാലത് അദ്ദേഹം കൊറിന്തിലേക്ക് താമസം മാറ്റിയതായും പറയപ്പെടുന്നു .യക്ഷിക്കഥകൾ മുതൽ സാമ്പത്തിക ശാസ്ത്രം വരെ അദ്ദേഹത്തിന്റെ പ്രതിപാദ്യ വിഷയമാണ് .
.
തിയോഗനി ( Theogony) എന്ന മഹാകാവ്യമാണ് ഹെസിയോടിന്റെ മാസ്റ്റർപീസ് .പ്രപഞ്ചത്തിന്റെ ഉല്പത്തി . പ്രപഞ്ച ശക്തികളുടെ ആവിർഭാവം . അവയിൽനിന്നും ടൈറ്റൻമാർ എന്ന മഹാകായന്മാരയ ആദിമ ദേവതകളുടെ ഉത്ഭവം . യവന സമൂഹത്തിലെ ദേവതാ സങ്കൽപ്പങ്ങളെ കാവ്യമായി ക്രോഡീകരിക്കുകയാണ് മഹാകവി ചെയ്തത് . ഖയോസ് ( Chaos ) എന്ന ഒന്നുമില്ലാത്ത അവയവസ്ഥയിൽനിന്നാണ് എല്ലാ സൃഷ്ടികളും ആവർഭവിച്ചത് എന്ന മഹാകവി ഹെസിയോടിന്റെ സങ്കല്പം ആധുനികതയോട് വളരെ ചേർന്ന് നിൽക്കുന്ന ഒന്നാണ് .ഭാവനാപൂര്ണവും രസകരവുമായ നൂറുകണക്കിന് കഥകൾ തിയോഗനി ( Theogony) യിൽ അടങ്ങിയിരിക്കുന്നു . തിയോഗനി യിലെ ദേവന്മാർ മനുഷ്യരുടെ പ്രതിരൂപങ്ങൾ തന്നെയാണോ എന്ന് തോന്നുന്ന രീതിയിലാണ് പല കഥകളും അവതരിപ്പിച്ചിരിക്കുന്നത് . വിശ്വ പ്രസിദ്ധമായ പ്രോമിത്യുസിനെ കഥ തിയോഗനി യിലെ ഒരുപകഥയാണ് .എപ്പോൾ ലഭ്യമായ ഈ മഹാകാവ്യം പൂർണമല്ല എന്നാണ് കരുതപ്പെടുന്നത് .ഈ മഹാകാവ്യത്തിന്റെ ഗദ്യ ,പദ്യ രൂപങ്ങളിലുള്ള ഇംഗ്ലീഷ് വിവർത്തനങ്ങൾ പല വെബ് സൈറ്റുകളിൽ നിന്നും ലഭിക്കും .(http://www.sacred-texts.com/cla/hesiod/theogony.htm ).
.
ഹെസിയോടിന്റെ മറ്റൊരു പ്രമുഖ കൃതിയാണ് വർക്ക് ആൻഡ് ഡേയ്സ് ( Works and Days ). കാവ്യ രൂപത്തിലുള്ള വർക്ക് ആൻഡ് ഡേയ്സ് തിയോഗനി യുടെ വിപരീതമായ ഭാവങ്ങളെപേറുന്ന ഒരു കൃതിയാണ് .തിയോഗനി ദേവകളെയും സ്വര്ഗങ്ങളെയും പറ്റി പ്രതിപാദിക്കുന്പോൾ ,വർക്ക് ആൻഡ് ഡേയ്സ് ഭൂമിയിലെ മനുഷ്യന്റെ അസ്തിത്വത്തിന്റെ ഒരവലോകനമാണ് . സദ് പ്രവർത്തികളിലൂടെ അല്ലതെ മനുഷ്യജന്മം ലക്ഷ്യത്തിലെത്തില്ല ,എന്ന പ്രപഞ്ച സത്യത്തിന്റെ കാവ്യാത്മകമായ അവതരണമാണ് വർക്ക് ആൻഡ് ഡേയ്സ് .(https://www.ellopos.net/…/ancient-gre…/hesiod/works-days.asp ). കൃഷി , സാമ്പത്തിക ശാസ്ത്രം , ജ്യോതി ശാസ്ത്രം തുടങ്ങിയവയെല്ലാം വർക്ക് ആൻഡ് ഡേയ്സിലെ പ്രതിപാദ്യമാണ് .
.
ഈ രണ്ടു മഹാഗ്രന്ഥങ്ങൾ കൂടാതെ മറ്റനേകം കൃതികളും മഹാകവി ഹെസിയോട് രചിച്ചിട്ടുണ്ട് . ഷീൽഡ് ഓഫ് ഹെരാക്ളിസ്( Shield of Heracles), പെർസെപ്റ്സ് ഓഫ് ചിറോൺ (Precepts of Chiron ),കാറ്റലോഗ് ഓഫ് വുമൺ (Catalogue of Women ),ക്ലിൻ (klin ) തുടങ്ങിയവ അദ്ദേഹത്തിന്റെ അനേകം കൃതികളിൽ പെടുന്നവയാണ്
--
ചിത്രം : ഹെസിയോടിന്റെതെന്നു കരുതപ്പെടുന്ന പുരാതന ശിൽപ്പം : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ref
1. http://www.ancient-literature.com/greece_hesiod.html
2. https://www.thoughtco.com/hesiod-112495
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S