A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ARPANET ( Advanced Research Projects Agency Network ) - ഇന്റർനെറ്റിന്റെ മുത്തച്ഛൻ

ARPANET ( Advanced Research Projects Agency Network ) - ഇന്റർനെറ്റിന്റെ മുത്തച്ഛൻ

ഇന്റർനെറ്റ് ഇന്ന് ഒരാവശ്യ വസ്തുപോലെ ആയിരിക്കുകയാണ് . വിവരങ്ങൾ വിരൽത്തുമ്പിലാക്കാനും , മനുഷ്യജീവിതം കൂടുതൽ സുഗമമാക്കാനും ഇന്റെർനെറ്റിന് കഴിഞ്ഞിട്ടുണ്ട് എന്നത് നിസ്തർക്കമായ വസ്തുതയാണ് . മണിക്കൂറുകൾ കാത്തുനിന്നു ലഭ്യമാകു മായിരുന്നു പല സേവനങ്ങളും ഇന്റർനെറ്റിന്റെ സഹായത്തോടെ ഞൊടിയിടകളിൽ ലഭ്യമാകുന്നത്
മനുഷ്യജീവിതത്തെ തെല്ലൊന്നുമല്ല സ്വാധീനിച്ചിട്ടുളളത് . നാം ഇപ്പോൾ കാണുന്ന രീതിയിലുള്ള ഇന്റർനെറ്റ് നിലവിൽ വന്നിട്ട് കാൽനൂറ്റാണ്ടിലേറെക്കാലമായി . ഈ കാലയളവിൽ ഇന്റർനെറ്റിന്റെ വളർച്ച അതിദ്രുതഗതിയിൽ ആയിരുന്നു . സാങ്കേതികമായി രണ്ടു കണക്കുകൂട്ടൽ യന്ത്രങ്ങൾ ( കംപ്യൂട്ടറുകൾ ) തമ്മിലുള്ള വിവര വിനിമയമാണ് ഇന്റർനെറ്റിന്റെ അടിസ്ഥാന തത്വം . ഈ അടിസ്ഥാന തത്വത്തിലൂന്നിയ കംപ്യൂട്ടർ ശ്രിൻഖലകൾക്ക് അരനൂറ്റാണ്ടിലേറെ ചരിത്രം ഉണ്ട് .
കമ്പ്യൂട്ടറുകളെ കോർത്തിണക്കിയ വിവരവിനിമയ ശ്രിൻഖലകൾ അരനൂറ്റാണ്ട് മുൻപ് തന്നെ യു എസ് ലും സോവ്യറ്റ് യൂണിയനിലും ഫ്രാൻസിലുമൊക്കെ താത്വികമായും പ്രായോഗികമായും ഉരുത്തിരിഞ്ഞു . സോവ്യറ്റ് ഗണിതജ്ഞനായ വിക്റ്റർ ഗ്ലുഷ്കോവ് OGAS എന്ന പേരുള്ള രാജ്യവ്യാപകമായ ഒരു കംപ്യൂട്ടർ ശ്രിൻഖലയാണ് വിഭാവനം ചെയ്തത് . ഭാരിച്ച പണച്ചെലവും ,സാങ്കേതിക ബുദ്ധിമുട്ടുകളും കാരണം ഗ്ലുഷ്കോവിന്റെ പദ്ധതി പൂർണമായും നടപ്പാക്കപ്പെട്ടില്ല . പക്ഷെ ഇന്നത്തെ സോഷ്യൽ മീഡിയയുടെ പ്രാൿരൂപങ്ങൾ പോലും ചെറിയ സോവ്യറ്റ് കമ്പ്യൂട്ടർ ശ്രിൻഖലകളിൽ നിലനിന്നിരുന്നു . ഫ്രാൻസിലും സമാനമായ ഉദ്യമങ്ങൾ നടന്നിരുന്നു . എന്നാൽ ഇപ്പോൾ കാണുന്ന ഇന്റർനെറ്റിന്റെ ശരിക്കുള്ള പിൻഗാമി അവതരിച്ചത് യു എസ് ലായിരുന്നു . ഇപ്പോഴത്തെ ഇന്റർനെറ്റിന്റെ ആധാരശിലകൾ പരീക്ഷിക്കപ്പെട്ട ARPANET ( Advanced Research Projects Agency Network ) ആയിരുന്നു ആ കംപ്യൂട്ടർ ശ്രിൻഖല.
--
ARPANET ( Advanced Research Projects Agency Network ) :
--
പാക്കറ്റ് സ്വിച്ചിങ് സാങ്കേതിക വിദ്യ ആദ്യമായി വിജയകരമായി പ്രാവർത്തികമാക്കിയ കംപ്യൂട്ടർ ശ്രിൻഖലകളിൽ ഒന്നാണ്ARPANET ( Advanced Research Projects Agency Network ). ഒരു എലെക്ട്രോണിക് ഉപകരണ നെറ്റ് വർക്കിലൂടെ വിവരങ്ങൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിക്കുന്നതിന് രണ്ടു രീതികൾ അവലംബിക്കാം . സർകൂട്ട് സ്വിച്ചിങ് , പാക്കറ്റ് സ്വിച്ചിങ് എന്നിവയാണ് അവ . സർകൂട്ട് സ്വിച്ചിങ് ൽ ഒരു വിവരം ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിക്കാൻ ആ രണ്ടിടങ്ങളും തമ്മിൽ സ്ഥിരമായ ഒരു വിനിമയ പഥം ,വിവരവിനിമയം നടക്കുന്ന സമയത്തു നിലനിൽക്കണം . പാക്കറ്റ് സ്വിച്ചിങിലാവട്ടെ വിവരത്തെ വിവര പാക്കെറ്റുകളായി വിഭജിച്ച ശേഷം എത്തേണ്ട ഉപകരണത്തിന്റെ വിവരങ്ങളും കൂടി ഉൾപ്പെടുത്തി ( അഡ്രസ് ) അയക്കുകയാണ് ചെയുന്നത് . ഈ പാക്കെറ്റുകൾ പല പഥങ്ങളിലൂടെ സഞ്ചരിച് ഒടുവിൽ എത്തേണ്ട ഉപകരണത്തിൽ എത്തിച്ചേരുകയും അവിടെവച്ചു കൂട്ടിച്ചേർക്കപ്പെട്ട് അയക്കപ്പെട്ട വിവരത്തെ പുനഃ സൃഷ്ടിക്കുകയും ചെയുന്നു . പാക്കറ്റ് സ്വിച്ചിങ് തത്വം അവലംബിക്കുന്നത് കൊണ്ട് മാത്രമാണ് കോടിക്കണക്കിനു കമ്പ്യൂട്ടറുകളും മറ്റു വിനിമയ ഉപകരണങ്ങളും ഉണ്ടായിട്ടുപോലും ഇന്റർനെറ്റിലൂടെ പ്രായോഗികമായ വിവരവിനിമയം സാധ്യമാകുന്നത് . ഇത് ഒരു ബെസ്ററ് എഫേർട്ട് (BEST EFFORT )രീതിയാണ് . പാക്കറ്റുകൾ ലക്ഷ്യത്തിലെത്തിക്കാൻ സംവിധാനം അതിനു കഴിയുന്ന രീതിയിൽ ശ്രമിക്കും . പക്ഷെ അയച്ച പാക്കറ്റുകൾ എത്തേണ്ടിടത് എത്തുമെന്ന് 100% ഉറപ്പു നൽകുന്നില്ല .
.
ഒരു സങ്കീർണമായ പ്രക്രിയ നടക്കണമെങ്കിൽ കൃത്യമായ നിയമങ്ങൾ വേണം . അത്തരം നിയമങ്ങളുടെ കൂട്ടത്തെയാണ് പ്രോട്ടോകോൾ (Protocol ) എന്ന് പറയുന്നത് . ഇന്റർനെറ്റ് പ്രവർത്തിക്കുന്നത് TCP/IP ( Transmission Control Protocol (TCP) and the Internet Protocol (IP)) എന്ന പ്രോട്ടോക്കോളിന്റെ ആധാരമാക്കിയാണ് . ഈ പ്രോട്ടോകോൾ ആദ്യമായി പ്രാവർത്തികമാക്കപ്പെട്ടത് അർപ്പനെറ്റിൽ ആണ്. ഇന്റർനെറ്റിന്റെ ആധാര ശിലകളായ പാക്കെറ്റ് സ്വിച്ചിങ് തത്വവും TCP/IP പ്രോട്ടോക്കോളും സമന്വയിച്ചിട്ടാണ് ARPANET നിർമ്മിക്കപ്പെട്ടത് . അതിനാൽ തന്നെയാണ് ARPANETനെ ഇപ്പോൾ കാണുന്ന ഇന്റർനെറ്റിന്റെ പിൻഗാമി ആയി കരുതുന്നത് .
-
യു എസ് പ്രതിരോധ വകുപ്പിന് കീഴിലുള്ള അഡ്വാൻസ്ഡ് റിസർച്ച് പ്രോജെക്ടസ് ഏജൻസി ( Advanced Research Projects Agency (ARPA) ) ആണ് ARPANET ഇന്റെ തത്വങ്ങൾ ആവിഷ്കരിക്കുകയും പ്രായോഗിക തലത്തിൽ കൊണ്ടുവരികയും ചെയ്തത് .ലിയോണിഡ് ക്ലെയിൻറോക്ക് ( Leonard Kleinrock ) പോൾ ബാരൻ ( Paul Baran ) എന്നിവരാണ് പാക്കറ്റ് സ്വിച്ചിങ്ങിന്റെ തത്വങ്ങൾ ആവിഷ്കരിച്ചത് .റോബർട്ട് കഹാൻ ( Robert Kahn ), വിൻഡ് സെർഫ് ( Vint Cerf)എന്നിവരാണ് TCP/IP പ്രൊട്ടോക്കോളിന്റെ ശിൽപ്പികൾ .ഫ്രഞ്ചുകാർ വികസിപ്പിച്ചുകൊണ്ടിരുന്ന സൈക്ലാഡ്സ് ( CYCLADES ) എന്ന കമ്പ്യൂട്ടർ ശ്രിൻഖലയുടെ പ്രവർത്തന തത്വങ്ങളും TCP/IP പ്രൊട്ടോക്കോളിന്റെ വികസനത്തിൽ പങ്കു വഹിച്ചു . ഇന്നേക്ക് നാല്പത്തി ഒൻപതു വര്ഷങ്ങള്ക്കു മുൻപ് 1969 ൽ ARPANET പ്രവർത്തന സജ്ജമായി . യു എസ് സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളെയും കോർത്തിണക്കി രണ്ടു പതിറ്റാണ്ട് ARPANET നിലനിന്നു . തൊണ്ണൂറുകളുടെ ആദ്യം നാം ഇപ്പോൾ കാണുന്ന ഇന്റർനെറ്റ് ഉദയം ചെയ്തു തുടങ്ങിയപ്പോൾ ARPANETപ്രവർത്തനം അവസാനിപ്പിച്ചു .
--
ചിത്രം : എഴുപതുകളിലെ ARPANETഇന്റെ വ്യാപനം : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
ref
1.http://theconversation.com/how-the-internet-was-born-from-t
2.https://www.livescience.com/20727-internet-history.html
3.https://www.livinginternet.com/i/ii_roberts.htm
4.https://www.livinginternet.com/i/ii_licklider.htm
--
This is an original work based on references. Nopart of it is copied from elsewhere-rishidas