അഗസ്ത്യ മലനിരയിലെ ഔഷധക്കാടുകള്‍ക്ക് ഇനി ഓര്‍ക്കിഡ് വസന്തത്തിന്റെ പെരുമ കൂടി. അഗസ്ത്യപര്‍വതത്തിന്റെ ഉള്‍പ്രദേശങ്ങളിലെ കൊടുംതണുപ്പില്‍ സ്വര്‍ണവര്‍ണത്തോടെ പൂത്തുലയുകയാണ് അത്യപൂര്‍വമായ ഡ്രൂറി എന്ന ഓര്‍ക്കിഡ്. അടുത്തിടെ യുനസ്‌കോ ലോക പൈതൃക വനമായി പ്രഖ്യാപിച്ച അഗസ്ത്യമല ഇനി ഓര്‍ക്കിഡിന്റെ പേരിലും പ്രശസ്തമാകും.
മഴക്കാടിനുള്ളിലെ നിബിഡവന പ്രദേശങ്ങളായ ഏഴിലംപൊറ്റയിലും നാച്ചിമുടിയിലും പൂങ്കുളത്തും ഓര്‍ക്കിഡ് വിരിയാന്‍ തുടങ്ങി. ഇനി മാസങ്ങളോളം ഇവ വാടാതെ നില്‍ക്കും. അതുകൊണ്ടുതന്നെ ഗവേഷകരുടെ സജീവ ശ്രദ്ധ ഇവിടെയുണ്ടാകും. വംശനാശത്തിന്റെ വക്കിലായ ഓര്‍ക്കിഡാണ് ഡ്രൂറി. ഈ ഓര്‍ക്കിഡാണ് ഇപ്പോള്‍ ഉള്‍വനത്തില്‍ പൂവിട്ടിരിക്കുന്നത്.
പാഫിയോ പെഡിലം ഡ്രൂറി എന്ന് അറിയപ്പെടുന്ന ഓര്‍ക്കിഡാണ് സമുദ്ര നിരപ്പില്‍നിന്നും 1500 മീറ്റര്‍ ഉയരമുള്ള ഭാഗത്ത് ഏവരെയും വിസ്മയിപ്പിച്ചുകൊണ്ട് പൂവിടുന്നത്.
കുറെ വര്‍ഷങ്ങളായി ഇവ വളരുകയോ, പൂവിടുകയോ ചെയ്യാറില്ലായിരുന്നു. പൂവിട്ടാല്‍ത്തന്നെ ആ ചെടി, വനവാസികളെ സ്വാധീനിച്ച് പുറംനാട്ടുകാര്‍ അവിടെനിന്നു കടത്തുകയായിരുന്നു പതിവ്. എന്നാല്‍, രണ്ടുവര്‍ഷത്തിനിപ്പുറം ആരുടേയും കണ്ണില്‍ പെടാതെ ഉള്‍വനത്തില്‍ വളര്‍ന്ന ഡ്രൂറിചെടികളാണ് പൂവിട്ടത്.
ആറ് സെന്റീമീറ്റര്‍ വരെ വലുപ്പവും സ്വര്‍ണനിറങ്ങളുള്ള ദളങ്ങളുടെ മധ്യഭാഗത്ത് മെറൂണ്‍ നിറത്തില്‍ കട്ടിയുള്ള വരകളുമുള്ള ഡ്രൂറി ഇക്കുറി, കൂടുതല്‍ പുഷ്പിക്കുമെന്നാണു ശാസ്ത്രലോകം കരുതുന്നത്. 1865-ല്‍ ജെ.എ.ബ്രൗണ്‍ എന്നയാളാണ് ഈ ഓര്‍ക്കിഡിനെ അഗസ്ത്യമലയില്‍ ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് കേണല്‍ ഡ്രൂറി ഇതിനെക്കുറിച്ചു പുറംലോകത്തെ അറിയിച്ചു.
ലേഡീസ് സ്ലിപ്പര്‍ ഓര്‍ക്കിഡ് എന്നുകൂടി അറിയപ്പെടുന്ന ഇവ അഗസ്ത്യവനത്തിലെ തണുപ്പുള്ള ഭാഗത്തേ വളരുകയുള്ളൂ. ഫെബ്രുവരി മുതലാണു പൂവിടാന്‍ തുടങ്ങുന്നത്. അത് ജൂണ്‍വരെ നില്‍ക്കുകയും ചെയ്യും. വംശനാശം നേരിട്ടതിനാല്‍ റെഡ് ഡാറ്റാ ബുക്കില്‍ സ്ഥാനം പിടിച്ച ഓര്‍ക്കിഡിനെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രസംഘമാണു വീണ്ടും കണ്ടെത്തുന്നത്.