ആനകളുടെ ചരിത്രത്തിൽ ആദ്യമായി വീരശ്രിംഖല ലഭിച്ച ഗുരുവായൂര്‍ പത്മനാഭൻ,കേശവനേക്കാളും മുമ്പുള്ള ഗജരാജന്‍ ആണ്.
ആനകളിൽ അപൂർവമായി മാത്രം കാണുന്ന 20 നഖം എന്ന വലിയ സവിഷേശതയ്ക്ക് ഉടമയായിരുന്നു പത്മനാഭൻ. കൊമ്പിനു ഭംഗിയും...'ആകാരഗാംഭീര്യംകൊണ്ടും ആകെപ്പാടെയുള്ള ആനച്ചന്തംകൊണ്ടും അതുല്യനായ പഴയ ഗുരുവായൂര് പത്മനാഭന് (ഗുരുവായൂര് കേശവന്റെയും കാരണവര്) അക്ഷരാര്ത്ഥത്തില് അരങ്ങുഭരിയ്ക്കുന്ന കാലഘട്ടത്തിലാണ് കേശവന്‍ വന്നത്.
പദ്മനാഭന്റെ ഉയരത്തിനെ സംബന്ധിച്ച് കേട്ടിട്ടുള്ളത് ആന വളരെ ഉയരം ഉണ്ടായിരുന്നതാണെന്നാണ്.എന്നാൽ പദ്മനാഭൻ 9.5(ഒമ്പതര) അടിയോളമേ ഉണ്ടായിരുന്നുള്ളൂ എന്നും കൂട്ടത്തിൽ വരുമ്പോളുള്ള നിറവുകൊണ്ടും ഇരിക്കസ്ഥാനത്തുനിന്നും വളരെയേറെ ഉയർന്നു നില്ക്കുന്ന തലക്കുന്നികൊണ്ടും അവന്റെ സ്വതസിദ്ധമായ നിലവുകൊണ്ടും 11 അടിയോളം ഉയരം തോന്നിച്ചിരുന്നതാണെന്നും പറയുന്നുണ്ട്. ഇടനീളം കുറവായിരുന്നതുകൊണ്ടും ഉയരം നല്ലപോലെ തോന്നുന്നതായിരിക്കാം. പദ്മനാഭന്റെ ലഭിച്ചിരിക്കുന്ന ഫോട്ടോകൾ വെച്ചുനോക്കിയാലും ഇത് തന്നെ ആവാനാണ് സാധ്യത.ഈ ലേഖനം എഴുതാനുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ലഭിച്ച ഒരു പേപ്പർ കട്ടിങ്ങിൽ 11 അടി 3 ഇഞ്ച് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാൻ ഇടയായി.അത് കേവലമൊരു അതിശയോക്തി ആവാനേ തരമുള്ളൂ.
ഗുരുവായൂർ വലിയ പദ്മനാഭനെ കുറിച്ച് കേട്ടിട്ടില്ലാത്തവർ വളരെ വിരളമാവും.എന്നാൽ ഗുരുവായൂരിൽ അങ്ങനെ ഒരു ആന ഉണ്ടായിരുന്നു എന്നല്ലാതെ പലർക്കും അധികം കഥകൾ ഒന്നും അറിയുമായിരിക്കില്ല.എന്നാൽ പലർക്കും അതെല്ലാം മന:പാഠവും ആവും.എന്തായാലും എല്ലാത്തരക്കാർക്കും വായിക്കാൻ ആ ഗജോത്തമന്റെ കഥ ഇവിടെ ചേർക്കുന്നു::-
ഗുരുവായൂരപ്പൻറെ ഭക്തനായ ചെറുകുന്നത്ത് നമ്പൂതിരി ആണ് പദ്മനാഭനെ ഭഗവാനു നടക്കിരുത്തുന്നത്.ആ കഥ ഇങ്ങനെ..സന്താനഭാഗ്യം ഇല്ലാതെ വിഷമിച്ച് കഴിഞ്ഞിരുന്ന ചെറുകുന്നത്തിനെ ഭഗവാന്റെ പരമ ഭക്തനും തൻറെ പുരാണ പാരായണം കൊണ്ട് പ്രസിദ്ധപ്പെട്ടവനുമായ ബ്രഹ്മശ്രീ കുഞ്ഞിക്കാവ് നമ്പൂതിരി ആശ്വസിപ്പിക്കുകയും ഗുരുവായൂരപ്പനെ സദാസമയം ഭജിക്കാനും ഭഗവാന് ഒരാനയെ നടക്കിരുത്താം എന്ന് നേരാനും ഉപദേശിച്ചു.അതുപ്രകാരം ചെറുകുന്നം ഗുരുവായൂരിൽ പോയി തികഞ്ഞ ഭക്തിയിൽ മുഴുകി ഭജന ഇരിക്കുകയും തനിക്കൊരു കുഞ്ഞിനെ തന്നാൽ ഭഗവാനു ഒരാനയെ തരാം എന്ന് വഴിപാട് നേരുകയും ചെയ്തു.
തത്ഫലമായി ഏറെ താമസിയാതെ ചെറുകുന്നത്തിനു ഭഗവാൻറെ കൃപാകടാക്ഷം കൊണ്ടും മനസ്സിലെ നന്മ കൊണ്ടും ഒരു ഉണ്ണിയെ കിട്ടുകയും വഴിപാടു പ്രകാരം ലക്ഷണയുക്തനായ ഒരു കുട്ടികൊമ്പനെ പദ്മനാഭൻ എന്ന് നാമകരണം ചെയ്ത് ഗുരുവായൂരിലേക്ക് നടക്കിരുത്തുകയും ചെയ്തു.
പദ്മനാഭൻ ഗുരുവായൂരിലേക്ക് എത്തുമ്പോൾ കേവലം ഒന്നോ രണ്ടോ ആനകളേ അവിടെ ഉണ്ടായിരുന്നുള്ളൂ.എന്നാൽ പിന്നീട് ചെറുകുന്നത്ത് സന്താനങ്ങൾ കൂടുന്നതിനനുസരിച്ച് ഭഗവാനു ആനകളും കൂടി എന്ന് പറയാം.
കാലക്രമേണ പദ്മനാഭൻ വളർന്നു ഒരു ഒത്ത ആനയായി മാറിയതോടെ കേരളത്തിലെ എറ്റവും പ്രധാനിയായ ആനയും അവൻ തന്നെ ആയി.ചെല്ലുന്നിടത്തെല്ലാം അവൻ തൻറെ മഹിമ വർദ്ധിപ്പിച്ചു.പങ്കെടുക്കുന്ന ഉത്സവങ്ങളിൽ എല്ലാം തിടമ്പ് പദ്മനാഭന് തന്നെ.ഒരു വേള മറ്റാനകൾക്ക് തിടമ്പ് കൊടുക്കുന്നത് പദ്മനാഭന് സഹിക്കില്ല എന്നും സംസാരം ഉണ്ടായിരുന്നു(അങ്ങനെ പറയാനേ നിവൃത്തിയുള്ളൂ,എന്നാൽ ആന മറ്റു മൃഗങ്ങളെ അപേക്ഷിച്ച് വിശേഷ ബുദ്ധി കൂടുതൽ ഉള്ള മൃഗം ആയതുകൊണ്ട് അങ്ങനെ വിശ്വസിച്ചാലും തെറ്റുപറയാൻ ഇല്ല).തിടമ്പ് കേറ്റികഴിഞ്ഞാൽ തൻറെ ശരീരം മുന്നോട്ടാഞ്ഞ് തല പറ്റാവുന്നിടത്തോളം ഉയർത്തി പിടിക്കുന്ന പദ്മനാഭനെ എത്ര വലിയ ആനകളുടെ കൂട്ടത്തിലും എടുത്ത് കാണാം.ലഭ്യമായവയിൽ പൂർണ്ണത്രയീശന്റെ തിടമ്പേറ്റി നിൽക്കുന്ന ആ ഒരൊറ്റ ചിത്രം മതി പദ്മനാഭൻറെ ആഭിജാത്യം മനസ്സിലാക്കാൻ.തിടമ്പ് ഇറക്കുന്നത് വരെയുള്ള ഈ നിൽപ്പ് ആ രാജകീയ പരിവേഷം ഊട്ടിയുറപ്പിച്ചു.
ഒരിക്കൽ പദ്മനാഭനെ തൃശ്ശൂരിൽ പ്രശസ്തമായ പെരുവനം പൂരത്തിന് എഴുന്നള്ളിച്ചു.പെരുവനം പൂരത്തിൻറെ പ്രത്യേകത ഏവർക്കും പരിചിതമാണല്ലോ.എല്ലാ ചമയങ്ങളോടും കൂടിയ 14 ആനകൾ 7 ആനകൾ വെച്ച് മുഖാമുഖം നിരന്നിട്ടാണ് എഴുന്നള്ളത്ത്.ഇതിൽ ഒരു ഭാഗത്ത് ഊരകത്തമ്മയെ ശിരസ്സിലേറ്റി പദ്മനാഭൻ നിന്നു.എതിർഭാഗത്ത് തിടമ്പേറ്റി നിൽക്കുന്നതോ, കൊമ്പന്മാരിൽ അദ്വിതീയനെന്നു പ്രസിദ്ധപ്പെട്ട സാക്ഷാൽ കിരങ്ങാട്ട് കേശവൻ!!എന്തോ കാരണവശാൽ കേശവനാനക്ക് ഒന്നും പിടിച്ചില്ല.പൊടുന്നനെ അവിടെ നിന്ന് തിരിഞ്ഞ ആന കൂട്ടാനകളെ ഒക്കെ പേടിപ്പിച്ചും കുത്തിയും ഓടിച്ചു.വലിയ ആനകൾ ഒന്നാകെ പേടിച്ച് ഓടിയപ്പോൾ ആ മതിൽക്കകത്ത് ഉണ്ടായ ബഹളം ഇന്നവിധം എന്ന് പറയാൻ വയ്യ.ആനക്കാർ ആനകളെ നിയന്ത്രിക്കാനാവാതെ ബുദ്ധിമുട്ടി.നിമിഷനേരം കൊണ്ട് മതിൽക്കകം ആളൊഴിഞ്ഞു.ഓടാതെ നിൽക്കുന്നത് രണ്ടേ രണ്ടാനകൾ.ഒന്ന് പദ്മനാഭനും പിന്നെ കേശവനും.ഊരകത്തമ്മയെ ശിരസ്സിലേറ്റിയ പദ്മനാഭൻ ഓടാതെ എന്നാൽ പ്രശ്നമുണ്ടാക്കാതെ മതിലിനോട് ചേർന്ന് നിന്നു.ഇത് കണ്ടതോടുകൂടി കേശവന്റെ കലി ഇരട്ടിച്ചു.കോപാന്ധനായ കേശവൻ ഉച്ചത്തിൽ ഗർജ്ജിച്ചുകൊണ്ട് പദ്മനാഭന് നേരെ പാഞ്ഞടുത്തു.എന്നാൽ ഈ സമയം പദ്മനാഭൻ ലവലേശം പേടിച്ചില്ല എന്ന് മാത്രമല്ല നിന്നിടത്ത് നിന്ന് അനങ്ങാതെ തയ്യാറായി തന്നെ നിലകൊണ്ടു.കേശവനാന അലറിക്കൊണ്ട് അടുത്തെത്തിയ സമയം പദ്മനാഭൻ ആകെപ്പാടെ മട്ടും ഭാവവും ഒന്ന് മാറ്റി ഉച്ചത്തിൽ വന്യമായി ഗർജ്ജിച്ചശേഷം തലകുലുക്കി വലിയ തുമ്പിക്കൈ ചുരുട്ടി നിലത്ത് തുടർച്ചയായി അഞ്ചാറ് തവണ അടിച്ചു.കുതിച്ച് വന്ന കേശവനു ഇതുകണ്ടതോടെ കാര്യം പിടികിട്ടി.പദ്മനാഭൻറെ മുന്നറിയിപ്പ് അവഗണിച്ചാലുണ്ടാവുന്ന പ്രത്യാഘാതത്തെ കുറിച്ച് ബോധ്യപ്പെട്ട കേശവൻ അതോടുകൂടി ആവേശം അടക്കി തിരിഞ്ഞ് പോയി.ഉടനെ തന്നെ ആനകളെ എല്ലാം നിയന്ത്രണത്തിൽ ആക്കുകയും പൂരം സമാധാനപരമായി നടത്തുകയും ചെയ്തു.
ആറാട്ടുപുഴ പൂരത്തിൽ വെച്ച് 1914ൽ എറ്റവും വലിയ കൊമ്പനായ ചെങ്ങല്ലൂർ രംഗനാഥനെ കുത്തിവീഴ്ത്തിയ അകവൂർ ഗോവിന്ദന്‍റെയും പത്മനഭാന്റെയും മറ്റൊരു കഥയും ഉണ്ട് :-
ഒരിക്കല്‍ എറണാംകുളത്ത് ഒരു ഉത്സവത്തിനു പദ്മനാഭൻ ചെന്ന സമയം.അവിടെ ആനകളെ എല്ലാം വലിയ ചിറയിൽ ഉള്ള ആനക്കടവിൽ ആണ് കുളിപ്പിക്കുക പതിവ്.ആനക്കാരൻ പദ്മനാഭനെയും കുളിപ്പിക്കാൻ കൊണ്ട് പോയി.ഈ സമയത്ത് വെള്ളത്തിൽ അകവൂർ ഗോവിന്ദൻ എന്ന് നാമധാരിയായ വലിയ കൊമ്പനും മറ്റൊരു വലിയ ഒറ്റക്കൊമ്പനും ഉണ്ടായിരുന്നു.അവയുടെ കുളി ഏറെക്കുറെ തീരാറും ആയിരുന്നു. ഈ വലിയ മത്തേഭങ്ങൾ കൂട്ടാനക്കുത്തിന് പേരു കേട്ടവയും എന്നാൽ അംഗസൗകുമാര്യം കൊണ്ട് കേമന്മാരും ആയിരുന്നു.മറ്റാനകളെ ഇവയ്ക്ക് ദേഷ്യമാണെങ്കിലും ആ രണ്ടാനകളും പ്രത്യേകമായ സൗഹൃദത്തോടെ ആണ് വർത്തിച്ചിരുന്നത്.അവയുടെ സ്വഭാവത്തെക്കുറിച്ച് നല്ല ബോധ്യമുള്ള ആനക്കാർ പദ്മനാഭൻ വരുന്നത് കണ്ട്,അവരുടെ ആനകളുടെ കുളി എതാണ്ട് കഴിയാറായിട്ടുമുണ്ടായിരുന്നത് കൊണ്ട്, അവൻറെ ആനക്കാരനോട് അല്പനേരം മാറ്റിനിർത്താമോ എന്ന് ചോദിച്ചു.എന്നാൽ അപ്പോളേക്കും പദ്മനാഭനും ആനക്കാരനും കടവിലേക്ക് എത്തിയിട്ടുണ്ടായിരുന്നു.കടവിലേക്ക് എത്തിയപ്പോളാണ് ആനക്കാരൻ ഇതൊക്കെ കണ്ടതും ഇപ്രകാരം കേട്ടതും ഒക്കെ.എന്നാൽ തൻറെ കയ്യിലുള്ളവനും മോശക്കാരൻ അല്ലെന്നുള്ള വിശ്വാസവും അയാൾക്കുണ്ടായിരുന്നു.ഇതൊക്കെ നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചു പോയി.പദ്മനാഭൻ വരുന്നത് കണ്ട ഒറ്റക്കൊമ്പൻ ചാടിയെണീറ്റു.ഇത് കണ്ടതോടെ അകവൂരാനയും എഴുന്നേറ്റു.ഈ രണ്ടു വലിയ ആനകളും പദ്മനാഭൻറെ നേർക്ക് ഒന്നിന് പിറകെ ആയി ഓടിയടുത്തുകൊണ്ടിരുന്നു.ഇത് കണ്ട് പരിഭ്രമിച്ച പദ്മനാഭൻറെ ആനക്കാരൻ തന്നെക്കൊണ്ടൊന്നും ഇനി ചെയ്യാനില്ലെന്നുറക്കുകയും എന്നാൽ പദ്മനാഭന്റെ ചങ്ങല അഴിച്ച് ഓടി മാറുകയും ചെയ്തു.എന്നാൽ ഈ വക ബഹളങ്ങൾ ഒന്നും പദ്മനാഭന് ഏശിയില്ല.അവൻ മുന്നോട്ടു തന്നെ നടന്നു.ഒറ്റക്കൊമ്പൻ ഓടി അടുത്തെത്തിയതും പദ്മനാഭൻ ആ ആനയുടെ കൊമ്പിൽ പിടുത്തമിട്ടു,താങ്ങി, ഒരു ഉന്തു കൊടുത്തു.അതോടു കൂടി ഓടി വന്ന ആനക്ക് നിലതെറ്റി അകവൂരാനയുടെ മേലേക്ക് വീണു.അതോടെ അകവൂരാനയും വീണു.ഈ രണ്ടാനകളും വെള്ളത്തിലേക്ക് തന്നെ മറിഞ്ഞു വീണ സമയം പദ്മനാഭൻ ഒന്നും സംഭവിക്കാത്ത മട്ടിൽ മറ്റൊരു വശത്തുകൂടെ വെള്ളത്തിലേക്കിറങ്ങി നിൽക്കുകയും വെള്ളം യഥേഷ്ടം എടുത്ത് കുളിക്കാനും ശരീരം തണുപ്പിക്കാനും ഒക്കെ തുടങ്ങുകയും ചെയ്തു.മറ്റാനകൾ കൂടുതൽ അക്രമത്തിനു മുതിരാതെ ഒതുങ്ങി. (അതേസമയം ഈ സംഭവം നടക്കുമ്പോൾ അകവൂരാന മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും പദ്മനാഭൻ തന്റെ ആനക്കാരൻ അഴിച്ചിട്ടുകൊടുത്ത ചങ്ങല മടക്കി അകവൂരാനയെ അടിക്കുകയും അതോടുകൂടി അകവൂരാന വെള്ളത്തിലേക്ക് വീഴുകയും ആണ് ഉണ്ടായതെന്ന ഒരു സമാന്തര കഥയും ഉണ്ട്.) എന്നാൽ ഈ ഒരു സംഭവത്തിനു ശേഷം അകവൂരാന പിന്നെ പദ്മനാഭനോട് കോർക്കാൻ ചെന്നിട്ടില്ല.എന്നാൽ മിക്ക പൂരങ്ങളിലും പദ്മനാഭൻറെ കൂട്ടാന ആയി അകവൂരാന നിന്നിട്ടുണ്ട്.
ഗുരുവായൂർ അമ്പലത്തിൽ നിന്നും ഉദ്ദേശം 2 കി.മീ കിഴക്ക് മാറി തിരുവെങ്കിടം എന്ന സ്ഥലത്ത് അമ്പലത്തിൽ ജോലി ചെയ്യുന്ന ചില സ്ത്രീ ജനങ്ങളുടെ വാസസ്ഥലങ്ങൾക്ക് അടുത്തായി പദ്മനാഭനെ പലപ്പോഴും തളക്കാറുണ്ട്.അങ്ങനെയൊരിക്കൽ ഇപ്രകാരം തളച്ച ശേഷം ആനക്കാരെല്ലാം പോയി.പദ്മനാഭൻ പട്ട ഓരോന്നായി എടുത്ത് ഭക്ഷിക്കാനും തുടങ്ങി.ഈ സമയം സമീപത്തുള്ള വീട്ടിലെ കേവലം 2 വയസ്സായ കുട്ടി പതുക്കെ വീടിനു പുറത്തേക്കിറങ്ങിയത് ആ വീട്ടമ്മയുടെ ശ്രദ്ധയിൽ പെട്ടില്ല.അവർ അകത്തെന്തോ ജോലികളിൽ ഏർപ്പെട്ടുപോയതുകൊണ്ട് കുട്ടി അകത്തിരുന്നു കളിക്കുകയായിരിക്കും എന്നേ കരുതിയിരുന്നുള്ളൂ.പക്ഷെ കുട്ടി കളിച്ച് കളിച്ച് പദ്മനാഭൻറെ അടുത്ത് വരെ എത്തിയെന്ന് മാത്രമല്ല നടക്ക് കീഴെ ചെന്നിരുന്നു ചെറിയ പട്ടതണ്ടും പനയോലക്കീറും അങ്ങനെ കിട്ടിയതൊക്കെ എടുത്ത് കളി തുടങ്ങി.അത് വരെ പനമ്പട്ട ആവോളം തട്ടിക്കുടഞ്ഞ് താളത്തിൽ വീശി അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടി നിന്നിരുന്ന പദ്മനാഭൻ പെട്ടെന്നാണ് കാൽച്ചുവട്ടിൽ ഒരു കുട്ടിയുടെ പെരുമാറ്റം ശ്രദ്ധിച്ചത്.ആ സമയം വലിയൊരു പട്ടത്തണ്ട് അവൻറെ കയ്യിലുണ്ടായിരുന്നു.അതുകൊണ്ട് താഴെ കുട്ടി എവിടെ ആണ് ഇരിക്കുന്നതെന്ന് അവനു തീർച്ചപ്പെടുത്താനും കഴിഞ്ഞില്ല.എന്തിനു പറയുന്നു, നമ്മുടെ പദ്മനാഭൻ ആകെക്കൂടി ധർമസങ്കടത്തിൽ ആയി.ഇളകിയാൽ കുട്ടിക്ക് വല്ലതും പറ്റുമോ എന്ന് പേടിച്ച് ആകെ ബുദ്ധിമുട്ടിയ പദ്മനാഭൻ വാല് പോലും ഇളക്കാതെ പട്ടത്തണ്ടും പൊക്കിപ്പിടിച്ച് നിൽപ്പായി.എന്തെങ്കിലും ശബ്ദമുണ്ടാക്കിയാൽ അതും കുട്ടിയെ ഭയപ്പെടുത്തിയേക്കുമോ എന്ന് വിചാരിച്ച് മിണ്ടിയതുമില്ല.എന്തിനു പറയുന്നു, ഒരു ഇത്തിരിക്കുഞ്ഞൻ കാരണം വില്ലാളിവീരനായ ഗജസാമ്രാട്ട് അനങ്ങാൻ പറ്റാതെ നിൽപ്പായി.അങ്ങനെ അൽപ്പനേരം കഴിഞ്ഞ് പണിയൊക്കെ ഒതുക്കി കുഞ്ഞിനെ തിരക്കിയ സ്ത്രീ അകത്തൊന്നും കുഞ്ഞിനെ കാണാതെ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിവന്നപ്പോൾ കാണുന്ന കാഴ്ച,പദ്മനാഭൻ പട്ടയും താങ്ങി തല ഉയർത്തി നിൽക്കുന്നു, തൻറെ കുഞ്ഞ് ആനയുടെ കാൽച്ചുവട്ടിൽ ഇരുന്നു കളിക്കുന്നു.ഇത് കണ്ടപാടെ പാവം ആ അമ്മ അലമുറയിട്ടു കരയാൻ തുടങ്ങി.ആവുംവിധമെല്ലാം ആ കുട്ടിയെ തിരിച്ച് വരാൻ അവർ വിളിച്ച് നോക്കി.എന്നാൽ കളിക്കാൻ നല്ല തണലും ഒരാനയെ തന്നെയും കിട്ടിയ മിടുക്കൻ അതൊന്നും ശ്രദ്ധിക്കാതെ രസിച്ച് അവിടെ തന്നെ ഇരുന്നു.ഗുരുവായൂരാപ്പാ എന്നുറക്കെയുള്ള നിലവിളി കേട്ട് കുറച്ചകലെ മാറി ഇരിക്കുകയായിരുന്ന പാപ്പാന്മാർ ഓടിവന്നു.സംഗതികളെല്ലാം കണ്ട അവർ പെട്ടെന്ന് തന്നെ കുഞ്ഞിനെ എടുത്തു അമ്മയ്ക്ക് നല്കി.അത്ര നേരവും പട്ടയും പൊക്കിപ്പിടിച്ച് നിന്ന പദ്മനാഭൻ അതോടെ തല താഴ്ത്തി.പദ്മനാഭൻറെ ഇത്തരം ബുദ്ധിസാമർത്ഥ്യവും ഗുണഗണങ്ങളും മാലോകർ വാഴ്ത്തിപ്പാടി.
ഒരുകാലത്തെ ഗുരുവായൂർ ആറാം ഉത്സവദിനം.ഏറ്റവും പ്രധാനമാണത്.പദ്മനാഭൻ പതിവുപോലെ തിടമ്പേറ്റി നിൽക്കുന്നു.കൂട്ടാനകളും ഉണ്ട്.നൂറുകണക്കിന് ഭക്തജനങ്ങളും മേളക്കാരും എല്ലാം കൂടെ ആകെ ജനസമുദ്രം.എല്ലാവരും പഞ്ചവാദ്യത്തിൽ മുഴുകി നിൽക്കുന്നു.പെട്ടെന്ന് പദ്മനാഭൻ ആകെ വിറളിപൂണ്ട് ഓടാൻ തുടങ്ങി.ഇത്രയധികം ജനങ്ങൾ തിങ്ങി നിൽക്കുമ്പോൾ ഒരാന ഓടിയാൽ എന്താവും അവസ്ഥ!ആകെ ബഹളം,കൂട്ടക്കരച്ചിൽ,സ്ത്രീകളും കുട്ടികളും എല്ലാം ഉണ്ടല്ലോ.ഒരുവിധത്തിൽ കുറെ പേർ അമ്പലത്തിനു പുറത്തേക്കോടി.കുറെ പേർ പലയിടത്തായും കുറെ പേർ ഗോപുരത്തിലും ഒക്കെ കയറി ഒളിച്ചു.കൂട്ടാനകളെ ഒക്കെ ബദ്ധപ്പെട്ട് പുറത്തേക്ക് കൊണ്ടുപോയി.എന്നാൽ ഇതൊന്നും പദ്മനാഭൻ ശ്രദ്ധിച്ചില്ല.ഒരേ ഓട്ടം തന്നെ.ഇതിനിടയിൽ ആനപ്പുറത്ത് നിന്നും ആൾക്കാർ താഴേക്ക് ചാടി, കുറെ ആൾക്കാർ തട്ടിതടഞ്ഞ് മുന്നിലേക്ക് തന്നെ വീണു.എന്നാൽ ആരെയും ഉപദ്രവിക്കാതെ ആന ഓട്ടം തന്നെ.എന്നാൽ ജീവൻ പോയാലും ശരി ഗുരുവായൂരപ്പന്റെ തിടമ്പ് വിട്ട് എങ്ങോട്ടും ഓടില്ലെന്ന് തീർച്ചപ്പെടുത്തി മേൽശാന്തി മഞ്ഞറ നമ്പൂതിരി മുകളിൽ തന്നെ ഇരുന്നു.പദ്മനാഭൻ ഓടി അമ്പലം 11 പ്രദക്ഷിണം ആയപ്പോൾ എന്തോ പെട്ടെന്നു തിരിഞ്ഞ് ഒരു 3 അപ്രദിക്ഷിണവും കഴിച്ചു.ഇങ്ങനെ ഓടലല്ലാതെ യാതൊരു നാശനഷ്ടങ്ങൾക്കും അവൻ മുതിർന്നില്ല.ഈ സമയമത്രയും പാപ്പാന്മാരും മറ്റും അവനു വഴികൊടുത്തും ആൾക്കാരെ ഒതുക്കിയും പിന്നാലെ ഓടിയതല്ലാതെ എത്ര ശ്രമിച്ചിട്ടും അവർക്ക് എവിടെയും കൊളുത്താൻ സാധിച്ചില്ല.ഒടുവിൽ പദ്മനാഭൻ കിഴക്കേ ഗോപുരം വഴി പുറത്തേക്ക് ഓടി.ഈ തക്കത്തിന് ഗോപുരത്തിൽ ഒളിച്ചിരുന്ന ചിലർ മഞ്ഞറ നമ്പൂതിരിയെ തിടമ്പോടുകൂടി വലിച്ചുകേറ്റി.പദ്മനാഭൻ അവിടുന്നു നേരെ ഓടി സത്രം വളപ്പിൽ കയറി ഒരു മൂലക്ക് നിന്നു,എന്നാൽ ആരെയും അടുപ്പിച്ചില്ല.അന്നു രാത്രി മുഴുവൻ അവൻ അവിടെത്തന്നെ നിന്നു.എന്നാൽ പദ്മനാഭന്റെ പതിവില്ലാത്ത പരാക്രമങ്ങൾ കണ്ട് പേടിച്ചും ഇനി രാത്രി അവൻ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കുമോ എന്ന ഭയം നിമിത്തവും അന്നാർക്കും ഉറക്കം ഉണ്ടായില്ല എന്നു പറഞ്ഞാൽ മതിയല്ലോ.എന്നാൽ എന്തോ കാരണവശാൽ അവൻ അങ്ങനെയൊക്കെ കാട്ടിക്കൂട്ടി എന്നല്ലാതെ ആരെയും ഉപദ്രവിക്കുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തില്ല.
പദ്മനാഭൻ തന്റെ ജീവിതകാലത്തിൽ യാതൊരാളെയും ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല എന്നാണ് കേൾവി.
പദ്മനാഭന്റെ സ്വഭാവമാഹാത്മ്യവും അവന്റെ വീരകഥകളും എല്ലാം കേരളം മുഴുവൻ അറിയപ്പെട്ടു.അങ്ങനെയിരിക്കെ അമ്പലപ്പുഴ രാജാവിനും ഈ ഗജോത്തമനെ കാണണം എന്ന മോഹം കലശലായി.അദ്ദേഹം അതു പലകുറി ഗുരുവായൂരിലെ ബന്ധപ്പെട്ടവരെ അറിയിച്ചുവെങ്കിലും ഗുരുവായൂരിലെ അധികാരികൾക്ക് അതിൽ വലിയ താത്പര്യം കാണിച്ചില്ല.അത് രാജാവിനോടുള്ള അനിഷ്ടം കൊണ്ടല്ലതാനും.പല തരം ശ്രുതികൾകൊണ്ട് ആനകളെ തേക്കോട്ട് അയക്കുന്നതിൽ നിന്നും അവർ വിമുഖത കാണിക്കുകയായിരുന്നു.എന്നാൽ രാജാവ് പലപ്പോഴായി തന്റെ മോഹം അറിയിച്ചപ്പോൾ അവിടുത്തേക്ക് തിരുവുള്ളക്കേട് ഉണ്ടാവരുതല്ലോ എന്നും നമ്മുടെ പദ്മനാഭനെ രാജാവ് വേണ്ട വിധം നോക്കിക്കോളും എന്നും നിശ്ചയിച്ച് ഒടുവിൽ അമ്പലപ്പുഴയ്ക്ക് അയക്കാം എന്ന് വേണ്ടപ്പെട്ടവർ തീരുമാനിച്ചു.അപ്രകാരം പദ്മനാഭൻ അമ്പലപ്പുഴ ഉത്സവത്തിന് എത്തിച്ചേർന്നു.കേട്ടുകേൾവി പ്രകാരം അതിഭീകരനായ ഒരു ആനയെ പ്രതീക്ഷിച്ച് നിന്ന അവിടുത്തുകാർക്ക് എന്നാൽ ആനക്കാരന്റെ കൂടെ അനുസരണയോടെ മന്ദം മന്ദം നടന്നുവരുന്ന നമ്മുടെ കഥാനായകനെ അത്ര ബോധിച്ചില്ല എന്ന് അവരുടെ സംസാരം കൊണ്ടും മുഖഭാവങ്ങൾ കൊണ്ടും അറിയാമായിരുന്നത്രേ.ഇതാപ്പൊ പദ്മനാഭൻ, ഇതിലിപ്പൊ എന്താണിത്ര ഘോഷിക്കാൻ, സാധാരണ നല്ലൊരു ആന എന്നേ അവർ കരുതിയുള്ളൂ.എന്നാൽ ഉത്സവം തുടങ്ങി ആ തങ്കത്തിടമ്പ് പദ്മനാഭന്റെ തലയിലേക്ക് കേറ്റിയ നിമിഷം!അവിടെക്കൂടിയിരുന്ന അനേകായിരം ജനങ്ങളും നേരിട്ടെഴുന്നള്ളി നിന്ന രാജാവും എല്ലാം അത്ഭുത സ്തബ്ധരായി നിന്നു!പദ്മനാഭൻ തന്റെ വിശ്വരൂപം പ്രദർശിപ്പിച്ച് അതിഗംഭീരമായി ചെവികൾ വീശിയാട്ടി നിൽക്കുന്നു.പദ്മനാഭന് മേലെ ഒരു ആനയും ഇല്ല.സന്തോഷം കൊണ്ട് മതിമറന്ന രാജാവ് അന്ന് മാത്രമല്ല ഉത്സവത്തിന്റെ 14 ദിവസങ്ങളിലും പദ്മനാഭൻ തന്നെ വേണമെന്ന് നിർബന്ധിക്കുകയും അന്നെല്ലാം നേരിൽ വന്നു തൃക്കൺപാർക്കുകയും ചെയ്തു.ഉത്സവത്തിന്റെ അവസാന ദിനം തിടമ്പ് ഇറക്കുന്നതിനു മുന്നേ രാജാവ് തന്നെ നേരിട്ട് താഴേക്ക് എഴുന്നള്ളി പദ്മനാഭൻറെ വലതുകൊമ്പിൽ തൃക്കൈകൊണ്ട് തന്നെ ഒരു വീരശൃംഖല ചാർത്തി.അമ്പലപ്പുഴയിൽനിന്നും പോരുമ്പോൾ പദ്മനാഭനും അവന്റെ ആനക്കാർക്കും രാജാവിന്റെ കയ്യിൽനിന്നും മറ്റു പ്രമാണിമാരുടെ കയ്യിൽ നിന്നും നാട്ടുകാരിൽ നിന്നും എല്ലാം ധാരാളം സമ്മാനങ്ങളും ലഭിച്ചു.
അമ്പലപ്പുഴയിൽ നിന്നും മടങ്ങിയ പദ്മനാഭനും കൂട്ടരും തൃശ്ശൂർ പുഴയ്ക്കൽ എന്ന സ്ഥലത്തെത്തിയപ്പോളാണ് മേലധികാരികളിൽ നിന്നും ഗുരുവായൂരിലേക്ക് വരാതെ നേരെ കണ്ണമ്പ്ര വേലക്ക് ചെന്നുകൊള്ളാനുള്ള അറിയിപ്പ് കിട്ടിയത്.ഉടനെ ആനക്കാർ പദ്മനാഭനെയും കൊണ്ട് കണ്ണമ്പ്രയ്ക്ക് നടന്നു.ഇന്നത്തെപ്പോലെ വാഹന സൗകര്യങ്ങളൊന്നും അന്നില്ലല്ലോ.അമ്പലപ്പുഴ മുതൽ വഴിയടിച്ച് വന്ന പദ്മനാഭൻ അപ്പോൾ തന്നെ തളർന്നു നിൽക്കുകയായിരുന്നു.എന്നാൽ കണ്ണമ്പ്ര വേല കൂടി ഏറ്റതിനാൽ ആനക്കാർക്ക് അവനെ നിർബന്ധിക്കുകയല്ലാതെ വഴിയുണ്ടായില്ല.കണ്ണമ്പ്ര എത്തിയപ്പോൾ ഒരു പന നിൽക്കുന്നത് കണ്ട പാപ്പാൻ തീറ്റ ആവശ്യത്തിനായി അത് പദ്മനാഭനോട് തള്ളാൻ പറഞ്ഞു.എന്നാൽ ഒരു പന തള്ളാൻ പോലും അശക്തനാവും വിധം ക്ഷീണിതനായിരുന്നു പദ്മനാഭൻ.ഒന്ന് തള്ളിനോക്കിയെങ്കിലും പന ഇളകിയില്ല.ഇത് കണ്ട പാപ്പാൻ അവനെ ശകാരിക്കുകയും ചെയ്യുന്നില്ലെന്ന് കണ്ട് ഒരു തല്ലുകൊടുക്കുകയും ചെയ്തു.ഇത്രയുമായപ്പോൾ പദ്മനാഭൻ ഊക്കോടുകൂടി ഒരു തള്ളുകൊടുക്കുകയും പന കടപുഴകി അപ്പുറം വീഴുകയും അതോടുകൂടി പദ്മനാഭനും തത്ക്ഷണം മറിഞ്ഞ് വീഴുകയും തന്റെ അവസാന ശ്വാസം വലിക്കുകയും ചെയ്തു.ഈ സമയം ഗുരുവായൂർ അമ്പലത്തിൽ കണ്ട ദുർനിമിത്തങ്ങൾ അവിടുള്ളവരെ എല്ലാം ഭീതിയിലാഴ്ത്തുന്നതായിരുന്നു.തലേന്നു ചന്ദനം അരച്ചു ഗുരുവായൂരപ്പനെ ചാർത്തിയ മേൾശാന്തി രാവിലെ നട തുറന്നപ്പോൾ ചന്ദനം ചാർത്തിയതെല്ലാം പൊളിഞ്ഞ് പോരുകയും നിലത്ത് വീണു കിടക്കുകയും ചെയ്യുന്നത് കണ്ട് ഭയപ്പെട്ടു.എന്തോ അത്യാപത്ത് വരാനുണ്ടെന്ന് അദ്ദേഹത്തിനും മറ്റുള്ളവർക്കും മനസ്സിലായെങ്കിലും പ്രിയപ്പെട്ട പദ്മനാഭന്റെ വിയോഗമാവുമെന്ന് ആ സുമനസ്സുകൾക്കൊന്നും തോന്നിയില്ല.അക്കാലത്ത് വിവരങ്ങൾ ഇന്നത്തെ അത്ര വേഗം അറിയാൻ കഴിയില്ലല്ലോ.എന്നാൽ പദ്മനാഭന്റെ വിയോഗവാർത്ത വന്നതോടെ ഗുരുവായൂരിൽ കണ്ണീർ പൊഴിയാത്ത ഗൃഹങ്ങളില്ലായിരുന്നു.അമ്പലപ്പുഴയ്ക്ക് പോയ പദ്മനാഭന്റെ വലിയ കൊമ്പുകളും പല്ലുകളും മാത്രമാണ് ഗുരുവായൂരെത്തുന്നത്.
പദ്മനാഭന്റെ അന്ത്യത്തിൽ ചില വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.അതിലൊന്ന് അമ്പലപ്പുഴയിൽ നിന്നും പദ്മനാഭനെ ഗുരുവായൂരിൽ കൊണ്ടുവന്നിരുന്നു എന്നും ആ സമയം അവൻ വളരെ ക്ഷീണിതനായിരുന്നു എന്നുമാണ്.എന്നാൽ പാപ്പാന്റെ കയ്യിൽനിന്നും പറ്റിയ ഒരു പ്രയോഗത്തിൽ മർമ്മസ്ഥാനത്തേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നും സംസാരമുണ്ടായിരുന്നു.എന്ത് തന്നെ ആയാലും അത്യുത്തമനായ ആ മാതംഗരാജൻ 1934ൽ കാലധർമ്മത്തെ പ്രാപിച്ചു.അമ്പലപ്പുഴെ നിന്നും വന്ന പദ്മനാഭന് ശരീരമാസകലം പൊള്ളകൾ വന്നിരുന്നു.എന്നാൽ തിരുവിതാംകൂറിൽ നിന്നും ചില ദോഷൈകദൃക്കുകൾ പദ്മനാഭനെ കണ്ണ് വെക്കുകയും അവന്റെ യശസ്സും അന്തസ്സും എല്ലാം കണ്ട് അസൂയപൂണ്ട അവർ പദ്മനാഭന് ദോഷം വരുന്നതിനായി ഒടിവിദ്യകളും മറ്റും വശമുള്ള ചില ദുർമന്ത്രവാദികളെക്കൊണ്ട് കൂടോത്രങ്ങൾ ചെയ്യിക്കുകയും ചെയ്തിരുന്നുവെന്ന് ഗുരുവായൂർ അധികാരികൾക്ക് പിന്നീട് തോന്നുകയും ചില മറുവിദ്യകൾ ചെയ്ത് രോഗം ശമിപ്പിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു.അതിനു ശേഷമാണത്രെ കണ്ണമ്പ്രയ്ക്ക് പോയത്.അതിൽപ്പിന്നെ ഗുരുവായൂരിലെ ആനകളെ ഒന്നും എറണാംകുളത്തിനപ്പുറം വിടേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.ഇപ്പോൾ അങ്ങനെ ഒന്നും ഇല്ലെങ്കിലും കുറേ കാലം അതങ്ങനെ തന്നെ ആയിരുന്നു.
ഗുരുവായൂർ ഏകാദശിക്കും വലിയ ഉത്സവത്തിലെ ആറാംനാൾ മുതൽ ഉത്സവം കഴിയുന്നതുവരെയുമാണ് അമൂല്യമായ തങ്കത്തിടമ്പ് പുറത്തേക്കെഴുന്നള്ളിക്കുന്നത്.ഇന്നും അതിൽ അമ്പലപ്പുഴ രാജാവ് പദ്മനാഭന് സമ്മാനിച്ച വീരശൃംഖല ചാർത്തിയിരിക്കുന്നത് കാണാം.
ഈയിടെയായി ഇന്നുള്ള പല ഉയരക്കേമന്മാരെയും മറ്റും സാക്ഷാൽ പദ്മനാഭനുമായി താരതമ്യപ്പെടുത്തുന്നത് കാണാനുള്ള ഗതികേട് നമുക്കെല്ലാം ഉണ്ടായിട്ടുണ്ട്. എന്നാൽ ലക്ഷണത്തികവുകളുടെ പാരമ്യം കൊണ്ടും കൂട്ടത്തിൽ വരുമ്പോഴുള്ള നിറവുകൊണ്ടും ആഡ്ഡ്യത്വം കൊണ്ടും കോലം കേറ്റിക്കഴിഞ്ഞാൽ ഉള്ള നിലവുകൊണ്ടും എല്ലാം ഗജരാജൻ കേശവനേക്കാളും ഗജരത്നം പദ്മനാഭനെക്കാളും എല്ലാം കാതങ്ങൾ മുന്നിലാണ് വലിയ പദ്മനാഭൻ. പദ്മനാഭന്റെ ഒപ്പവും അവന്റെ കാലശേഷവും അനേകം ഉത്തന്മാരായ ഗജനിര ഉണ്ടായിട്ടുണ്ടെങ്കിലും പദ്മനാഭനോളം യോഗ്യൻ എന്നു പറയാവുന്ന ഒരേ ഒരാന സാക്ഷാൽ കൂടലാറ്റുപുറം രാമചന്ദ്രൻ മാത്രമാണുണ്ടായത്.ഇന്ന് വിരലിലെണ്ണാവുന്ന ആനകളുടെ ഇടയിൽനിന്നും മുക്കിനു മുക്കിനുള്ള കമ്മിറ്റിക്കാരും സംഘടനകളും നൽകുന്ന പട്ടങ്ങളും അർത്ഥശൂന്യമായ സ്ഥാനപ്പേരുകളും പോലെ അല്ല, കിരങ്ങാട്ട് കേശവനെയും അങ്കരാത്ത് രാമചന്ദ്രനെയും ചെറളയം ഗോപാലനേയും പോലുള്ള ഗംഭീരാശയന്മാരായ അനേകം ആനകളുടെ ഇടയിൽനിന്നും ഇതിലപ്പുറം ഇനി ഒരാന ഇല്ലെന്നു രാജാവിന് നേരിട്ട് ബോധ്യപ്പെട്ട് കല്പിച്ചുകൊടുത്ത വീരശൃംഖല തന്നെ ആണ് പദ്മനാഭന്റെ കേമത്തം.
പദ്മനാഭന് എടുത്തകന്ന കനമുള്ള കൊമ്പുകളും അതിൽത്തന്നെ രാജകലയായി വലത്തേക്കൊമ്പിന്റെ കേറ്റവും നിലത്ത് രണ്ടുമടക്കായി ഇഴയുന്ന കനത്ത തുമ്പിക്കയ്യും ലക്ഷണത്തികവുകളിൽ അത്യപൂർവമായ 20 നഖങ്ങളും വലിയ പെരുമുഖവും വിസ്താരമേറിയ വാൽചെവികളും എന്നുവേണ്ട ഉത്തമനായ ഗജശ്രേഷ്ടന് വേണ്ട സകല ലക്ഷണങ്ങളും ഒത്തിണങ്ങിയിരുന്നു.കുറവെന്തെങ്കിലും പറയണമെങ്കിൽ അത് ഇടനീളം മാത്രമാണ്.
1934 കണ്ണബ്ര വേലയ്ക്ക് പത്മനാഭൻ എന്ന ഗജച്ചക്രവർത്തി ഈ ലോകത്തോട് വിടപറഞ്ഞ്, തന്റെ സിംഹാസനം ഗുരുവായൂർ കേശവന് നൽകി.
ആ ഗജരാജാവിന്റെ ഓര്മയ്ക്ക് മുന്നിൽ ആയിരം ആദരവു അർപ്പിക്കുന്നു .....