സ്ത്രീവിരുദ്ധതകളില്‍ ഏറ്റവും നീചമായി കണക്കാക്കേണ്ടത് കുഞ്ഞുങ്ങളെ പാലൂട്ടാനുള്ള മുലകൾക്ക് നികുതി കൊടുക്കണം എന്നുള്ളതായിരുന്നു. സവർണവിഭാഗത്തിൽപ്പെടുന്ന സ്ത്രീകളെ ഈ വിചിത്ര നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അടിസ്ഥാനവർഗത്തിൽപ്പെട്ട സ്ത്രീകൾക്ക് മാത്രം നൽകേണ്ടിയിരുന്ന ഈ നികുതിക്കെതിരെ പെൺമനസുകളിൽ രോഷം ആളിക്കത്തിയിരുന്നു.
മേൽവസ്ത്രം ധരിക്കാൻ പാടില്ല എന്ന ദുരാചാരം ഒരു സദാചാരമായിത്തന്നെ കുടുംബങ്ങളിൽ നടപ്പാക്കുവാൻ മുതിർന്ന സ്ത്രീകൾ തന്നെ ശ്രദ്ധിച്ചിരുന്നു. സി വി കുഞ്ഞിരാമന്റെ ഭാര്യ പകൽസമയത്ത് റൗക്കയിട്ടതിന് അവരുടെ അമ്മ തല്ലിയത് സദാചാരത്തിന്റെ വനിതാ പൊലീസായി സ്ത്രീകൾ പ്രവർത്തിച്ചുവെന്നതിന് തെളിവാണ്. ഭർത്താവിനോടൊപ്പം ചിലവഴിക്കേണ്ട രാത്രികാലങ്ങളിലായിരുന്നു അവർ മാറുമറയ്ക്കാനുള്ള വസ്ത്രം ധരിച്ചിരുന്നത്.
മേൽക്കുപ്പായവും ആഭരണവും ധരിക്കാൻ വേണ്ടി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കാലത്തുതന്നെ പരിശ്രമങ്ങൾ തുടങ്ങിയിരുന്നു. ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതിന് ആറാട്ടുപുഴ വേലായുധപ്പണിക്കർക്ക് സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്നു. ഉടുപ്പിടാൻ വേണ്ടി നടത്തിയ പെരിനാട് കലാപവും ആ കലാപഭൂമിയിൽ വച്ച് നഷ്ടപ്പെട്ടുപോയ ഗോപാലദാസും കീഴാളചരിത്രത്തിലെ പ്രധാന ഏടുകളാണ്. വെങ്ങാനൂരിൽ നിന്നും അയ്യങ്കാളി വില്ലുവണ്ടിയിൽ റൗക്കകളുമായി വന്നാണ് പെരിനാട് കലാപം വിജയകരമായി അവസാനിപ്പിച്ചത്.
ചേർത്തലയിലെ നങ്ങേലിയാണ് മുലക്കരത്തിനെതിരെ പ്രതിഷേധിച്ച് രക്തസാക്ഷിത്വം വരിച്ചത്. കരംപിരിക്കാൻ വന്ന സർക്കാർ ഉദ്യോഗസ്ഥന്റെ മുന്നിൽ നിലവിളക്ക് കത്തിച്ചുവച്ച് തൂശനിലയും ഇട്ടു. നങ്ങേലി സ്വന്തം മാറ് അരിവാൾകൊണ്ട് അറുത്ത് ആ ഇലയിൽ വയ്ക്കുകയും പിന്നോട്ട് മറിഞ്ഞുവീണ് മരിക്കുകയും ചെയ്തു. അവരുടെ ഭർത്താവ് കണ്ടൻ നങ്ങേലിയുടെ ചിതയിൽ ചാടി മരിച്ചു.
മനക്കേടം കേശവൻ വൈദ്യരുടെ വൈദ്യശാലയുടെ പിറകിലായിരുന്നു നങ്ങേലിയുടെ വീട്. കേരളചരിത്രത്തിൽ ചോരകൊണ്ടെഴുതിയ ഈ സംഭവം അവിടെയാണുണ്ടായത്. പിന്നീട് ഈ സ്ഥലം മുലച്ചിപ്പറമ്പ് എന്ന് അറിയപ്പെട്ടു. 1803ൽ ആയിരുന്നു ഈ സംഭവം. നങ്ങേലിയുടെ കൊച്ചുമകൾ ലീല ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. മുലച്ചിപ്പറമ്പ് ക്രമേണ മനോരമക്കവലയായി.
സ്ത്രീകളുടെ മാനം രക്ഷിക്കാൻ വേണ്ടി നങ്ങേലി ചെയ്ത ഈ ധീരപ്രവർത്തനത്തിന് സമാനതകൾ ഇല്ല. അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്നത് സേതു പാർവതിഭായി എന്ന സ്ത്രീയായിരുന്നിട്ടും മുലക്കരം നീക്കം ചെയ്തില്ല. ലോകത്തെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത ഈ നികുതിയും നങ്ങേലിയുടെ രക്തസാക്ഷി
ത്വവും ബ്രിട്ടീഷ് ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മൂലം തിരുനാൾ രാമവർമ രാജാവാണ് മുലക്കരം പിൻവലിച്ചത്.
സ്ത്രീശാക്തീകരണ ചരിത്രത്തിൽ ചോരച്ചിത്രമെഴുതിയ ഈ സംഭവം നടന്ന സ്ഥലത്ത് നങ്ങേലിയുടെ പ്രവൃത്തിയെ ആസ്പദമാക്കിയുള്ള ശിൽപ്പം സ്ഥാപിക്കണമെന്നാണ് പുരോഗമനവാദികൾ ആവശ്യപ്പെടുന്നത്. അഞ്ച് ചതുരശ്രമീറ്റർ സ്ഥലം മാത്രമേ ഇതിനാവശ്യമായിട്ടുള്ളൂ. നങ്ങേലിയുടെ ഈ ധീരപ്രവൃത്തിയെ ടി മുരളിയെന്ന ചിത്രകാരൻ കാൻവാസിലാക്കിയിട്ടുണ്ട്.
കടപ്പാട്: കുരീപ്പുഴ ശ്രീകുമാർ