പ്രസവ സമയത്തു ഞാനൊപ്പം ഉണ്ടാവണം എന്നുള്ളതു അവളേറെ ആഗ്രഹിച്ച കാര്യമായിരുന്നു.
നടക്കാത്ത കാര്യൊക്കെ പറഞ്ഞ് നീ വെറുതെ വാശി പിടിക്കല്ലേ എന്നൊക്കെ പറഞ്ഞു ഞാനൊഴിയാൻ നോക്കിയെങ്കിലും ഒടുവിൽ സമ്മതിക്കേണ്ടി വന്നു.
അങ്ങിനെ പ്രസവത്തിനു ഡോക്ടർമാർ നിശ്ചയിച്ച തീയതിക്കു ഒരാഴ്ച മുന്നെ തന്നെ ഞാൻ നാട്ടിലെത്തി.
അതുവരെ മൂകമായിരുന്ന അവളുടെ ഭാവത്തിനു എന്റെ സാന്നിധ്യത്തോടെ ഒരുപാടു മാറ്റമുണ്ടായത് പോലെ തോന്നിയെനിക്ക്. ഉണ്ടാവാൻ പോവുന്നതു പെണ് കുഞ്ഞ് ആവുമെന്നു ഉറപ്പിച്ചു അവൾ കുഞ്ഞിനു വേണ്ടി തുന്നി വച്ച കുപ്പായങ്ങൽ എനിക്കു കാട്ടിത്തരുമ്പോ ആ മുഖത്തുണ്ടായ തിളക്കത്തിന് മുമ്പിൽ നിലാവു പോലും നാണിച്ചു പോയേനെ.
എപ്പൊഴും നിർത്താതെ സംസാരിക്കുമായിരുന്ന അവളുടെ സംസാരത്തിലുണ്ടായ ഭാവമാറ്റം എന്നെ അത്ഭുതപ്പെടുത്തി.
കൊച്ചു പെൻ കുട്ടിയിൽ നിന്നവൾ അമ്മയെന്ന മഹാ സത്യത്തിലേക്ക് നടന്നടുക്കുന്നത് ഞാൻ നോക്കി കാണുകയായിരുന്നു. നടക്കുമ്പോഴും ഇരിക്കുംപോഴുമെന്ന് വേണ്ട ഉറകകത്തിൽ വരെ അവൾ കാണിക്കുന്ന ശ്രദ്ധയും പരിചരണവും നാളെ എന്നോടൊപ്പം ചേർത്ത് പിടിക്കാനുള്ള എന്റെ അല്ല ഞങ്ങളുടെ കുഞ്ഞിനു വേണ്ടിയാണു എന്നോർത്തപ്പോ എനിക്കും ഒരുപോള കണ്ണടക്കാൻ സാധിച്ചില്ല.
ബെഡ്രൂം ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കണ്ണടച്ച് മയങ്ങുന്ന അവളുടെ മുഖത്തേക്ക് നോക്കിയിരുന്നപ്പോ അറിയാതെ കണ്ണുകൾ നിറഞ്ഞു. മാലാഖയുടെ മുഖമാണ് അമ്മമാർക്കെന്നു കുട്ടിക്കാലത്ത് ക്ളാസ് ടീച്ചർ പറഞ്ഞതു എത്ര സത്യമാണെന്ന് തോന്നിപ്പോയെനിക്ക്.
അവളോടെനിക്കുള്ള സ്നേഹമെന്ന വികാരത്തിനപ്പുറം അറിയാത്തൊരു ബഹുമാനം ഉടലെടുക്കുകയായിരുന്നു എന്റെയുള്ളിൽ .
പ്രസവ ദിവസത്തിന്റെ തലേന്നു തന്നെ അവൾ വല്ലാത്തോരവസ്ഥയിലായിരുന്നു .. അറിയാത്തൊരു ഭീതി അവളുടെ മുഖത്തുണ്ടെന്നു എനിക്കു തോന്നി. ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന എന്നെ നോക്കി അവൾ ചിരിച്ചെന്നു വരുത്തി.
ഒരു പക്ഷെ ലോകത്തെല്ലായിടത്തും ഒരു പെണ്ണ് എറ്റവുമധികം മാനസിക സംഘർഷങ്ങൽ അനുഭവിക്കുന്ന സമയം ഇതാവണം.
അപ്പൊഴാവും ഒരാശ്വാസത്തിനായി പ്രിയപ്പെട്ടവരുടെ സാന്നിധ്യം കൊതിക്കുന്നുമുണ്ടാവുക.
ലേബർ റൂമിലേക്ക് കൊണ്ടു പോവുന്നതിനു മുന്നെ അവളെന്റെ കൈത്തലം മുറുകെപ്പിടിച്ചു .അപ്പോളാ കണ്ണു നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.പിന്നീടങ്ങോട് ആശങ്കയുടെ നിമിഷങ്ങളായിരുന്നു .മനസ്സുരുകി ദൈവത്തോട് പ്രാര്‍ത്ഥിച്ചു .ആപത്തൊന്നും സംഭവിക്കാതിരിക്കാൻ. ദൈവാനുഗ്രഹം കൊണ്ടു ഒരാപത്തും കൂടാതെ അവൾ സുഖമായി പ്രസവിച്ചു.
ഒരാൻ കുഞ്ഞിനെ.
നേഴ്സ് പുറത്തേക്ക് വന്നു കുഞ്ഞിനെ എന്റെ കയ്യിലേക്കു വെച്ചു തന്നപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു എന്റെയുള്ളിൽ. ഇതുപൊലെ തന്നെ സന്തോഷിചിട്ടുണ്ടാവില്ലേ എന്റെ പപ്പയും. ഇതുപോലാവില്ലേ എല്ലാ അച്ഛന്മാരും .മക്കളുടെ വളർച്ചയുടെ ഒരോ ഘട്ടങ്ങളിലും പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആത്മ സംഘർഷം അനുഭവിക്കുന്നുണ്ടാവും. ആരുമറിയാതെ ഉള്ളിലോതുക്കുന്നുമുണ്ടാവും. അതൊക്കെ അറിയാൻ ഞാനും ഒരച്ഛനാവേണ്ടി വന്നു.
സുഖപ്രസവം ആയതൊണ്ട് അവളെയും കുഞ്ഞിനേയും അന്നു തന്നെ റൂമിലേക്കു മാറ്റി .അവൾ പഴയതിലും സുന്ദരിയായത് പോലെ തോന്നിയെനിക്ക്. തൊട്ടടുത്തു കിടത്തിയ കുഞ്ഞിനെ നോക്കാൻ അവൾ കണ്ണു കൊണ്ടാംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
ഒപ്പമിരിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ബന്ധുക്കൽ സന്ദർശകരുടെ രൂപത്തിൽ വന്നു സുഖകരമായ തടസ്സമുണ്ടാക്കി കൊണ്ടിരുന്നു.
അവളെ ശുശ്രൂഷിക്കാൻ വേണ്ടി വന്ന ആമിനത്തയുടെ കത്തിയുടെ മൂർച്ച അനുഭവിച്ചരിഞ്ഞതും ആ ദിവസങ്ങളിൽ അയിരുന്നു.ആ കഥ പിന്നീടു പറയാം .
വൈകുന്നേരം മുതൽക്ക് തന്നെ അവൾക്ക് ചെറിയൊരു വയറു വേദന തുടങ്ങി.എന്റെ പരിഭ്രമം കണ്ടിട്ടാവണം സാരമില്ല ഇതൊക്കെ ഉണ്ടാവുമെന്ന് പറഞ്ഞവള്‍ എന്നെ ആശ്വസിപ്പിച്ചു.
പക്ഷേ രാത്രിയാവുംപോഴേക്കും വേദന സഹിക്കാൻ വയ്യാതെ അവൾ കരഞ്ഞു പുളയാൻ തുടങ്ങി.
ഡ്യൂട്ടി നേഴ്സിനോട് ചെന്നു കാര്യം പറഞ്ഞപ്പൊ അവൾ വേദന അറിയാതിരിക്കാനുള്ള ഇൻജക്ഷൻ കൊടുത്തു .
അതിന്റെ ആശ്വാസം കൊണ്ടാവണം അവൾ പതിയെ മയക്കത്തിലേക്കു വീണു. കാണാൻ വന്നവരോടും അതും പോരാഞ്ഞു എന്നോടും കത്തിയടിച്ച ക്ഷീണം കൊണ്ടാവണം ആമിനത്തയും നേരത്തെ ഉറക്കം പിടിച്ചു.
ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞു കാണണം.അവളുടെ കരച്ചിൽ കേട്ടായിരുന്നു ഞാൻ ഞെട്ടിയുണർന്നത് .
എല്ലാവരും ഉറങ്ങിയെന്നു കണ്ടപ്പൊ വയറു വേദന പിന്നെയും വന്നതാണ്.ഞാനവളുടെ അരികെ ചെന്നു പതിയെ വയറു തടവിക്കൊടുത്തു.
സാരമില്ലന്നു പറഞ്ഞു മുഖത്തേക്ക് ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികളെ കൈകൊണ്ടു തുടച്ചു മാറ്റി ഉറങ്ങിക്കോളൂ എന്നാംഗ്യം കാണിച്ചു.ആദ്യമൊക്കെ പുഞ്ചിരിചോണ്ട് എന്നെ നോക്കിയതല്ലാതെ അവളുറങ്ങാൻ കൂട്ടാക്കിയില്ല.പിന്നീടു പതിയെ പതിയെ അവൾ മയക്കത്തിലേക്ക് വീണു.
ഒരു മരുന്നിനും നൽകാനാവാത്ത സ്നേഹ സാന്ത്വനത്തിന്റെ ആത്മ നിര്‍വൃതിയോടെ...
കടപ്പാട് : ഇതെഴുതിയ ആ നല്ല മനുഷ്യന്..