A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഈ ലോകം എന്താണ് ഇങ്ങനെ മാറിക്കൊണ്ടിരിയ്ക്കുന്നത് ? ഇതെവിടെ വരെ മാറും ??

ചുരുളഴിയ്ക്കാൻ കഴിയാത്ത ഒരു രഹസ്യമാണിത്.

ഈ ലോകം എന്താണ് ഇങ്ങനെ മാറിക്കൊണ്ടിരിയ്ക്കുന്നത് ?
ഇതെവിടെ വരെ മാറും ??
ഇടക്കിടെ കെഎസ്ഇബി എട്ടിൻറെ പണി തരും..
അന്ന് കറിയ്ക്കരക്കലും വെള്ളം കോരലും തുണിയലക്കലുമായി മനുഷ്യൻറെ നടുവൊടിയും.
എന്ന് എന്റെ സുഹൃത്ത് എഴുതിയിരിയ്ക്കുന്നു.
ഇപ്പറഞ്ഞ മൂന്നു കാര്യവും സില്ലി മാറ്റേഴ്‌സാണ്.
എന്നാണ് എന്റെ അഭിപ്രായം.

അത്യന്താധുനിക യന്ത്ര യുഗത്തിൽ മനുഷ്യൻ എത്രത്തോളം ഹതാശനാവുന്നു, അബലനും ചപലനും ആവുന്നു, എന്നതിന് ഉദാഹരണം മാത്രം.
വല്ലാത്തൊരു കാലഘട്ടത്തിലാണ് നാമെല്ലാവരും ജനിച്ചു ജീവിയ്ക്കുന്നത്.
കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ലോകം മാറി മറിഞ്ഞു കൊണ്ടേയിരിയ്ക്കുകയാണ്.
വൈദ്യുതി കണ്ടു പിടിയ്ക്കുന്നതിനു മുമ്പ്, ജനിച്ചു ജീവിച്ച്‌ വന്ന ആളാണ് ഞാൻ.
അതിനു ശേഷം ഇക്കാലത്തിനിടയ്ക്ക് എന്തെല്ലാം വന്നു !
ആരും എന്റെ കഴുത്തിന് കുത്തിപ്പിടിയ്ക്കാൻ വരണ്ട.
അത് എവിടെയോ കണ്ടു പിടിച്ചു, എവിടെയൊക്കെയോ ഉപയോഗിച്ചിരുന്നു.
എന്നെ സംബന്ധിച്ച്, എന്നെ സംബന്ധിച്ച് മാത്രം, വൈദ്യതി കണ്ടു പിടിയ്ക്കുന്നതിനു മുമ്പ്, ജനനം മുതൽ ഇരുപത്തേഴു വയസ്സുവരെ ജീവിച്ച ആളാണ് ഞാൻ.
ഞങ്ങളുടെ നാട്ടിൽ മണ്ണെണ്ണ വിളക്കിനേക്കാളും പ്രകാശമുള്ള ഒരേയൊരു സാധനം സൂര്യനായിരുന്നു.
പിന്നെ കല്യാണം മുതലായ ഏർപ്പാടുകൾ നടക്കുന്ന വീടുകളിൽ പെട്രോമാക്‌സ് വെളിച്ചം വിതറുന്നത് കാണാനായി.
കോലായിൽ വീഴുന്ന നിഴലിന്റെ നീളം നോക്കിയാണ് ഞങ്ങൾ രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ടിരുന്നത്.
ഇന്നിപ്പോൾ എന്റെ വീട്ടിൽ എത്ര വാച്ചും ക്ളോക്കും ഉണ്ട് ?
പറയാൻ കഴിയില്ല.
ഞാൻ പത്താം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് ഞങ്ങളുടെ ഗ്രാമത്തിലെ റോഡിലൂടെ സ്‌കൂളുള്ള ഗ്രാമത്തിലേക്ക് ബസ്സോടിയത്.
അറിയാമോ, പത്താം ക്ലാസ്സു കഴിഞ്ഞു കിട്ടിയ ടി.സി. കൗണ്ടർ സൈൻ ചെയ്തു തരാൻ അധികാരമുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്റെ സ്‌കൂളിൽ നിന്നും 125 കിലോമീറ്റർ അകലെയായിരുന്നു.
ബാറ്ററി "കണ്ടു പിടിച്ചത്" എനിയ്ക്ക് പതിനാറു വയസ്സുള്ളപ്പോഴാണ്.
അബൂട്ടിക്കയുടെ പലചരക്ക് കടയിൽ.
ആ സാധനവും അതിനു മുമ്പ് തന്നെ എവിടെയോ കണ്ടു പിടിച്ചു എവിടെയൊക്കെയോ ഉപയോഗിച്ചിരുന്നു.
എന്നെ സംബന്ധിച്ച്, എന്നെ സംബന്ധിച്ച് മാത്രം, എനിയ്ക്ക് പതിനാറു വയസ്സുള്ളപ്പോൾ എസ്‌ട്രേല ബാറ്ററിയും ജീപ്പ് പിച്ചള ടോർച്ചും കണ്ടു പിടിച്ചു.
അതിനു മുമ്പ് എന്റെ നാട്ടിൽ ആ സാധനം ഞാൻ കണ്ടിട്ടില്ല.
കറന്റ് വരുന്നതിനു മുമ്പ് ഫോൺ വന്നിരുന്നു.
ഞാൻ 20 വയസ്സുള്ളപ്പോഴാണ് ആദ്യമായി ഫോണിൽ സംസാരിച്ചത്.
അത് തന്നെ, നേരിട്ടല്ല.
പിന്നെ ??
അവറാച്ചൻ ചേട്ടൻ അത് ഒരാളെയും തൊടീച്ചിരുന്നില്ല.
ഫോണിൽ കേൾക്കുന്നത് ഇങ്ങോട്ടു പറയും.
മറുപടി നമ്മൾ അവറാച്ചൻ ചേട്ടനോട് പറയും.
അദ്ദേഹം അത് ഫോണിൽ പറയും.
അങ്ങനെ.....
പിന്നെ,
എനിയ്ക്ക് 21 വയസ്സായപ്പോഴാണ് വൈദ്യതി വെളിച്ചം വിതറുന്നതും ഫാൻ കറങ്ങുന്നതും ഞാൻ കണ്ടത്.
പിന്നെയും ആറ് കൊല്ലം കഴിഞ്ഞാണ് എന്റെ വിരൽ കൊണ്ട് എന്റേതായി ഞാൻ വൈദ്യുതിവെളിച്ചം പ്രസരിപ്പിയ്ക്കാനുള്ള സ്വിച്ചിൽ അമർത്തിയത്.
അത് വരെ, എഴുത്തും വായനയും അറിയാറായ പ്രായം മുതൽ, കേരളത്തിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചു എന്നൊക്കെയുള്ള വീരവാദങ്ങൾ, അതിന്റെ ആഘോഷങ്ങൾ, ഉദ്ഘാടനങ്ങൾ, അഭിനന്ദനങ്ങൾ, ഒക്കെ ഞാൻ കൊല്ലം കൊല്ലം പത്രത്തിൽ വായിച്ചിരുന്നു.
കുറ്റം പറയരുതല്ലോ, പത്രം വരുമായിരുന്നു.
ആഴ്ചയിലൊരിയ്ക്കൽ ഏഴെണ്ണം.
പക്ഷേ, ഈ വിടൽസ് വിടുന്ന ഞാനും കറന്റ് പോയാൽ അത് വരുന്നത് വരെ ചുമ്മാതിരുന്നിരുന്നു.
പിന്നെയാണ് എമർജൻസിയും ഇൻവെർട്ടറും ഇറങ്ങിയത്.
ഇന്നിപ്പോൾ നിങ്ങൾ ഇപ്പറഞ്ഞ സാധനമൊക്കെ, കമ്പ്യൂട്ടർ, ലാപ് ടോപ്, മൊബൈൽ ഫോൺ, ടാബ്‌ലെറ്റ്, ലാൻഡ് ഫോൺ, മോട്ടോർ, പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഡിഷ് വാഷർ, മിക്‌സി, ഫാൻ, ഫ്രിഡ്‌ജ്‌, കൂളർ, എയർ കണ്ടീഷണർ, ഹീറ്റർ, സോളാർ സിസ്റ്റം, ഇൻവെർട്ടർ, വമ്പൻ ഒരു ഗൃഹവ്യവസായശാലയ്ക്ക് വേണ്ട കപ്പാസിറ്റിയുള്ള ബാറ്ററി പായ്ക്ക്, കുഴൽക്കിണർ, രണ്ടു കാർ, രണ്ടു ടൂ വീലർ, ടിവി, കേബിൾ നെറ്റ്, വിവിധതരം അത്യന്താധുനിക പാചക ഉപകരണങ്ങൾ, പല തരം അടുപ്പുകൾ, റെഡി റ്റു ഈറ്റ് പാക്കറ്റുകൾ......................................ഇതൊക്കെ എന്റെ പക്കലും ഉണ്ട്.
ആദ്യത്തെ സിം കാർഡ് ഞാൻ വാങ്ങിയത് വെളുപ്പിന് മൂന്നു മണിയ്ക്ക് പോയി ഉച്ചയാകുന്നത് വരെ, പതിനൊന്നേകാൽ മണി വരെ, ക്യൂ നിന്നിട്ടാണ്.
ഇപ്പോൾ എനിയ്ക്ക് മാത്രം രണ്ടു സ്മാർട്ട് ഫോണും അഞ്ചാറു സിം കാർഡുകളും ഉണ്ട്.
എന്റെ വീട്ടിൽ ആകെ എത്ര ഫോണുണ്ട് എന്ന് കണക്കെടുത്തു വരുന്നതേയുള്ളൂ.
ആദ്യത്തെ തവണ ക്യാനഡയിലേയ്ക്ക് ഞാൻ വീഡിയോ കോൾ ചെയ്തപ്പോൾ അന്തം വിട്ടു പോയിരുന്നു.
ഇന്നിപ്പോൾ ലോകത്തിൽ ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും എനിയ്ക്ക് വീഡിയോ കോളോ അതിലും വലിയ കോളുണ്ടെങ്കിൽ അതോ വിളിയ്ക്കാം.
ഇപ്പോൾ പെട്ടിക്കടയിൽ നിന്നും ഒന്ന് മുറുക്കാനുള്ള വെറ്റിലയും പാക്കും വാങ്ങിയാൽ, അതിൽ ചുണ്ണാമ്പ് തേയ്ക്കുന്നതിന്റെ ഇടയ്ക്ക് എനിയ്ക്ക് അമ്പത് പൈസയുടെ കമ്പ്യൂട്ടർ പ്രിന്റ് ബില്ല് കിട്ടുന്നുണ്ട്.
ചന്ദ്രനിലേക്ക് ടൂർ പോരുന്നോ എന്ന് ഇന്നലെ ഒരുത്തൻ തമാശയ്ക്ക് വിളിച്ചു ചോദിച്ചിരുന്നു.
നാളെ രാവിലെ ചിലപ്പോൾ ബുക്കിംഗ് അഡ്വാൻസ് ബാങ്കിൽ അടയ്ക്കാൻ പറയും.
ഉള്ളത് പറയാമല്ലോ, ഇതൊന്നും നാളെ രാവിലെ വർക്ക് ചെയ്യുന്നില്ലെങ്കിൽ എനിയ്ക്കൊരു പരിഭ്രമവും ഇല്ല.
ഒന്നും കൂടി പറയാം, നിങ്ങൾ പ്രതീക്ഷിയ്ക്കുന്ന അത്ര പ്രായമൊന്നും, തൊണ്ണൂറോ അറുപതോ അമ്പതോ പോലും എനിയ്ക്കില്ല.
കുറച്ചൊരു അവികസിത പ്രദേശത്തു കഴിയാൻ ഇടയായത് കൊണ്ടാണ് ആഫ്രിക്കയിൽ നിന്നും ഇംഗ്ലണ്ടിലേയ്ക്കുള്ള പരിവർത്തനത്തിൽ ഭാഗഭാക്കാവാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായത്.
എന്നാലും ഈ വികസനം, നമ്മെ മോശക്കാരാക്കുകയാണ് ചെയ്തത്.
ഇപ്പോൾ എനിയ്ക്ക് എന്റെ ഫോൺ നമ്പർ പോലും ഓർമ്മയില്ല.
ചുരുളഴിയ്ക്കാൻ കഴിയാത്ത ഒരു രഹസ്യമാണിത്.
ഈ ലോകം എന്താണ് ഇങ്ങനെ മാറിക്കൊണ്ടിരിയ്ക്കുന്നത് ?
ഇതെവിടെ വരെ മാറും ??