21 നും 80 വയസ്സിനും ഇടയിലുള്ള ആരോഗ്യമുള്ള ആനകളിൽ കാണപ്പെടുന്ന ഒരു പ്രകൃതിജന്യ സ്വഭാവമാണ് മദം. 15 നും 20 നും ഇടയിലുള്ള 11 ആനകളിലും മദപ്പാട് കണ്ടിട്ടുണ്ട്, ഇതിനെ മോട അല്ലെങ്കിൽ അപക്വമദം എന്ന് പറയുന്നു. സാധാരണയായി 3 മാസം നീണ്ടുനിൽക്കുന്ന മദപ്പാട് കാലം എന്നാൽ പഠനകാലയളവിൽ ഒരു ആനയിൽ 5 മാസം നീണ്ടതായും കാണപ്പെട്ടു. തണുപ്പ് കാലത്താണ് മദപ്പാട് പൊതുവെ ഉണ്ടാകുന്നത്. മദത്തിലെ സ്വഭാവ വ്യതിയാനം അനുസരിച്ച് ഇതിനെ മൂന്നായി തിരിച്ചിരിക്കുന്നു.
1. മദത്തിനു മുമ്പ്
ഈ സമയത്ത് ആനയുടെ കന്നകുഴിയിൽ സ്ഥിതിചെയ്യുന്ന മദഗ്രന്ഥി വീർക്കാൻ തുടങ്ങുന്നു. ചെറിയ രീതിയിലുള്ള നനവ് ആ പ്രദേശത്ത് കാണുവാനും ആകും. ആദ്യകാലങ്ങൾ വരുന്ന ദ്രാവകം മദജലമല്ല അത് തവിട്ട് നിറത്തോടുകൂടിയതും കട്ടിയുള്ളതും രൂക്ഷഗന്ധമുള്ളതുമായ ഒന്നാണ്. ചിലപ്പോൾ ഈ കട്ടിയുള്ള ദ്രാവകം ആനയുടെ മദഗ്രന്ഥിയുടെ പുറത്തേയ്ക്കുള്ള സുഷിരത്തെ അടഞ്ഞരീതിയിൽ ആക്കാനും കാരണമാകുന്നു. ഇക്കാരണത്താൽ ആനകൾ തുമ്പികൈ കൊണ്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും കൂർത്ത വസ്തുക്കൾ കൊണ്ടോ കന്നം ചൊറിയുന്നത് കാണാം. ചില ആനകളിൽ ഒരു ശാസ്ത്രക്രീയ വഴിയോ അല്ലെങ്കിൽ നല്ല മർദ്ദം ഉപയോഗിച്ചോ ഈ കന്നക്കുഴിയിലെ ദ്വാരത്തെ തുറക്കേണ്ടാതായി വരുന്നു. മദത്തിന്റെ ഈ സമയത്ത് ജനനേന്ദ്രിയ ഭാഗം വീർത്തിരിക്കുന്നതായും സ്വയംഭോഗം ചെയ്യാനുള്ള പ്രവണത കാണിക്കുകയും ചെയ്യും. വളരെ നീളമുള്ള ജനനേന്ദ്രിയമുള്ള ആനകളുടെ ഈ ഭാഗത്തിന് തറയിൽ മുട്ടി മുറിവ് വരാതിരിക്കാൻ ചട്ടക്കാർ തുണി പോലുള്ളവ ഉപയോഗിച്ച് പരിരക്ഷിക്കേണ്ടതാണ്.
2. മദകാലം / അക്രമാസക്ത കാലം
ഘട്ടം 1 : കന്നത്തിൽ നിന്നുള്ള മദജലത്തിന്റെ ഒഴുക്ക് സാവധാനത്തിലും കട്ടികൂടിയതുമായിരിക്കും. യോനി ഭാഗികമായി തളർന്നതും സ്ഖലനം കുറവോ അല്ലെങ്കിൽ ഇല്ലാത്തതോ ആയിരിക്കും. ആനയുടെ സ്വഭാവം അച്ചടക്കമില്ലാതെയും ചട്ടക്കാരുടെ ആജ്ഞകൾ അനുസരിക്കാതെയും വരുന്നു. ചട്ടക്കാരുടെ ശബ്ദം അവരിൽ അക്രമാവസ്ഥ ഉളവാക്കുന്നു. ശരീര ഘടന വിസ്താരമായും അയവില്ലാതെയും പരുക്കനായും കാണപ്പെടുന്നു. തുമ്പിക്കൈ മുന്നോട്ട് പരമാവധി അയച്ച് പലതിനെയും കൈക്കുള്ളിൽ കിട്ടാൻ ശ്രമിക്കുന്നു. ചെവികൾ വിടർത്തി ശ്രവണ തല്പരത കാണിക്കുന്നു.
ഘട്ടം 2 : മദജലത്തിന്റെ ഒഴുക്ക് കണ്ണുനീരിന്റെ വേഗത്തിൽ ഒഴുകുന്നു. നീരിന് വെടിമരുന്നിന്റേതു പോലുള്ള തീഷ്ണവുമായ ഗന്ധം വളരെ ദൂരെ നിന്ന് തന്നെ അനുഭവിക്കുമാറാകുന്നു. ചില ആനകളുടെ കന്നക്കുഴി ചുമപ്പ് നിറത്തിൽ കാണപ്പെടുന്നു. സ്വഭാവം വളരെ ആക്രമണകാരിയായും തുമ്പിക്കൈ തറയിൽ അടിച്ച് ദേഷ്യസ്വഭാവം പ്രകടിപ്പിക്കുന്നതായും കാണപ്പെടുന്നു. കെട്ടുചങ്ങല മുന്നോട്ട് വലിച്ചും കഴിക്കാനോ കുടിക്കാനോ താൽപര്യക്കുറവ് കാണിക്കുകയും ചെയ്യുന്നു. വിശപ്പില്ലായ്മ്മ എന്ന കാരണം മൂലം ഉടമസ്ഥർ മുഖേന ആനയ്ക്ക് ഇഷ്ട്ടപ്പെട്ട പഴമോ തൈരും ചോറുമൊക്കെ കൊടുത്ത് പരിരക്ഷിക്കുന്നു.
ഘട്ടം 3 : ഈ ഘട്ടം ഏതാണ്ട് ഒരു മാസത്തോളം നിലനിൽക്കുന്നു. മദഗ്രന്ഥിയുടെ കനം കുറയുകയും നീരൊഴുക്കിന്റെ വേഗം സാവധാനത്തിലാവുകയും ചെയ്യുന്നു. ജനനേന്ദ്രിയം പുറത്താക്കി സാധാരണ പോലെ മൂത്രമൊഴിക്കാനും അക്രമാസക്ത അവസ്ഥ കുറഞ്ഞു ചട്ടക്കാരെ അനുസരിക്കാനും തുടങ്ങുന്നു.
3. മദത്തിനു ശേഷം
ഇതാണ് മദക്കാലത്തിലെ അവസാന ഭാഗം. മദഗ്രന്ഥി പൂർണ്ണമായും പഴയരൂപത്തിൽ ആകുകയും മദജലത്തിന്റെ ഒഴുക്ക് നിൽക്കുകയും ചെയ്യുന്നു. സ്വഭാവവും വിസ്സർജ്ജനവും സാധാരണപോലെ ആകുന്നു. എന്നിരുന്നാലും ആനയെ നീയന്ത്രിച്ച് നിർത്താനുള്ള ചങ്ങലയും മറ്റും നിർബന്ധമായും ധരിച്ചിരിക്കണം.
15 വയസ്സ് കഴിഞ്ഞു യവ്വനാരംഭമായ ഏതൊരാനയ്ക്കും മദം ഉണ്ടാകാം.