A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

5000 വര്‍ഷം പഴക്കമുള്ള കല്ലിൽ ക്ഷേത്രം




 എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കില്‍ ആശമന്നൂര്‍ വില്ലേജില്പ്പെട്ട മേതലയിലാണ് പുരാതനമായ കല്ലില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോതമംഗലം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നീ സ്ഥലങ്ങളില്‍ നിന്ന് ഏകദേശം പത്തു കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. നിലം തൊടാതെ നില്ക്കുന്ന ഭീമാകാരനായ പാറയുടെ അടിഭാഗത്ത് ഗുഹയിലാണ് കല്ലില്‍ ഭഗവതിയുടെ പ്രതിഷ്ഠ. ദേവിയുടെ അപാരമായ ചൈതന്യം ഒന്നുകൊണ്ടു മാത്രം അന്തരീക്ഷത്തില്‍ ഉയര്‍ന്നു
നില്‍ക്കുന്ന ഈ പാറയാണ് ലോകാത്ഭുതങ്ങളില്‍ ഒന്നായി വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഇവിടത്തെ പ്രത്യേകത. 75 അടി നീളവും 45 അടി വീതിയും 25 അടി ഉയരവും മതിക്കാവുന്ന ഈ ഭീമന്‍ പാറ ശാസ്ത്രലോകത്തിനും ചരിത്രാന്വേഷകര്ക്കും മുന്നില്‍ ഒരു പ്രഹേളികയായി ദേവീസംരക്ഷണത്തില്‍ നിലകൊള്ളുന്നു. ക്രിസ്തുവിനു മുന്‍പ് മൂന്നാം നൂറ്റാണ്ടു വരെ ഈ ക്ഷേത്രത്തിന്റെ പഴക്കം കണക്കാക്കുന്നു. കേരളത്തിലെ പുരാതന ജൈനമത ക്ഷേത്രങ്ങളില്‍ പ്രഥമ ഗണനീയമായിട്ടാണ് ഈ പ്രകൃതിദത്ത ഗുഹാക്ഷേത്രം കണക്കാക്കി വരുന്നത്. 28 ഏക്കറോളം വരുന്ന വനപ്രദേശത്തിനു നടുവില്‍ കുന്നിന്‍ മുകളിലായിട്ടാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം.
പ്രാചീന കേരളത്തിലെ ഈശ്വരാരാധനയ്ക്ക് ഇന്നും ജീവിക്കുന്ന പ്രമാണമായി കല്ലില്‍ ഗുഹാക്ഷേത്രം നിലകൊള്ളുന്നു. മേതല എന്ന ഗ്രാമപ്രദേശത്തിലെ ജനവാസ സ്ഥലങ്ങളില്‍ നി‍ന്നെല്ലാം അകന്ന് ഒരു കുന്നിന്‍ മുകളിലാണ് ഈ "കല്ലമ്പലം" സ്ഥിതി ചെയ്യുന്നത്. ഭീമാകാരമായ ഒറ്റക്കല്ലില്‍ ഗുഹാക്ഷേത്രം. ആ കല്ലാകട്ടെ എങ്ങും നിലം തൊട്ടതായി കണ്ടെത്താനുമാകില്ല. സഹസ്രാബ്ദങ്ങള്‍ക്കു മുന്പുണ്ടായിരുന്ന സാംസ്കാരിക സൗഭാഗ്യത്തിലേക്ക് വെളിച്ചം വീശുന്ന ശില്‍പസൌകുമാര്യം ഇതിന്റെ പ്രത്യേകതയാണ്. മറ്റു പല ദേവാലയങ്ങളില്‍ നിന്നും അനുഷ്ട്ടാനങ്ങളിലും പൂജാക്രമങ്ങളിലും ഉള്ള വ്യത്യസ്തതകള്‍ വിദൂരഭൂതകാലത്തിലെ സാംസ്കാരിക സവിശേഷതകളിലേക്ക് വിരല്‍ ചൂണ്ടുന്നു
തിരക്കേറിയ ആധുനിക ജീവിതചര്യകള്ക്കിടയില്‍ വാനപ്രസ്ഥസുഖം തേടുന്നവര്‍ക്ക് ഉചിതമായ സന്ദര്‍ശനകേന്ദ്രമാണ് ഈ ദേവീപദം. പരിഷ്കൃത ലോകത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പ്രശാന്തസുന്ദരമായ ചുറ്റുപാടില്‍ പ്രകൃതിയോട് അങ്ങേയറ്റം താദാദ്മ്യം പ്രാപിച്ച് ഗുഹാവാസിനിയായിരിക്കുന്ന ഭഗവതി ഭക്തര്‍ക്ക് സര്വാഭീഷ്ട്ടപ്രദയും സദാ സുസ്മേരവദനയുമായ അമ്മയാണ്. അകമെയും പുറമെയും കുളിര്‍ നിറക്കുന്ന ദേവിയുടെ അകമഴിഞ്ഞ സല്‍ക്കാരം ആരെയും വീണ്ടും ആ നടയിലെത്തിയ്ക്കും.
പ്രകൃതിയുടെ വശ്യസൌന്ദര്യം കൊണ്ട് അനുഗൃഹീതമാണ് ക്ഷേത്രം കുടി കൊള്ളുന്ന കല്ലില്‍ മലയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും. എം.സി. റോഡില് പുല്ലുവഴി, കീഴില്ലം എന്നീ സ്ഥലങ്ങളില്‍ നിന്നും ആലുവ - മൂന്നാര് റോഡില് കുറുപ്പംപടി, ഓടയ്ക്കാലി എന്നീ സ്ഥലങ്ങളില്‍ നിന്നും എളുപ്പം ക്ഷേത്രത്തില്‍ എത്തിച്ചേരാം. ക്ഷേത്രത്തിനു ചുറ്റും 28 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശം മുന്‍പ് വിജനമായ വനപ്രദേശമായിരുന്നു. പ്രതാപികളായിരുന്ന കല്ലില്‍ പിഷാരം വകയായിരുന്നു ഈ ക്ഷേത്രം. ഭക്തജനങ്ങളെയും ചരിത്രാന്വേഷകരെയും ഒന്നുപോലെ ആകര്‍ഷിക്കാന്‍ പോന്നതാണ് ഈ പ്രദേശത്തിന്റെ വശ്യ ചൈതന്യം. മറ്റു പല ക്ഷേത്രങ്ങളെയും പോലെ പ്രാരംഭദശയില്‍ ഇതും ജൈനക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു. ജൈനമതത്തിലെ തീര്‍ത്ഥങ്കരനായിരുന്ന വര്‍ദ്ധമാന മഹാവീരന്റെയും പാര്‍ശ്വനാഥന്റെയും പത്മാവതി ദേവിയുടെയും പ്രതിഷ്ഠകള്‍, ഇത് ജൈനക്ഷേത്രമായിരുന്നു എന്ന ചരിത്രവസ്തുതയ്ക്ക് പിന്‍ബലം നല്കുന്നു. ഒരു പക്ഷെ ജൈന സന്യാസിമാര്‍ തപസ് അനുഷ്ടിച്ചിരുന്ന പ്രദേശമായിരുന്നിരിയ്ക്കണം പിന്നീട് ക്ഷേത്രമായി പരിണമിച്ചത്.
9 - )൦ നൂറ്റാണ്ടില്‍ ഇത് ഹിന്ദുക്ഷേത്രമായി മാറിയെന്നു കരുതപ്പെടുന്നു. ഇന്നും ജൈന മതസ്ഥര്‍ ഇവിടെ ആരാധനയ്ക്കെത്തുക പതിവാണ്.
ശ്രീകോവിലിന്റെ മേല്ക്കൂരയായി നിലം തൊടാതെ നില്‍ക്കുന്ന ഭീമാകാരനായ പാറയുടെ പ്രകൃതിദത്തമായ അത്ഭുദ ദൃശ്യമാണ് ദേവിയ്ക്ക് ദിവ്യ പരിവേഷമായി നിലകൊള്ളുന്നത്.
ക്ഷേത്രത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഭീമന്‍ പാറ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതിനെക്കുറിച്ചു പല ഐതിഹ്യങ്ങളുമുണ്ട്. ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ എത്തിയവര്‍ കാനനമാധ്യത്തില്‍ ദേവീ ചൈതന്യം തുടിയ്ക്കുന്ന സുന്ദരിയായൊരു സ്ത്രീ കല്ലുകൊണ്ട് അമ്മാനമാടി കളിയ്ക്കുന്നത് കണ്ടുവത്രേ. വനമധ്യത്തില്‍ കണ്ട സുന്ദരി ആരെന്നറിയാന്‍ ആകാംക്ഷയോടെ അവര്‍ അടുത്തു ചെന്നപ്പോഴേയ്ക്കും ആ സുന്ദരി അമ്മാനമാടിക്കൊണ്ടിരുന്ന കല്ലുകള്‍ മറയാക്കി ഗുഹയില്‍ ഒളിച്ചു. ആ സുന്ദരരൂപിണി കല്ലില്‍ ഭഗവതിയായിരുന്നു. അമ്മാനമാടിയപ്പോള്‍ മുകളിലേയ്ക്കു പോയ കല്ല് മേല്‍ക്കൂരയായും താഴേക്കു പതിച്ച കല്ല് ഇരിപ്പിടമായും മാറിയെന്നും ഐതിഹ്യം.
ഒമ്പതാം നൂറ്റാണ്ടില്‍ സ്ഥാപിച്ച കേരളത്തിലെ പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നു കല്ലില്‍ ക്ഷേത്രം. ഇന്ന് കല്ലില്‍ ഭഗവതി ക്ഷേത്രം എന്നാണറിയപ്പെടുന്നത്. 28 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളില്‍ പണിത ഈ ക്ഷേത്രത്തില്‍ എത്തുവാന്‍ 120 പടികള്‍ കയറണം. പെരുമ്പാവൂരില്‍ നിന്നു 10 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം. 'കല്ല്' എന്ന പദം ആദിദ്രാവിഡ ഭാഷയാണ്. കല്ല് + ഇല്‍ = കല്ലില്‍ എന്ന പദമുണ്ടായി. കുഴിക്കുക, മാളമുണ്ടാക്കുക എന്നൊക്കെ അര്‍ത്ഥമുള്ള ഈ പദത്തില്‍ നിന്ന് കല്ലില്‍ ക്ഷേത്രത്തിനു ഗുഹാക്ഷേത്രം എന്നര്‍ഥം വരും. ക്ഷേത്രത്തിന്റെ കവാടം കടക്കുന്നിടം മുതല്‍ പാറകള്‍ നിറഞ്ഞ വഴിയും ചെറിയ കാടുകളും കാണാം. മുകളിലേക്കു ചെല്ലുംതോറും പാറക്കല്ലുകള്‍ കൂടുതല്‍ കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്കുള്ള പടികളത്രയും കരിങ്കല്ലില്‍ തീര്‍ത്തതാണ്. പടികള്‍ കയറിച്ചെല്ലുമ്പോള്‍ കാണുന്ന ആനപ്പന്തലിന്റെ കരിങ്കല്ലില്‍ തീര്‍ത്ത തൂണുകള്‍ ആരെയും അദ്ഭുതപ്പെടുത്തും! പ്രദക്ഷിണവഴിയിലും ശ്രീകോവിലിനു മുന്നിലും നിലത്താകെയും കല്ലിന്റെ പാളികളാണ് പാകിയിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലെ നമസ്‌ക്കാരമണ്ഡപമാകട്ടെ മേല്‍ക്കൂരയടക്കം മുഴുവനായും കരിങ്കല്ലില്‍ തീര്‍ത്തതാണ്! ഭഗവതി ഇരുന്നരുളുന്ന ശ്രീകോവില്‍ ഒരു പടുകൂറ്റന്‍ കല്ലില്‍ ഉണ്ടായിരുന്നതോ നിര്‍മ്മിക്കപ്പെട്ടതോ ആയ ഒരു ഗുഹയ്ക്കുള്ളിലാണ്. ഗുഹാക്ഷേത്രമായതിനാല്‍ത്തന്നെ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിനു പിന്നില്‍ ചെന്ന് ദര്‍ശനം നടത്താന്‍ ഇവിടെ സാധിക്കില്ല. ഭഗവതിയെ പ്രദക്ഷിണംവയ്ക്കുന്ന ഭക്തര്‍ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്ന കല്ലിനെയും കൂടിയാണ് പ്രദക്ഷിണം വയ്ക്കുന്നത്! പ്രദക്ഷിണ വഴികളിലും കല്ലില്‍ തീര്‍ത്ത പടവുകളിലും ചെറു ഗുഹകളിലും കല്ലുകളെ പിണഞ്ഞ് കാലങ്ങളായി ദേവിക്ക് പാദസേവ ചെയ്തു പോരുന്ന വേരുകളും നിറയെ കാണാം. ഇങ്ങനെ അക്ഷരാര്‍ത്ഥത്തില്‍ 'കല്ലില്‍' അരുളുന്ന ദേവിയെയാണ് ഇവിടെ വന്നാല്‍ കാണാനാവുകചരിത്രം കല്ലില്‍ ക്ഷേത്രം ആര്യാധിപത്യകാലത്തിനു മുമ്പ് പ്രസിദ്ധമായ ഒരു ജൈനഗുഹാക്ഷേത്രമായിരുന്നു. പിന്നീട് ബ്രാഹ്മണാധിപത്യകാലത്തോടെ സങ്കല്പങ്ങളും പ്രതിഷ്ഠയും ബ്രാഹ്മണീകരിക്കപ്പെട്ടു. ഗുഹാക്ഷേത്രങ്ങളുടെ ഉത്ഭവം ജൈനമതം നിലന്നിന്നിരുന്ന കാലത്താണ്. പ്രതിഷ്ഠകള്‍ദുര്‍ഗ്ഗയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതി പ്രതിഷ്ഠ. പഞ്ചലോഹകവചംകൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ജൈനമതത്തിലെ യക്ഷിയായ പദ്മാവതിയുടെ വിഗ്രഹമാണ്. ബ്രഹ്മാവിന്റെ വിഗ്രഹം ഈ പാറമലയ്ക്കു മുകളില്‍ കൊത്തി ഉണ്ടാക്കിയിരിക്കുന്നു.
എറണാകുളം ജില്ലയിലെ ഒരു പ്രധാന ടുറിസ്റ്റ് കേന്ദ്രമായ കല്ലില്‍ ക്ഷേത്രം പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം കൂടിയാണ്. ഭക്തിസാന്ദ്രമായ അന്തരീക്ഷം ഒപ്പം ശാന്തസുന്ദരമായ പ്രകൃതി, അതോടൊപ്പം അത്ഭുത പരിവേഷം, കൂടാതെ ചരിത്രസത്യങ്ങള് വിളിച്ചോതുന്ന പാറക്കല്ലുകള് ഇവയെല്ലാം ചേര്‍ന്ന് കല്ലില്‍ ഗുഹാക്ഷേത്രം എന്ന അല്‍ഭുതചൈതന്യകേന്ദ്രം ആയിരങ്ങളെ അങ്ങോട്ട് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.