ശ്രീരാമദൂതം മനസാ സ്മരാമി
ആലത്തിയൂരിലെ ഹനുമാൻ :
തിരൂരിലെ ആലത്തിയൂർ ഹനുമാനെപ്പറ്റിയും തുഞ്ചൻ പറമ്പിലെ കയ്പ്പില്ലാത്ത
കാഞ്ഞിര മരത്തെപ്പറ്റിയും പ്രശസ്തരായ എം.ടി. വാസുദേവൻ നായർ, ഉറൂബ്
തുടങ്ങിയവർ എഴുതിയിട്ടുണ്ട്.
അപ്പോൾ അത് അന്ധവിശാസജഡിലമായ കേവലഹിന്ദുക്കഥകളല്ല, ബുദ്ധിജീവികൾക്കും കൈകാര്യം ചെയ്യാവുന്ന വിഷയമാണെന്ന് സിദ്ധിയ്ക്കുന്നു.
അതുകൊണ്ട് എഴുതുന്നു.
ജയലളിത ഒരു തവണ തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നംപാടിയത് ഓർമ്മയുണ്ടല്ലോ.
കരുണാനിധിയുടെ കിങ്കരന്മാർ അവരെ നിയമസഭയ്ക്കുള്ളിലിട്ടു വസ്ത്രാക്ഷേപം ചെയ്തു.
ഇടിച്ചു വീഴ്ത്തി നിലത്തിട്ടു ചവിട്ടി.
തോറ്റവനെ ജയിച്ചവർക്ക് എന്തും ചെയ്യാം എന്ന ദ്രാവിഡകാട്ടുനീതി തമിഴ് മക്കൾ ശരിവെക്കുകയും ചെയ്തു.
1996 മുതല്‍ അഞ്ച് വര്‍ഷത്തെ കരുണാനിധി ഭരണത്തില്‍ കേസുകളും അറസ്റ്റുകളുമൊക്കെയായി ജയലളിത നിരന്തരം വേട്ടയാടപ്പെട്ടിരുന്നു.
ആ സംഭവത്തെത്തുടർന്ന് തോറ്റവനെ കൊല്ലാക്കൊല ചെയ്യുന്നത് ഇന്ത്യയിലെ എല്ലാ നിയമസഭകളിലും ഒരു കീഴ് വഴക്കമായി മാറി.
കരുണാനിധി കരുണാവാരിധിയും പുരോഗമന ചിന്താഗതിക്കാരനും ശാസ്ത്രവാദിയും
എഴുത്തുകാരനും കവിയും ബുദ്ധിജീവിയും ക്രാന്തദർശിയും തൂലികയെ
പടവാളിനേക്കാളും ശക്തിയുള്ള ബ്രഹ്‌മാസ്‌ത്രമായി വിശ്വസിച്ചനും ജനനന്മ
മാത്രം കാംക്ഷിച്ചവനും പിന്നെ സാംസ്കാരികോന്നതിയുടെ എന്തൊക്കെയാണോ
അതെല്ലാമും ആയിരുന്നു.
ജയലളിത വെറും പച്ചപ്പെണ്ണായിരുന്നു.
സീരിയൽ കാണും.
അണിഞ്ഞൊരുങ്ങും.
ബുദ്ധിമതി.
പ്രായോഗികവാദി.
പണവും സ്വർണ്ണവും ഭൂസ്വത്തുക്കളും കണ്ടാൽ മതിമയങ്ങും.
സേവകസ്തുതിയിൽ മൂക്കുകുത്തിയും മലർന്നടിച്ചും വീഴും.
നല്ല അസ്സൽ ഇംഗിഷ് വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിലും പക്ഷേ, ദൈവഭക്തി കടുകട്ടി.
നിയമസഭയിൽ നിന്നും ചവിട്ടിക്കൂട്ടിയ പരിക്കോടെ എഴുന്നേറ്റു ജയലളിത പോയത് ആൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്സിലേക്കല്ല.
കോഴിക്കോട് നിന്നും ഇരുപത്തേഴു കിലോമീറ്ററകലെ പരപ്പനങ്ങാടിയിൽ "ജ്യോതിഷം"
എന്ന ബോർഡും വെച്ച് ആരാലും അറിയപ്പെടാതെ ജീവിയ്ക്കുന്ന ഉണ്ണികൃഷ്ണൻ
പണിക്കരുടെ അടുത്തേയ്ക്കായിരുന്നു.
പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കർ ആയമ്മയോടു പറഞ്ഞു :
"ദൈവങ്ങൾ മുപ്പത്തിമൂന്നു കോടിയാണ്. വെവ്വേറെ കണ്ടാൽ ഒരു ശക്തിയും ഇല്ല.
ഒന്നിച്ചു നിന്നാൽ അതിലും വലിയ ശക്തി ഇല്ല. മുപ്പത്തിമൂന്നു കോടി ദേവകളും
ശക്തി പകർന്നു നൽകിയിട്ടാണ് ഹനുമാൻ ലങ്കയിലേക്ക് ചാടിയതും സീതാന്വേഷണത്തിൽ
വിജയിച്ചതും. മുപ്പത്തിമൂന്നു കോടി ദേവന്മാരുടേയും ശക്തിപകർന്നുകിട്ടിയ
ഹനുമാൻ ശ്രീരാമന്റെ അടയാളവാക്യനിർദ്ദേശങ്ങൾക്കായി ലങ്കയിലേക്കുള്ള നൂറു
യോജന ദൂരം ചാടിക്കടക്കാൻ തയ്യാറായി എന്തിനും പോന്നവനായി കാത്തുനിൽക്കുന്ന
ഒരു പ്രതിഷ്ഠയുണ്ട്, കേരളത്തിൽ. അവിടെപ്പോയി ശ്രീരാമൻ വിജയത്തിനായി
ആശ്രയിച്ച അതേ ഹനുമാനെ ആശ്രയിയ്ക്കുക. മറ്റു പോംവഴികളില്ല. മറ്റൊന്നും
എനിയ്ക്കറിയില്ല."
പരപ്പനങ്ങാടി ഉണ്ണികൃഷണപ്പണിയ്ക്കരെ,
അയാളുടെ ജ്യോതിഷത്തെ,
മുപ്പത്തിമുക്കോടി ദേവകളെ,
അവന്മാരുടെ ശക്തി ഡെപ്യൂട്ടേഷനിൽ കിട്ടിയ ഹനുമാനെ,
ആ ഹനുമാന് ഏറ്റവും പ്രിയപ്പെട്ട അവിൽ കുഴച്ച നിവേദ്യത്തെ,
ആ ഹനുമാന്റെ മുഖത്തു ചന്ദനം ചാർത്തി മനോഹാരിത വരുത്തുന്ന പൂജാരിയുടെ അന്തസ്സാരശൂന്യതയെ,
സാമൂതിരിയുടെ ആരാലും അറിയപ്പെടാതെയും ശ്രദ്ധിയ്ക്കപ്പെടാതെയും കിടന്ന ശ്രീരാമക്ഷേത്രത്തെ,
അവിടെ ഹനുമാൻ ചാടിയതിന്റെ ഓർമ്മയ്ക്കും ഫലപ്രാപ്തിയ്ക്കുമായി ഭക്തജനങ്ങൾക്ക് ചാടിക്കടക്കാനുള്ള കല്ല് പതിച്ച തിണ്ടിനെ,
വിഗ്രഹാരാധനയുടെ പ്രാകൃതമായ കൊരങ്ങൻ സംസ്കാരത്തെ.... ഒക്കെ നമുക്ക് പുച്ഛിയ്ക്കാം.
മഹാകവി വള്ളത്തോളും കുഞ്ഞിക്കുട്ടന്‍ തമ്പുരാനുമൊക്കെ ഈ വിശേഷപ്പെട്ട
അവില്‍ നേര്‍ച്ചയെപ്പറ്റി കവിത രചിച്ചിട്ടുണ്ട്. അവരെയും പുച്ഛത്തിൽ
ഉൾപ്പെടുത്താം, ഇവന്മാരും എം ടി പോലെ, ഉറൂബ് പോലെ, സിംപ്ലി,
ഹിന്ദുക്കളായിരുന്നല്ലോ.
പക്ഷെ, പരപ്പനങ്ങാടി ഉണ്ണികൃഷണപ്പണിയ്ക്കർ
ജയലളിതക്ക് ഉപദേശിച്ചത് തമിഴ് നാടിനു പ്രേരകമായ, യോജിച്ച, ബാധകമായ,
അൾട്ടിമേറ്റ് ജനാധിപത്യ സൂത്രവാക്യമാണ്.
1.മുപ്പത്തിമുക്കോടി ദേവകളെയും അവരുടൈയ സക്തിയെയും വാഴ്ത്തുങ്കൾ !
2.അവനുക്ക് പശിക്കിറത്; അവിൽ നിവേദ്യം കൊടുങ്കോ.
3.അവനുടയ മുഖം മനോഹരമാ പ്രസന്നമാ ഒഴുങ്കാ ഇരുക്കണം; അതുക്ക് ഏതാവത് സന്ദനം പൂശുങ്കോ.
ചിന്തിച്ചാൽ ഇത് പിൽക്കാലത്തു ജയലളിത നടപ്പാക്കിയ തനിത്തമിഴൻ ജനാധിപൈത്യ ടെക്‌നോളജി തന്നെയാണ്.
അതാണല്ലോ തമിഴ്‌നാട്ടിലെ കരുണാവാരിധിയുടെ ജനവും കേരളത്തിലെ മൊത്തം ജനവും
ഇന്ത്യയിലെയും ലോകത്തേയും കേട്ടറിഞ്ഞ മുഴുവൻ ജനവും ഒരേ സ്വരത്തിൽ
ജയലളിതയുടെ ഭരണത്തെപ്പറ്റി അദ്‌ഭുതപ്പെട്ടത് : ഇന്ത ജയലളിതാവുക്ക് എന്നമോ
പൈത്യമാ ?
ആഹ്..അതിരിയ്ക്കട്ടെ...
അങ്ങനെ ജയലളിത വഴി ചോദിച്ചു ചോദിച്ചു പോയി, തിരൂർ ആലത്തിയൂർ ഹനുമാൻ ക്ഷേത്രത്തിലേയ്ക്ക്.
ആ ഭക്തിയിലാണ് തമിഴ് മക്കൾ ഒന്നടങ്കം മുട്ടുകുത്തി വീണത്.
പിന്നീടുണ്ടായത് ചരിത്രം.
ഒരേയൊരു നയാപൈസാവൈ കൊടുത്താൽ എന്തപ്പൊരുളൈയാവത് വാങ്ക മുടിയും ?
ചെല്ലപ്പിള്ളൈയ്‌യാർ കോവിൽ ഉണ്ടിയിൽ പോട്ടാൽ പുണ്ണിയം വാങ്കലാം.
അതിനായാലും കൈയ്യിൽ ഒരു പൈസ വേണ്ടേ ?
അത് പോലും ഇല്ലാതിരുന്ന ഒരു ദരിദ്രജനത.
ദാരിദ്ര്യത്തിന്റെ നിറകുടമായ അങ്ങനത്തെ ഒരു സംസ്ഥാനത്താണ് സ്നേഹത്തിന്റെ
തങ്കക്കുടമായ ജയലളിത അരിയും സാരിയും സൈക്കിളും ടീവിയും താലിമാലയും എണ്ണയും
സോപ്പും ഉച്ചയ്ക്ക് ഊണും മരുന്നും വിദ്യാഭ്യാസവും വാരിക്കോരിക്കൊടുത്തത്.
എവിടന്നു എടുത്തു കൊടുത്തു ?
ഉള്ളവന്റെ അടുത്ത് നിന്ന് തട്ടിച്ചായാലും മോഷ്ടിച്ചായാലും എടുത്തു.
ഇല്ലാത്തവന് കൊടുത്തു.
ജന്മമെടുത്ത എല്ലാറ്റിനും അനിവാര്യമായ മരണം കീഴടക്കുന്നതുവരെ
പ്രപഞ്ചത്തിലെ സകല സമ്പത്തിന്റെയും അധിപയായി ലക്ഷ്മീദേവിയെപ്പോലെ
തമിഴ്‍നാടിന്റെ ഉടമയായി അവർ ചിരകാലം വാണു.
അങ്ങോട്ട് തൊഴാൻ
കച്ചകെട്ടി നിൽക്കുന്ന ദൈവങ്ങളിൽ നിന്നും വിഭിന്നനായി ഇങ്ങോട്ടു കൈകൂപ്പി
തൊഴുന്ന ഹനുമാൻ ആലത്തിയൂർ അമ്പലത്തിന്റെ ശ്രീകോവിലിനു പുറത്താണ്.
കോവിലിന്റെ ഉള്ളിൽ സാക്ഷാൽ ശ്രീരാമനാണ്.
അങ്ങേരെ ആരും മൈൻഡ് ചെയ്യാറില്ല.
ശക്തി മുഴുവനും ഇങ്ങേർക്കാണല്ലോ.
ഹനുമാന് ഇഷ്ടപ്പെടാതിരിക്കരുതല്ലോ എന്ന് പേടിച്ചു അങ്ങേരുടെ സ്വാമിയെക്കൂടി ഭക്തജനങ്ങൾ തൊഴുന്നു എന്ന് മാത്രം.
ഡെപ്യൂട്ടേഷനിൽ ഇൻചാർജ് മാത്രമായ ഒ. പനീർ സെൽവം പോലെയുള്ള ഹനുമാനെ പൂജിയ്ക്കേണ്ടതില്ലല്ലോ..
അതുകൊണ്ട്, ഹനുമാന് ഇവിടെ പൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ.
ആലത്തിയൂർ ആലസ്തിക/ആലക്തിക ഊരാണ്.
ജീവിത വഴികളിലേക്ക് പ്രകാശം വിതറുന്ന, പ്രകാശം ചിതറുന്ന ഒരു ഊര്...
ആലസ്തികം എന്നാല്‍ പ്രകാശം എന്നാണ് അര്‍ത്ഥം.
ആലക്തികം എന്നാണു വൈദ്യുതിയ്ക്ക് സംസ്കൃതം.
മലയാളവും.
മിന്നൽപ്പിണർ പോലെ ലങ്കയിലേക്ക് ചാടിയ ഹനുമാന്റെ മുഖപ്രസാദത്തിലെ
ദിവ്യപ്രകാശത്തെ പരാമര്‍ശിച്ചുകൊണ്ടാവാം സ്ഥലത്തിന് ആലത്തിയൂർ എന്ന പേരു
വന്നതെന്ന് പറയുന്നവരുണ്ട്. ഇത് പരശുരാമൻ സ്ഥാപിച്ച ഗ്രാമങ്ങളില്‍
ഒന്നായിരുന്നു. അങ്ങനെ ക്ഷേത്രം ആലത്തിയൂര്‍ ഗ്രാമത്തിലെ
നമ്പൂതിരിമാരുടേതായി. മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് (ക്രി.പി. 1000)
വസിഷ്ഠമഹര്‍ഷി പ്രതിഷ്ഠ നടത്തിഎന്നും ചരിത്രം രേഖപ്പെടുത്തിയിരിയ്ക്കുന്നു.
സീതാന്വേഷണത്തിനായി പോകുന്ന തന്റെ ശിങ്കിടി ഭക്തനായ ഹനുമാന്
സീതാദേവിയോട് പറയാനുള്ള അടയാളവാക്യം ചെവിയില്‍ പറഞ്ഞുകൊടുക്കുന്ന ഭാവമാണ്
ശ്രീരാമന്റേത്. തലയൊന്ന് ചരിച്ചുപിടിച്ച് എല്ലാം
ശ്രദ്ധിച്ചുകേള്‍ക്കുന്ന ഭാവമാണ് ഹനുമാന്റേത്.
ഹനുമാനോട്
പറയുന്നത് കേള്‍ക്കാതിരിക്കാന്‍ ലക്ഷ്മണനെ അല്‍പം ദൂരത്തേക്ക് മാറ്റി
നിര്‍ത്തിയിരിക്കുകയാണെന്ന് തോന്നും പ്രധാന കോവിലിന് പുറത്തുള്ള
ലക്ഷ്മണക്ഷേത്രം കണ്ടാല്‍.
ദിവസവും രാവിലെയും വൈകിട്ടും ഹനുമാന് അവില്‍ നിവേദ്യം നടക്കും.
അവില്‍ വഴിപാട് പൊതിക്കണക്കാണ്.
ഏതാണ്ട് എണ്ണായിരത്തോളം രൂപ ചെലവ് വരുന്നതാണ് ഈ ഒരു പൊതി അവിൽ വഴിപാട്.
അര പൊതിയായോ കാല്‍ പൊതിയായോ അതുമല്ലെങ്കില്‍ എൺപത് രൂപ മാത്രം ചെലവ് വരുന്ന ഒരു നാഴിയോ നടത്താം.
ആശങ്കപ്പെടാനില്ല.
ഹനുമാന് നമ്മുടെ വക അത് മതി.
ബാക്കി ഭക്തരും നടത്തുന്നുണ്ടല്ലോ.
അവല്‍ പ്രസാദത്തിനായി ജാതിമതഭേദമെന്യേ ആളുകളെത്തും.
അതീവരുചികരമായ ഒരു പാചകപ്രക്രിയയാണ് ഈ അവില്‍ പ്രസാദം.
അമ്പലപ്പുഴ പാൽപ്പായസം പോലെ ലോകമെങ്ങും പ്രശസ്തമാകേണ്ടിയിരുന്ന ഒന്നാണ് അത്.
പക്ഷെ, അതിന്റെ ഗുണഭോക്താവ് വെറുമൊരു കൊരങ്ങനായിപ്പോയി.
ദൈവമാകാതെ, വെറും സേവകനായിപ്പോയി.
ഇത് പതിനഞ്ചിരുപത് ദിവസം വരെ കേടുകൂടാതെയിരിക്കും.
ദിവ്യാദ്‌ഭുതമാണോ, ശാസ്ത്രീയതയാണോ, എന്തോ, എതോ, നല്ല മധുരമുള്ള ഈ പ്രസാദം
ഇൻസുലിൻ തെറാപ്പി ചെയ്യുന്ന പ്രമേഹരോഗികൾക്ക് ബ്ലഡ് ഷുഗർ ഉയർത്തുകയില്ല
എന്നതാണ് ഇതിന്റെ പാചകത്തിന്റെ ഒരു വിശേഷം.
പളനി ആണ്ടവന്റെ പഞ്ചാമൃതത്തിനു പോലും ആ വൈശിഷ്ട്യമില്ല.
അത് അധികം തിന്നാൽ പ്രമേഹം കോപിയ്ക്കും.
സീതാന്വേഷണത്തിനായി പുറപ്പെട്ട ഹനുമാന്റെ കൈയില്‍ ഈ ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കിയതായി രാമായണത്തിൽ പറയുന്നുണ്ട്.
തന്റെ സ്വാമി ശ്രീരാമനെ കാണാൻ വരുന്ന ഭക്തരെ തൊഴുതു നിൽക്കുന്ന ഹനുമാൻ ശ്രീകോവിലിന്റെ പുറത്തു വെറുമൊരു സേവകനോ കാഴ്ചക്കാരനോ ആണ്.
ജനാധിപത്യത്തിൽ എന്നെ ആരും പൂജിയ്ക്കേണ്ട.
ഞാൻ വെറുമൊരു സമ്മതിദായകൻ.
എന്റെ വോട്ട് എന്റെ സ്വാമിയ്ക്കുള്ളതാണ്.
വരുന്നവരെല്ലാം എന്റെ സ്വാമിയ്ക്കു തുല്യം.
എല്ലാവരും എല്ലാം സ്വാമിയോട് പറഞ്ഞാൽ മതി എന്നാണു മൂപ്പരുടെ തത്വശാസ്ത്രം.
തന്നെ ഒന്ന് ഓർമ്മിപ്പിയ്ക്കാൻ അൽപ്പം അവിലും തന്നേക്കുക.
ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ അല്ലയോ ഭക്താ, അങ്ങ് തന്നെ സ്വയം എഴുന്നള്ളിയിരുന്നാലും.
അടിയന് ഫുഡ്, ക്ലോത്ത് ആൻഡ് ഷെൽട്ടർ മതി എന്നതു തന്നെയാകുന്നു ഈ തത്വശാസ്ത്രം.
പുറം തൃക്കോവിലിൽ നില്ക്കുന്ന ഹനുമാന്റെ പെരും തൃക്കോവിൽ എന്നും
അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ മുൻകാല സൂക്ഷിപ്പുകാരിൽ ആലത്തിയൂർ ഗ്രാമ
നമ്പൂതിരി, വെട്ടത്ത് രാജ, കോഴിക്കോട് സാമൂതിരി എന്നിവർ ഉൾപ്പെടുന്നു.
ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ അഞ്ജന എന്ന വാനരസ്ത്രീയുടെ പുത്രനാണ്.
രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ
കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത
കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്.
രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ
രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിൽ
നിന്നും ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം കൊണ്ട് വരികയും ചെയ്തു.
ഉത്തമവിശ്വാസവും സംഘടിതശക്തിയും ദൃഢപ്രയത്നവും മനോബലവും കനത്ത
ആത്മവിശ്വാസവും കൈമുതലാക്കിയാൽ അസാദ്ധ്യമായി ഒന്നുമില്ല എന്ന് ഹനുമാൻ
തെളിയിയ്ക്കുന്നു.
സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്..
സീതയെക്കാളും ശ്രീരാമന് വിശ്വാസം ഹനുമാനെയാണ്.
സീതാദേവി സുചരിതയാണ് എന്ന് ആകാശപരിശോധനാവീക്ഷണത്തിൽ മനസ്സിലാക്കി ഹനുമാൻ
ഉറപ്പിച്ചു റിപ്പോർട്ട് ചെയ്തിട്ടും ശ്രീരാമൻ അഗ്നി പരീക്ഷണത്തിന്
ഉത്തരവിട്ടത് ജനാധിപത്യത്തെ മാത്രം മാനിച്ചായിരുന്നല്ലോ.
വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള, യജമാനനോടുള്ള, വിശ്വാസ്യതകൊണ്ടും അതുല്യനാണ്.
ചങ്കു കീറിക്കാണിച്ചാലും ചെമ്പരുത്തിപ്പൂവ് എന്ന് പറയുന്ന ലോകത്തിൽ
ഹനുമാന്റെ നെഞ്ചു പിളർന്നാൽ ശ്രീരാമനും സീതയും ഇരിയ്ക്കുന്നത് കാണാം.
തുഞ്ചന്റെ മലയാള ഭാഷാ രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി
കലർത്തിയിട്ടുണ്ടെങ്കിലും ഹനുമാൻ ദൈവമാണ്, ദേവഗണത്തിലുൾപ്പെട്ടതാണ്,
ദേവതയാണ് എന്നുള്ള പരാമർശമില്ല. രാമായണത്തിന്റെ സംസ്കൃത വേർഷനടക്കം
ഒരിടത്തും അങ്ങനെ ഒരു പ്രസ്താവമില്ല എന്നതും ചിന്തനീയമാണ്..
ഹനുമാൻ
അല്ലെങ്കിൽ ആഞ്ജനേയൻ, രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമായ വാനരനാണ്.
ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്ത ചിരംജീവികളിൽ ഒരാളുമാണ് ഹനുമാൻ.
മാർക്കണ്ഡേയൻ, വേദവ്യാസൻ, അശ്വത്ഥാമാവ്, ഹനുമാൻ,വിഭീഷണൻ കൃപാചാര്യർ,
പരശുരാമൻ എന്നിവരാണ് സപ്ത ചിരംജീവികൾ. മഹാബലിയെ ഉൾപ്പെടുത്തി അഷ്ട
ചിരംജീവികൾ എന്ന സങ്കൽപ്പവും ഇല്ലാതില്ല.
ചിരഞ്ജീവികൾ ആ വാക്കിന്റെ അർഥം പോലെ തന്നെ മരണമില്ലാത്തവരാണ്.
മേല്പറഞ്ഞ ചിരഞ്ജീവികളായി വിവരിയ്ക്കപ്പെട്ടിട്ടുള്ളവരുടെ മരണം പുരാണങ്ങളിലൊരിടത്തും തന്നെ വിവരിയ്ക്കപ്പെട്ടു കാണുന്നില്ല.
അഞ്ജന എന്ന വാനരയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്.
അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു.
ശിവന്റെ ഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും
എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു
വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ്
ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.
കേസരിയും അഞ്ജനയും, ശിവൻ തന്റെ
പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ
സംപ്രീതനായ ശിവൻ അവർക്ക് വരം നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി
ജനിച്ചതെന്നാണ് ചരിത്രം.
ബ്രഹ്‌മാവ്, വിഷ്ണു, ശിവൻ എന്നീ
ത്രിമൂർത്തികളാണ് പ്രപഞ്ചനാഥന്മാർ എന്നതിനാൽ ഇവരുടെ അംശാവതാരങ്ങൾക്ക്
ദൈവികത്വം കല്പിയ്ക്കുന്ന പതിവുണ്ട്.