നമ്മുടെ കേരള സംസ്‌കാരത്തിന്റെ ഭാഗമായി പോയ പല വിശ്വാസങ്ങളുമുണ്ട്. ഇവയില്‍ പലതും നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളവ.എത്രൊയക്കെ മാറ്റിയെഴുതണം എന്നു വിചാരിച്ചാലും നടക്കാത്ത ചിലത്.ശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും ദൈവം എന്ന ശക്തിയില്‍ സകലതും അര്‍പ്പിച്ച് ആ വിശ്വാസത്തില്‍ ജീവിക്കുന്നവരാണ് ഭൂരിഭാഗം പേരും. അത്തരത്തിൽ വിഷഹാരിയായി ശ്രീ അയ്യപ്പൻ വസിക്കുന്ന അച്ചൻകോവിൽ ക്ഷേത്രത്തിനേക്കുറിച്ചാണിനി പറയാൻ പോകുന്നത്.
ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ് അച്ചൻകോവിൽ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ടിച്ച മറ്റു ശാസ്താ വിഗ്രഹങ്ങൾ (ശബരിമലയിൽ പോലും)കാലപ്പഴക്കത്തിലും, തീ പിടുത്തത്തിലും ഒക്കെ നശിച്ചുപോയപ്പോളും ഇവിടുള്ള വിഗ്രഹം ഇപ്പോളും കേടുപാടുകൂടാതെ നിലനിൽക്കുന്നു.കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കിൽ ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻ കോവില്‍ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി പരശുരാമൻ സ്ഥാപിച്ച പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ ഏറ്റവും പുരാതന വിഗ്രഹം ഇവിടെയാണന്നാണ് വിശ്വാസം. ഒരു തീർഥാടന കേന്ദ്രമെന്ന നിലയിൽ മലയാളികളേക്കാൾ തമിഴ് നാട്ടിലെ ഭക്തൻമാരെയാണ് ഇവിടം കൂടുതൽ ആകർഷിച്ചുവരുന്നത്.
അച്ചൻകോവിൽ അമ്പലം പ്രസിദ്ധമായത് അവിടത്തെ വിഷചികിത്സയെ അനുബന്ധിച്ചാണ്. വിഷഹാരിയാണ് അച്ചൻ കോവിൽ ശാസ്താവ്.എല്ലാദിവസവും രാവിലെ നട തുറക്കുന്ന സമയത്ത് പൂജാരി പ്രതിഷ്ഠയുടെ വലതു കൈയ്യിൽ (ഇവിടെ ശാസ്താവ് ചിന്മുദ്ര ഹസ്തനല്ല.)(ചിത്രം നോക്കുക)പ്രത്യേകമായി തയ്യാറാക്കിയ ഒരു കളഭകൂട്ട് വെക്കും. അടുത്ത ദിവസം രാവിലെ മാത്രമേ അത് അവിടെ നിന്നും മാറ്റൂ..വിഷം തീണ്ടി വരുന്നവർക്ക് കിഴക്കേ ഗോപുര നടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിലും സഹായം അഭ്യർത്ഥിക്കാം. ഏത് നേരത്തും ഈ ക്ഷേത്രത്തിന്റെ നട തുറക്കും, ഇതിനായ് ക്ഷേത്രത്തിൽ പണ്ട് മുതലേ രണ്ട് ശാന്തിക്കാരുണ്ട്. വിഷം തീണ്ടിയവർ എത്തിയാൽ അര്‍ദ്ധരാത്രിയിലും ശാന്തിക്കാരൻ കുളിച്ച് നട തുറക്കും.ദേവന്റെ കൈയിൽ അരച്ച് വെച്ച കളഭം തീർത്ഥത്തിൽ ചാലിച്ച് മുറിപ്പാടിൽ തേക്കും, കഴിക്കാനും കൊടുക്കും.അതോടൊപ്പം അൽപ്പം തീർത്ഥവും സേവിക്കാൻ നൽകും.അതോടെ വിഷം ഇറങ്ങും എന്നാണ് വിശ്വാസം.ചികിത്സാ സമയം ആഹാരത്തിന് കഠിന നിയന്ത്രണമുണ്ട്.ആദ്യ ദിവസം കടും ചായ മാത്രം,പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി,ദാഹിക്കുമ്പോൾ ക്ഷേത്ര കിണറ്റിലെ ജലം മാത്രം.വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.ഇതിന്റെ പിന്നിലുള്ള രഹസ്യവും കളഭകൂട്ടിന്റെ ചേരുവകളും ഇന്നും അജ്ഞാതമായി നിലനിൽക്കുന്നു.ശാസ്ത്രം ഇത്ര പുരോഗതി കൈവരിച്ച ഇക്കാലഘട്ടത്തിലും ധാരാളം ആളുകൾ ഇന്നും അവിടെ ചികിത്സ തേടി എത്തുന്നു.
ഐതിഹ്യങ്ങളുടെ കൂമ്പാരമായ ഐതിഹ്യമാലയിൽ അച്ചൻകോവിൽ ശാസ്താവിനെയും പരിവാരങ്ങളെയും പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഈ വിഷചികിൽസയെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. ഉദ്ധിഷ്ട കാര്യപ്രാപ്ത്തിക്കായി നടത്തുന്ന കറുപ്പനൂട്ടിനെ കുറിച്ചാണ് അതിൽ കൂടുതലും.
മകരത്തിലെ പ്രതിഷ്ഠാ ദിനം രേവതി പൂജയായി കൊണ്ടാടുന്നു,അന്ന് പുഷ്പാഭിഷേകം പ്രധാന ചടങ്ങണ്.രേവതി പൂജയിലെ പോലെ ഇത്ര അധികം പുഷ്പങ്ങൾ അഭിഷേകത്തിന് ഉപയോഗിക്കുന്ന പൂജകൾ ദക്ഷിണ ഇന്ത്യയിലെ മറ്റൊരു ദേവാലയത്തിലും ഇല്ലെന്നു പറയപ്പെടുന്നു.
#Note:Mahesh ps (മഹി) എന്ന നമ്മുടെ ഒരു ഗ്രൂപ്പ് മെമ്പറുടെ ആഗ്രഹപ്രകാരം എനിക്കറിയാവുന്ന, ഞാൻ കണ്ടെത്തിയ വിവരങ്ങൾ പങ്കുവെച്ചതാണിവിടെ....
#കടപ്പാട്,#അവലംബം:
1Google (ചിത്രങ്ങൾ)
2..www.punaloor.com
3.കേരളത്തിലെ ക്ഷേത്രങ്ങൾ
4. ഐതിഹ്യമാല
5. അച്ചൻകോവിലിനടുത്തുള്ള നല്ല സുഹൃത്തുക്കൾ