1978 ഇല്‍ അമേരിക്കന്‍ കോണ്‍ഗ്രെസ് അംഗവും പ്രവാസികളായ അമേരിക്കക്കാരുടെ ക്ഷേമം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മറ്റിയുടെ ചെയര്‍മാനും ആയിരുന്ന ലിയോ റയാന്‍ (LEO RYAN); ഗയാനയില്‍ ഉള്‍വനത്തിലെ ആയിരത്തോളം അമേരിക്കന്‍ അംഗങ്ങള്‍ ഉള്ള ജനങ്ങളുടെ ആരാധനാലയം അഥവാ പീപ്പിള്‍സ് ടെംപിള്‍ (PEOPLES TEMPLE) എന്ന കൂട്ടായ്മ സന്ദര്‍ശിക്കാന്‍ ഉള്ള തീരുമാനം എടുക്കുമ്പോള്‍, അത് തന്റെയും, അതേപോലെ നൂറുകണക്കിന് മനുഷ്യരുടേയും ജീവിതത്തിലെ ഒരു വലിയ ദുരന്തത്തിനു നാന്ദി ആകും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല.
പീപ്പിള്‍സ് ടെംപിള്‍ (PEOPLES TEMPLE)
ക്രിസ്തീയ,കമ്മ്യുണിസ്റ്റ് ആദര്‍ശങ്ങളുടെ മുകളില്‍ പണിതുയര്‍ത്തിയ ഒരു കൂട്ടായ്മയായിരുന്നു പീപ്പിള്‍സ് ടെംപിള്‍. അമേരിക്കയിലെ ഇന്ത്യാനയില്‍ 1931 ഇല്‍ ജനിച്ച ജെയിംസ് വാറന്‍ ജോണ്‍സ് (James Warren Jones) അഥവാ ജിം ജോണ്‍സ് ആയിരുന്നു ഇതിനെ സ്ഥാപകന്‍. ആദ്യകാലത്തു കമ്മ്യൂണിസത്തോട് അനുഭാവം പുലര്‍ത്തിയിനുന്ന ജോണ്‍സ് കമ്മ്യുണിസ്റ്റ്കാരായ തന്റെ കുടുംബത്തെ ഭരണകൂടം വേട്ടയാടിയപ്പോള്‍ ആദര്‍ശങ്ങളെല്ലാം മാറ്റി വെച്ച് പള്ളിയില്‍ ചേര്‍ന്ന് പട്ടക്കാരനായി. പാസ്റ്റര്‍ ആയ ജെയിംസ് സെവന്ത് ഡേ ബാപ്ടിസ്റ്റ് ചര്ച്ച്കാരുടെ(SEVENTH DAY BAPTISTS CHURCH ) പ്രാര്‍ത്ഥനയിലൂടെ അദ്ഭുതരോഗശാന്തി എന്നാ മഹാസംഭവത്തില്‍ ആകൃഷ്ടനായി.. വളരെയധിക്കം ആളുകളെ ആകര്‍ഷിക്കുന്നതും പണം ഒഴുകുന്നതുമാണ് ഈ മേഖല എന്ന് മനസ്സിലാക്കിയ ജെയിംസ്,വില്യം ബ്രന്ഹം എന്ന അത്ഭുത രോഗശാന്തി വൈദികനെയും കൂട്ടുപിടിച്ച് 1956 ല്‍ സ്വന്തമായി ഒരു പള്ളി (പീപ്പിള്‍സ് ടെംപിള്‍ ചര്‍ച്ച് Peoples Temple Christian Church Full Gospel) രൂപീകരിച്ചു.
സോഷ്യലിസവും കമ്മ്യൂണിസവും ക്രിസ്തുമതവും കൂട്ടികുഴച്ചു അവിയല്‍ പരുവത്തില്‍ ഉണ്ടാക്കിയ പീപ്പിള്‍സ് ടെംപിള്‍ന്റെ അംഗസംഖ്യ വളരെ താമസിക്കാതെ തന്നെ പതിനായിരങ്ങളില്‍ എത്തി. രോഗികളെയും കറുത്ത വര്‍ഗക്കാരുടെയും സംരക്ഷണമേറ്റെടുത്തും,സൌജന്യഭക്ഷണം നല്‍കിയും,അത്ഭുത രോഗശാന്തികള്‍ നടത്തിയും മുന്നേറിയ അവര്‍ ഉന്നത ബന്ധങ്ങള്‍ ഉണ്ടാക്കുകയും,അതോടൊപ്പം അമേരിക്കയുടെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. 1970 ആയപ്പോഴേക്കും കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്കോ ലോസ് ആന്‍ജെല്‍സ് മുതലായ സ്ഥലങ്ങളില്‍ എല്ലാം പീപ്പിള്‍സ് ടെംപിള്‍ സ്ഥാപിച്ചു. വൃദ്ധസദനങ്ങളും അനാഥാലയങ്ങളും പുരധിവാസകേന്ദ്രങ്ങളും സ്ഥാപിച്ച ശേഷം ധനശേഖരണത്തിനായി നഗരങ്ങളിലും ഗ്രാമങ്ങളിലും സന്ദര്‍ശിച്ച ജോണ്‍സ് മില്യണ്‍ കണക്കിന് ഡോളാറുകള്‍ സംഭാവന ആയി നേടിയെടുത്തു. 1970 കള്‍ ആയപ്പോഴേക്കും സാമ്പത്തികമായും രാഷ്ട്രീയപരമായും ശക്തമായ. ഒരു സംഘടിത പ്രസ്ഥാനമായി പീപ്പിള്‍സ് ടെംപിള്‍ മാറിക്കഴിഞ്ഞിരുന്നു. വളരെ നല്ല പ്രാസന്ഗികനായിരുന്ന ജോണ്‍സ് മനസിനെ പിടിച്ചുലയ്ക്കാന്‍ തന്നെ ശേഷിയുള്ള അതിശക്തമായ ഭാഷയിലൂടെയും പ്രസംഗങ്ങളിലൂടെയും അനുയായികളുടെ മനസ്സില്‍ സ്ഥാനം പിടിച്ചു.
പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു
jones
സംഘടന വളര്‍ന്നപ്പോള്‍ അതിന്റെ ചട്ടക്കൂട് കൂടുതല്‍ കൂടുതല്‍ ശക്തമാകാന്‍ തുടങ്ങി. ചട്ടകൂടിനുള്ളില്‍ ഒതുങ്ങാത്തവരെയും നിയമങ്ങള്‍ അനുസരിക്കത്തവരെയും ക്രൂരമായ ശിക്ഷ നടപടികള്‍ക്ക് വിധേയമാക്കിയിരുന്നു. മയക്കുമരുന്നും മറ്റു ലഹരി വസ്തുക്കളും അവര്‍ക്കിടയില്‍ പ്രചരിച്ചു. ആയുധങ്ങളും ആയുധങ്ങള്‍ ഉപയോഗിക്കുവാന്‍ കഴിവുള്ള ബോഡിഗാര്‍ഡുകളും അടക്കം ചെറിയ ഒരു സ്വകാര്യസേന തന്നെ അവര്‍ക്ക് ഉണ്ടായിരുന്നു. വളരെയധികം മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ജിം ജോന്‍സിന്റെയും പീപ്പിള്‍സ് ടെംപിലിന്റെയും വര്‍ധിച്ചു വരുന്ന രാഷ്ട്രീയ സ്വാധീനത്തെയും (ഇലക്ഷനില്‍ പോലും ഇവര്‍ ഇടപെട്ടിരുന്നു) സാമ്പത്തികവളര്‍ച്ചയുമൊക്കെ ചില പത്ര പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും സംശയത്തോട് കൂടിയാണ് വീക്ഷിച്ചിരുന്നത്. സാന്‍ഫ്രാന്‍സിസ്കോ എക്സാമിനാര്‍ എന്നാ പത്രത്തില്‍ പീപ്പിള്‍സ് ടെംപിള്‍ നെതിരെ മനുഷ്യാവകാശ ലംഘനങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും ആരോപിച്ച് ഏഴു ഭാഗങ്ങളായുള്ള ഒരു പരമ്പര പ്രസിദ്ധീകരിച്ചു. കൂടാതെ പീപ്പിള്‍സ് ടെംപിളില്‍ നിന്നും രക്ഷപ്പെട്ട എട്ടു പേര്‍, ജിം ജോണ്‍സിനെതിരെയും പീപ്പിള്‍സ് ടെംപിളിനെതിരെയും ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും തെളിവുകള്‍ നിരത്തുകയും ചെയ്തു.
വര്‍ധിച്ചു വരുന്ന മീഡിയ അന്വേഷണങ്ങളും പോലീസ് നടപടികളെയും ഭയന്ന ജിം ജോണ്‍സ്,അനുയായികളെയും കൂട്ടി എത്രയും വേഗം അമേരിക്ക വിടാന്‍ ഉള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഈ പ്രശ്നങ്ങളോടൊപ്പം തന്നെ മയക്കുമരുന്നുകളുടെ ഉപയോഗവും മനസികാസ്വസ്ഥങ്ങളും,ആത്മഹത്യാ പ്രവണതയും ജോണ്‍സിനെ വേട്ടയാടിയിരുന്നു. ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലാണെന്നും എതുസമയവും തങ്ങള്‍ ആക്രമിക്കപെടും എന്നും,ഏറ്റവും സുരക്ഷിതമായ സ്ഥലം തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളാണെന്നും ജോണ്‍സ് വിശ്വസിച്ചു. അതിനായുള്ള ജോണ്‍സിന്റെ അന്വേഷണം ചെന്ന് നിന്നത് തെക്കനമേരിക്കന്‍ രാഷ്ട്രമായ ഗയാനയില്‍ ആണ്. ഗയാന ഗോവെര്‍മെന്റ്റ്മായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വനത്തിനുള്ളില്‍ 3000 ഏക്കറോളം സ്ഥലത്തായി ജോണ്‍സ് തന്റെ സ്വപ്നപദ്ധതി നടപ്പിലാക്കാന്‍ തുടങ്ങി. പീപ്പില്സ് ടെംപിള്‍ കൃഷി പദ്ധതി (Peoples Temple Agricultural Project) എന്നായിരുന്നു അതിന്റെ പേര്. ഒരു സ്വയംപര്യാപ്തമായ സോഷ്യലിസ്റ്റ് ആശ്രമം എന്നാണ് ജോണ്‍സ് അതിനെ വിശേഷിപ്പിച്ചത്.
1977 ല്‍ ആദ്യം എത്തിയ 500 ഓളം ജോണ്‍സ് അനുയായികള്‍ ചേര്‍ന്ന് പദ്ധതിയുടെ ജോലികള്‍ ആരംഭിച്ചു. കാട് വെട്ടിത്തെളിച്ചും കൂടാരങ്ങള്‍ തയ്യാറാക്കിയും കൃഷി ആരംഭിച്ചും അവര്‍ ജോണ്‍സിന്റെ പദ്ധതിക്ക് തുടക്കം കുറിച്ചു. പണി പൂര്‍ത്തിയായപ്പോള്‍ പേര് ജോണ്‍സ് ടൌണ്‍ എന്നാക്കി. തങ്ങള്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഗയാനയില്‍ നടത്താം എന്ന് വിശ്വസിപ്പിച്ചു ജോണ്‍സ് ഗയാനയില്‍ നിന്നും നികുതി ഇളവുകള്‍ നേടിയെടുത്തു. ഇതിന്റെ മറവില്‍ ജോണ്‍സ് ടൌണിലേക്ക് ആയുധങ്ങളും മയക്കു മരുന്നുകളും യഥേഷ്ടം ഒഴുകി എത്തി.
ഏകദേശം ആയിരത്തോളം വരുന്ന തന്റെ അനുയായികളോടൊപ്പം (ഇതില്‍ അവരുടെ കുട്ടികളും പെടും) ജോണ്‍സ് അവിടെ താമസം തുടങ്ങി. അനുയായികള്‍ ജോണ്‍സിനെ ആദ്യം ഫാദര്‍ (പള്ളിലെ അച്ചന്‍) എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. പിന്നെയത് പതുക്കെ ഡാഡ് (DAD) എന്നായി മാറി. നാട്ടില്‍ നിന്നും ഒറ്റപ്പെട്ടു കാടിനുള്ളില്‍ ഉള്ള ജോണ്‍സ് ടൌണിന് പുറം ലോകവുമായി ബന്ധപ്പെടുവാന്‍ ഒരു ഫോണും ടെലിവിഷനും മാത്രമാണ് ഉണ്ടായിരുന്നത്. ടൌണിന്റെ പേരിലുള്ള ഒരു ബസ്കെറ്റ് ബോള്‍ ടീം മാത്രം ചിലപ്പോള്‍ ടൂര്‍ണമെന്റുകള്‍ക്കായി പുറംലോകത്ത് പോയി വന്നു.
സ്വയം പര്യാപ്തമായ ഒരു സോഷ്യലിസ്റ്റ് സ്വര്‍ഗം ആകും എന്ന് ജോണ്‍സ് പ്രതീക്ഷിച്ച പദ്ധതി, വളക്കൂറില്ലാത്തെ മണ്ണും, ആഹാരദൌര്‍ലഭ്യവും, വയറിളക്കം പനി തുടങ്ങിയ രോഗങ്ങളും,പുറം ലോകത്തില്‍ നിന്നുള്ള ഒറ്റപെടലും, അനുയായികളുടെ മയക്കുമരുന്ന് ഉപയോഗവും മൂലം തകിടം മറിയുവാന്‍ തുടങ്ങി. കൂടാതെ ജോണ്‍സ് ടൌണില്‍ തന്നെ ചില റിബലുകള്‍ തലപൊക്കുവാനും തുടങ്ങി (ജോണ്‍സിന്റെ മകനായിരുന്നു അതില്‍ പ്രമുഖന്‍ എന്നതാണ് രസകരം,ബസ്കെറ്റ്ബോള്‍ ടീം മെമ്പറും ആയിരുന്നു പുള്ളി).
ഇതോടുകൂടി ജോണ്‍സിന് അനുയായികളില്‍ ഉള്ള വിശ്വാസം ചെറുതായി നഷ്ടപ്പെട്ടു തുടങ്ങി. സംശയരോഗിയായ ജോണ്‍സ് ഇടക്കിടക്ക് തന്റെ അനുയായികളുടെ വിശ്വാസ്യത അളക്കാന്‍ വെളുത്ത രാത്രി (വൈറ്റ് നൈറ്റ്) എന്നാ പേരില്‍ ഒരു ആത്മഹത്യാ ടെസ്റ്റ് നടത്തിത്തുടങ്ങി. വിഷം ആണ് എന്ന് വിശ്വസിപ്പിച് എല്ലാ അനുയായികള്‍ക്കും ഒരു ദ്രാവകം കുടിക്കുവാന്‍ കൊടുക്കും. ഉടന്‍ തന്നെ നിങ്ങള്‍ മരിക്കും എന്ന് പറഞ്ഞുകൊണ്ട് തന്നെ അത് കുടിക്കുവാന്‍ മൈക്ക് വഴി നിര്‍ദേശം നല്‍കും. ആരൊക്കെയാണ് കുടിക്കുവാന്‍ മടിക്കുന്നത് എന്ന് നിരീക്ഷിക്കുകയും, മടിക്കുന്നവരെ മാനസിക,ശാരീരികപീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുമായിരുന്നു. സംസാരത്തിനു വരെ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചിന്തകള്‍ പോലും തന്റേതുപോലെ ആകണം എന്ന് ശഠിക്കുകയും ചെയ്ത ജോണ്‍സ് ഒരു ഓതെരട്ടെറിയന്‍ ഭരണാധികാരിയെപ്പോലെയായി മാറിക്കഴിഞ്ഞിരുന്നു.
പുറംലോകവുമായുള്ള ബന്ധങ്ങള്‍ എല്ലാം ജോണ്‍സ് അടച്ചിരുന്നെങ്കിലും പുള്ളിയുടെ ഫൈനാന്‍സ് സെക്രട്ടറിയായ ഡെബറ ബ്ലാക്കി (Deborah Blakey) തന്നെ പുള്ളിക്ക് ഒരു മുട്ടന്‍ പണികൊടുത്തു. സാമ്പത്തിക കാര്യങ്ങള്‍ക്ക് എന്നാണെന്ന് പറഞ്ഞു ജോണ്‍സിനെ വിശ്വസിപ്പിച്ച ശേഷം ഗയാനയുടെ തലസ്ഥാനമായ ജോര്‍ജ്ടൌണില്‍ എത്തിയ ഡെബറ അവിടുത്തെ അമേരിക്കന്‍ എംബസ്സിയില്‍ അഭയം തേടി. അമേരിക്കയില്‍ എത്തിയ അവര്‍ ജോണ്‍സ് ടൌണിലെ അവസ്ഥയെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും പോലീസിനും കോടതിക്കും മൊഴി കൊടുത്തു.
അമേരിക്കയിലെ അവസ്ഥ
ജോണ്‍സ് ടൌണിനെ ക്കുറിച്ച് പുറം ലോകം അറിഞ്ഞെങ്കിലും അവരുടെ മതസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആദ്യം കോടതിയും ഗോവെര്നെമ്ന്റും ഒന്ന് മടിച്ചു. മനുഷ്യരുടെ ചിന്തകളെ സ്വാധീനിക്കുന്നതും ബ്രെയിന്‍ വാഷ് ചെയ്യുന്നതും ഒരു കുറ്റമായി കണക്കാക്കാന്‍ പറ്റില്ല എന്നായിരുന്നു അവരുടെ നിലപാട്. പക്ഷെ അപ്പോഴേക്കും ജോണ്‍സിന്റെ അനുയായികളുടെ ബന്ധുക്കള്‍ പ്രതിഷേധം ഉയര്‍ത്തുകയും ജോണ്‍സ് ടൌണ്‍നെ പറ്റി അടിയന്തിര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
ലിയോ റയാന്‍
അമേരിക്കന്‍ കോണ്‍ഗ്രെസ് മെമ്പറും പ്രവാസികളായ അമേരിക്കക്കാരുടെ ക്ഷേമം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മറ്റിയുടെ ചെയര്‍മാനും ആയിരുന്നു ലിയോ റയാന്‍. പ്രധിഷെധം റയാന്‍ന്റെ മുന്‍പിലും എത്തി. പത്രവാര്‍ത്തകളും ഡെബറയുടെ മൊഴികളും കണക്കിലെടുത്ത് ജോണ്‍സ് ടൌണില്‍ അന്വേഷണത്തിന് പോകാന്‍ റയാന്‍ തീരുമാനിച്ചു. പത്രപ്രവര്‍ത്തകരും വീഡിയോഗ്രഫര്മാരും ജോണ്‍സ് അനുയായികളുടെ ബന്ധുക്കളും ഉള്‍പ്പെടെ ഏകദേശം പതിനഞ്ചോളം പേര്‍ 1978 നവംബര്‍ 17 നു ഗയാനയിലെക്ക് പുറപ്പെട്ടു.
ഗയാനയില്‍ എത്തിയ അവര്‍ വീണ്ടും മണിക്കൂരുകളോളം വിമാനത്തില്‍ യാത്ര ചെയ്തു ജോണ്‍സ് ടൌണ്‍നടുത്തുള്ള ഒരു എയര്‍ സ്ട്രിപ്പില്‍ ഇറങ്ങി. ആദ്യം നാലുപേരെ മാത്രമേ ടൌണ്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചുള്ളൂവെങ്കിലും സന്ധ്യയോട് കൂടി എല്ലാവര്ക്കും ജോണ്‍സ് ടൌണ്‍ലേക്ക് പ്രവേശനം കിട്ടി.
ടൌണില്‍ എത്തിയ റയാന്‍ പക്ഷെ അത്ഭുതപ്പെട്ടു. എങ്ങും സംഗീതവും, പാര്‍ട്ടികളും പുഞ്ചിരിക്കുന്ന മുഖങ്ങളും മാത്രം. അമേരിക്കയില്‍ വെച്ച് തങ്ങള്‍ അറിഞ്ഞതും വിചാരിച്ചിരുന്നതുമായ ഒരു ചിത്രമേ അല്ലായിരുന്നു അവിടെ കണ്ടത്. ഫാദര്‍ ജിം ജോണ്‍സ് വളരെ സൌഹാര്‍ദ്ദത്തോടെ അവരുമായി ഇടപെട്ടു. ടെംപിള്‍ അംഗങ്ങളുമായി ഇടപെടാനും അവരുടെ അഭിമുഖങ്ങള്‍ നടത്തുവാനും,അവിടം ചുറ്റിക്കാണുവാനും അനുവാദം നല്‍കി. അവരുടെ കൃഷിയിടങ്ങളും കൂടാരങ്ങളും ചെറിയ ഒരു ആശുപത്രിയും അവര്‍ സന്ദര്‍ശിച്ചു. ജോണ്‍സും അംഗങ്ങളും വളരെ സന്തോഷത്തിലും സംത്രിപ്തിയിലും കാണപ്പെട്ടുവെങ്കിലും തോക്കേന്തിയ കാവല്‍ക്കരന്മാര്‍ അവിടെ റോന്ത് ചുറ്റുന്നുണ്ടായിരുന്നു.
പാര്‍ട്ടി നടക്കുന്നതിനിടയില്‍ എവിടെ നിന്നോ ഒരു ചെറിയ കുറിപ്പ് പത്രപ്രവര്‍ത്തകരുടെ കയ്യില്‍ എത്തി. തങ്ങള്‍ ഇവിടെ തടവ്‌കാരാണെന്നും നാട്ടിലേക്കു മടങ്ങാന്‍ സഹായിക്കണം എന്നുമായിരുന്നു ഉള്ളടക്കം. വേര്‍മന്‍ ഗോസ്നി,മോണിക്ക ബാഗ്ബി എന്നീ ജോണ്‍സ് അനുയായികളായിരുന്നു ആ കുറിപ്പ് കൈമാറിയത്.
ഈ കാര്യം ജോണ്‍സ് അറിഞ്ഞു. പക്ഷെ വളരെ സൌഹാര്‍ദപരമായി വേര്‍മന്‍ ഗോസ്നി, മോണിക്ക ബാഗ്ബി എന്നിവരെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചു. വേറെ ആര്‍ക്കെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടോ എന്നുള്ള ഫാദര്‍ ജോണ്‍സിന്റെ ചോദ്യം കേട്ടപ്പോള്‍ തന്നെ പ്രായമായവരും കുട്ടികളും അടങ്ങുന്ന ബോഗ്ഗ് കുടുംബവും പാര്‍ക്സ് കുടുംബവും, ലാറി ബ്ലാക്കിയും (നേരത്തെ ചാടിപ്പോയ ഡെബറ ബ്ലാക്കിയുടെ അനുജന്‍) മുന്പോട്റ്റ് വന്നു. അങ്ങനെ ഏകദേശം പതിഞ്ചോളം അനുയായികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ജോണ്‍സ് അനുവാദം നല്‍കി. ജോണ്‍സ് ടൌണില്‍ ഒരു ക്രൂരതയും അരങ്ങേറുന്നില്ലെന്നും പോസിടീവായ ഒരു റിപ്പോര്‍ട്ട് ആണ് തങ്ങള്‍ അമേരിക്കന്‍ കോടതിയില്‍ വെയ്ക്കാന്‍ പോകുന്നത് എന്നും റയാന്‍ അറിയിച്ചു. എന്നാല്‍ ഈ സമയമത്രയും എല്ലാം നഷ്ട്ടപ്പെട്ടവന്റെ ഒരു ദുഖാവസ്ഥ ഫാദര്‍ ജിം ജോണ്‍സിന്റെ മുഖത്ത് തളം കെട്ടി കിടന്നിരുന്നു.
സമാധാനപരവും സൌഹാര്‍ദപരവുമായ ആ അന്തരീക്ഷത്തെ പെട്ടെന്ന് പിടിച്ചുലച്ചു കൊണ്ട് ലിയോ റയാനെ ഒരു ജോണ്‍സ് അനുയായി കത്തികൊണ്ട് ആക്രമിച്ചു. അതില്‍ നിന്നും എങ്ങിനയോ രക്ഷപ്പെട്ട റയാന്‍ എത്രയും വേഗം കൂടെവന്നവരെയും, നാട്ടിലേക്ക് പോകാന്‍ അനുവാദം ലഭിച്ച പതിനഞ്ച് ജോണ്‍സ് അനുയായികളെയും കൂട്ടി ആറു കിലോമീറ്ററോളം ദൂരയുള്ള വിമാനത്തിന്റെ അടുത്തേക്ക് പുറപ്പെട്ടു.
ജോണ്‍സ് ടൌണ്‍നെതിരെയുള്ള പരാതികളില്‍ കഴമ്പ് ഉണ്ടെന്നും തങ്ങള്‍ അവിടെ കണ്ട പാര്‍ട്ടികളും പുഞ്ചിരിക്കുന്ന മുഖങ്ങളുമെല്ലാം വെറും അഭിനയം മാത്രമാണെന്നും കൂടെയുള്ള അനുയായികളില്‍ നിന്നും റയാനും സംഘവും മനസ്സിലാക്കി. പതിനഞ്ചു പേരെയെങ്കിലും ജോണ്‍സ് ടൌണ്‍ഇല്‍ നിന്നും രക്ഷിക്കാന്‍ പറ്റിയല്ലോ എന്നാ സംതൃപ്തിയോടു കൂടി റയാന്‍ എയര്‍ സ്ട്രിപ്പില്‍ എത്തി.
രണ്ടു വിമാനങ്ങളാണ് അവരെ കൊണ്ട് പോകനായി അവിടെ എത്തിയത്. രക്ഷപ്പെട്ട ജോണ്‍സ് അനുയായികള്‍ ആദ്യ വിമാനത്തില്‍ കയറി. ടേക്ക് ഓഫ് ചെയ്തു തുടങ്ങിയ വിമാനത്തില്‍ ഉണ്ടായിരുന്ന ലാറി ബ്ലാക്കി(ഡെബറ ബ്ലാക്കിയുടെ അനുജന്‍) പെട്ടെന്ന് ഒരു തോക്കെടുത്ത് പാര്‍ക്ക്‌സ്,ബോഗ്ഗ് കുടുംബത്തിനു നേരെ തുടര്‍ച്ചയായി വെടിവെച്ചു. വേര്‍മന്‍ ഗോസ്നി, മോണിക്ക ബാഗ്ബി പാര്‍ക്സ് കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പരിക്ക്പറ്റിയെങ്കിലും അവരെല്ലാം ചേര്‍ന്ന് ലാറിയെ ഒരു വിധം കീഴ്പ്പെടുത്തി. പരിക്കേറ്റവരെയും ലാറിയും കൊണ്ട് ആ വിമാനം ഗയാനയുടെ തലസ്ഥാനമായ ജോര്‍ജ് ടൌണ്‍ ലക്ഷ്യമാക്കി പറന്നു.
റയാനും പത്രപ്രവര്‍ത്തകരും അടുത്ത വിമാനത്തില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ തന്നെ ട്രാക്ടറുകളില്‍ തോക്കേന്തിയ ജോണ്‍സ് അനുയായികള്‍ അവിടെ എത്തി. ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാനാവും മുന്പ് തന്നെ അവര്‍ വിമാനത്തിനും യാത്രക്കാര്‍ക്കും നേരെ വെടിവെയ്പ്പ് ആരംഭിച്ചു. ലിയോ റയാന്‍ അടക്കം അഞ്ചു പേര്‍ തല്‍ക്ഷണം മരണമടഞ്ഞു. ബാക്കിയുള്ളവര്‍ ചുറ്റുമുള്ള കാട്ടിലേക്ക് ഓടി. പലര്‍ക്കും പരിക്കേറ്റെങ്കിലും കാടിനുള്ളിലേക്ക് കയറിയ അവര്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. കുറെ നേരം കാട്ടിലേക്ക് വെടി വെച്ചതിനു ശേഷം ജോണ്‍സ് ഭീകരര്‍ തങ്ങളുടെ ഫാദറിനടുത്തെക്ക് മടങ്ങിപ്പോയി.
ജോണ്‍സ് ടൌണിലെ അവസ്ഥ
jonestown-suicide
റയാനും സംഘവും ജോനെസ് ടൌണില്‍ നിന്നും മടങ്ങുന്നതിനു മുന്പ് തന്നെ ജോണ്‍സ് ചിലത് മനസ്സില്‍ ഉറപ്പിച്ചിരുന്നു. ഒരു ഭ്രാന്തനെ പ്പോലെ പെരുമാറിയ ജോണ്‍സ് തന്റെ വളരെ അടുത്ത അനുയായികളോട് വലിയ പാത്രങ്ങളില്‍ ഒരു വിഷ റെസീപ്പി ഉണ്ടാക്കാന്‍ ഓര്‍ഡര്‍ നല്‍കി. പോട്ടസ്സിയം സയനൈഡ്, ഉറക്കഗുളികകള്‍(ഫിനര്‍ഗന്‍, ഡയാസെപ്പാം) എന്നിവ കലക്കി അതില്‍ മുന്തിരി ഫ്ലേവര്‍ കലക്കി ആണ് ആ വിഷക്കൂട്ട് ഉണ്ടാക്കിയത്.
അപ്പോഴേക്കും റയാനെ കൊന്ന ജോണ്‍സ് പോരാളികള്‍ ടൌണില്‍ തിരിച്ചെത്തി. റയാന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ ഫാദര്‍ മൈക്കിലൂടെ വൈറ്റ് നൈറ്റ് പ്രഖ്യാപിച്ചു. ഒരുമിച്ചു കൂടിയ എല്ലാവരോടും റയാന്റെ മരണ വാര്‍ത്ത അറിയിച്ചു. അമേരിക്ക ഇനീ തങ്ങളെ വെറുതെ വിടില്ലെന്നും കുട്ടികളെ അടക്കം അവര്‍ നശിപ്പിക്കും എന്നും ജോണ്‍സ് പ്രഖ്യാപിച്ചു. സമാധാനത്തോടെ ജീവിക്കാന്‍ നമുക്ക് പറ്റിയില്ലെങ്കില്‍ സമാധാനത്തോടെ നമുക്ക് മരിക്കാം(“ IF WE CAN’T LIVE IN PEACE, THEN LET’S DIE IN PEACE”), നമ്മള്‍ ആത്മഹത്യയിലൂടെ ഒരു വിപ്ലവം ("REVOLUTIONARY SUICIDE") നടത്തുവാന്‍ പോകുന്നു എന്നൊക്കെ പ്രസംഗിച്ച ജോണ്‍സ് താന്‍ ഉണ്ടാക്കിയ വിഷ റെസിപ്പീ കുടിക്കുവാര്‍ എല്ലാവരോടും ആജ്ഞാപിച്ചു.
മുന്പ് പല വൈറ്റ് നൈറ്റുകലെയും പോലെ ജോണ്‍സ് അനുയായികള്‍ ഒരു സങ്കോചവും കൂടാതെ വിഷം കുടിക്കുവാന്‍ തുടങ്ങി. കുട്ടികള്‍ക്ക് ആണ് ആദ്യമായി വിഷം നല്‍കല്‍ ആരംഭിച്ചത്. സിറിഞ്ചുകളില്‍ വിഷം നിറച്ചു കുട്ടികളുടെ വായിലേക്ക് ഒഴിച്ച് കൊടുത്തു. സ്വന്തം കുട്ടികളുടെ മരണം കണ്ടു പാതി മരിച്ച അമ്മമാര്‍ക്ക് വിഷം കുടിക്കുന്നതില്‍ ഒരു സങ്കോചവും ഉണ്ടായില്ല. കുടിക്കാന്‍ വിസ്സമ്മതിച്ച ചുരുക്കം ചിലരുടെ ദേഹത്ത് വിഷം കുത്തി വെച്ചു. മറ്റുചിലരെ ജോണ്‍സ് പോരാളികള്‍ വെടി വെച്ചും കൊന്നു. വിഷം കുടിച്ചവരെയെല്ലാം നിര നിരയായി കമഴ്ന്നു കിടക്കാന്‍ ഫാദര്‍ ജിം ജോണ്‍സ് ആവശ്യപ്പെട്ടു. ഈ സമയങ്ങളില്‍ എല്ലാം ചില അനുയായികള്‍ ജോണ്‍സിനെ പ്രശംസിച്ചും,ജോണ്‍സിന്റെ ധീരതയെക്കുറിച്ചും വിപ്ലവങ്ങളെക്കുറിച്ചും മൈക്കിലൂടെ അനുയായികള്‍ക്ക് പ്രചോദനം നല്‍കിക്കൊണ്ടിരുന്നു. അഭിമാനത്തോടു കൂടി കിടക്കുക,അഭിമാനത്തോടു കൂടി മരിക്കുക തുടങ്ങിയ പ്രഭാഷണങ്ങലുമായി ഫാദറും തന്റെ അനുയായികളെ വിഷം കുടിക്കുവാന്‍ പ്രോത്സാഹിപ്പിച്ചു. എല്ലാവരും വിഷം കുടിച്ചു കഴിഞ്ഞപ്പോള്‍ ഇതിന്റെ എല്ലാം ഉത്തരവാദിയായ ദി ഗ്രേറ്റ് ഫാദര്‍ ജിം ജെയിംസ് ഒരു കസേരയില്‍ ഇരുന്നു തലയില്‍ വെടിവെച്ചു ആത്മഹത്യ ചെയ്തു.
ഏകദേശം 909 പേര്‍ ജോണ്‍സ് ടൌണില്‍ കൂട്ട അതമഹത്യ ചെയ്തു. ഇതില്‍ മുന്നൂറില്‍ കൂടുതല്‍ കുട്ടികളാണ്. യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും മാറ്റി നിറുത്തിയാല്‍ ആധുനിക അമേരിക്കന്‍ കാലഘട്ടത്തില്‍ ഉണ്ടായ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു 1978 നവംബര്‍ 17 ലെ ജോണ്‍സ് ടൌണ്‍ കൂട്ടകുരുതി. (9/11 വരെ).
jonestown-suicide
സംഘടിതമായ മസ്തിഷ്ക പ്രക്ഷാളണങ്ങളും, അന്ധമായ വിശ്വാസങ്ങളും സ്വയം നശിക്കുന്നതിനും,വിശ്വാസത്തിനു വേണ്ടി സ്വന്തം കുട്ടികളെപ്പോലും കൊല്ലാനുള്ള മാനസികാവസ്ഥയിലെക്കുമൊക്കെ മനുഷ്യനെ എത്തിക്കും എന്നതിനുള്ള ഒരു ഉത്തമ തെളിവാണ് ഫാദര്‍ ജിം ജോണ്‍സും അനുയായികളും അവരുടെ കൂട്ട ആത്മഹത്യയും.