കേരളത്തിലെ ആലപ്പുഴ ജില്ലയിലെ തകഴിക്കടുത്തുള്ള കരുമാടി എന്ന ഗ്രാമത്തിലെ പ്രസിദ്ധമായ ബുദ്ധപ്രതിമയാണ് കരുമാടിക്കുട്ടൻ. കരുമാടിത്തോട്ടിൽ വളരെക്കാലമായി അറിയപ്പെടാതെ കിടന്നിരുന്ന വിഗ്രഹം സംരക്ഷിച്ചെടുത്തത് സർ റോബർട്ട് ബ്രിസ്റ്റോ ആയിരുന്നു.
കേരളത്തിൽ ബുദ്ധമതം വളരെ പ്രചാരം നേടിയിരുന്നു എന്നും, അത് സജീവമായിരുന്ന കാലത്തിന്റെ തെളിവായിട്ടാണ് പല ചരിത്രകാരന്മാരും ഇതിനെക്കാണുന്നത്. ദലൈ ലാമ കരുമാടിക്കുട്ടൻ സന്ദർശിക്കുകയും അതിന്റെ സംരക്ഷണത്തിനായി ഏർപ്പാടുകൾ ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിൽ അപൂർവ്വം ബുദ്ധപ്രതിമകളിലൊന്നായ കരുമാടിക്കുട്ടനെ പുരാവസ്തുവകുപ്പ് ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ
പരിഗണനയൊന്നും ഇതിനു ലഭിച്ചിട്ടില്ല.
ചെമ്പകശേേരി രാജാവിന്റേയും ചീപ്പഞ്ചിറ മൂപ്പിലാന്മാരുടേയും അമ്പനാട്ടു പണിക്കരുടേയും എന്നു വേണ്ട പുതിയ ബ്രാഹ്മണരുടേയും ആരാധനമൂർത്തി ബൗദ്ധവിഗ്രഹങ്ങൾ ആയിരുന്നു. എന്നാൽ വില്വമംഗലം സ്വാമിയാർ എന്ന ഹിന്ദു നവോത്ഥന നായകൻ ഇതിനു തടസ്സമായി. തന്റെ പൂർവ്വികന്മാർ ആരാധിച്ചിരുന്ന വിഗ്രഹത്തെ നശിപ്പിക്കുന്നതിൽ രാജാവിനു എതിരുപ്പുണ്ടായിരുന്നു എങ്കിലും ശൈവ സന്യാസിമാരുടേയും പട്ടാളത്തിന്റെയും മുഷ്ക്കിൽ അതൊന്നും വിലപ്പോയില്ല. കുമാരിലഭട്ടന്റേയും ശിഷ്യനായ സംബന്ധമൂർത്തിയുടേയും ശ്രീശങ്കരാചാര്യരുടെ നേതൃത്വത്തിൽ നടന്ന ഹൈന്ദവീകരണത്തിൽ പിടിച്ചു നിൽകാൻ ബുദ്ധഭിക്കുകൾക്കായില്ല. നിരവധി സ്ഥലങ്ങളിൽ ബലപ്രയോഗം മൂലം ക്ഷേത്രം ശൈവർ പിടിച്ചെടുത്തു. അവശേഷിച്ച ചില ബുദ്ധ സന്യാസിമാർ തോട്ടാപ്പിള്ളിയിലെ ക്ഷേത്രത്തിൽ നിന്ന് വിഗ്രഹം കാവില്പാടത്ത് ഉണ്ടായിരുന്ന ബുദ്ധ സന്യാസികളുറ്റെ മഠത്തിൽ സ്ഥാപിച്ചു. എന്നാൽ ശൈവ ശക്തി അവിടേയും വിഘാതമായി. വിഗ്രഹം അവർ നശിപ്പിച്ച് അടുത്തുള്ള പാടത്ത് നിർമ്മാർജ്ജനം ചെയ്തു. പകരം ക്ഷേത്രത്തിൽ ശിവലിംഗം സ്ഥാപിക്കുകയും ചെയ്തു. അവർ ഈ വിഗ്രഹത്തെ കരുമാടി കുട്ടൻ എന്നു വിളിക്കുകയും ചെയ്തു.
വളരെകാലം വരെ ഇത് അജ്ഞാതമായി കിടക്കുകയായിരുന്നു. പിന്നിടാരോ ഇത് കണ്ടെടുത്ത് ഒരു പീഠത്തിലിരുത്തുകയും ചെയ്തു കരുമാടിത്തോട്ടിൽ വളരെക്കാലമായി അറിയപ്പെടാതെ കിടന്നിരുന്ന ഈ വിഗ്രഹം പിന്നീട് സംരക്ഷിച്ചെടുത്തത് സർ റോബർട്ട് ബ്രിസ്റ്റോ ആയിരുന്നു. അദ്ദേഹം ഒരു സ്തൂൂപം പണീയുകയും വിഗ്രഹം അവിടെ സ്ഥാപിക്കുകയും ചെയ്തു. അടുത്തു താമസമാക്കിയിട്ടുള്ള നാട്ടുകാർ കരുമാടിക്കുട്ടന് കന്നുകാലികളിലും കുട്ടികളിലും കണ്ടുവരുന്ന് ചിലരോഗങ്ങൾ മാറ്റാൻ ശേഷിയുണ്ടെന്ന് വിശ്വസിച്ച് നിവേദ്യങ്ങൾ അർപ്പിക്കുക പതിവാക്കി. ക്രിസ്ത്യാനികളും സന്യാസിനികളും മെഴുകുതിരികൾ കത്തിച്ചിരുന്നു. എന്നാൽ പൂജയോ നിത്യാചാരങ്ങളോ ചെയ്തിരുന്നില്ല. പിന്നീട് 20 നൂറ്റാണ്ടിലാണ് പുരാവസ്തുകേന്ദ്രത്തിന്റെ ശ്രദ്ധ ഇവിടെ പതിയുന്നത്.
2014-മെയ്-14-ന് കരുമാടിക്കുട്ടൻ സ്മാരകത്തിന്റെ അയൽ വാസിയായ രാജപ്പൻ പിള്ള, തന്റെ കുടുംബത്തിൽ തലമുറകളായി കൈമാറിവന്ന ഒടിഞ്ഞു പോയ കൈയ്യുടെ കഷണം പുരാവസ്തുവകുപ്പിന് കൈമാറി. ഇത് കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുണ്ട്.എന്നാൽ
കരുമാടിക്കുട്ടൻ ഒരു ജൈനപ്രതിമയാണെന്നു കെ.പി പദ്മനാഭമേനോൻ അഭിപ്രായപ്പെടുന്നു.
ഈ പ്രതിമയുടെ നിർമ്മാണ കാലം AD എട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലായിരിക്കാമെന്നു ഗോപാലകൃഷ്ണനും ,എ.ഡി 700 ആകാമെന്നു ശ്രീധരമേനോനും ഊഹിക്കുന്നു.കരുമാടിക്കുട്ടനെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങൾ പ്രചരിച്ചിട്ടുണ്ട്.
ചെമ്പകശ്ശേരി രാജാവിന്റെ ഉത്കർഷത്തിൽ അസൂയമൂത്ത ചെങ്ങണൂർ ഗ്രാമത്തിലെ ബ്രാഹ്മണർ രാജാവിനേയും നാട്ടുകാരെയും നശിപ്പിക്കാനായി അയച്ച ദുർദ്ദേവതകളിലൊന്നിലെ കാമപുരം ക്ഷേത്രത്തിൽ ദേവി പിടികൂടി ശിലയാക്കിത്തീർത്തതത്രെ.
വില്വമംഗലം സ്വാമിയാർ അതുവഴി പോകുന്ന സമയത്ത് ഒരു പുലയൻ അദ്ദേഹത്തെ തീണ്ടിയെന്നും അദ്ദേഹം ശപിച്ച് ഇക്കാണുന്ന ശിലയാക്കിത്തീർത്തുമെന്നുമാണ് മറ്റൊരു കഥ.
കാമപുരം ക്ഷേത്രത്തിലെ ഉത്സവകാലത്ത് അമ്പലത്തിലെ ഉരുളി മോഷ്ടിച്ച ഒരു പുലയനെ ദേവൻ കല്ലാക്കിയതാണത്രെ.
ആദിചേരരാജാക്കന്മാരുടെ തലസ്ഥാനം കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴയായിരുന്നു. അക്കാലത്തെ ചേരരാജാക്കന്മാരെ കുട്ടുവർ, കുട്ടവൻ, കുട്ടൻ എന്നും മറ്റും വിശേഷിപ്പിച്ചിരുന്നു. ഇവർ മിക്കവരും വാർദ്ധക്യകാലത്ത് സംന്യാസം സ്വീകരിക്കുകയും പലരും ബുദ്ധഭിക്ഷുക്കളായിത്തീരുകയും അർഹതസ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. പലരുടേയും പേരിൽ ബുദ്ധവിഹാരങ്ങൾ പണിതിരുന്നു. അങ്ങനെയാണ് കുട്ടൻ എന്ന പേരിലുള്ള ബുദ്ധപ്രതിമയുണ്ടാവാനുള്ള കാരണം ബ്രാഹ്മണാധിനിവേശകാലത്ത് കരുമാടിക്കുട്ടനുൾപ്പെടെയുള്ള വിഗ്രഹങ്ങൾ പലതും നദികളിൽ എറിയപ്പെട്ടു.
സാധാരണ ബുദ്ധവിഗ്രഹങ്ങളുടേതു പോലെ പത്മാസനത്തിൽ നിവർന്ന്, ധ്യാനനിരതനായി, ഇടതുകൈയുടെ മുകളിൽ വലതു കൈ മലർത്തിവച്ച്, ആ കൈകൾ പാദങ്ങളിൽ സ്ഥാപിച്ചിട്ടുള്ള രീതിയിലാണ് കരുമാടിക്കുട്ടന്റെ പ്രതിമ. എന്നാൽ ഇടതുകയും ഇടതുകാലിന്റെ കുറച്ചു ഭാഗങ്ങളും നഷ്ടമായിട്ടുണ്ട്.ഇത് ആനയെ ഉപയോഗിച്ച് ഉയർത്തിയപ്പോൾ ഒടിഞ്ഞുപോയതാണെന്നും ബ്രിട്ടീഷുകാരുടെ ആക്രമണകാലത്ത് സംഭവിച്ചതാണെന്നും അതല്ല ബ്രാഹ്മണാധിപത്യക്കാലത്ത് വിഗ്രഹങ്ങൾ നശിപ്പിച്ച കൂട്ടത്തിൽ സംഭവിച്ചതാണെന്നുമെല്ലാമാണ് കരുതുന്നത്.