A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മാപ്പിള ലഹളയെ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങനെയാണ്


മലബാറിന്റെ സാമൂഹ്യ സ്വത്വരൂപീകരണത്തില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ചതും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഗതിയെ സ്വാധീനിച്ചതുമായ ചരിത്ര സംഭവമെന്ന നിലയില്‍ മലബാര്‍ കലാപം ഏറെ വിശകലനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ കലാപത്തെക്കുറിച്ച് ധാരാളം ആഖ്യാനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അവയെല്ലാംതന്നെ കലാപത്തിന്റെ സാമ്പത്തികമോ അല്ലെങ്കില്‍ മതപരമോ ആയ ഉള്ളടക്കത്തെ ഊന്നിക്കൊണ്ടുള്ളവയാണെന്ന് കാണാം. കലാപത്തിന്റെ സ്വഭാവത്തെയോ കാര്യകാരണ ബന്ധത്തെയോ വീണ്ടുമൊരു ചര്‍ച്ചക്ക് വിധേയമാക്കുകയല്ല, മറിച്ച് കലാപം അക്കാലത്തെ പത്രമാധ്യമങ്ങള്‍ എങ്ങനെ റിപ്പോര്‍ട് ചെയ്തെന്നും ആ പത്രവ്യവഹാരങ്ങളിലടങ്ങിയ പ്രതിനിധാനത്തിന്റെ സാമൂഹ്യഫലങ്ങളെന്തായിരുന്നു എന്നും വിശകലന വിധേയമാക്കുകയാണിവിടെ.
ഏതുതരത്തിലുള്ള പ്രതിനിധാനങ്ങളും ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ, ഒരു പ്രവണതയുടെ, സവിശേഷമായ ചരിത്ര, ബൌദ്ധിക സാമ്പത്തിക ഭൂമികയിലാണ് പ്രവര്‍ത്തനക്ഷമമാവുന്നത് എന്ന എഡ്വേഡ് സൈദിന്റെ നിരീക്ഷണം ഈ വിശകലനത്തിന്റെ അടിസ്ഥാന പ്രേരണയാണ്.
മലബാറില്‍ മാത്രമല്ല, ഇന്ത്യയിലാകമാനമുള്ള അച്ചടിമാധ്യമങ്ങളില്‍ കലാപം വന്‍ വാര്‍ത്താപ്രാധാന്യം നേടി. സ്വന്തം പക്ഷത്തെ ഇരകളായും അപരപക്ഷത്തെ വേട്ടക്കാരായും ചിത്രീകരിക്കുന്ന വിചിത്രമായ ഒരു വ്യവഹാരയുദ്ധമാണ് ഹിന്ദു/മുസ്ലിം താല്‍പര്യസംരക്ഷകരായ ഈ പത്രങ്ങള്‍ നടത്തിയത്. തീര്‍ച്ചയായും കലാപകാലത്ത് കലാപത്തിന്റെ വിശദമായ വാര്‍ത്തകളും വിവരങ്ങളുമറിയാന്‍ ഈ പത്രസ്ഥാപനങ്ങള്‍ക്കൊന്നുംതന്നെ യാതൊരു വഴിയുമുണ്ടായിരുന്നില്ല. എങ്കിലും ഓരോ ദിവസത്തെയും സംഭവങ്ങള്‍ ഇവര്‍ റിപ്പോര്‍ട് ചെയ്തുകൊണ്ടിരുന്നു. പൂര്‍ണമായും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ടുകളും ഇംഗ്ളീഷ് പത്രങ്ങളിലെ വാര്‍ത്തകളുമായിരുന്നു ഈ 'വാര്‍ത്താ നിര്‍മിതി'യുടെ ഉറവിടം. അതിനാല്‍തന്നെ കലാപ റിപ്പോര്‍ടുകളിലുടനീളം 'ഔദ്യോഗികഭാഷ്യം' നിലനില്‍ക്കുന്നതായി കാണാം.
മലയാള പത്രങ്ങളില്‍ 'മലബാര്‍ ഇസ്ലാം', 'സ്വാരാജ്', 'മുസ്ലിം' എന്നിവ മാത്രമാണ് താരതമ്യേന കലാപത്തെ സാധൂകരിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയത്. തീര്‍ച്ചയായും ഇവ ഖിലാഫത്ത് പാക്ഷികങ്ങളായിരുന്നു. മലയാള മനോരമ, നസ്രാണി ദീപിക, യോഗക്ഷേമം തുടങ്ങിയ പത്രങ്ങള്‍ അങ്ങേയറ്റം വിധ്വംസകമായ ഭാഷയിലാണ് കലാപം റിപ്പോര്‍ട് ചെയ്തത്. ബ്രിട്ടീഷ് ഭരണാനുകൂലികളായ ഈ പത്രങ്ങള്‍ മാപ്പിളമാരുടെ കൌശലത്തെയും പൈശാചികതയെയും കുറിച്ചുള്ള ധാരാളം 'കഥകള്‍' മെനഞ്ഞെടുത്തു. ചില പത്രങ്ങള്‍ അടിമബോധം പേറുന്ന ഹിന്ദുക്കളെ ഒന്നു തോണ്ടുകയുംചെയ്തു. നൂറ്റാണ്ടുകളായി മലബാറില്‍ നിലനിന്നിരുന്ന സാമുദായിക സന്തുലിതാവസ്ഥ സംഘര്‍ഷഭരിതമാക്കുന്നതില്‍ ഈ പത്രവാര്‍ത്തകള്‍ സുപ്രധാന പങ്കുവഹിച്ചു. ഭാഷാപത്രങ്ങള്‍ക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനാവുമെന്ന് ഗവണ്‍മെന്റിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു.
ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സാമുദായിക ഐക്യം വീണ്ടെടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മലബാര്‍ കലക്ടര്‍ എല്ലിസ്, 1922 ജൂണില്‍ പത്രാധിപന്മാരുടെ ആലോചനായോഗം കോഴിക്കോട്ട് വിളിച്ചു ചേര്‍ത്തത് (മലയാള മനോരമ, 8 ജൂണ്‍ 1922). കേരള പത്രിക, മിതവാദി, റിഫോര്‍മര്‍, കേരള സഞ്ചാരി, മലബാര്‍ ജേണല്‍, മാര്‍ഗദര്‍ശി തുടങ്ങിയ പത്രാധിപര്‍ ഈ യോഗത്തില്‍ പങ്കെടുത്തപ്പോള്‍ കോഴിക്കോട് മനോരമ, സ്പെക്ടേറ്റര്‍ തുടങ്ങിയവ യോഗം ബഹിഷ്കരിക്കുകയാണ് ചെയ്തത്.
കലാപത്തെക്കുറിച്ചുള്ള നമ്മുടെ മാധ്യമ റിപ്പോര്‍ടുകള്‍ എത്രമാത്രം വൈരുധ്യം നിറഞ്ഞതും കലാപാനന്തര മലബാറില്‍ സാമുദായിക/ വര്‍ഗീയ ബോധം വളര്‍ത്തുന്നതില്‍ അവയ്ക്കുള്ള പങ്കെന്ത് എന്നും മനസ്സിലാക്കാന്‍ ഇത്തരമൊരന്വേഷണം നമ്മെ സഹായിക്കുന്നുണ്ട്.
യോഗക്ഷേമസഭയുടെ മുഖപത്രമായ യോഗക്ഷേമം, കലാപവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ നല്‍കിയിരുന്നു. 'മലബാറിലെ ചേലാകലാപം' എന്ന തലക്കെട്ടോടെ യോഗക്ഷേമത്തില്‍ വന്ന മുഖപ്രസംഗത്തില്‍ പറയുന്നത് ഇങ്ങനെ:
"കലാപകാരികളില്‍ മൂന്നുതരം ആള്‍ക്കാരുണ്ട്, ഒന്നാമത്തെ കൂട്ടര്‍ ഗവണ്‍മെന്റിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍. രണ്ടാമത്തെ കൂട്ടര്‍ സാഹചര്യം മുതലെടുത്ത് കൊള്ള നടത്തുന്നവര്‍. മൂന്നാമത്തെ കൂട്ടര്‍ മതം മാറ്റാന്‍ നടക്കുന്ന മതഭ്രാന്തന്മാര്‍. ഇതില്‍ മൂന്നാമത്തെ തരക്കാര്‍ കുറവാണെന്നാണ് റിപ്പോര്‍ടുകള്‍. രണ്ടാം തരമാണ് കൂടുതല്‍...............ലഹള നടക്കുന്ന ദിക്കുകളില്‍ ഹിന്ദുക്കള്‍ ഇത്രമാത്രം അശക്തരും അനൈക്യമുള്ളവരുമായി കാണുന്നത് ആശ്ചര്യം! ഭീരുക്കള്‍ക്ക് ഇത്തരം ശിക്ഷ വന്നുചേരുന്നതില്‍ എന്താണ് ആശ്ചര്യപ്പെടാനുള്ളത്?....... കുത്തുവാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ടോ പീരങ്കിത്തോക്കിന്റെ ഉള്ളില്‍ക്കൂടി 'മധുരപലഹാരം' വര്‍ഷിക്കുന്നതുകൊണ്ടോ ലഹള ഒതുങ്ങുമെന്ന് വല്ലവരും വിചാരിക്കുന്നുണ്ടെങ്കില്‍ അവരെ മാപ്പിള ലഹളക്കാരെപ്പോലെ തന്നെ ഒരു തരം ഭ്രാന്തന്മാരാണെന്നേ കരുതുവാനുള്ളൂ.'' (യോഗക്ഷേമം, സെപ്തംബര്‍ 2, 1921).
കലാപബാധിതപ്രദേശങ്ങളില്‍ മാപ്പിളമാര്‍ക്കെതിരെ കൂട്ടായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിയാത്തതിനെക്കുറിച്ച് ആശ്ചര്യപ്പെടുന്ന യോഗക്ഷേമം സ്വരക്ഷക്ക് സംഘടിക്കാന്‍ ഹിന്ദുക്കളെ ആഹ്വാനം ചെയ്യുന്നുമുണ്ട്. ടിപ്പുസുല്‍ത്താന്റെ കാലത്ത് 18ാം നൂറ്റാണ്ടിലെ സംഭവങ്ങള്‍ക്കും ഈ കലാപത്തിനും താരതമ്യം ആരോപിച്ചുകൊണ്ടാണ് ഈ മുഖപ്രസംഗത്തിന് ചേലാകലാപം എന്ന തലക്കെട്ടു നല്‍കിയെന്നതും ശ്രദ്ധേയമാണ്. മതഭ്രാന്തന്‍ എന്ന അധിനിവേശ നിര്‍മിതി എത്ര എളുപ്പത്തിലാണിവിടെ പ്രയോഗിച്ചിരിക്കുന്നത് എന്ന് കാണുക.
ഇതേ പത്രത്തിന്റെ മറ്റൊരു മുഖപ്രസംഗം പറയുന്നു: എല്ലാവരും കലാപത്തിന്റെ കാരണങ്ങള്‍ തെരയുകയാണ്...... ഈ മുഖപ്രസംഗവും ആര്‍ എച്ച് ഹിച്ച്കോക്കിന്റെ അഭിപ്രായപ്രകടനവും തമ്മിലുള്ള സാമ്യം പരിശോധിക്കുന്നത് രസകരമായിരിക്കും. ഹിച്ച്കോക്ക് പറയുന്നതിങ്ങനെ: കലാപത്തെക്കുറിച്ചുള്ള ഏറ്റവും ദുഃഖകരമായ കാര്യം അതിന് യുക്തിസഹമായ ഒരു കാരണം ഇല്ല എന്നുള്ളതാണ്...' പ്രാദേശിക പത്രങ്ങളിലെ വാര്‍ത്തകളും മുഖപ്രസംഗങ്ങളും കോളനി ഭരണകൂടത്തിന്റെ ഔദ്യോഗികഭാഷ്യങ്ങളും തമ്മിലുള്ള ഐകരൂപ്യം മലബാര്‍ കലാപത്തിന്റെ ചരിത്രത്തില്‍ നിരവധിയുണ്ട്. യോഗക്ഷേമത്തില്‍ എം പി തുപ്പന്‍ നമ്പൂതിരി എഴുതിയ മലബാര്‍ ലഹള എന്ന ലേഖനത്തില്‍ പറയുന്നതിങ്ങനെ:
'ടിപ്പു സുല്‍ത്താന്റെ അക്രമം മുതല്‍ മലയാളികളെ അടച്ചും മാപ്പിളമാരാക്കണമെന്നുള്ള അവരുടെ അതിമോഹം അന്നും പിന്നീടും തടഞ്ഞ നമ്മുടെ കരുണയേറിയ ബ്രിട്ടീഷ് ഗവര്‍മെന്റ് തന്നെ ഇപ്പോഴും അവരുടെ അഭീഷ്ടം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ കഴിച്ചതിനാല്‍ നമ്മള്‍ ബ്രിട്ടീഷ് ഗവര്‍മെന്റിനോട് വളരെ കടപ്പെട്ടിരിക്കുന്നു........വേണ്ട വേണ്ട സ്വയംഭരണം മാപ്പിള സ്വരാജ്യത്തിന്റെ മഹിമയും സ്വാദും ഖിലാഫത്തും ഞങ്ങള്‍ നല്ലവണ്ണം അനുഭവിച്ചു. (യോഗക്ഷേമം-ഒക്ടോബര്‍ 2, 1921)
മാന്നാനത്തുനിന്ന് പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് അനുകൂല ക്രിസ്ത്യന്‍ പത്രമായ നസ്രാണി ദീപിക കലാപം സംബന്ധിച്ച് ഏകപക്ഷീയമായ റിപ്പോര്‍ടുകളാണ് നല്‍കിയത്. നിസ്സഹകരണത്തിന്റെ മറവില്‍ മാപ്പിളമാര്‍ ഹിന്ദുക്കളെ കൊള്ളയടിക്കാനും അവരെ മതംമാറ്റാനുമുള്ള അവസരം കണ്ടെത്തുകയായിരുന്നുവെന്ന് നസ്രാണി ദീപിക എഴുതി.
തിരൂര്‍ തൃക്കണ്ടിയൂര്‍ ക്ഷേത്രത്തില്‍ കയറിയ കലാപകാരികള്‍ ശ്രീകോവിലില്‍ ഖുറാന്‍ വച്ചുവെന്നാണ് മാപ്പിളമാരുടെ കാടത്തത്തിന് തെളിവായി ഈ പത്രം എഴുതിയത്(നസ്രാണി ദീപിക-സപ്തംബര്‍ 2, 1921). കലാപം അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് പൊലീസ് ഓഫീസര്‍ തോമസിനെ അഭിനന്ദിച്ചുകൊണ്ട് സപ്തംബര്‍ ഒമ്പതിന് മുഖപ്രസംഗമെഴുതി. "ഇങ്ങനെ സ്വരാജ്യത്തിന്റെ അനുഭവവും ഹിന്ദു മുസ്ലിം മൈത്രിയുടെ സ്വാദും ബ്രിട്ടീഷ് ഗവര്‍മെന്റിന്റെ ശക്തിയും മലബാറിലെ മാപ്പിളമാര്‍ക്കും ഒരുവിധം അറിയാറായി. നീതിപൂര്‍ണമായ ബ്രിട്ടീഷ് പതാക സര്‍വോല്‍ക്കര്‍ഷേണ വര്‍ത്തിക്കട്ടെ (നസ്രാണി ദീപിക-സപ്തംബര്‍ 9, 1921). നസ്രാണി ദീപികയുടെ ബ്രിട്ടീഷ് വിധേയത്വത്തിന്റെ പശ്ചാത്തലം നോക്കുമ്പോള്‍ ഇത്തരം അഭിപ്രായപ്രകടനം തികച്ചും സ്വാഭാവികം.
മലയാള മനോരമ പത്രം തികച്ചും ക്ഷോഭകരമായ ഭാഷയാണ് കലാപത്തെക്കുറിച്ചുള്ള റിപ്പോര്‍ടുകളില്‍ ഉപയോഗിച്ചത്. മലയാള മനോരമയുടെ തെക്കന്‍ മലബാര്‍ കറസ്പോണ്ടന്റ് 'മലബാറി' എന്ന പേരിലാണ് കലാപം റിപ്പോര്‍ടു ചെയ്തത്. മലബാറി എഴുതി: നമ്മുടെ പൌഡറക വാസുദേവ വര്‍മ മഹാരാജാവ് (വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി) കലക്ടറും കര്‍ണലും ഗവര്‍ണറും മറ്റുമാണെങ്കിലും വാസ്തവത്തില്‍ ഒരു വണ്ടിക്കാരനായിരുന്നു എന്നറിയുന്നത് വായനക്കാര്‍ക്ക് രസകരമായിരിക്കും.....മണ്ണാര്‍ക്കാട്ടെ ലഹളത്തലവനായ നമ്മുടെ സീതിക്കോയത്തങ്ങള്‍ അല്‍പ്പദിവസമായി മനസ്താപത്തോടുകൂടി കാട്ടില്‍ ഒളിച്ചിരിക്കുകയാണത്രെ. തങ്ങളുടെ പ്രിയപത്നി തങ്ങളെ കൈവിട്ടുപോയതായി ഒരു പ്രസ്താവം നടക്കുന്നുണ്ട്. ലഹളക്കാരനായാലും ചാക്യാര് പറയുംപോലെ 'ഭാര്യ ഭേസി' ആയാല്‍ എല്ലാം തകരാറുതന്നെ.'' (മലയാള മനോരമ-19 സപ്തംബര്‍ 1921)
മലബാര്‍ ലേഖകന്റെ കൂടുതല്‍ ആക്ഷേപ കരമായ പരാമര്‍ശമുള്ള മറ്റൊരു വാര്‍ത്ത ഇങ്ങനെ: കഴിഞ്ഞ ആഗസ്ത് മുതല്‍ക്ക് കൊള്ളയും കൊലയും ചെയ്ത് കുലുക്കിയിരുന്ന രാക്ഷസവംശത്തിലെ പ്രധാനന്‍മാരായ മാലി, സുമാലി, മാല്യവന്‍മാരില്‍ സുമാലി ചെമ്പ്രശ്ശേരി തങ്ങളും മാല്യവാന്‍ സീതിക്കോയതങ്ങളും പിടിക്കപ്പെട്ട വിവരം മുമ്പേ അറിയിച്ചിട്ടുണ്ടല്ലോ! പല 'കുരുമാലി'കളും കാണിച്ച മാലിയായ ഹാജി (സാക്ഷാല്‍ കുഞ്ഞമ്മദാജി) മാത്രമേ ലഹളത്തലവരില്‍ ശേഷിപ്പുള്ളൂ. ഇയാളുടെ കഥയും 'മന്‍മാത്രശേഷം ബലം' എന്നാകാന്‍ ഇനി അധികം താമസമില്ല...തങ്ങളാലാവും വിധം നാടുമുടിച്ച ഈ തങ്ങന്മാരും സ്വതേ തൊങ്ങന്മാരായിരുന്നെന്നും മാപ്പിളമാരുടെ മതഭ്രാന്ത് നിമിത്തം ഇവര്‍ക്ക് തുംഗത വെറുതെ കൊടുത്തതാണെന്നും സൂക്ഷ്മര്‍ക്കറിയാം.'' (മലയാള മനോരമ-29 സപ്തംബര്‍ 1921)
കലാപനേതാക്കളെ പിശാചുകളായി ചിത്രീകരിച്ചത് പുരാണേതിഹാസങ്ങളിലെ ദുഷ്ട കഥാപാത്രങ്ങളെ മാതൃകയാക്കിയായിരുന്നു. ഈ പത്രങ്ങളുടെ വാര്‍ത്തകളില്‍ നന്മയുടെ ശക്തികള്‍ക്കെതിരെ നിരന്തരയുദ്ധം നടത്തുന്ന പുരാണകഥകളിലെ രാക്ഷസന്മാരുമായാണ് കലാപനേതാക്കള്‍ക്ക് സാമ്യം. സൌമ്യനും മതപണ്ഡിതനുമായ ആലി മുസ്ല്യാരെപ്പോലും ഇത്തരത്തിലാണ് കേരള പത്രിക ചിത്രീകരിച്ചത്. ഒരു ഹിന്ദുവിനെ കൊല്ലുന്നയാള്‍ക്ക് സ്വര്‍ഗത്തില്‍ ചെന്നാല്‍ സ്വര്‍ലോക സുന്ദരിമാരായ ഹൂറിമാരെ കെട്ടാനാവുമെന്ന് ആലി മുസ്ല്യാര്‍ പറഞ്ഞതായി ഈ പത്രം എഴുതി. കലാപത്തെക്കുറിച്ച് ആധികാരിക പഠനം നടത്തിയവരാരും തന്നെ ആലി മുസ്ല്യാര്‍ വര്‍ഗീയവിദ്വേഷം ഉണര്‍ത്തുന്ന ഒരു വാക്കുപോലും കലാപകാലത്ത് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ല.
മലയാള മനോരമയില്‍ ജോനകപ്പട എന്ന തലക്കെട്ടോടെ മൂര്‍ക്കോത്ത് കുമാരന്‍ അതിദീര്‍ഘമായ ഒരു ലേഖനം എഴുതിയിരുന്നു. ഭാവിയില്‍ ഇത്തരം ലഹളകള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാനുള്ള നടപടികളെക്കുറിച്ച് അദ്ദേഹം ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം മാപ്പിളമാരുടെ മതഭ്രാന്ത് അടിച്ചൊതുക്കുകയോ അല്ലെങ്കില്‍ ഹിന്ദുക്കളെയും അതുപോലെ മതഭ്രാന്തന്മാരാക്കുകയോ വേണമെന്നാണ്മൂര്‍ക്കോത്ത് പറയുന്നത്.
അദ്ദേഹം ഈ ലേഖനത്തില്‍ തുടരുന്നു: ".....ഹിന്ദുക്കളായ ഹിന്ദുക്കളൊക്കെ ഐക്യത്തിലും സ്നേഹത്തിലുമാണെന്നും അവര്‍ ആപത്തുകാലം തമ്മില്‍ സഹായിക്കുമെന്നും കാണുമ്പോള്‍ ജോനകര്‍ക്ക് അവരുടെ നേരെ ലഹള ചെയ്യാനും അവരില്‍ യോഗ്യരെ പിടിച്ച് തൊപ്പിയിടീക്കാനും ധൈര്യംവരുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ഞാന്‍ വിചാരിക്കുന്നില്ല (മലയാള മനോരമ-17 സപ്തംബര്‍ 1921).
കോളനി ഭരണത്തോടുള്ള വിധേയത്വം തുറന്നുകാട്ടുന്ന മലയാള മനോരമയില്‍ വന്ന 'മലബാറിലെ മാപ്പിളമാര്‍' എന്ന ലേഖനം ഇങ്ങനെ പറയുന്നു: "ജോനക മാപ്പിളമാരുടെ ചരിത്രത്തില്‍ പ്രധാനമായുള്ള ഒരും സംഗതി അവരുടെ ചോരചൊരിച്ചിലിനുള്ള താല്‍ര്യമാകുന്നു. അറബി വംശക്കാരായ ഇക്കൂട്ടര്‍ മതതീക്ഷ്ണത കൊണ്ടോ രക്തപ്രിയത്വം കൊണ്ടോ പ്രസിദ്ധി സമ്പാദിച്ചിട്ടുള്ളവരാണ്....ടിപ്പു സുല്‍ത്താന്‍ കാലം മുതല്‍ മാപ്പിളമാര്‍ കൂടെക്കൂടെ ക്ഷോഭിക്കുകയും തങ്ങളുടെ സമീപ ഹിന്ദുജനങ്ങളെ ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്.'' (മലയാള മനോരമ-20 സപ്തംബര്‍ 1921).
ഇംഗ്ളീഷ് പത്രങ്ങള്‍ സര്‍ക്കാര്‍ അനുകൂലമായിരുന്നതുകൊണ്ടുതന്നെ കലാപത്തെക്കുറിച്ച് വിഷലിപ്തമായ വിവരണങ്ങളാണ് നല്‍കിയത്. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന വെസ്റ്റ് കോസ്റ്റ് റിഫോമറില്‍ 1921 ഒക്ടോബര്‍ 9ന്റെ പ്രധാന വാര്‍ത്ത നോക്കുക:
"ഖിലാഫത്തിന്റെ പേരില്‍ മാപ്പിള മതഭ്രാന്തന്മാര്‍ ജിഹാദ് പ്രഖ്യാപിച്ചിട്ട് ആറാഴ്ചയിലേറെയായി. തിരൂരങ്ങാടി പള്ളിയില്‍ നിയമിതനായ പ്രഥമ സുല്‍ത്താന്‍ ആലി മുസ്ല്യാര്‍ കീഴടങ്ങി...കൊടുംപാതകത്തിന് വിചാരണ നേരിടാന്‍ അയാള്‍ പരിക്ഷീണനായി നില്‍ക്കുകയാണ്. കൊള്ളക്കാരുടെ നേതാവ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇപ്പോഴും ഹിന്ദുക്കള്‍ക്കെതിരെയുള്ള അതിക്രൂരമായ നടപടികള്‍ക്ക് നേതൃത്വം കൊടുക്കുകയാണ്. ഭയചകിതരായ ഹിന്ദുക്കള്‍ക്കുമേല്‍ സ്വന്തം താല്‍പര്യം അടിച്ചേല്‍പ്പിക്കുന്ന നിലമ്പൂരിലെ ഈ കിരീടം വെക്കാത്ത രാജാവിന്റെ ക്രൂരതകളും താന്‍പ്രമാണിത്തവും സ്പെയിനിലെ സിയറ കൊള്ളത്തലവന്മാരെയാണ് ഓര്‍മിപ്പിക്കുന്നത്...പൌരസ്ത്യസ്വേഛാധിപതികളുടെ ഇഷ്ടവിനോദമായ തലവെട്ടല്‍ വിട്ടുവീഴ്ചയില്ലാതെ ഹിന്ദുക്കളില്‍ പ്രയോഗിക്കപ്പെട്ടു. കുഞ്ഞഹമ്മദ് ഹാജിയുടെയും ചെമ്പ്രശ്ശേരി തങ്ങളുടെയും മനുഷ്യത്വഹീനമായ ക്രൂരതയില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളുടെ ഉള്‍പ്രദേശങ്ങള്‍ ഭയന്നുവിറച്ചുനില്‍ക്കുകയാണ്.''
മറ്റു മലയാള പത്രങ്ങള്‍ ചെയ്തതില്‍ നിന്ന് ഭിന്നമായി ഈ പത്രം കലാപനേതാക്കളുടെ രാക്ഷസീയത ചിത്രീകരിക്കാന്‍ യൂറോപ്യന്‍ ചരിത്രത്തില്‍ നിന്നുള്ള രൂപകങ്ങള്‍ ആവോളം പ്രയോഗിച്ചു. ഇത്തരം വാര്‍ത്തകള്‍ ഹിന്ദുക്കള്‍ക്കിടയിലെ മുസ്ലിം പേടി വര്‍ധിപ്പിക്കാനും ഇരു സമുദായങ്ങള്‍ തമ്മിലുളള ഭിന്നത രൂക്ഷമാക്കാനുമാണ് സഹായിച്ചത്.
ബ്രിട്ടീഷ് അനുകൂലപത്രങ്ങള്‍ കലാപത്തെക്കുറിച്ച് വിഷലിപ്തമായ വാര്‍ത്ത നല്‍കിയപ്പോള്‍ ദേശീയപ്രസ്ഥാനത്തെ അനുകൂലിക്കുന്ന പത്രങ്ങളും ഈ ദൌത്യത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല.
മലബാറിലെ ദേശീയപ്രസ്ഥാനത്തെ ഔദ്യോഗികമായി പ്രതിനിധാനം ചെയ്തത് മാതൃഭൂമി പത്രമായിരുന്നു. ബോധപൂര്‍വം വര്‍ഗീയമായിരുന്നില്ലെങ്കിലും മാതൃഭൂമിയുടെ നിലപാട് അതിന്റെ വായനക്കാരില്‍ സാമുദായിക ഭിന്നത സൃഷ്ടിക്കുന്നതില്‍ പരോക്ഷമായ പങ്ക് വഹിച്ചു. മാതൃഭൂമിയുടെ മുഖപ്രസംഗങ്ങളും പ്രധാനവാര്‍ത്തകളും വിശകലനം ചെയ്യുന്നത് ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. കലാപത്തിന് രണ്ടു വര്‍ഷത്തിനുശേഷം 1923ലാണ് മാതൃഭൂമി ആരംഭിച്ചത്. 1923, 1924 വര്‍ഷങ്ങളില്‍ കലാപം സംബന്ധിച്ച് അസംഖ്യം ലേഖനങ്ങളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്. മാതൃഭൂമി തുടങ്ങിയ വര്‍ഷത്തില്‍ തന്നെ കോണ്‍ഗ്രസ് നേതാവുകൂടിയായ പത്രാധിപര്‍ കെ മാധവന്‍ നായര്‍ കലാപത്തിന്റെ കാര്യകാരണങ്ങള്‍ വിശകലനം ചെയ്യുന്ന ലേഖനപരമ്പര തന്നെ എഴുതി.
ഇതില്‍ ഒരു ലേഖനം മാപ്പിളമാരുടെ മതഭ്രാന്തിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു:
"മതത്തിന് വേണ്ടി മരണപ്പെട്ട സൈതാക്കന്മാരെപ്പറ്റി വാഴ്ത്തുന്ന പാട്ടുകള്‍ അവന്‍ ചെറുപ്പം മുതല്‍ക്കെ കേട്ടിട്ടുണ്ട്. അത് അവന്റെ മനസ്സില്‍ പല മോഹങ്ങളും ജനിപ്പിക്കുന്നു. അതല്ലെങ്കില്‍ മാര്‍ഗത്തില്‍ കൂടിയ ഹിന്ദുമാര്‍ഗം പൊളിച്ചുവെന്നും കേള്‍ക്കുന്നു. മതത്തിന് അപമാനം നേരിട്ടാല്‍ അതിനു പരിഹാരം വരുത്താതെ ഇരിക്കുന്നവന്‍ ഇസ്ലാമല്ല എന്നവന്‍ മനസ്സിലാക്കുന്നു.... നിര്‍ബന്ധിത മതപരിവര്‍ത്തനം തെറ്റാണെന്ന് ഇസ്ലാം ഘോഷിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ അവന്‍ മാര്‍ഗദര്‍ശിയായി എടുത്തിട്ടുള്ളത് മുഹമ്മത് നബിയെയല്ല, ടിപ്പുസുല്‍ത്താനെയാണ്. വഴിക്ക് കാണുന്ന ഹിന്ദുക്കളെയെല്ലാം അവന്‍ കൊല്ലും.'' (മാതൃഭൂമി മെയ് 24. കെ മാധവന്‍നായര്‍, ഹിന്ദു-മുസ്ലിം ബന്ധം)
1923 മെയ് 26ന്റെ മുഖപ്രസംഗം ഇങ്ങനെ പറയുന്നു: "മാപ്പിളക്ക് തന്റെ പള്ളിയോടുള്ള സ്നേഹവും ഭക്തിയും ഹിന്ദുവിന് തന്റെ ക്ഷേത്രത്തോട് ഉണ്ടായിരുന്നെങ്കില്‍ ലഹളസ്ഥലങ്ങളില്‍ ഇത്രയധികം ക്ഷേത്രങ്ങള്‍ക്ക് നാശം വരില്ലായിരുന്നു. തന്റെ ക്ഷേത്ര സംരക്ഷണശ്രമത്തില്‍ ഒരു ഹിന്ദുവിനെങ്കിലും അപകടം പിണഞ്ഞിട്ടുണ്ടെങ്കില്‍ അത് ഹിന്ദു സമുദായത്തിന് തന്നെ അഭിമാനകരമായ സംഗതിയാകുമായിരുന്നു.'' (മെയ് 26, മാതൃഭൂമി)
"മലബാറിലെ ഹിന്ദുക്കളെ ഉണര്‍ത്തിക്കുവാന്‍ മൂഞ്ചിന്റെ കോഴിക്കോട്ടെ സമ്മേളനത്തിന് സാധിക്കുന്ന പക്ഷം ഹിന്ദുക്കളെ സംബന്ധിച്ച് അനുഗ്രഹമായി കലാശിപ്പാനെ വഴിയുള്ളൂ'' എന്നും ഹിന്ദുമഹാസഭാ നേതാവ് ഡോ. മൂന്‍ജെ കോഴിക്കോട് സംഘടിപ്പിച്ച ഹിന്ദു സമ്മേളനത്തെക്കുറിച്ച് മുഖപ്രസംഗം പ്രത്യാശിക്കുന്നു.
ഇത്തരത്തില്‍ മാതൃഭൂമിയില്‍ വന്ന ലേഖനങ്ങളും മുഖപ്രസംഗങ്ങളും കോണ്‍ഗ്രസ് പാര്‍ടിയിലെ മുഹമ്മദ് അബ്ദുറഹ്മാനും മൊയ്തുമൌലവിയുമടങ്ങുന്ന വിഭാഗത്തെ നന്നായി ചൊടിപ്പിച്ചു. ദേശീയപ്രസ്ഥാനത്തെ അനുകൂലിക്കുന്ന അല്‍-അമീന്‍ പത്രത്തില്‍ എഴുതിയ നിരവധി ലേഖനങ്ങള്‍കൊണ്ടാണ് ഇവര്‍ മാതൃഭൂമിയുടെ മുസ്ലിം വിരുദ്ധ നിലപാടുളെ കടന്നാക്രമിച്ചത്. മാതൃഭൂമിയും അല്‍ അമീനും തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്ന് അല്‍-അമീനില്‍ സബ് എഡിറ്ററായിരുന്ന വിദ്വാന്‍ ടി ആര്‍ രാമന്‍മേനോന്‍ നിരീക്ഷിച്ചിട്ടുണ്ട്.
രാമന്‍മേനോന്റെ അഭിപ്രായത്തില്‍ 'ഒരിക്കലും ഈ രണ്ടു ദേശീയ പത്രങ്ങളും തമ്മിലുള്ള ബന്ധം സുഖകരമായിരുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും അല്‍ അമീന്‍ മാതൃഭൂമി എഡിറ്റോറിയലുകള്‍ക്ക് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ഈ കാലഘട്ടത്തില്‍ ഈ രണ്ട് ദേശീയ പത്രങ്ങളും ഏതെങ്കിലും രീതിയില്‍ പാരസ്പര്യമോ ഐക്യമോ നിലനിന്നതായി എനിക്ക് കാണാനായിട്ടില്ല. (ട ഗ ജീലേേസസമ -മുഹമ്മദ് അബ്ദുറഹിമാന്‍, പേജ് 145-146)
മാതൃഭൂമിയുടെ മുഖപ്രസംഗങ്ങളെയും അതിന്റെ ചുവടുമാറ്റത്തെയും പ്രത്യക്ഷമായും പരോക്ഷമായും എതിര്‍ക്കുന്ന എഡിറ്റോറിയലുകള്‍ അല്‍-അമീനില്‍ തുടര്‍ച്ചയായി വന്നു. ഈ വിവാദത്തെ തുടര്‍ന്ന് മാധവന്‍നായര്‍ തന്റെ ലേഖനങ്ങള്‍ പൊടുന്നനെ അവസാനിപ്പിക്കുകയും ചെയ്തു. മാതൃഭൂമിയില്‍ വന്ന ലേഖനങ്ങള്‍ സമാഹരിച്ചാണ് അദ്ദേഹത്തിന്റെ ഭാര്യ കല്യാണിക്കുട്ടി അമ്മ 1971ല്‍ 'മലബാര്‍ കലാപം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തില്‍ മലബാര്‍ കലാപത്തിന്റെ വേരുകള്‍ അന്വേഷിച്ചു ചെല്ലുന്ന മാധവന്‍നായര്‍ ചെന്നെത്തുന്നത് ടിപ്പുവിലാണ്. മലബാറിലെ ഹിന്ദുക്കള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയ ടിപ്പുവാണ് പിന്നീടുണ്ടായ കലാപങ്ങളുടെ ഗുരുനാഥനെന്ന് മാധവന്‍നായര്‍ കണ്ടെത്തുന്നു. (കെ മാധവന്‍നായര്‍-മാപ്പിള കലാപം, 1971-പേജ് 15)
മറുവശത്ത് ഖിലാഫത്തിനെ അനുകൂലിച്ച മുസ്ലിം പത്രങ്ങളാവട്ടെ, കലാപത്തെ തങ്ങളുടേതായ രീതിയിലാണ് വ്യാഖ്യാനിച്ചത്. ഇതാവട്ടെ സാമുദായിക സ്പര്‍ധ നിലനിന്ന കലാപനാളുകളില്‍ മുസ്ലിം സാമുദായിക സ്വത്വത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഖിലാഫത്തിനെ അനുകൂലിച്ച മുസ്ലിം പ്രസിദ്ധീകരണമായ കേരള ചന്ദ്രിക എഴുതി:
"മാപ്പിള സമുദായത്തിന്റെ രോഷം ജ്വലിപ്പിക്കുന്ന രീതിയില്‍ പള്ളി അശുദ്ധമാക്കുകയും സ്വന്തം മതതത്വങ്ങളെ നിന്ദിക്കുകയുമാണ് ഗവണ്‍മെന്റും മലബാറിലെ നിഷ്ഠുരനായ കലക്ടറും ചെയ്യുന്നത്. ബഹുമാന്യനായ മലപ്പുറം തങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത്തന്നെ പള്ളാളപള്ളി വളയുന്നത് ഏതൊരു മുസ്ലിമിനാണ് കയ്യുംകെട്ടി നോക്കിനില്‍ക്കാനാവുക'' (കേരള ചന്ദ്രിക, 29 ആഗസ്ത് 1921).
സെപ്തംബറില്‍ തന്നെ മുസ്ലിമും കേരള ചന്ദ്രികയും ഹിന്ദുക്കളാല്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ട മാപ്പിള സ്ത്രീകളുടെ കദനകഥകളടങ്ങിയ ലേഖനം 'മലബാറിലെ മാപ്പിള സ്ത്രീകളുടെ അവസ്ഥ' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ധനികമുസ്ലിങ്ങളെ അവരുടെ കടമയെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊണ്ട് കേരള ചന്ദ്രിക മറ്റൊരു ലേഖനത്തില്‍ എഴുതുന്നു: "രാത്രിയുടെ അന്ത്യയാമങ്ങളില്‍ ചില പോലീസുദ്യോഗസ്ഥര്‍ വെള്ളക്കുതിരപ്പുറത്തേറി (മൂക്കറ്റം കുടിച്ച്) നിരാലംബരായ മാപ്പിള പെണ്ണുങ്ങളുടെ ചാരിത്യ്രം കവരുന്നു... ഈ ദുരിതത്തില്‍ ഈ പാവങ്ങളെ സഹായിക്കാനാരാണുള്ളത്? (കേരള ചന്ദ്രിക-22 ജൂലൈ 1922)
ഹിന്ദുക്കള്‍ മുസ്ലിം സ്ത്രീകളോട് കാട്ടിയ അക്രമങ്ങളെ പെരുപ്പിച്ച് വിവരിക്കുന്ന കഥകളാണ് 1922 സെപ്തംബര്‍ 28ന്റെ മുസ്ലിമിലും 1922 ഒക്ടോബര്‍ 2ന്റെ കേരള ചന്ദ്രികയിലും പ്രസിദ്ധീകരിച്ചത്. 'ഈ പ്രദേത്തെ നിസ്സഹായരായ മാപ്പിള സ്ത്രീകളെ ഹിന്ദുക്കള്‍ ഉപദ്രവിച്ചു എന്ന ആരോപണത്തില്‍ സത്യമുണ്ടെന്നാണ് മറ്റൊരു മുസ്ലിം പ്രസിദ്ധീകരണമായ മുസ്ലിം സഹകാരി അവകാശപ്പെട്ടത്. 1921ല്‍ ഇതേ പത്രത്തിലെ മറ്റൊരു കുറിപ്പില്‍ പറയുന്നത് മുസ്ലിങ്ങള്‍ ഹിന്ദു വീടുകള്‍ കൊള്ളയടിച്ചെന്ന ഇംഗ്ളീഷുകാരുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ ആരോപണം പച്ചക്കള്ളമാണെന്നാണ്.
ഇത്തരം വാര്‍ത്തകള്‍ ശരിയായാലും തെറ്റായാലും അവ രാജ്യത്തെ മറ്റിടങ്ങളിലുള്ള സ്വന്തം മതക്കാരുടെ അനുഭാവം നേടിയെടുക്കാന്‍ വേണ്ടിയുള്ളതായിരുന്നു. അതുകൊണ്ടുതന്നെ മുസ്ലിങ്ങള്‍ക്ക് മുറിവേറ്റിരിക്കയാണെന്നും അവര്‍ അപകടത്തിലാണെന്നും അന്യമതക്കാന്‍ അപകടകരമായാണ് പെരുമാറുന്നതെന്നുമുള്ള വാര്‍ത്തകളുടെ നിര്‍മിതിയിലാണ് മുസ്ലിം പത്രങ്ങള്‍ മുഴുകിയത്. അക്രമങ്ങളുടെയും വേട്ടയാടലിന്റെയും വാര്‍ത്തകള്‍ ആലങ്കാരികമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ സ്വന്തം വിഭാഗത്തെ ഏകീകരിക്കാനുള്ള ഉപാധിയായി മാറുകയായിരുന്നു.
ദേശീയ മാധ്യമങ്ങളും അവരുടെ നിലപാടുകള്‍ക്ക് അനുസരിച്ചു കലാപം റിപ്പോര്‍ട്ട് ചെയ്തു.
യു പിയില്‍ ഏറെക്കുറെ നിര്‍ജീവമായിക്കിടക്കുകയായിരുന്ന ആര്യസമാജം കലാപം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് നിര്‍ണായക പങ്കുവഹിച്ചു. ചാരുഗുപ്ത നിരീക്ഷിച്ചപോലെ, ഹിന്ദുസമുദായ സംഘാടനത്തിനും സമുദായ സംഘാടനത്തിനും സമുദായ ഉദ്ഗ്രഥനത്തിനും വീണുകിട്ടിയ അവസരമായി ആര്യസമാജം കലാപത്തെ ഉപയോഗപ്പെടുത്തി. കലാപത്തിന്റെ ഭീകരതയും മാപ്പിളമാരുടെ പൈശാചികതയും ചിത്രീകരിക്കുന്ന ധാരാളം ഹിന്ദി ലഘുലേഖകള്‍ ഉത്തര്‍പ്രദേശില്‍നിന്ന് പ്രത്യക്ഷപ്പെടുന്നത് 1922ല്‍ തന്നെയാണ്.
കലാപത്തെക്കുറിച്ച് റിപ്പോര്‍ട് തയാറാക്കാന്‍ നിരവധി ഹിന്ദി വാര്‍ത്താ ലേഖകര്‍ മലബാറില്‍വന്ന് തമ്പടിച്ചു. ഹിന്ദു മഹാസഭയുടെ ഡോ. മൂന്‍ജെ എഴുതുന്നു: ' സ്വന്തം വീടും സ്ത്രീകളെയും സംക്ഷിക്കുന്നതില്‍ മലബാറിലെ ഹിന്ദുക്കള്‍ കാണിച്ച അലംഭാവത്തിനും നിസ്സഹായതക്കും കാരണമായി വര്‍ത്തിച്ച 'സാമൂഹ്യശാസ്ത്ര'ത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തേണ്ടത് നമ്മെ (ഹിന്ദുക്കളെ) സംബന്ധിച്ചിടത്തോളം അടിയന്തര ആവശ്യമാണ്... നമുക്കിടയിലെ അനൈക്യവും വെറുപ്പും നമ്മെ വിധേയന്മാരും ഭീരുക്കളുമാക്കിയിരിക്കുന്നു (ഇന്ത്യന്‍ സോഷ്യല്‍ റിഫോര്‍മര്‍, ബോംബെ 1922 മാര്‍ച്ച് 26)
ഇക്കാലത്ത് ലക്നോവില്‍നിന്ന് പ്രസിദ്ധീകരിച്ച ആര്യസമാജിന്റെ ചില ഹിന്ദി ലഘുലേഖകള്‍ പരിശോധിക്കുന്നത് പ്രസക്തമായിരിക്കും. പജീതെ കെ ഗോള്‍ഗപ്പ (തര്‍ക്കത്തിന്റെ കാരണം) എന്ന പ്രബന്ധത്തില്‍ ഗുപ്ത ജാലു എഴുതുന്നു.
'മാപ്പിളമാരാല്‍ സ്വന്തം സഹോദരങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത് കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ ഇവര്‍ക്കെങ്ങനെ കഴിയുന്നു. ഇന്ത്യ സ്വാതന്ത്യ്രത്തിലേക്ക് നീങ്ങുന്ന ഈ വേളയില്‍ മാപ്പിളമാരാല്‍ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കളുടെ നിലവിളി 'രാജ്യത്തെ നടുക്കുന്നു... ഇന്ത്യയിലെ പ്രധാന ജാതി (ഹിന്ദു) ശക്തമായി നിലകൊണ്ടില്ലെങ്കില്‍ മുസ്ളിങ്ങളുടെ ഇത്തരത്തിലുള്ള കലാപം തുടരുക തന്നെ ചെയ്യും.' ഇതിലും മോശമായ അപരത്വവല്‍ക്കരണത്തിന്റെ ഭാഷയിലാണ് ബിഷന്‍ ശര്‍മയുടെ 'മലബാര്‍ ദൃശ്യ് (1923 മീററ്റ്) എന്ന പ്രബന്ധത്തില്‍ കലാപത്തെ ദൃശ്യവല്‍ക്കരിക്കുന്നത്. ഇതിലെ 'സത്യവതി വിമലയുടെ ദീനരോദനം' എന്ന 'സംഭവകഥ' ഏതൊരു ഹിന്ദുവിന്റെ മനസ്സിലും മുസ്ലിം വിദ്വേഷത്തിന്റെ വിത്തുപാകും. ഇതേ ഗണത്തില്‍പ്പെടുന്ന സത്യവത് ശര്‍മയുടെ 'മലബാറും ആര്യസമാജവും' (അഗ്ര1923) എന്ന ലഘുലേഖയില്‍ നിര്‍ബന്ധിതമായി മുസ്ലിമാക്കപ്പെട്ട ഹിന്ദുയുവതി ആര്യസമാജത്തിന്റെ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ മാപ്പിളക്കുപ്പായം ഊരിയെറിഞ്ഞ് ഹിന്ദുവസ്ത്രമണിയാന്‍ കാണിച്ച ആവേശത്തെക്കുറിച്ച് നാടകീയമായി പ്രതിപാദിക്കുന്നു.
ദേശത്തിന്റെ ഒരു മുക്കില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള ഇത്തരത്തിലുള്ള ആഖ്യാനങ്ങള്‍ ഇന്ത്യയിലെ മുഴുവന്‍ മുസ്ലിങ്ങളെയും മതഭ്രാന്തനെന്ന ഒറ്റ സംജ്ഞയിലേക്ക് ന്യൂനീകരിക്കുകയാണ് ചെയ്തത്. ഈ വ്യവഹാരങ്ങളിലൂടെ മതമെന്ന ഒറ്റ ഏകകത്തിലേക്ക് ന്യൂനീകരിക്കപ്പെട്ട മുസ്ലിങ്ങള്‍ ഏകശിലാരൂപത്തിലുള്ളതും കെട്ടുറപ്പുള്ളതും ഒരേ പ്രകൃതക്കാരുമാണെന്ന ധാരണയും കൂട്ടത്തില്‍ പ്രസരിപ്പിച്ചു. ഒപ്പം ഹിന്ദുക്കള്‍ ഏകസമൂഹമായും വിഭാവനം ചെയ്യപ്പെട്ടു. ഹിന്ദുവെന്ന കല്‍പ്പിതസമുദായത്തിലുള്‍പ്പെട്ട വലിയ വിഭാഗം ജനങ്ങള്‍ക്ക് ഹിന്ദു ആചാരങ്ങളിലും പുണ്യഗ്രന്ഥങ്ങളിലും ക്ഷേത്രങ്ങളിലും അവകാശം നിഷേധിക്കപ്പെട്ടിരുന്നുവെന്ന വസ്തുത മറച്ചുവെക്കപ്പെടുകയും അവരെ മുസ്ലിങ്ങള്‍ക്കെതിരെ അണിനിരത്തപ്പെടുകയും ചെയ്തു.
ഇതിന് പ്രതികരണമെന്നോണം ഉത്തരേന്ത്യയിലെ ഉര്‍ദുപത്രങ്ങള്‍ നേര്‍വിപരീതമായ വസ്തുതകളാണ് വായനക്കാര്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്. പഞ്ചാബില്‍നിന്നും ബോംബെയില്‍നിന്നും പ്രസിദ്ധീകരിക്കപ്പെട്ട മുസ്ലിംപത്രങ്ങളായിരുന്നു ഇവരില്‍ മുന്‍പന്തിയില്‍. ഇതേക്കുറിച്ച് മനോരമ എഴുതുന്നു: പുരുഷന്മാരുടെ (മുസ്ലിം) അഭാവത്തില്‍ ദക്ഷിണ മലബാറില്‍ ഹിന്ദുക്കള്‍ നിരാലംബരായ കുട്ടികളെയും അവരുടെ അമ്മമാരെയും പീഡിപ്പിക്കുന്നിന്റെ ഭീകരചിത്രങ്ങളാണ് ഈ ഉര്‍ദുപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് (മനോരമ ഒക്ടോ.7, 1922)
ഇങ്ങനെ ഹിന്ദി/ഉര്‍ദു പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട കലാപ വാര്‍ത്തകളാണ് അഖിലേന്ത്യതലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിന്ദു മഹാസഭ, ആര്യസമാജം, ജെ ഡി ടി ഇസ്ലാമി തുടങ്ങിയ വര്‍ഗീയ/സാമുദായിക സംഘടനകളെ മലബാറിന്റെ സാമൂഹ്യ മണ്ഡലത്തിലേക്ക് ആനയിക്കപ്പെടുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും നിമിത്തമായത്. ആര്യസമാജിന്റെ മലബാറിലെ പ്രവര്‍ത്തനങ്ങളുടെ പ്രധാന ഊന്നല്‍ 'ഹിന്ദു'എന്നതിന് സുവ്യക്തമായ ഒരു നിര്‍വചനം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു. മതത്തെ അടിസ്ഥാനമാക്കി വ്യതിരിക്തമായ ഒരു വര്‍ഗീയബോധം മലബാറില്‍ വളരുന്നതിന് ഇത്തരം സംഘടകളുടെ പ്രവര്‍ത്തനം തുടക്കം കുറിച്ചു.