ആത്മാവിനേക്കുറിച്ചും ആത്മീയതയേക്കുറിച്ചും കേള്‍ക്കാത്തവരും ചിന്തിക്കാത്തവരുമായി ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വിശേഷിച്ചും പൗരസ്ത്യ രാജ്യങ്ങളിലെ ജനങ്ങള്‍ ഈ കാര്യങ്ങളില്‍ ഏറെ താത്പര്യമുള്ളവരാണ്. എന്നാല്‍ എന്താണ് ആത്മാവ്, എന്താണ് ആത്മീയത എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഒരു സമവായത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. എവിടെയാണ് ആത്മാവിന്റെ ഇരിപ്പിടം? ശരീരത്തിന് വെളിയില്‍ അതിനൊരു സ്ഥാനമുണ്ടാ? ശരീരത്തേപ്പോലെ ആത്മാവിനും മരണമുണ്ടോ? അതോ മനുഷ്യ മസ്തിഷക്ക പ്രവര്‍ത്തനങ്ങളുടെ സൃഷ്ടി മാത്രമാണോ ആത്മാവ്. ആത്മാവ് എന്ന് ആശയത്തിന്റെ വിവിധ സമീപനങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
ആത്മീയത എന്നാല്‍ മനുഷ്യനെ ദൈവത്തിന്റെ ഛായയിലേക്ക് പുനര്‍നിര്‍മിക്കുകയാണെന്നാണ് സെമറ്റിക് പാരമ്പര്യമുള്ള മതങ്ങള്‍ പറയുന്നത് . എന്നാല്‍ ആത്മീയതയെ ദൈവസങ്കല്‍പത്തിന് വെളിയിലാണ് ഭാരതീയ പാരമ്പര്യം നിരീക്ഷിക്കുന്നത്. കാലാകാലങ്ങളില്‍ ആത്മീയതയുടെ നിര്‍വചനങ്ങള്‍ക്ക് മാറ്റമുണ്ടായിട്ടുണ്ട്. ആത്മാവിനെ സംബന്ധിക്കുന്നതാണ് ആത്മീയത എന്ന് സാമാന്യമായി പറയാം. ശ്വാസം, ധൈര്യം, മനസ് എന്നെല്ലാം അര്‍ഥമുള്ള spiritus‘ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് സ്പിരിറ്റ് അഥവാ ആത്മാവിന്റെ പിറവി.
പല മതങ്ങളിലും തത്വചിന്തയിലും ജീവികളുടെ അഭൗതികമായ അംശമാണ് ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നു. മിക്ക മതങ്ങളിലും ആത്മാവിന് ഭൗതിക ശരീരത്തേക്കാള്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ജീവികളില്‍ മനുഷ്യന് മാത്രമേ ആത്മാവുള്ളു എന്ന് കരുതുന്ന മതവിശ്വാസികളാണ് ഭൂരിപക്ഷം. ആത്മാവ് അനശ്വരമാണെന്നാണ് ആത്മാവിന്റെ സ്വതന്ത്രനിലനില്‍പില്‍ വിശ്വസിക്കുന്നവര്‍ കരുതുന്നത്. ഒരാളുടെ ബോധവും വ്യക്തിത്വവും ഉള്‍ക്കൊള്ളുന്ന മനസ്, ആത്മം എന്നീ ആശയങ്ങളുമായി സാമ്യമുള്ള ഒന്നാണ് ആത്മാവ് എന്നാണ് സങ്കല്‍പം. മരണത്തിനു ശേഷവും ആത്മാവ് നിലനില്‍ക്കുമെന്നാണ് പൊതുവെ ദൈവവിശ്വാസികള്‍ കരുതുന്നത്. ദൈവമാണ് ആത്മാവിനെ സ്യഷ്ടിക്കുന്നത് എന്നാണ് ചില മതങ്ങള്‍ പറയുന്നത്. ചില സംസ്‌ക്കാരങ്ങള്‍ മനുഷ്യനു മാത്രമല്ല ചേതനവും അചേതനവുമായ എല്ലാ വസ്തുക്കള്‍ക്കും ആത്മാവുണ്ടെന്ന് വിശ്വസിക്കുന്നു.
ആത്മാവ് അനശ്വരമാണ് എന്ന വിശ്വാസം മതങ്ങളുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. പുനര്‍ജന്‍മം, മോക്ഷം എന്നിവ ആത്മീയവാദികളുടെ പ്രധാന ആശയങ്ങളാണ്. അവര്‍ ജീവിതത്തെ ഭൗതികം, ആത്മീയം എന്നിങ്ങനെ രണ്ടായിട്ടാണ് കാണുന്നത്. ശരീരത്തിന്റെ ആവശ്യങ്ങളെ ഭൗതികമെന്നും മനസ്സിന്റെ ആശയങ്ങളെ ആത്മീയമെന്നുമാണ് ഈ തരംതിരിവ്. ഗര്‍ഭസ്ഥ ശിശുവിന് നാലാം മാസത്തിലാണ് ആത്മാവ് ലഭിക്കുന്നതെന്ന് ചില മതങ്ങള്‍ പഠിപ്പിക്കുമ്പോള്‍ എപ്പോഴാണ് ഒരു വ്യക്തിക്ക് ആത്മാവ് ലഭിക്കുന്നത് എന്ന് മറ്റു ചില മതങ്ങള്‍ പറയുന്നില്ല. ആത്മാവ് എന്ന ആശയത്തെ അംഗീകരിക്കാത്ത മതങ്ങളുമുണ്ട്. അതു കൂടാതെ ദൈവത്തേയും ആത്മാവിനെയൊന്നും വിശ്വസിക്കാത്ത ഭൗതികവാദികള്‍ 90 കോടിയിലധികവുമാണ്.(കടപ്പാട് )