പ്രമേഹം പിടികൂടുന്നത് അന്തസ്സുള്ള കാര്യമായി കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കാരണം ധനികര്‍ക്കു മാത്രമേ ഈ രോഗം ഉള്ളതായി കണ്ടിരുന്നുള്ളൂ. കൂടാതെ മധ്യവയസ്സു മുതല്‍ മേല്‌പോട്ടു പ്രായമുള്ളവരെ മാത്രമേ ഈ രോഗം പിടികൂടിയിരുന്നുള്ളൂ. എന്നാല്‍ ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കുബേരനെന്നോ, കുചേലനെന്നോ, ബാലനെന്നോ, വൃദ്ധനെന്നോ, സ്ത്രീയെന്നോ, പുരുഷനെന്നോ ഉള്ള യാതൊരു വ്യത്യാസവുമില്ലാതെ സകല വിഭാഗത്തിലുള്ളവരിലും ഈ രോഗം കണ്ടുവരുന്നു. ഏതൊരു രോഗത്തേയും മാറ്റുന്നതിനുള്ള നടപടികള്‍ ആ രോഗം ഉണ്ടോ എന്നു മനസ്സിലാക്കുകയും അത് ഉണ്ടെന്ന് അംഗീകരിക്കുകയുമാണ്. അടുത്ത നടപടിയാണ് ആ രോഗം മാറ്റുന്നതിനുള്ള ചികിത്സ സ്വീകരിക്കുക എന്നത്. ആദ്യമായി പ്രമേഹം എന്ന രോഗം എന്താണ് എന്ന് മനസ്സിലാക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് നമ്മുടെ ശരീരത്തിലെ പാന്‍ക്രിയാസ് എന്ന ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ആണ്. ഇന്‍സുലിന്‍ ഉല്പാദിപ്പിക്കപ്പെടാതിരിക്കുകയോ അല്ലെങ്കില്‍ ഈ ഹോര്‍മോണ്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശരീരത്തിന് കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.
പ്രമേഹം ഉണ്ടാകുന്നതെങ്ങനെ ?
ദഹന പ്രക്രിയ നടക്കുമ്പോള്‍ ആഹാരത്തില്‍ അടങ്ങിയിരിക്കുന്ന അന്നജം, ഗ്ലൂക്കോസ് എന്ന മധുരമുള്ള തന്മാത്രയായി മാറ്റപ്പെടുന്നു. ഈ ഗ്ലൂക്കോസ് രക്തത്തില്‍ കലര്‍ന്ന് ശരീരത്തിലെ കോശങ്ങളില്‍ എത്തുമ്പോഴാണ് നമ്മുക്ക് ഊര്‍ജ്ജം ലഭിക്കുന്നത്. ഈ വിധത്തില്‍ ഗ്ലൂക്കോസിന്റെ സഞ്ചാരത്തെ സഹായിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്നത്. ഈ കോശങ്ങള്‍ ആവശ്യമായ അളവില്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാതിരിക്കുകയോ അഥവാ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശരീരത്തിന് കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയില്‍ രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കും.
മേല്‍ സൂചിപ്പിച്ചതുപോലെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോള്‍ അതിനര്‍ത്ഥം ഗ്ലൂക്കോസ് എല്ലാ കോശങ്ങളിലും എത്തുന്നില്ല എന്നാണ്. അപ്പോള്‍ ശരീരത്തിലെ കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരികയും ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നു. പ്രമേഹ രോഗികള്‍ക്ക് പൊതുവേ തോന്നുന്ന ക്ഷീണത്തിന്റെ കാരണം ഇതാണ്. അപ്പോള്‍ വൃക്കകള്‍ രക്തത്തില്‍ അധികമായുള്ള ഗ്ലൂക്കോസ് അരിച്ചുമാറ്റി മൂത്രത്തിലൂടെ പുറത്ത് കളയാന്‍ ശ്രമിക്കുന്നു. അതിനാലാണ് പ്രമേഹ രോഗികള്‍ക്ക് കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത്. അമിതമായി മൂത്രം പോകുമ്പോള്‍ ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുന്നു. ഇതിനാല്‍ രോഗിക്ക് ദാഹം അനുഭവപ്പെടുന്നു.
ശരീരത്തിലെ കോശങ്ങള്‍ ഊര്‍ജ്ജം ലഭിക്കാതെ വരുമ്പോള്‍ പേശികളില്‍ സംഭരിക്കപെട്ടിട്ടുള്ള കൊഴുപ്പ് സ്വീകരിക്കുകയും അത് വിഘടിപ്പിച്ച് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ രോഗിയുടെ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കുറയുകയും രോഗി മെലിയുകയും ചെയ്യുന്നു.
പ്രമേഹത്തിന്റെ കാരണം പാന്‍ക്രിയാസ് ഗ്രന്ഥിയുടെ തകരാര്‍ മാത്രമല്ല. ഇന്‍സുലിനെതിരായി പ്രവര്‍ത്തിക്കുന്ന ചില ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. രോഗശമനത്തിനായി നാം കഴിക്കുന്ന പല മരുന്നുകളും ഇത്തരം ഹോര്‍മോണുകളുടെ ഉല്പാദനത്തിന് കാരണമായേക്കാം.
പ്രമേഹം നാലു തരത്തില്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ടൈപ്പ് 1, ടൈപ്പ്-2 എന്നീ തരങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്.
പാന്‍ക്രിയാസ് ഗ്രന്ഥിയുടെ തകരാറുമൂലം ബീറ്റാ കോശങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയും അതുമൂലം ആവശ്യമായ അളവില്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ്-1. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഇതു കണ്ടുവരുന്നത്. ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ ആന്റി- ബോഡികള്‍ ഉല്പാദിപ്പിക്കുകയും ഈ ആന്റി ബോഡികള്‍ ബീറ്റാ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഇതും ടൈപ്പ്-1 പ്രമേഹത്തിന്റെ കാരണമാണ്. ഇതിന്റെ വിഷമതയനുഭവിക്കുന്ന രോഗികള്‍ ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്റെ കുത്തിവയ്പ് എടുക്കേണ്ടിവരും.
ഇന്‍സുലിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറുമൂലം ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ്-2. ഇതാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്നത്. നമ്മുടെ നാട്ടിലെ പ്രമേഹരോഗികളില്‍ 90 ശതമാനം പേരും അനുഭവിക്കുന്നത് ഇത്തരം പ്രമേഹമാണ്. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തികൊണ്ടും, മരുന്നുകഴിച്ചും ഇത്തരം പ്രമേഹത്തെ നിയന്ത്രിക്കാവുന്നതാണ്. എന്നാല്‍ കാലക്രമേണ രോഗികള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെയ്പ് എടുക്കേണ്ടിവരും.