A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇവിടെയുണ്ടായിരുന്നു മനുഷ്യമാംസം തിന്നുന്ന, തലയോട്ടിയിൽ ചോര ഒഴിച്ച് കുടിക്കുന്ന നരഭോജികൾ...!!!!!!!!


 പ്രകൃതിദത്തമായ വമ്പൻ ‘അറ’കളാലും പലതരം ആകൃതിയിലുള്ള പാറകളാലും സമ്പന്നമാണ് ഇംഗ്ലണ്ടിലെ ഗോഫ്സ് കേവ്സ്. (gough caves).രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ നദീശൃംഖലയും ഈ ഗുഹയ്ക്കകത്താണ്. സമർസെറ്റിലെ ചെഡ്ഡർ ഗോർജിലുള്ള ഈ ഗുഹ അതിനാൽത്തന്നെ ടൂറിസ്റ്റുകളുടെയും പ്രിയകേന്ദ്രമാണ്. പക്ഷേ ഒരുകാലത്ത് നരഭോജികൾ വാണിരുന്നയിടമായിരുന്നു ഇതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 14,700 കൊല്ലം മുൻപായിരുന്നു അത്.
ഇന്നു കാണുന്ന അതേ രൂപത്തിലേക്ക് പ്രാചീന മനുഷ്യര്‍
എത്തിക്കൊണ്ടിരിക്കുന്ന സമയം. കല്ലുകൊണ്ടും എല്ലുകൊണ്ടും ആയുധമുണ്ടാക്കാന്‍ അവർ അതിനോടകം പഠിച്ചു കഴിഞ്ഞിരുന്നു. കൂടാതെ ഗുഹകളിൽ പലതരം ചിത്രങ്ങളും വരച്ചിട്ടു. ‘ക്രോ മാഗ്നോൺസ്’ എന്നു വിളിപ്പേരുള്ള മനുഷ്യവിഭാഗത്തിലായിരുന്നു ഇക്കാലത്തുണ്ടായിരുന്നവർ ഉൾപ്പെട്ടിരുന്നത്. യൂറോപ്പിലെ ആധുനിക മനുഷ്യരുടെ ആരംഭത്തിന്റെ ഏറ്റവും വിശ്വസനീയമായ തെളിവായിരുന്നു ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട് ഗോഫ്സ് ഗുഹയിൽ നിന്നു ലഭിച്ച ഫോസിലുകൾ. 1920കളിലാണ് ആദ്യമായി ഇവ ലഭിക്കുന്നത്. പിന്നീട് അരനൂറ്റാണ്ടിലേറെക്കാലം ഗവേഷകർ ഇതിനെപ്പറ്റി പഠിച്ചു.
കാർബൺ ഡേറ്റിങ് ഉൾപ്പെടെ പ്രയോഗിച്ചാണ് ഇവയുടെ യഥാർഥ പഴക്കം മനസിലാക്കിയത്. 1980കളിൽ ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയം നടത്തിയ പഠനത്തിൽ നിന്നാണ് ഞെട്ടിക്കുന്ന ആ വിവരങ്ങൾ ലോകത്തിനു മുന്നിലെത്തിയത്. ഗോഫ്സ് ഗുഹകളിൽ നിന്നു ലഭിച്ച ഫോസിലുകളിൽ അക്കാലത്ത് നരഭോജികൾ ഉണ്ടായിരുന്നു എന്നതിന്റെ കൃത്യമായ തെളിവുകളുണ്ടായിരുന്നു. എല്ലിൽ മൂർച്ചയേറിയ കല്ലു കൊണ്ടുണ്ടാക്കിയ മുറിവിന്റെ പാടുകളാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ഗവേഷകരെ നയിച്ചത്. മൃഗങ്ങളുടെ എല്ലിൽ നിന്ന് മാംസം ചീന്തിയെടുക്കുന്നതിന് നടത്തുന്ന അതേ ആയുധപ്രയോഗത്തിന്റെ അടയാളങ്ങളായിരുന്നു മനുഷ്യന്റെ എല്ലിലും കണ്ടത്.
മാത്രവുമല്ല രണ്ട് വർഷം മുൻപ് മറ്റൊരു കാര്യവും മ്യൂസിയം ഗവേഷകർ കണ്ടെത്തി. മനുഷ്യന്റെ തലയോട്ടിയിന്മേലുള്ള മാംസം ചീന്തിക്കളഞ്ഞ് അതിന്റെ അരിക് കൃത്യമായി വെട്ടിയൊതുക്കി പാത്രമാക്കാനും ഉപയോഗിച്ചിരുന്നു. ഇത്തരത്തിൽ ഗോഫ്സ് കേവിലേക്കു വന്നിരുന്ന മനുഷ്യർ നരഭോജികളാണെന്നതിന് വ്യക്തമായ തെളിവുകൾ ഏറെയായിരുന്നു. പക്ഷേ എന്തിനു വേണ്ടിയായിരുന്നു ഈ മനുഷ്യമാംസത്തീറ്റ എന്ന കാര്യത്തിൽ ഗവേഷകർക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. അതിനിടെയാണ് പുതിയ കണ്ടെത്തൽ. ഗോഫ്സ് കേവിൽ നിന്നു ലഭിച്ച എല്ലുകളിലെ മുറിപ്പാടുകളിൽ എല്ലാം ഇറച്ചിക്കു വേണ്ടി ഉണ്ടാക്കിയവയല്ല എന്നതായിരുന്നു അത്. മറിച്ച് ചില വെട്ടലുകളെല്ലാം മറ്റെന്തോ ഉദ്ദേശത്തോടു കൂടി ചെയ്തതാണ്.
ഇംഗ്ലിഷ് അക്ഷരമായ ‘വി’ ആകൃതിയിലും മറ്റുമായി സമാനരൂപത്തിലുള്ള ഒട്ടേറെ വിചിത്ര അടയാളങ്ങളാണ് കൂർത്ത കല്ലുകൊണ്ട് എല്ലിൻ കഷ്ണങ്ങളിൽ നടത്തിയിരിക്കുന്നത്. നരഭോജികൾ തിന്ന ഒരു ശരീരത്തിലെ കയ്യിൽ നിന്നുള്ള എല്ലിലായിരുന്നു ഇത്തരത്തിലെ അടയാളങ്ങൾ കണ്ടെത്തിയത്. കയ്യിലെ ആ ഭാഗത്താകട്ടെ മാംസവും കുറവായിരുന്നു. അതിനാൽത്തന്നെ മാംസം ചീന്തിയെടുക്കാൻ ഉപയോഗിച്ചതല്ലെന്ന് ഉറപ്പ്. പാലിയോലിതിക് കാലത്തെ ഗുഹകളിൽ നിന്നും മറ്റും കണ്ടെത്തിയ ചില അടയാളങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്നതും ദുരൂഹത കൂട്ടുന്നു.
എന്തായിരിക്കും ഈ അടയാളങ്ങൾ എന്നതിന് ഗവേഷകർ ചൂണ്ടിക്കാട്ടുന്ന സാധ്യതകൾ ഇങ്ങനെ:
1) തങ്ങളുടെ എതിരാളികളെ കൊന്നൊടുക്കുന്ന ഏതെങ്കിലും ആദിമഗോത്രം അതിന്റെ അടയാളപ്പെടുത്തലായി തങ്ങളുടേതായ ഒരു പ്രത്യേക ചിഹ്നം വരച്ചു ചേർക്കുന്നതാകാം. തങ്ങളാണ് ഇതു ചെയ്തതെന്ന് ശത്രുവിനോട് ഉറപ്പിക്കാൻ വേണ്ടി!
2) ഭക്ഷിക്കപ്പെട്ടയാളുടേത് സ്വാഭാവിക മരണമാകാം. പക്ഷേ അക്കാലത്ത് ഏതോ അജ്ഞാതകാരണത്താൽ കടുത്ത ക്ഷാമം അനുഭവപ്പെട്ട് ആ ശവശരീരം കൂട്ടാളികൾക്ക് ഭക്ഷണമാക്കേണ്ടി വന്നു. മരിച്ചവരോടുള്ള ആദരസൂചകമായി നടത്തിയ മരണാനന്തര അടയാളപ്പെടുത്തലാകാം ആ ചിഹ്നങ്ങൾ.
3) ഇരുഗോത്രങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിക്കുന്നയിടമായിരുന്നിരിക്കാം ഗോഫ്സ് കേവ്. യുദ്ധമായതിനാല്‍ത്തന്നെ പുറത്തിറങ്ങാൻ പറ്റാത്തതിനാലോ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടതിനാലോ മൃതദേഹം ഭക്ഷിച്ചതുമാകാം. അതിന് ദൈവത്തോടുള്ള ക്ഷമാപണമായിരിക്കാം എല്ലിൽ കുറിച്ചത്.
4) ആചാരത്തിന്റെയോ വിശ്വാസത്തിന്റെയോ ഭാഗമായി ഭക്ഷിച്ചതാകാം. ഉദാഹരണത്തിന് കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഭക്ഷിച്ചാൽ അയാളുടെ കരുത്തും തനിക്ക് ലഭിക്കുമെന്ന് വിശ്വസിച്ചിരുന്നവരുണ്ട്.
5) തങ്ങൾ കൊലപ്പെടുത്തിയ ശത്രുവിനോട് എതിർഗോത്രം കാണിക്കാവുന്ന അനാദരവിന്റെ അങ്ങേയറ്റമായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്.
6) ഡോഫ്സ് കേവ് കേന്ദ്രീകരിച്ച് നടന്നിരുന്ന പ്രാചീന ആചാരത്തിന്റെ ഭാഗമായിരുന്നു ഇതെന്നും ചിലർ കരുതുന്നു.
മനുഷ്യന്റെ എല്ലുകളിൽ ഇതാദ്യമായാണ് ഇത്തരം കുത്തിവരയ്ക്കലുകൾ കണ്ടെത്തുന്നത്. ഏകദേശം 6.4 സെന്റിമീറ്റർ വലുപ്പം വരും ഓരോ അടയാളത്തിനും. മൃഗങ്ങളുടെ എല്ലുകളിൽ നേരത്തേത്തന്നെ ഇത്തരം അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്റെ പല്ല് ആഭരണമായി കഴുത്തിലണിഞ്ഞിരുന്നവർ യൂറോപ്പിലുണ്ടായിരുന്നു എന്നു കണ്ടെത്തിയതിനു ശേഷം നരവംശശാസ്ത്രവുമായി ബന്ധപ്പെട്ട് മേഖലയിലെ ഏറ്റവും നിർണായക കണ്ടെത്തലായിരിക്കുകയാണ്.