അതൊരു കൊച്ചുവീടായിരുന്നു..
വിശാലമായ മുറ്റത്തിന്റെ അതിരുകളിൽ മൈലാഞ്ചിച്ചെടികൾ വളർന്നു നിന്നു...
റോഡിൽ നിന്ന് വീടു വരെ ഇരുപത്തിനാല് പടവുകളുണ്ട്.
റോഡിനപ്പുറം ഒരു കൈത്തോട്...
ഞാൻ ജനിച്ച വീടാണിത്. നാല് വയസ് വരെ വളർന്ന വീട്. എന്തുകൊണ്ടോ ആ വീടിനോട് എല്ലാവർക്കും ഭയമായിരുന്നെങ്കിലും ഞാനാ വീടിനെ ഇഷ്ടപ്പെട്ടു... ഇപ്പോഴും ഇഷ്ടപ്പെടുന്നു...
മുറ്റത്തിറങ്ങി നിന്ന് നേരേ ഇടത്തോട്ട് നോക്കിയാൽ പളളിമണി കാണാം. എങ്കിലും അതിലും നന്നായി കാണാൻ കഴിഞ്ഞിരുന്നത് സിമിത്തേരിയിലെ ആ വെള്ളക്കുരിശായിരുന്നു... സൂക്ഷിച്ചു നോക്കിയാൽ അന്ത്യവിശ്രമം കൊള്ളുന്നവരുടെ കുഴിമാടങ്ങൾ കാണാം... അതു കൊണ്ടാവും സന്ധ്യ മയങ്ങിയാൽ മുറ്റത്തിറങ്ങാൻ അമ്മ ഒരിക്കലും സമ്മതിച്ചില്ല. പകൽ നേരങ്ങളിൽ അയൽക്കാരും കുടുംബക്കാരുമൊക്കെ വീടിനേക്കുറിച്ചും സെമിത്തേരിയേക്കുറിച്ചുമൊക്കെ ചർച്ച ചെയ്യുന്നത് ഞാൻ കാണാറുണ്ടായിരുന്നെങ്കിലും അതിന്റെ ഗൗരവത്തേക്കുറിച്ചു മനസിലായത് മുതിർന്നതിനു ശേഷമാണ്.
ഇന്നും ആ കഥ പറയുമ്പോൾ അമ്മയുടെ കണ്ണുകളിൽ നിഴലിക്കുന്ന ഭീതി എനിക്കു കാണാൻ കഴിയും.
ചുമരിൽ തൂങ്ങിയാടുന്ന ക്ലോക്കിൽ രാത്രി പന്ത്രണ്ടടിക്കുമ്പോൾ ദൂരേ നിന്നും നായ്ക്കൾ ഓരിയിടുന്ന ശബ്ദം കേട്ടു തുടങ്ങും.... പതിയെപ്പതിയെ ആ ശബ്ദം അടുത്തടുത്തു വരും... എത്ര അഗാധമായ ഉറക്കത്തിലാണെങ്കിലും അമ്മയും അച്ഛനും ഞെട്ടിയുണരും. ഒന്നനങ്ങാനോ മിണ്ടാനോ കഴിയാതെ അവർ കണ്ണു തുറന്ന് കിടക്കും.
പിന്നെ ഒന്നാമത്തെ പടിയിൽ നിന്നൊരു കാലടി ശബ്ദം കേൾക്കും...
ആ ശബ്ദം ഇരുപത്തിനാല് പടവുകൾ കയറി മുറ്റത്തെത്തി ഉമ്മറത്തെ ചവിട്ടിയിൽ കാലുരച്ച് തിണ്ണയിലേക്ക്....
അതിനു ശേഷം ആ പഴയ ബഞ്ചിൽ ആളിരിക്കുമ്പോഴുണ്ടാകുന്ന ഞരക്കം!
പിന്നെ നിശബ്ദതയാണ്... നായ്ക്കളുടെ ഓരിയിടൽ പോലും നിലച്ചിരിക്കും..!
ആദ്യമൊക്കെ കേട്ടവരൊക്കെ ഈ കഥ പുച്ഛിച്ചു തള്ളിയെങ്കിലും പതിയെപ്പതിയെ ഓരോരുത്തരായി വിശ്വസിച്ചു തുടങ്ങി..
അതിനൊരു കാരണമുണ്ട്.. എന്റെ വല്യമ്മച്ചി!!!
വല്യമ്മച്ചി ആളൊരു ധൈര്യശാലിയായിരുന്നു. ഇപ്പറയുന്നതൊക്കെ തെറ്റാണെന്ന് തെളിയിക്കാൻ ഒരു ദിവസം ഞങ്ങളുടെ വീട്ടിൽ ഉറങ്ങാമെന്ന് വല്യമ്മച്ചി സ്വയം തീരുമാനിച്ചു.. സന്ധ്യാപ്രാർത്ഥനയും അത്താഴവും കുറച്ചു കൊച്ചുവർത്തമാനങ്ങളും കഴിഞ്ഞ് എല്ലാവരും ഉറങ്ങാൻ കിടന്നു.. റൂമിൽ ഉറങ്ങാൻ നിർബന്ധിച്ചിട്ടും വല്യമ്മച്ചി ഹാളിൽ തന്നെ കിടന്നു.
"എന്നെയാരാ പിടിച്ചു വിഴുങ്ങുന്നേന്നൊന്നു കാണണല്ലോ" എന്നൊരു മറുപടിയും തന്നു.
രാത്രി....
ക്ലോക്കിൽ മണി പന്ത്രണ്ടടിച്ചു....
നായ്ക്കൾ ഓരിയിട്ടു തുടങ്ങി....
പടവുകൾ കയറിയെത്തുന്ന കാലടികൾ....
ബഞ്ചിന്റെ ഞരക്കം...
രാവിലെ എല്ലാവരും ഉണരുന്നതിനു മുൻപേ വല്യമ്മച്ചിയുണർന്നു.
"എടീ കൊച്ചേ... ഞാനങ്ങ് പോയേക്കുവാ..."
പിന്നീടൊരിക്കലും സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ വല്യമ്മച്ചി ആ വീട്ടിലിരുന്നിട്ടില്ലത്രേ...!
അന്ന് രാവിലെ നേരേ പോയത് എന്റെ വല്യ ചാച്ചന്റെ വീട്ടിലേക്കായിരുന്നു.
"എന്റെ ചാക്കോച്ചാ... അവര് പറഞ്ഞപ്പോ ഞാനങ്ങ് വിശ്വസിച്ചില്ലാട്ടോ... പക്ഷേ രാത്രീല് ആ ഒച്ചയൊക്കെ കേട്ടപ്പോ ഞാനാകെ മരവിച്ചു പോയി.... പൊതപ്പെടുത്ത് തല മൂടാൻ പോലും കൈ പൊങ്ങീല..."
ഏതായാലും ഈ സംഭവം നാട് മുഴുവൻ പരന്നു.
പിന്നെ വികാരിയച്ചന്റെ പ്രാർത്ഥന!
വാതിൽക്കൽ കുരിശു രൂപം പ്രതിഷ്ഠിക്കൽ!
പള്ളിയിലെ വീഞ്ഞും ആനാംവെള്ളവും വീടിനു ചുറ്റും തളിക്കൽ!
ഇങ്ങനെ പല പല കലാപരിപാടികൾ നടത്തിയിട്ടും ആ പ്രേതം ദിവസവും വന്നും പോയും കൊണ്ടിരുന്നതിനാൽ ഞങ്ങൾ വേറെ വീട്ടിലേക്ക് താമസം മാറ്റി.
വർഷങ്ങൾക്കുശേഷം എന്റെ പേരപ്പനും കുടുംബവും ആ വീട്ടിൽ താമസിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു...
" കൊല്ലമിത്രേം കഴിഞ്ഞില്ലേ? പ്രേതത്തിനൊക്കെ വയസായിട്ടുണ്ടാവും"
പേരപ്പൻ ഉറക്കെ ചിരിച്ചു. ഏതോ മനുഷ്യൻ മനപൂർവം പേടിപ്പിക്കാൻ ചെയ്തതാണ് എന്നായിരുന്നു പേരപ്പന്റെ വാദം...
വീട് നന്നാക്കി താമസിക്കാൻ തുടങ്ങിയ ആദ്യ ദിവസം തന്നെ പേരപ്പന്റെ മകൻ അർദ്ധരാത്രി മൂത്രമൊഴിക്കാൻ വെളിയിലിറങ്ങിയപ്പോൾ എന്തോ കണ്ട് പേടിച്ച് ബോധം കെട്ടുവീണു... ആറടിയിലേറെ പൊക്കമുള്ള ഒരു രൂപം കണ്ട് പേടിച്ചു എന്നാണ് ബോധം വന്നപ്പോൾ പറഞ്ഞത്...
അർദ്ധ രാത്രിയിലെ കലാപരിപാടി ഇപ്പോഴും തുടരുന്നെന്ന് പറഞ്ഞ് പേരപ്പനും കുറച്ചു നാൾ കഴിഞ്ഞ് ആ വീടുവിട്ടു...
ഞാൻ കണ്ടിട്ടൊരുപാട് കാലമായെങ്കിലും ഇപ്പോഴുമുണ്ട് ആ വീട്... മറ്റൊരു ഭാർഗവീ നിലയം പോലെ!!!
ഇതിലെ യുക്തി എന്താണെന്ന് എനിക്കിപ്പോഴും അറിയില്ലെങ്കിലും ചെറുപ്പം മുതൽ ഞാൻ കേട്ടു വളർന്നതാണീ കഥ.. ഇടക്ക് യുക്തിവാദം നടത്തുമ്പോൾ അമ്മ പറയും
"എങ്കിൽ നീയൊരു ദിവസം ആ വീട്ടിലുറങ്ങിയൊന്ന് തെളിയിക്ക് "
അതു കേട്ടാൽ പിന്നെ ഞാനവിടുന്ന് മുങ്ങും.
വെറുതെയെന്തിനാ ഒരു പരീക്ഷണം!!!
-ജിസ്-