സമുദ്രത്തിലെ ആവാസവ്യവസ്ഥയിൽ അതിപ്രധാനമായ ഒരു കണ്ണിയാണ് കടൽ വെള്ളരി .കടൽ വെള്ളരി എന്നാണ് പേരെങ്കിലും കടൽ വെള്ളരി ഒരു സസ്യമല്ല. വളരെ പുരാതനമായ ജന്തു വർഗങ്ങളിൽ ഒന്നാണ് കടൽ വെള്ളരികൾ. മറ്റൊരു കടൽ ജീവികൾക്കും വസിക്കാനാവാത്ത അഗാധ സമുദ്ര ഗർത്തങ്ങളിൽപോലും കടൽ വെളളരികൾ അനായാസം വസിക്കുന്നു ആകൃതിയിൽ വെള്ളരിയോട് സാമ്യമുള്ളതിനാൽ മാത്രമാണ് ഇവക്ക് കടൽ വെള്ളരികൾ എന്ന് പേരുളളത് .
.
അതി വിചിത്രമായ ഒരു ജീവിയാണ് കടൽ വെള്ളരി സിലിണ്ടർ പോലുള്ള ശരീരം .അര ലിറ്ററിനടുത്ത ശരീര വ്യാപ്തം ,മുപ്പത് സെന്റീമീറ്റർ ശരാശരി നീളം , അഞ്ചു നിരയിൽ ചെറിയ കാലുകൾ ,വളരെ വിചിത്രമായ ശ്വസന രീതി ,ഇതൊക്കെയാണ് കടൽ വെള്ളരിയുടെ ഏകദേശ രൂപം . ഇവയുടെ മറ്റൊരു സവിശേഷത ഇവക്ക് വ്യക്തമായ ഒരു തലച്ചോർ ഇല്ലെന്നുള്ളതാണ് .വായ്ക്ക് ചുറ്റുമുള്ള നാഡീവ്യൂഹങ്ങൾക്കു സമാനമായ സംവിധാനങ്ങൾ ഇവയുടെ തലച്ചോറായി പ്രവർത്തിക്കുന്നു എന്നാണ് അനുമാനം .ആയിരത്തിലധികം കടൽ വെള്ളരി വിഭാഗങ്ങൾ സമുദ്രാന്തർ ഭാഗത്തു വസിക്കുന്നുണ്ട് . അവയിൽ പലതിനും വ്യത്യസ്തമായ രൂപവും ഭാവവും ഉണ്ട് . മൂന്ന് മില്ലിമീറ്റർ മുതൽ മൂന്ന് മീറ്റർ വരെ നീളമുള്ള കടൽ വെള്ളരികൾ ഉണ്ട് . കടൽ വെള്ളരിയുടെ ഏറ്റവും വികസിതമായ ശരീര വ്യവസ്ഥ അവയുടെ ദഹന വ്യവസ്ഥയാണ് .കടലിൽ ജീവിച്ചു ജീവിതചക്രം പൂർത്തിയാക്കി കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങുന്ന സസ്യ ,ജന്തു വര്ഗങ്ങള് എല്ലാം തന്നെ അവസാനം കടൽ വെളളരികളുടെ ഭക്ഷണമായിത്തീരുകയാണ് ചെയുന്നത് .അതിനാൽ തന്നെ സമുദ്രത്തിലെ ആവാസ വ്യവസ്ഥയിൽ കടൽ വെള്ളരിയുടെ സ്ഥാനം പ്രാധാന്യമേറിയതാണ് .
.
പ്രാകൃത്യമായ ജീവികളാണെങ്കിലും കടൽ വെള്ളരികൾ വലിയ കോളനികളിലാണ് വസിക്കുന്നത് .ദശ ലക്ഷകകണക്കിനു കടൽ വെള്ളരികൾ അടങ്ങുന്ന കോളനികൾ കണ്ടെത്തിയിട്ടുണ്ട് .പസഫിക് സമുദ്രത്തിൽ ചതുരശ്രമീറ്റർ കടൽ തട്ടിൽ മുപ്പതിലേറെ കടൽ വെള്ളരികൾ ഉണ്ടെന്നാണ് അനുമാനം .അതിൽനിന്നു തന്നെ ഭൂമിയിലെ ഇവയുടെ എണ്ണം ഊഹിക്കാം .ആയിരക്കണക്കിന് കോടി കടൽ വെള്ളരികളാണ് ഭൂമിയിൽ ഉളളത് .ജലത്തിലൂടെ രാസവസ്തുക്കൾ പ്രസരിപ്പിച് ഇവ വാർത്താവിനിമയം നടത്തുനന്നതായി കണ്ടെത്തിയിട്ടുണ്ട് .മിക്ക കടൽ വെള്ളരി വിഭാഗങ്ങൾക്കും ശക്തമായ ടോക്സിനുകളിലൂടെയുള്ള സ്വയം പ്രതിരോധ സംവിധാനമുണ്ട് .
.
കടൽ വെള്ളരിയുടെ വാണിജ്യ ഉപയോഗം
--
സമുദ്ര ആവാസ വ്യവസ്ഥയിൽ പകരം വാക്ൿനാവാത്ത ദൗത്യം നിറവേറ്റുനാണ് കടൽ വെളളരികൾ ഇപ്പോൾ വാണിജ്യപരമായും ഉപയോഗത്തിലെത്തിക്കൊണ്ടിരിക്കുകയാണ് . ഭക്ഷ്യ യോഗ്യമായ അനേകം കടൽ വെള്ളരി ഇനങ്ങളുണ്ട് .പുരാതന കാലം മുതൽ തന്നെ പസഫിക് തീരത്തിൽ കടൽ വെളളരിയെ ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിച്ച് തുടങ്ങിയിരുന്നു .ചൈനീസ് വൈദ്യത്തിൽ കടൽ വെള്ളരികൾ അതിശക്തമായ ഔഷധങ്ങളാണ് ഉപയോഗിക്കുന്നുണ്ട് .ക്യാന്സറിന്റെ ഔഷധമായാണ് കടൽ വെളളരിയെ ചൈനീസ് ജാപ്പനീസ് പാരമ്പര്യ വൈദ്യം കാണുന്നത് . ഈ അവകാശവാദം ആധുനിക വൈദ്യ ശാസ്ത്രം അംഗീകരിക്കുന്നില്ലെങ്കിലും ,കടൽ വെള്ളരി ഉൽപ്പാദിപ്പിക്കുന്ന രാസ വസ്തുക്കൾ കാന്സറിനെ പ്രതിരോധിക്കുമോ എന്ന വിഷയത്തിൽ ഗവേഷണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട് . കടൽ വെള്ളരിയിൽ നിന്നും വേദനാസംഹാരികൾ നിർമിക്കുകയും പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട് . കടൽ വെള്ളരികളിലെ ഒരു വിഭാഗമായ Cucumaria echinata യില്നിന്നും ഉൽപ്പാദിപ്പിക്കുന്ന രാസവസ്തുക്കൾ മലേറിയക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട് .
--
കടൽ വെള്ളരി വ്യവസായം
--
ഭക്ഷണ ആവശ്യത്തിനും രാസ വസ്തുക്കളുടെയും ഔഷധങ്ങളുടെയും നിർമാണത്തിനും കടൽ വെള്ളരികൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാൽ പ്രത്യേക കടൽ വെള്ളരി വിഭാഗങ്ങളെ നിയന്ത്രിത സാഹചര്യ്ങ്ങളിൽ വളർത്തി വിപണനം ചെയുന്ന വ്യവസായവും രൂപപ്പെട്ടു വരുന്നുണ്ട് പസഫിക് തീര രാജ്യങ്ങളിൽ വലിയ കുളങ്ങളിൽ കടൽ വെള്ളരി വളർത്തി വ്യാവസായിക അടിസ്ഥാനത്തിൽ വിപണനം നടത്തുന്നുണ്ട് .ചൈനയിലെ വർധിച്ച ഡിമാൻഡ് കാരണം കടൽ വെളളരികളുടെ വില കിലോഗ്രാമിന് 300ഡോളർ ( 20000 രൂപക്കടുത്താണ് ) വരെ ഉണ്ട് .സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും ഇവയെ ശേഖരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള കടൽ വെള്ളരി കൃഷി പല രാജ്യങ്ങളിലും ഇപ്പോൾ വ്യാപകമായി തുടങ്ങിയിട്ടുണ്ട് .
--
ചിത്രം : കടൽ വെള്ളരികൾ ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ref
1.https://www.nationalgeographic.com/…/i…/group/sea-cucumbers/
2.https://en.wikipedia.org/wiki/Sea_cucumber.
3.https://www.popsci.com/secret-superpower-sea-cucumbers
4.http://www.itmonline.org/arts/seacucumber.htm
5.https://www.nwf.org/…/Wildlife-…/Invertebrates/Sea-Cucumbers
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S